MediaAppUSA

തീർപ്പുകൽപ്പിക്കലിനെതിരെ സന്ദേഹങ്ങളുയരും ( കഥാചർച്ച - പ്രകാശൻ കരിവെള്ളൂർ )

Published on 06 August, 2022
തീർപ്പുകൽപ്പിക്കലിനെതിരെ സന്ദേഹങ്ങളുയരും ( കഥാചർച്ച - പ്രകാശൻ കരിവെള്ളൂർ )

ഭാസ്കരൻ എന്ന യുക്തിവാദിയും പേരില്ലാത്തൊരു മരണ പ്രവചനസിദ്ധനും ഇടയിലൊരു പാതാലിൽ വർക്കിച്ചനുമാണ് പൂതപ്പാറയിൽ പണ്ട് (എഴുപതുകൾ എന്നൊക്കെ പറയാം ) നടന്ന , ഈ സന്തോഷ് കുമാറിന്റെ ജ്ഞാനോദയം കഥയിലെ പ്രധാന കഥാപാത്രങ്ങൾ .

ഭാസ്കരൻ എന്ന ത്യാഗിയായ മനുഷ്യൻ യുക്തിവാദത്തിൽ ആകൃഷ്ടനായി ഒരു ഒറ്റയാൾ പ്രസ്ഥാനമായി ജ്ഞാനോദയം എന്ന യുക്തിവാദമാസിക തുടങ്ങി. വിൽപ്പനയില്ലാതെ മാസിക പൊളിഞ്ഞു. അതിന്റെ ഒരു കോപ്പി ബസ്സിൽ ആരോ വച്ച് മറന്നത് ( കരുതിക്കൂട്ടിയുമാവാം ) വായിച്ച് ദൈവഭക്തി പാരമ്പര്യമുള്ള പാതാലിൽ തറവാട്ടിലെ വർക്കിച്ചനും യുക്തിവാദിയായി. അയാൾ പള്ളിക്കരികിൽ ബോർഡെഴുതി വച്ചു - ക്രിസ്തുവോ കൃഷ്ണനോ ജീവിച്ചിരുന്നില്ല. സത്യക്രിസ്ത്യാനികൾ അതിൽ ക്രിസ്തുവോ എന്നത് മായിച്ച് കൃഷ്ണൻ ജീവിച്ചിരുന്നില്ല എന്നാക്കി. വർക്കിച്ചൻ വീണ്ടും ക്രിസ്തുവോ കൃഷ്ണനോ എന്ന് തിരുത്തി. വിശ്വാസികൾ ബോർഡ് തല്ലിപ്പൊട്ടിച്ച് കാട്ടിലെറിഞ്ഞു . കുറച്ചു ദിവസം കഴിഞ്ഞ് കടപ്പൂര് പാപ്പച്ചന്റെ മക്കൾ വർക്കിച്ചനിൽ ആകൃഷ്ടരായി ക്രിസ്തു വോ കൃഷ്ണനോ ഒരിക്കലും ജീവിച്ചിരുന്നില്ല എന്ന ബോർഡ് വച്ചു. അതിനടിയിൽ ഒരു വിശ്വാസി , ഈ എഴുതിയവന്റെ തന്ത ജീവിച്ചിരുന്നോ ? എന്ന് വികാരം കൊണ്ടു . ജ്ഞാനോദയം ഭാസ്കരൻ പൂതപ്പാറയിൽ വർക്കിച്ച ൻ മുഖേന ഒരു ചെറു യുക്തിവാദ സംഘം രൂപീകരിച്ച് മതങ്ങളുടെ മരണം പ്രവചിച്ച സന്ദർഭത്തിലാണ് മനുഷ്യരുടെ മരണം പ്രവചിക്കുന്ന സിദ്ധൻ പൂതപ്പാറയിലെത്തി അനുയായി വൃന്ദം വലുതാക്കി ആശ്രമം സ്ഥാപിച്ചത്. ഭാസ്കരൻ വർക്കിച്ചൻ മുഖേന സ്വാമിയെ യുക്തിവാദം കൊണ്ട് വെല്ലുവിളിച്ചു. നിവൃത്തിയില്ലാതെ സ്വാമി ഭാസ്കരന് കത്തെഴുതി. നീയെന്നെ ജീവിക്കാൻ വിടില്ല അല്ലേ അന്ധകാരം ഭാസ്കരാ ?
ഭാസ്കരന്റെ യുക്തിബോധം സ്വാമിയുടെ തട്ടിപ്പിനെ കെട്ടുകെട്ടിക്കാൻ കച്ചകെട്ടി. അയാൾ നേരിട്ട് വന്ന് സ്വാമിയെ കാണാൻ തീയ്യതി കുറിച്ചു. ജ്ഞാനോദയത്തെ നേരിടാൻ കെൽപ്പില്ലാതെ സ്വാമിയും സംഘവും ആശ്രമം ഉപേക്ഷിച്ച് പൂതപ്പാറയിൽ നിന്ന് തടിതപ്പി .പിന്നീട് പ്രബുദ്ധ ലോകം എന്ന മാസിക തുടങ്ങാനായിരുന്നു ഭാസ്കരന്റെ പ്ളാൻ . പക്ഷേ അത് സംബന്ധിച്ച് വർക്കിച്ചൻ ഭാസ്കരനയച്ച കത്ത് വിലാസക്കാരനെ കണ്ടെത്താനാകാതെ മടങ്ങി വന്നു. ജ്ഞാനോദയം ഭാസ്കരനെ അന്വേഷിച്ചിറങ്ങിയ വർക്കിച്ചൻ മാസികയുടെ ഓഫീസ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം പൊളിച്ച് മാറ്റിയ നിലയിൽ കാണുന്നിടത്താണ് കഥാന്ത്യം .
ഇങ്ങനെയൊരു കഥാകൽപ്പന പ്രകാരം ഈ സന്തോഷ് കുമാർ രണ്ട് അതിവാദങ്ങൾക്ക് നടുവിൽ ഒരു ജീവിത ബോധം രേഖപ്പെടുത്താൻ ശ്രമിക്കുന്നതായി തോന്നി. സിദ്ധനും ആശ്രമവും വിശ്വാസികളെ ചൂഷണം ചെയ്യാനാണ് മരണ പ്രവചനം എന്ന അതിവാദം കെട്ടിപ്പൊക്കിയതെങ്കിൽ മതങ്ങളുടെ മരണം പ്രവചിക്കുന്ന ഭാസ്കരന്റെ വാദം യുക്തിയിൽ അമിതമായി വിശ്വസിച്ചു കൊണ്ടുള്ള ആശയാവേശത്തിൽ നിന്നുണ്ടായതാണ്. നിൽക്കക്കള്ളിയില്ലാതായാൽ പലായനം ചെയ്യുന്നതും ആശയാവേശങ്ങളോ ആവശ്യങ്ങളോ കഴിഞ്ഞാൽ നിലം പൊത്താവുന്നതിനപ്പുറം ഈ അതിവാദങ്ങൾ നിലനിൽക്കില്ല എന്നാണ് കഥ സമർത്ഥിക്കുന്നത്. യുക്തിബോധം ഇച്ഛാശക്തിയോടെ പൊരുതി നിന്നപ്പോൾ വിശ്വാസത്തെ ചൂഷണം ചെയ്യാനെത്തുന്ന കാപട്യങ്ങളെ തുരത്താൻ കഴിഞ്ഞ ഉജ്ജ്വലമുഹൂർത്തവും കഥ കാണിച്ച് തരുന്നു. 
എന്നാൽ കേരളത്തിൽ യുക്തി ഒരു വാദത്തിന്റെ പകിട്ടായി കൊണ്ടു നടന്ന ചിലരേ അതിന്റെ പേരിൽ സംഘടിക്കാൻ പോയുള്ളു. ഉയർന്ന യുക്തിബോധമുള്ളവർക്ക് ദൈവത്തെപ്പോലെ യുക്തിയിലും വിശ്വസിക്കാൻ കഴിയാറില്ല. വിശ്വാസത്തിന്റെ യുക്തിയും യുക്തിയിലുള്ള വിശ്വാസവും എല്ലാ മനുഷ്യരിലും ഏറിയോ കുറഞ്ഞോ പ്രവർത്തിക്കുന്നുണ്ട്. അതിൽ ഒന്നിനെ മറ്റൊന്നു കൊണ്ട് അളക്കുന്നതിലെ അയുക്തി വിശ്വാസികൾക്ക് മനസ്സിലാവില്ല. കാരണം , അവർക്ക് വിശ്വാസത്തിലാണല്ലോ യുക്തി . എന്നാൽ യുക്തിബോധമുള്ളവർക്ക് ഈ അയുക്തി ബോധ്യപ്പെടേണ്ടതുണ്ട്. അത് ബോധ്യപ്പെടാത്തതു കൊണ്ട് താരതമ്യേന കുറ്റമൊന്നും പറയാനില്ലാത്ത ഒരു ആശയമായിട്ടും യുക്തിവാദം ഇത്ര കണ്ട് പരിഹാസത്തിനിരയായത്. 

ആളുകളുടെ ജനനത്തീയ്യതി പറഞ്ഞാൽ മരണത്തീയ്യതി പറയുന്ന ദിവ്യാദ്ഭുത സന്യാസിമാർ ചക്ക - മുയൽ ന്യായ പ്രകാരം പെരുകിയിട്ടേയുള്ളൂ കേരളത്തിൽ . എന്നാൽ 15 വർഷം കൊണ്ട് മതങ്ങളുടെ മരണം പ്രവചിച്ച ഭാസ്കരന്റെ ജ്ഞാനോദയത്തിന്റെ കഥയെന്തായി ? ഇവിടെ കഥാകാരൻ ചരിത്രത്തെ വൈരുധ്യാധിഷ്ഠിതമായി അപഗ്രഥിക്കാൻ ഒരവസരമൊരുക്കിയിട്ടുണ്ട് - എതിർവാദത്താൽ മാത്രം നിലനിൽക്കാൻ കെൽപ്പുളള മറുവാദം. ഒരിക്കലും  ജീവിച്ചിരുന്നില്ല എന്ന  എഴുപതുകളിലെ യുക്തിയുടെ തീർപ്പു കൽപ്പിക്കലിനെതിരെ 80-90 കളിലെ വിശ്വാസികൾ പ്രതികരിച്ചതെങ്ങനെയാണ് ? ജീവിച്ചിരിക്കാത്ത രണ്ടു പേർക്ക് നാടുനീളെ അമ്പലങ്ങളും പള്ളികളും പണിതുയർത്തിക്കൊണ്ട് !
ആ നിലയ്ക്ക് ഇന്ന് മേൽക്കൈ നേടിയ ഭക്തിപ്രസ്ഥാനത്തിനെതിരെ യുക്തിപ്രസ്ഥാനം കരുത്ത് നേടാത്തതെന്തേ ? അവിടെ ജനാധിപത്യത്തിന്റെ ഭൂരിപക്ഷന്യായം ചാടി വീണിരിക്കുകയാണ്. വോട്ടുചെയ്യാനുള്ളവരിൽ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. അതുകൊണ്ട് അവരെ ചോദ്യം ചെയ്യുന്ന യുക്തിയെ പൊതുജന സമക്ഷം തള്ളിപ്പറയുന്നതാണ് യുക്തി . യുക്തികൾ പലതായി ചിതറിയപ്പോൾ വിശ്വാസം ഒന്നു മാത്രമായി സംഘടിച്ചു. സംഘടിതയുക്തിക്കപ്പുറം മറ്റെന്ത് പറയാനുണ്ട് മതത്തെപ്പോലെ രാഷ്ട്രീയത്തിനും ?

അന്ധകാരം നിറഞ്ഞ കാലദേശങ്ങളിൽ ജ്ഞാനം ഉദിച്ചതിന്റെ ചരിത്രം പറഞ്ഞ് ഈ സന്തോഷ് കുമാർ ജ്ഞാനവെളിച്ചത്തിന്റെ സ്ഥലകാലങ്ങളിൽ വീണ്ടും അന്ധകാരം പരക്കുന്നത് ഓർമ്മിപ്പിക്കുകയാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക