Image

വിചാരണ തടവുകാരുടെ മോചനത്തിന് ഉടന്‍ മാര്‍ഗരേഖ തയ്യാറാക്കണമെന്ന് സുപ്രീംകോടതി

Published on 06 August, 2022
 വിചാരണ തടവുകാരുടെ  മോചനത്തിന്   ഉടന്‍ മാര്‍ഗരേഖ തയ്യാറാക്കണമെന്ന്   സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളിലെയും വിചാരണ കോടതികളിലെയും തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള ഏറ്റവും വിശിഷ്ടമായ മാര്‍ഗ്ഗമെന്ന് സുപ്രീം കോടതി.

ദീര്‍ഘകാലമായി ജയിലുകളില്‍ കഴിയുന്ന വിചാരണ തടവുകാരെയും, ചെറിയ കുറ്റങ്ങള്‍ക്ക് തടവ് ശിക്ഷ അനുഭവിക്കുന്നരെയും മോചിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ ഉടന്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

പത്ത് വര്‍ഷത്തിലധികം വിചാരണ തടവുകാരായി ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കുന്നതാണ് ഉചിതമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇത്തരം വിചാരണ തടവുകാര്‍ നിരപരാധികളാണെന്ന് പിന്നീട് കണ്ടെത്തിയാല്‍ അവര്‍ക്ക് ജീവിതം തിരിച്ച്‌ കിട്ടില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം എം സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വിചാരണ തടവുകാരെയും ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവരെയും മോചിപ്പിക്കുന്നതിനുള്ള നയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ജയിലുകളില്‍ നല്ല സ്വഭാവം പ്രകടിപ്പിക്കുന്നവരെ ഉള്‍പ്പടെ മോചിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ചെറിയ കുറ്റങ്ങള്‍ക്ക് ആദ്യ ശിക്ഷ ലഭിച്ച തടവുകാരെ നല്ല സ്വഭാവം പ്രകടിപ്പിക്കണമെന്ന ബോണ്ടിന്റെ അടിസ്ഥാനത്തില്‍ മോചിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക