Image

അയോദ്ധ്യകാണ്ഡം - ഒരാമുഖം:കൊട്ടാരത്തില്‍ നിന്നും കാട്ടിലേക്ക്  (രാമായണമാസചിന്തകള്‍ -3 : സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 06 August, 2022
അയോദ്ധ്യകാണ്ഡം - ഒരാമുഖം:കൊട്ടാരത്തില്‍ നിന്നും കാട്ടിലേക്ക്  (രാമായണമാസചിന്തകള്‍ -3 : സുധീര്‍ പണിക്കവീട്ടില്‍)

അയോധ്യാകാണ്ഡം ചുരുക്കമായി പറയുകയാണെങ്കില്‍ - ദശരഥന്റെ നാല് ആണ്മക്കളുടെ 'തേന്‍നിലാവ്'   കുളിര്‍ പകര്‍ന്നും, സുഗന്ധം പകര്‍ന്നും   രാജധാനിയെ കോരിത്തരിപ്പിച്ചുകൊണ്ട് ലജ്ജിച്ച് നില്‍ക്കുമ്പോള്‍  ദശരഥന് മൂത്ത മകന്‍ രാമനെ 'പൃഥ്വി പരിപാലനാര്‍ത്ഥമാഭിഷേകമെത്രയും വൈകാതെ ചെയ്യണമെന്ന'' ആശ ഉണ്ടാവുകയും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകായും ചെയ്തു,

പട്ടാഭിഷേകത്തിനു തയ്യാറാകുന്ന ഒരു രാജകുമാരന്‍ വല്‍ക്കലം ധരിച്ച് പതിനാലു വര്ഷം വനത്തിലേക്ക് പോകാന്‍ വിധിക്കപ്പെട്ട വിവരമാണ് അയോധ്യാകാണ്ഡം നല്‍കുന്നത്. അതിനു കാരണമോ രാജകുമാരന്റെ രാണ്ടാനമ്മയുടെ അധര്‍മമായ ഒരു ആവശ്യം. ശാസ്ത്രങ്ങളുടെ കെട്ടഴിച്ചു നിസ്സഹായനായി നില്‍ക്കുന്ന അച്ഛന്‍ മകനെ കാട്ടിലേക്ക് വിടുന്ന വിധിയെ പഴിക്കയാണ്. ''നമുക്ക് ഊഹിക്കാന്‍ കഴിയാവുന്നതിനേക്കാള്‍ വിധിയുടെ സ്വാധീനം നമ്മുടെ ജീവിതത്തില്‍ ഉണ്ട്. എന്റെ മേല്‍ ഇപ്പോള്‍ ദുര്‍വിധി ഭവിച്ചിരിക്കുന്നു. വിധിയുടെ വഴികള്‍ സ്വീകരിക്കയല്ലാതെ അതിനെ മറികടക്കാന്‍ നമുക്ക് കഴിയില്ല,  ആര്‍ക്കാണ് വിധിയോട് മല്ലടിക്കാന്‍ കഴിയുക.'' ശ്രീരാമന്‍ ലക്ഷ്മണനോട് ഇങ്ങനെ പറയുന്നുണ്ടു.
കൈകേയിക്ക് വാക്ക് കൊടുത്ത് വിഷണ്ണനായി നില്‍ക്കുന്ന ദശരഥനോട് മകന്‍ ലക്ഷ്മണന് ബഹുമാനമില്ല. ദുഖിതയായ കൗസല്യയോട് ലക്ഷ്മണന്‍ പറയുന്നത് രാജാവിന്റെ തലതിരിഞ്ഞുപോയി, അദ്ദേഹം വയസ്സനാണ്, എല്ലാറ്റിനുമുപരി കാമാന്ധനാണ്. അങ്ങനെയുള്ള ഒരാള്‍ എന്തും പറയും. ഒരു പെണ്ണിന്റെ വാക്കു കേട്ട് ഒരു കുറ്റവും ചെയ്യാത്ത രാമനെ കാട്ടിലേക്കയക്കുന്നത് ന്യായമല്ല. ലക്ഷ്മണന്‍ രാമനോട് പറയുന്നു. ഇത് അധികം ആളുകള്‍ അറിയുന്നതിന് മുമ്പ് എന്റെ സഹായത്തോടെ രാജ്യം പിടിച്ചടക്കുക. ഭരതനെ സഹായിക്കുന്ന അയോദ്ധ്യവാസികള്‍ മുഴുവന്‍ വന്നാലും ഞാന്‍ അവരെ നിലംപരിസ്സാക്കും. നമ്മുടെ അച്ഛന്‍ നമുക് എതിരെ തിരിഞ്ഞാല്‍ അദ്ദേഹത്തെ കാരാഗ്രഹത്തിലാക്കണം അല്ലെങ്കില്‍ കൊന്നു കളയണം. കോപിഷ്ഠനായ ലക്ഷ്മണന്റെ വാക്കുകള്‍ കേട്ട് രാമന്‍ ഉപദേശിക്കുന്നു. 'വത്സ! സൗമിത്രേ! കുമാര! നീ കേള്‍ക്കണം'... 'ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം, വേഗേന നഷ്ടമായുസ്സുമോര്‍ക്ക നീ'  വഹ്നിസന്തപ്തലോഹ സ്ഥാബുബിന്ദുനാ,സന്നിഭം മര്‍ത്യജന്മം ക്ഷണഭംഗുരം, ചക്ഷുശ്രവണ ഗളസ്ഥമാം ദ ര്‍ ദ്ദു രം , ഭക്ഷണത്തിനപേക്ഷിക്കുന്നത്‌പോലെ, കാലാഹിനാ പരിഗ്രസ്തമാം ലോകവുംമാലോലചേതസാ ഭോഗങ്ങള്‍ തേടുന്നു.അര്‍ഥം ' മനുഷ്യജീവിതം മിന്നല്‌പോലെ പെട്ടെന്ന് പൊലിഞ്ഞുപോകുന്ന ഒന്നാണ്, ചുട്ടുപഴുത്ത ലോഹത്തല്‍ വീഴുന്ന വെള്ളത്തുള്ളികള്‍ പോലെയാണ്. പാമ്പിന്റെ വായിലിരിക്കുന്ന തവള ഭക്ഷണത്തിനായി നാവു നീട്ടുന്നപോലെയാണ്.

രാമന്‍ വീണ്ടും പറയുന്നു. ധര്‍മ്മമാണ് ഈ ലോകത്തില്‍ പരാമമായിട്ടുള്ളത്. സത്യം ധര്‍മ്മത്തില്‍ സ്ഥിതിചെയ്യുന്നു. അച്ഛന്റെ കല്‍പ്പന ധര്‍മമാണ് ധര്‍മ്മം അനുസരിക്കുന്നവന്‍ അച്ഛന്റെ കല്പനയെ അനുസരിക്കാതിരിക്കില്ല,  അച്ഛന്‍ കൈകേയിക്ക് കൊടുത്ത വാഗ്ദാനത്തിന്റെ ബലത്തില്‍ അവര്‍ വരം ചോദിക്കുമ്പോള്‍ അച്ഛന് വാക്ക് പാലിക്കണം.  എനിക്ക് വനത്തിലേക്ക് പോകേണ്ടതുണ്ട്. എന്റെ തീരുമാനത്തെ ക്ഷത്രിയനായ നീ മാനിക്കുക .

ഇതൊക്കെ ത്രേതായുഗത്തില്‍ ഏര്‍പ്പാടായിരിക്കാം. ഇതൊന്നും ഈ യുഗത്തില്‍ പ്രായോഗികമല്ല. കാമനുരാഗപരവശനായ ഒരു രാജാവ് തന്റെ പത്‌നിമാരില്‍ പ്രിയയായ ഒരുവള്‍ക്ക് നല്‍കിയ വരം അതിനൊക്കെ അന്നത്തെ ഋഷിമാര്‍ എന്തിനു പ്രാധാന്യകൊടുത്തുവെന്നു നമുക്ക് മനസ്സിലാക്കാന് പ്രയാസമാണ്.
സീതയോട് വനവാസം വാര്‍ത്ത പറയുമ്പോള്‍ അവര്‍ രാമന്റെ കൂടെ പോകാന്‍ തീരുമാനിക്കുന്നു. കാട്ടിലെ കഷ്ടപ്പാടുകള്‍ രാമന്‍ വിവരിക്കുമ്പോള്‍ സീത പറയുന്നു: 'വല്ലതും മൂലഫലജലാഹാരങ്ങള്‍, വല്ലഭോച്ഛിഷ്ടമെനിക്ക് അമൃതോപമം' (ഭര്‍ത്താവിന്റെ ഉച്ഛിഷ്ടം അമൃതാണെന്നു പറയുന്ന സീതയെപോലെ ആകാനാണ് ഭാരതസ്ത്രീകള്‍ ശ്രമിച്ചിട്ടുള്ളത്. അപ്പോള്‍ പിന്നെ ഭര്‍ത്താക്കന്മാര്‍ അവരെ പാമ്പിനെകൊണ്ട് കടിപ്പിച്ചും, കെട്ടിത്തൂക്കിയും കൊല്ലുന്നതില്‍ എന്തിനു ഖേദിക്കുന്നു. പിന്നെ സീത പറയുന്ന ന്യായം 'രാമായണങ്ങള്‍ പലവും കവിവരരാമോദമോടു പറഞ്ഞു കേള്‍ പ്പുണ്ട് , ജാനകിയോട് കൂടാതെ രഘുവരന്‍ കാനനവാസത്തിനെന്നു പോയിട്ടുള്ളൂ. ബാക്കി മധുവിധു വനാന്തരങ്ങളിലാകാം എന്ന് കണക്കുകൂട്ടിയാകാം രാമന്‍ പറഞ്ഞു ' എങ്കിലോ വല്ലഭേ? പോരിക വൈകാതെ, സങ്കടാമിന്നിതു ചൊല്ലിയുണ്ടാകേണ്ടാ.'
ലക്ഷ്മണന്‍ അദ്ദേഹത്തിന്റെ മാതാവായ സുമിത്രയെ കണ്ടു യാത്ര ചോദിക്കുന്നു. അയോധ്യകാണ്ഡം നാല്പതാം സര്‍ഗ്ഗത്തിലെ 'മാ ' ഈ ശ്ലോകം രാമായണത്തിലെ മികച്ചശ്ലോകമായി കരുതുന്നു.
രാമം ദശരഥം വിദ്ധി, മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി, ഗച്ഛ തഥാ യഥാ സുഖം
രാമനെ ദശരഥനായിട്ടും, സീതയെ ഞാന്‍ ആയിട്ടും, കാടിനെ അയോദ്ധ്യയായിട്ടും കണക്കാക്കുക. മകനേ, സുഖമായി പോയി വരൂ.
തുഞ്ചത്തെഴുത്തച്ഛന്റെ ശ്ലോക പരിഭാഷ ഇങ്ങനെ:
രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം
എന്നെ ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കില്‍ സുഖമായ് വരിക തേ
പിന്നെ യാത്രാപറയാന്‍ ദശരഥനെ സമീപിച്ചപ്പോള്‍ അദ്ദേഹം കരച്ചിലോട് കരച്ചില്‍.'ഈ രാത്രി കൂടി കഴിഞ്ഞിട്ട് പോകാം മകനെ' (ബുക്ക് II 33 വാല്മീകി രാമായണം). എന്ന് കെഞ്ചുന്നു.കൈകേയിയുടെ ആവശ്യപ്രകാരം രാമനോട് പതിനാലു വര്ഷം കാട്ടിലേക്ക് പോകാനുള്ള കല്പന പുറപ്പെടുവിക്കുകയും രാമന്‍  അതനുസരിക്കയും ചെയ്തുകഴിഞ്ഞതിനു ശേഷം ദശരഥന്‍ ആവശ്യപ്പെട്ടതാണത്. പക്ഷെ രാമന്‍ അത് നിരസിച്ചു. ചില കാര്യങ്ങളില്‍ അച്ഛനെ നിരസിക്കാമെന്നു നമ്മള്‍ അതില്‍ നിന്നും ഊഹിക്കുന്നു. രാമന്‍ പറഞ്ഞു ഇ രാത്രി ഞാന്‍ നിന്നാല്‍ നാളെ ഞാന്‍ ഒരു പക്ഷെ മാറ്റങ്ങള്‍ക്ക് വിധേയനായി ഈ കല്പന അനുസരിക്കാന്‍ ന്കഴിയാതെപോയാലേ. മനുഷ്യര്‍ ഇപ്പോഴും മാറ്റങ്ങള്‍ക്ക് വിധായരാണ്. ദശരഥന്‍ കൈകേയിക്ക് കൊടുത്ത വാഗ്ദാനത്തിനു എന്ത് പ്രസക്തി എന്ന് നാം ചിന്തിക്കാം. പക്ഷെ രാമന് രാജ്യവും കൊട്ടാരവും വേണമെന്ന മോഹമില്ലായിരുന്നു. അല്ലെങ്കില്‍ അദ്ദേഹത്തിന് അച്ഛനോട് ചോദിഹിക്കാന്‍ ന്യായങ്ങള്‍ ഉണ്ടായിരുന്നു. ചോദിക്കുന്നത് എന്തും തരാമെന്നൊക്കെയുള്ള വരം കൊടുക്കുമ്പോള്‍ ദശരഥന്‍ ആലോചിച്ചിരുന്നോ എന്നും നമുക്ക്  ശങ്കിക്കാം. രാമന്‍ കാട്ടിലേക്ക് പുറപ്പെട്ടപ്പോള്‍ ദശരഥന്‍ തന്റെ പാപപുണ്യചുമട് അഴിച്ചു വച്ച് വിലപിക്കാന്‍ തുടങ്ങി. അപ്പോഴാണ് ശ്രവണ കുമാറിന്റെ കഥ ദശരഥന്‍ കൗശലയയോട് പറയുന്നത്. 

അയോധ്യയിലെ പൗരാവലി തമസ്സാ നദിയുടെ തീരം വരെ രാമനെ പിന്തുടര്‍ന്നു. അവരുടെ കണ്ണുവെട്ടിച്ച് പാതിരാവില്‍ രാമനും, ലക്ഷ്മണനും, സീതയും  തേരാളി സുമന്ത്രനോടൊപ്പം കാട്ടിലേക്ക് കടന്നു നിഷാദ രാജാവായ ഗുഹനെ കണ്ടു.അവിടെ നിന്നും അവര്‍ പ്രയാഗില്‍ ഋഷി ഭരദ്വാജിനെ സന്ദര്‍ശിച്ച്. അവിടെനിന്നും ചിത്രകൂടത്തില്‍ വച്ച് രാമന്‍ വാല്മീകിയെ കാണുന്നു. രാമന്‍ സുമന്ത്രനെ കൊട്ടാരത്തിലേക്ക് തിരിച്ചയക്കുന്നു. ദശരഥന്‍ രാമന്റെ വിവരങ്ങള്‍ സുമന്ത്രനോട് ചോദിച്ചറിയുന്നു. രാമനെ പിരിഞ്ഞ ദുഃഖം സഹിക്കവയ്യാതെ ദശരഥന്‍ രാമാ രാമാ എന്ന് വിളിച്ച് ഇഹലോകവാസം വെടിയുന്നു. മാതൃഭവനത്തില്‍ സന്തോഷത്തിന്റെ ദിനങ്ങള്‍ തള്ളിനീക്കിയിരുന്ന ഭരതനും ശത്രുഘ്‌നനും കൊട്ടാരത്തിലെ വിവരങ്ങള്‍ അറിഞ്ഞിരുന്നില്ല,. അവരെ വസിഷ്ഠന്‍ കൊട്ടാരത്തിലേക്ക് വര്ത്തിച്ചു. ദശരഥന്റെ ശവദാഹ കര്‍മ്മങ്ങള്‍ നടത്തി. അച്ഛന്റെ മരണവും സഹോദരന്റെ വനവാസവും ഭരതനെ വിഷമിപ്പിച്ചു. രാജഭരണം നടത്താന്‍ അദ്ദേഹം തയാറായില്ല.

കൈകേയിയുടെ പ്രവര്‍ത്തികൊണ്ട് തനിക്ക് ലഭിച്ച രാജപദവി ഉപയോഗിക്കാന്‍ ഭരതന്‍ തയ്യാറാകുന്നില്ല. അദ്ദേഹം തന്റെ മാതാവിനെ നിര്‍ദ്ദയം ശകാരിക്കുന്നുണ്ട്. 'ഭര്‍ത്താവിനെക്കൊന്ന പാപേ ! നിസ്ത്രപേ! നിര്‍ദ്ദയെ, ദുഷ്ടേ, നിശാചരി, നിന്നുടെ ഗര്‍ഭത്തിലുത്ഭവിച്ചേനൊരു പുണ്യമില്ലാത്ത മഹാപാപി ഞാനഹോ'. അതിനുശേഷം രാമനെക്കൊണ്ടുവരാന്‍ മാതൃജനങ്ങളുമായിട്ടു പോകാന്‍ ഭരതന്‍ തീരുമാനിക്കുന്നു 'രാമനിങാഗമിച്ചീടുവോളം ഭൂമിയില്‍ തന്നെ ശയിക്കുന്നതേയുള്ളു , മൂലഫലങ്ങള്‍ ഭുജിച്ച് ഭാസിതവുംആലേപനം ചെത്ത് വല്‍ക്കലവും പൂണ്ടു താപസവേഷം ധരിച്ചു ജട പൂണ്ടു. പക്ഷെ രാമന്‍ രാജധാനിയിലേക്ക് തിരിച്ചുപോകാന്‍ സമ്മതിച്ചില്ല. അപ്പോള്‍ ഭരതന്‍ ' പാദു കാം ദേഹി രാജേന്ദ്ര രാജ്യായതെ പാദബുദ്ധ്യാ മമ സേവിച്ചുകൊള്ളുവാന്‍ '. അയോധ്യയുടെ സിംഹാസനത്തില്‍ പതിനാലു വര്ഷം രാമന്റെ  മെതിയടികള്‍ സ്ഥാനം പിടിച്ചു. രാജാവാകാതെ രാമന്റെ പ്രതിനിധിയായി ഭരതന്‍ അയോദ്ധ്യ ഭരിച്ചു.
ഭരതനും, മാതൃജനങ്ങളും, മിത്രങ്ങളും ചിത്രകൂടാചലത്തില്‍ വന്നു സീതയെയും, രാമലക്ഷണമാന്മാരെയും കണ്ടെതുമൂലം അവര്‍ ഇനിയും വരാമെന്നു ശങ്കിച്ച് രാമന്‍ ദണ്ഡകാരണ്യത്തിലേക്ക് സീതയെയും ലക്ഷമണനെയും കൂട്ടി പുറപ്പെട്ടു. മദ്ധ്യേ അവര്‍ അത്രിമഹര്ഷിയുടെ ആശ്രമത്തില്‍ പ്രവേശിച്ചു. അവിടെവച്ച് മുനിപത്‌നി അനസൂയയെ സീത വണങ്ങി. അനസൂയ സീതക്ക് വിശ്വകര്‍മ്മവിനാല്‍  നെയ്ത പട്ടും, ആഭരണങ്ങളും നല്‍കി. എഴുത്തച്ഛന്‍ ഇവിടെ അനസൂയയെക്കൊണ്ട് രാമനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ. ' ഭാവനഹോ നാരായണനായതെന്നറിഞ്ഞേനഹം, നിന്മഹാമായ ജഗത്രയവാസിനാം, സമ്മോഹകാരിണിയാത് നിര്‍ണ്ണയം.'' രാമന്‍ വിഷ്ണുവിന്റെ അവതാരം തന്നെയെന്ന് എഴുത്തച്ഛന്‍ വായനക്കാരെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.
(അയോധ്യാകാണ്ഡം അവസാനിക്കുന്നു)
ശുഭം

 

Join WhatsApp News
ശങ്കരദിഗ്വിജയം 2022-08-06 09:34:50
The unheard Hinduism: വേദമാണ് പരമസത്യം. വേദവിപരീതമായ മതങ്ങള്‍ മനുഷ്യന് ദോഷം ചെയ്യും. അതുകൊണ്ട് അവയെ ഉന്മൂലനാശം ചെയ്യണം. വേദത്തെ നിന്ദിക്കുന്നവരെ എല്ലാം കൊന്നുകളഞ്ഞു. അങ്ങനെയുള്ളവരെ കൊല്ലാന്‍ മടിക്കുന്ന ഭടന്മാരെയും കൊല്ലണം. ഹിന്ദുമതത്തെ നിന്ദിക്കുന്നവരെയും അന്യമതക്കാരെയും കൊല്ലണം. ആധുനിക ഹിന്ദുമതം സ്ഥാപിക്കപ്പെട്ടത് വാളിലൂടെ. ക്രൈസ്തവരില്‍ കാത്തോലിക്കരെ പോലെ ആധുനിക ഹിന്ദുമതത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഏറ്റവും വലിയ സെക്റ്റാണ് അദ്വൈതികള്‍. അവരുടെ ഒഫീഷ്യല്‍ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതാണ് താഴെകാണുന്ന വരികള്‍. ഹിന്ദുമതത്തിന്റെ അസഹിഷ്ണുത ഇത് തുറന്നുകാണിക്കുന്നു. വാളിന്റെ മാര്‍ഗ്ഗത്തില്‍കൂടിയാണ് അത് സ്ഥാപിക്കപ്പെട്ടത് എന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. (ശങ്കരദിഗ്വിജയം മലയാളവിവര്‍ത്തനം പേജുകള്‍ നോക്കുക.) ദിഗ്വിജയം = എല്ലാ ദിക്കുകളിലുമുള്ള എതിരാളികളെ യുദ്ധം ചെയ്ത് തോല്‍പിച്ച് കീഴടക്കല്‍).-copied and posted by chanakyan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക