Image

ആറന്മുള വള്ളസദ്യക്ക് തുടക്കം

Published on 05 August, 2022
ആറന്മുള വള്ളസദ്യക്ക് തുടക്കം

ആറന്മുള:  മഴ ഒന്നു ശമിച്ചു മാനം തെളിഞ്ഞു നിന്ന അന്തരീക്ഷത്തില്‍ ആറന്മുളയില്‍ വള്ളസദ്യ വഴിപാടുകള്‍ക്ക് തുടക്കമായി. പള്ളിയോടങ്ങള്‍ പാര്‍ഥസാരഥി ക്ഷേത്രക്കടവിലെത്തി വെറ്റയും പുകയിലയും സ്വീകരിച്ച് വഞ്ചിപ്പാട്ടുകള്‍ പാടി വള്ളസദ്യകള്‍ സ്വീകരിച്ചു മടങ്ങി.സുരക്ഷാ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആദ്യം മാരാമണ്‍ പള്ളിയോടവും തുടര്‍ന്ന് നിശ്ചിത ഇടവേളയില്‍ മല്ലപ്പുഴശേരി, പുന്നംതോട്ടം, തെക്കേമുറി, തെക്കേമുറിക്കിഴക്ക്, ഇടനാട്, വെണ്‍പാല എന്നീ പള്ളിയോടങ്ങളും ഭക്തരുടെ വഴിപാടിനായി ഇന്നലെ ക്ഷേത്രക്കടവിലെത്തി. രാവിലെ ക്ഷേത്രക്കടവിലെത്തിയ മാരാമണ്‍ പള്ളിയോടത്തെ പള്ളിയോട സേവാസംഘവും ഭക്തരും സ്വീകരിച്ചു.

സുരക്ഷാ നിര്‍ദേശങ്ങള്‍ പരിഗണിച്ച് നിയന്ത്രണങ്ങളോടെയാണ് വള്ളസദ്യ ചടങ്ങ് നടത്തിയത്.രാവിലെ 11.30ന് ക്ഷേത്രത്തിന്റെ ആനക്കൊട്ടിലില്‍ എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം.ശശികുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.അനന്തഗോപന്‍ സദ്യ വിഭവങ്ങള്‍ വിളമ്പി വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു.പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജന്‍ അധ്യക്ഷത വഹിച്ചു.

പ്രമോദ് നാരായണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്‍.അജയകുമാര്‍, പള്ളിയോട സേവാസംഘം ഭാരവാഹികളായ പാര്‍ഥസാരഥി ആര്‍.പിള്ള, സഞ്ജീവ് കുമാര്‍, പ്രദീപ് ചെറുകോല്‍, വി.കെ.ചന്ദ്രന്‍, ശശികുമാര്‍ പാണ്ടനാട്, ശരത് പുന്നംതോട്ടം, പി.ആര്‍.ഷാജി. നിര്‍വഹണ സമിതി അംഗങ്ങളായ ജഗന്‍മോഹന്‍ദാസ്, കെ.ഹരിദാസ്, സുകുമാരപ്പണിക്കര്‍, ഹരിദാസ് ഇടത്തിട്ട തുടങ്ങിയവര്‍ സംബന്ധിച്ചു.

നിലവിലുള്ള നിയന്ത്രണങ്ങളോടെ മാത്രമേ തുടര്‍ന്നുള്ള ദിവസങ്ങളിലെ വഴിപാടുകള്‍ നടത്തുകയുള്ളൂവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക