Image

പഞ്ചവടിയിലേക്ക് (ദുർഗ മനോജ്)

Published on 03 August, 2022
പഞ്ചവടിയിലേക്ക് (ദുർഗ മനോജ്)

അരണ്യകാണ്ഡം പതിനാലാം സർഗം മുതൽ മുപ്പതു വരെ


(ജടായുവുമായി സഖ്യം ചെയ്യുന്നതും പഞ്ചവടിയിലെ താമസവും, ശൂർപ്പണഖയുടെ വരവും ഖരവധവുമാണ് ഈ അദ്ധ്യായത്തിൽ പ്രതിപാദ്യം )

അഗസ്ത്യാശ്രമത്തിൽ നിന്നും പഞ്ചവടിയിലേക്കുള്ള യാത്രക്കിടയിൽ രാമൻ, ഭീമപരാക്രമനും മഹാകായനുമായ ഒരു പരുന്തിനെ കണ്ടു. ഏതോ രാക്ഷസനെന്നു കരുതി ആരു നീ എന്നു ചോദിച്ചു. മറുപടിയായി ആ പക്ഷി സംസാരിച്ചു തുടങ്ങി. "ദശരഥമഹാരാജാവിൻ്റെ മിത്രമായ ജടായുവാണു ഞാൻ. പഞ്ചവടിയിലെ താമസകാലത്തു സീതയ്ക്കു കാവലായ് ഞാനുമുണ്ടാകും. അതിനാൽ ഭയക്കാതെ വേട്ടയാടുവാനും മറ്റും നിങ്ങൾ സഹോദരന്മാർക്കു സഞ്ചരിക്കാം. കശ്യപൻ്റെയും പത്നി ശുകിയുടേയും പുത്രി നത, അവളുടെ പുത്രി വിനത. ആ വിനതക്കു രണ്ടു മക്കൾ ഗരുഡനും അരുണന്നും. അതിൽ അരുണൻ്റെ മക്കളാണു ജേഷ്ഠൻനായ സമ്പാതിയും ഞാൻ ജടായുവും".
 ഇപ്രകാരം സ്വന്തം വംശത്തെക്കുറിച്ചും, ദശരഥ രാജാവുമായുള്ള ബന്ധവും വിശദീകരിച്ച  ജടായുവിനെ രാമൻ പുൽകി വണങ്ങി, ഏവരും പഞ്ചവടിയിലേക്കു യാത്രയായി.

ഏറെ യാത്ര ചെയ്ത് അവർ പൂമരങ്ങൾ നിറഞ്ഞ പഞ്ചവടിയിലെത്തി. അവിടെ, ജലം ലഭിക്കുന്നതും, ചമതയും, ദർഭയും, പുഷ്പങ്ങളും  ലഭിക്കുന്നതും, വേട്ടയാടുവാൻ പലതരം മൃഗങ്ങളുള്ളതുമായ രമ്യമായ പ്രദേശം കണ്ടെത്തി. രാമ നിർദ്ദേശപ്രകാരം ലക്ഷ്മണൻ അവിടെ  മനോഹരമായ പർണ്ണശാല തീർത്തു. ഋതുക്കൾ കടന്നു പോയി. ഏവരേയും കിടുകിടാ തണുപ്പിക്കുന്ന ഹേമന്തം വരവായി. പകലിലെ ഇളംതണുപ്പിൽ പർണ്ണശാലയിൽ വാണ രാമൻ ചിത്രയോടൊത്ത ചന്ദ്രനെപ്പോലെ തിളങ്ങി.

അങ്ങനേയിരിക്കേ ഒരു നാൾരാവണ സോദരിയായ ശൂർപ്പണഖ അതുവഴി സഞ്ചരിക്കവേ  സുന്ദരഗാത്രനായ രാമനു മേൽ അവളുടെ കണ്ണുടക്കി. അതോടെ കാമബാണമേറ്റവൾ പരവശയായി.ഉടൻ തൻ്റെ ഭീകരരൂപം മാറ്റി, സുന്ദരരൂപയായി മാറി രാമനു മുന്നിലെത്തി. എന്നാൽ രാമനോടൊപ്പം ഇരിക്കുന്ന സീതയോടവൾക്കു ഈർഷ്യ തോന്നി. അവൾ രാമസവിധത്തിലെത്തി ഇപ്രകാരം പറഞ്ഞു, മാനവാ, നിൻ്റെ സൗന്ദര്യത്തിൽ ഞാൻ മുഗ്ദയായിരിക്കുന്നു. നിൻ്റെ സമീപത്തുള്ളവളെയും ആ സഹോദരനേയും ഞാനിപ്പോൾ ഭക്ഷണമാക്കും. എന്നിട്ട് നിന്നെ എൻ്റെ ഭർത്താവാക്കും. ശേഷ കാലം നമുക്കിരുവർക്കും ലോകം മുഴുവൻ രമിച്ചു നടക്കാം.

അതു കേട്ടു രാമൻ, ലക്ഷ്മണനടുത്തേക്ക് അവളെ പറഞ്ഞു വിട്ടു, ലക്ഷ്മണൻ ഒറ്റയ്ക്കാണ്. അതിനാൽ നിന്റെ ഇംഗിതം അവന  അറിയിക്കൂ എന്നു ശൂർപ്പണഖയോടു പറഞ്ഞു.ലക്ഷ്മണനോ, അവളെ പരിഹസിച്ചു വീണ്ടും രാമനടുത്തേക്കു പറഞ്ഞയച്ചു. അങ്ങോട്ടുമിങ്ങോട്ടും തന്നെ തട്ടിക്കളിക്കുകയാണ് സോദരന്മാർ എന്നു തിരിച്ചറിഞ്ഞ ശൂർപ്പണഖക്കു സ്വയം അപമാനിതയായി തോന്നി. ഇതോടെ ക്രുദ്ധയായ അവൾ തൻ്റെ വിശ്വരൂപം കാട്ടി സീതയുടെ നേരെ പാഞ്ഞടുത്തു.അപ്പോൾ  അതുവരെ അക്ഷോഭ്യനായിരുന്ന രാമൻ, ലക്ഷ്മണനോട് അവളെ വിരൂപയാക്കി വിടുക എന്നറിയിച്ചു. ലക്ഷ്മണൻ അവളുടെ കാതും മൂക്കും അരിഞ്ഞു വിട്ടു. വ്രണിതയായവൾ ഘോരമായി അലറിക്കൊണ്ട് ചോരയും ഒലിപ്പിച്ച് അവൾ  ജനസ്ഥാനമെന്ന ദണ്ഡകാരണ്യം ഉൾപ്പെടെ യുള്ള രാക്ഷസവിഹാരദേശത്തിന്റെ അധിപനായി വാണരുളുന്ന ഉഗ്രനായ സഹോദരൻ ഖരനെ സമീപിച്ചു. അവൾ വൃത്താന്തങ്ങളെല്ലാമറിയിച്ചു. 

ഉടൻ തന്നെ ഖരൻ, ആ മനുഷ്യ കീടങ്ങളെ ഹനിക്കുവാനായി  പതിനാലു രാക്ഷസൻമാരെ രാമനു നേരെ അയച്ചു. അവർ ആരെന്നോ എന്തെന്നോ അറിയാതെയും ചിന്തിക്കാതെയും രാമലക്ഷ്മണന്മാർക്കു നേരെ പാഞ്ഞടുത്തു. വൈകാതെ പതിനാലും കാലപുരിക്കെത്തി. അതു കണ്ടു നിന്ന ശൂർപ്പണഖ, വീണ്ടും കോപംപൂണ്ട് തലതല്ലിക്കരഞ്ഞുകൊണ്ടു ഖരനെ സമീപിച്ചു. ഖരൻ അവളെ സമാധാനിപ്പിച്ചു. സ്വയം യുദ്ധത്തിനു പുറപ്പെടുകയാണെന്നറിയിച്ചു. എന്നാൽ അവൻ പുറപ്പെട്ടപ്പോൾ മുതൽ ദുർന്നിമിത്തങ്ങൾ ഘോഷയാത്രയായി ആരംഭിച്ചു. എന്നാൽ അതിലൊന്നും ഖരൻ പതറിയില്ല. കാലനെപ്പോലും കൊല്ലുവാൻ കെൽപുള്ളവനാണു താനെന്ന് അവൻ വീമ്പിളക്കി.
ഇതേ സമയം ദുർന്നിമിത്തങ്ങൾ കണ്ട രാമൻ ലക്ഷ്മണനോടു പറഞ്ഞു, "ഹേ വീരാ, സർവ്വരാക്ഷസൻമാരേയും ഉൻമൂലനം ചെയ്യുവാൻ സമയമടുത്തു. നീ സീതയേയും കൂട്ടി പർവ്വതത്തിൽ മരങ്ങളാൽ ചുഴപ്പെട്ട ഗുഹയിൽ അമ്പും വില്ലുമേന്തി പോകുക.
ഈ രാക്ഷസന്മാരെ മുഴുവൻ ഞാനിന്നു തന്നെ കാലപുരിയ്ക്കയക്കും."

ഖരൻ്റെ പടപ്പുറപ്പാടു കണ്ട്, ദേവന്മാരും സിദ്ധൻമാരും രാജർഷിമാരും വാനിൽ നിരന്നു. യുദ്ധം ആരംഭിച്ചു.
രാമനു നേരെ പാഞ്ഞടുത്ത രാക്ഷസൻമാർ, രാമൻ അമ്പ് തൊടുക്കുന്നത് കാണും മുൻപു ചത്തുമലച്ചു. പടമുടിഞ്ഞതു കണ്ടു പിന്നാലെ രാമനെ നേരിടാൻ  വന്ന ദൂഷണനും രാമബാണമേറ്റു വീണു. അടുത്തതായി വന്ന ത്രിശ്ശിരസ്സിനും ഗതി മറ്റൊന്നായില്ല.
അതോടെ ഖരനുമായി നേരിട്ടായി യുദ്ധം.ആ ഘോരയുദ്ധത്തിൽ  ആദ്യം ഖരനു ഗദ നഷ്ടമായി. പിന്നീട് രാമൻ, ദേവേന്ദ്രൻ നൽകിയ അമ്പ് എയ്ത്, അവൻ്റെ മാറുതുളച്ചു. അവൻ നിലംപൊത്തി.
ഈ സമയം ആകാശത്തു നിന്നും രാമനുമേൽ പുഷ്പവൃഷ്ടി ഉണ്ടായി. ഒപ്പം, അവിടേക്കു വന്ന അഗസ്ത്യമുനിയും മറ്റും പരമർഷികളും രാമനോട് ഇതിനുവേണ്ടിയാണ് പഞ്ചവടിയിലേക്കു രാമനെ എത്തിച്ചതെന്നും, ദണ്ഡകാരണ്യത്തിൽ ഇനി സമാധാനം വളരുമെന്നും പറഞ്ഞു രാമനെ അനുഗ്രഹിച്ചു. അപ്പോഴേക്കും ലക്ഷ്മണൻ സീതയുമൊത്തു ഗുഹയിൽ നിന്നും പുറത്തു വന്നു രാമനടുത്തെത്തി. സീത ഭർത്താവിനെ ആലിംഗനം ചെയ്തു. ഏവരും സന്തോഷത്തിലാറാടി.

സാരാംശം
ഈ അദ്ധ്യായം ഘോരനായ ഖരൻ്റെ വധമാണ് പ്രതിപാദിക്കുന്നത്. എന്നാൽ അതിനു കാരണമാകുന്നതു ശൂർപ്പണഖ എന്ന രാവണ സോദരിയുടെ അടങ്ങാത്ത കാമവും കോപവും, അതുണ്ടാക്കുന്ന അപമാനവുമാെണെന്നു കാണാം. സീതാസമേതനായ രാമനോടാണവൾ, സീതയെ വിരൂപയെന്നും വൃദ്ധയെന്നും ദുർബലയെന്നുമൊക്കെ അധിക്ഷേപം ചൊരിഞ്ഞ്  തന്നെ സ്വീകരിക്കണമെന്നു അഹങ്കാരത്തോടെ ആവശ്യപ്പെടുന്നത്. സ്വന്തം, കഴിവു പ്രകടമാക്കുവാൻ മുന്നിലുള്ളവരുടെ ഇല്ലാത്ത കുറവ് ഉണ്ടെന്നു സ്ഥാപിക്കുവാൻ ശ്രമിക്കുന്ന ശൂർപ്പണഖയുടെ മനോനില ആധുനികമനുഷ്യരും പിന്തുടരുന്നുണ്ട്. പക്ഷേ അവരറിയുന്നില്ല അവരുടെ കാതുകളും നാസികയും ഛേദിക്കപ്പെട്ടാലെന്ന വിധമവർ കാലക്രമത്തിൽ ജനമധ്യത്തിൽ അപമാനിതരാകുമെന്ന്. ഒരു മഹായുദ്ധത്തിൻ്റെ ആരംഭമാണ് ഇവിടെ കുറിക്കപ്പെടുന്നത്. യുദ്ധകാരണങ്ങൾ പലവിധം രൂപം കൊള്ളുന്നുവെന്നറിയുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക