Image

എങ്ങു പോയ്‌ ചിത്ര ശലഭമേ..? : ഡോ. കുഞ്ഞമ്മ ജോർജ്ജ് (മെഡിക്കൽ ഡയറി - 15 )

Published on 05 August, 2022
എങ്ങു പോയ്‌ ചിത്ര ശലഭമേ..? : ഡോ. കുഞ്ഞമ്മ ജോർജ്ജ് (മെഡിക്കൽ ഡയറി - 15 )

ക്രിസ്മസ് എനിക്കു പലതിന്റെയും പിൻവിളിയാണ്. ഒരു നേരിയ തിരശ്ശീലയുടെ മറ പോലുമില്ലാത്തവ.

മെഡിക്കൽ കോളേജ് സെർവീസ്സിൽ ഇരിക്കെ എന്റെ മാതാപിതാക്കൾ, സഹോദരൻമാർ ഉൾപ്പെടെ പല മരണങ്ങളും എന്നെ തളർത്തിയിട്ടുണ്ട്. എന്നാൽ ഈയൊരു മരണം പോലെ ഞാൻ തീവ്ര ദുഃഖത്തിലാഴ്ന്ന വേറൊരു മരണമില്ല. 
മുപ്പതു വയസ്സ് മരിക്കാൻ പറ്റിയ പ്രായമൊന്നുമല്ലല്ലോ? 
അതും അഞ്ചു വയസ്സുള്ള മോനെയും, ഭർത്താവിനെയും, വിധവയായ അമ്മയെയും പിന്നിലുപേക്ഷിച്ച്.

1991മെയ്‌ മാസത്തിലാണ് ഞാൻ മെഡിക്കൽ കോളേജ് സെർവീസ്സിൽ പ്രവേശിക്കുന്നത്.. 

മഞ്ഞു തുള്ളിയുടെ തണുപ്പും പ്രഭാത സൂര്യന്റെ പ്രസരിപ്പുമായി പളുങ്കു പോലെ സുതാര്യമെന്നു ഞാൻ കരുതിയ ഒരു പെൺകുട്ടി മെഡിക്കൽ കോളേജിൽ എന്റെ ആത്മമിത്രമായി. എന്റെ ജൂനിയറായി കോട്ടയം മെഡിക്കൽ കോളേജിൽ MBBS പൂർത്തിയാക്കിയവൾ. 

അന്നേസ്തെഷ്യയിൽ MD ചെയ്തു കൊണ്ടിരിക്കെത്തന്നെ PSC വഴി അന്നേസ്തീഷ്യയിൽ എന്നോടൊപ്പം lecturer ആയി ജോയിൻ ചെയ്തവൾ. പ്രായത്തിൽ എന്നെക്കാൾ താഴെ ആയിരുന്ന അവൾ എനിക്കൊരു ഇളയ സഹോദരിയെ പോലെതന്നെ ആയിരുന്നു. എത്ര രാപ്പകലുകൾ ഞങ്ങളൊരുമിച്ച് അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടി ചെയ്തിരിക്കുന്നു!എത്ര നാളുകൾ എന്റെ ടേബിളിൽ എന്നോടൊപ്പം റൂട്ടിൻ വർക്ക്‌ ചെയ്തിരിക്കുന്നു. 

അവളെ നമുക്കെന്തു പേരിട്ടും വിളിക്കാം. വളരെ സൗമ്യമായ സംസാരവും പെരുമാറ്റവും മാത്രം അണിഞ്ഞിരുന്ന ഇവൾ പക്ഷേ ഡ്യൂട്ടിക്കിടയിൽ സംശയങ്ങൾ കൊണ്ട് എന്നെ അഭിഷേകം ചെയ്തു. 

പഠിക്കുവാനുള്ള തൃഷ്ണ അത്രയ്യ്ക്കായിരുന്നു. 
ഇത്തിരി സമയം കിട്ടി രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ തൊട്ടടുത്തു കിടന്ന് എന്നെ ചോദ്യങ്ങൾ കൊണ്ട് ശ്വാസം മുട്ടിച്ചവൾ... 

എന്നിട്ടാണ് .... !

അവളെ നമുക്ക് എന്തു പേരിട്ടും വിളിക്കാം.

1991ഡിസംബർ 25 ന്റെ പ്രഭാതത്തിലും ഞങ്ങൾ പരസ്പ്പരം കാണുകയും, സംസാരിക്കുകയും ക്രിസ്മസ് ആശംസകൾ കൈ മാറുകയും ചെയ്തതാണല്ലോ...

അപ്പോഴൊന്നും അസാധാരണമായി യാതൊന്നും തോന്നിയിരുന്നില്ല. 

അവൾക്കന്ന് എമർജൻസി ഡ്യൂട്ടി ആയിരുന്നു. 
ഡ്യൂട്ടി റൂമിലെ ഒരു കപ്പ് ചായയ്ക്കുള്ള ക്ഷണം ഞാൻ സ്നേഹപൂർവ്വം നിരസിച്ചു. 
ആ കാലങ്ങൾ എനിക്ക് രോഗാതുരതയുടേതായിരുന്നു, തന്മൂലം കടുത്ത ഡിപ്രെഷനും. 

ഞാൻ Cervical Spondylosis ആയി Cervical Traction ഇടാൻ Physical Medicine ൽ പോയി വന്നതാണ്. 

ക്രിസ്മസ് അല്ലേ, ഡ്യൂട്ടിക്കാരെ ഒന്നു വിഷ് ചെയ്ത് ഉച്ചയൂണിന് ക്ഷണിച്ചിട്ടു പോകാമെന്നു കരുതി. 

വാതിൽ ചാരി നിന്ന അവളോട്‌ ഞാൻ പറഞ്ഞു, 
എനിക്കു വല്ലാത്ത ഡിപ്രെഷൻ. ഞാൻ തിരുനക്കര മൈതാനത്തിൽ പോട്ടക്കാരുടെ ധ്യാനം കൂടാൻ പോകുന്നു. 
"ഈ ധ്യാനമൊക്കെ കൂടിയാൽ ഡിപ്രെഷൻ മാറുമോ "? 
ഉടനെ വന്നു ചോദ്യം. 
ഞാനപ്പോൾ പറഞ്ഞു അരമനസ്സോടെ.. "മാറിയേക്കും". എന്നിട്ട് തിരക്കിട്ടു മടങ്ങി. 

ഡ്യൂട്ടിത്തിരക്കോ എന്തോ ഡ്യൂട്ടിക്കാർ എന്റെ വീട്ടിൽ വന്നതുമില്ല. അന്ന് ബാലകൃഷ്ണനും, സുരേഷും ആയിരുന്നല്ലോ അവൾക്കൊപ്പം ഡ്യൂട്ടിയിൽ.

പിറ്റേന്നു രാവിലെ വന്ന ഫോൺ അറ്റൻഡ് ചെയ്ത എന്റെ ആൾ എന്നോടു പറഞ്ഞു "Be prepared to hear a bad news ". 
രണ്ട് അറ്റാക്ക് കഴിഞ്ഞ എന്റെ അപ്പൻ പൊലിഞ്ഞു പോയോ എന്നോർത്ത് ഞാൻ കരയാൻ തുടങ്ങി.. 

പക്ഷേ അദ്ദേഹം പറഞ്ഞ പേരുകേട്ടപ്പോൾ ഞാൻ തകർന്നു പോയി.
"she is no more, found dead in the duty room coat. Seems suicide ". 

ശബ്ദമില്ലാതെ ഞാൻ ഈശ്വരാ എന്നു വിളിച്ചു. എന്റെ പ്രിയ മിത്രം ഒരിക്കലും തിരിച്ചു വരാത്ത മരണത്തിന്റെ ലോകത്തേക്കു പ്രവേശിച്ചു. 
ഡ്യൂട്ടി റൂമിലേക്ക്‌ യാത്ര തിരിച്ച ഞാൻ ബെഡ്ഡിൽ നിശ്ചലമായി കിടന്ന ആ രൂപം കണ്ടു പൊട്ടിക്കരഞ്ഞു. 
I V സ്റ്റാൻഡിൽ തൂങ്ങിക്കിടന്ന ശൂന്യമായ ബോട്ടിൽ  കാര്യങ്ങൾ പറഞ്ഞു തുടങ്ങി. 
ചുറ്റുവട്ടത്തു കിടന്ന ' ചിതറിയ ചില ' മയക്കു മരുന്നുകളുടെ ശേഷിപ്പുകൾ എന്നെ തുറിച്ചു നോക്കി അപ്പോൾ.. 

ഒരു സിസേറിയൻ അന്നേസ്തെഷ്യ നൽകി ബേബി ഔട്ട്‌ ആയിക്കഴിഞ്ഞപ്പോൾ സഹ ഡ്യൂട്ടിക്കാരനെ ഏൽപ്പിച്ച്  അല്പം മാത്രം അകലെയുള്ള ഡ്യൂട്ടി റൂമിൽ കയറിക്കിടന്ന് എല്ലാ സങ്കടങ്ങൾക്കും അറുതി വരുത്തി... 

ഉറങ്ങാത്ത മിഴികളും തളരാത്ത മനസ്സും ഹൃദയത്തിൽ പ്രാർത്ഥനകളുമായി എത്രയോ രോഗികളെ ജീവിതത്തിലേക്ക് തിരിച്ചു വിളിക്കാൻ മോഹിച്ചവളാണ്. ചിന്തിക്കുവാൻകൂടി സാധിക്കുന്നില്ലല്ലോ. 

പിന്നീടു ഞാൻ ഓർക്കാത്ത ദിവസങ്ങൾ കുറവാണ്. 
ഒരുമിച്ച് എത്ര ഡ്യൂട്ടി ചെയ്തിട്ടെന്ത്‌? 
ഒരേ മേശയ്ക്കിരുവശവും ഏറെ നേരം സംസാരിച്ചിട്ടെന്ത് ? ചായ കുടിച്ചിട്ടെന്ത്‌? 

പുറമേ ശാന്തമെന്നു തോന്നിയ ആ ജീവിതത്തിന്റെ അടിയൊഴുക്കുകൾ ഇനിയും എനിക്കു മനസ്സിലാകുന്നില്ല.

അഭ്യൂഹങ്ങളും ദുരൂഹതകളും ബാക്കിയാക്കി ഒരു ഡിസംബർ ഇരുപത്തഞ്ചിന്റെ സായാഹ്നത്തിൽ കടന്നുപോയ എന്റെ പ്രിയ മിത്രത്തിന്റെ ഓർമ്മ കൂടിയാണ് എനിക്കോരോ ക്രിസ്മസ്സും.

സത്യമായും ആ ക്രിസ്മസ്സിന്റെ സായന്തനത്തിൽ ഒരു സുന്ദരി ചിത്രശലഭം എന്റെ മുറിക്കുള്ളിൽ ചിറകു കുടഞ്ഞു നടന്നിരുന്നു .... പിന്നെ പല ദിവസങ്ങളിലും ആ ചിത്രശലഭം അവിടെയൊക്കെത്തന്നെ ഉണ്ടായിരുന്നു. 

മുപ്പത്തിയൊന്നു വർഷങ്ങൾ പിന്നിട്ടിരിക്കുന്നു എന്റെ ആ ചിത്രശലഭം കാലത്തിന്റെ അതിർത്തി കടന്നിട്ട് ...

പക്ഷെ തോന്നുന്നില്ല..

ഇന്നലെയുംകൂടി എന്നെ ചായകുടിക്കാൻ ക്ഷണിച്ചതല്ലേ  ...!

Dr. Kunjamma George
06/08/2022.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക