Image

റിയാസിന് ടോള്‍പിരിവ് തല്‍ക്കാലം നിര്‍ത്താമോ ? നാട്ടിലെ ഇന്നത്തെ വഹ :(കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 06 August, 2022
 റിയാസിന് ടോള്‍പിരിവ് തല്‍ക്കാലം നിര്‍ത്താമോ ? നാട്ടിലെ ഇന്നത്തെ വഹ :(കെ.എ ഫ്രാന്‍സിസ്)

അപ്പം തിന്നാല്‍ പോരെ , കുഴിയെണ്ണണോ ? റിയാസ് മന്ത്രി നമ്മോട് അങ്ങനെയൊന്നും ചോദിക്കാറില്ല . കുഴിയെണ്ണാന്‍ വരുന്നോയെന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ കൂടെ വന്നെന്ന് വരും . നിയമം പഠിച്ചത് കൊണ്ട് നിയമസഭയില്‍ ആയാലും മാധ്യമ സമ്മേളനങ്ങളില്‍ ആയാലും വാക്ചാതുരിക്ക് ഒരു കുറവുമില്ല . ദേശീയ പാതയിലെ കുഴിയില്‍ വീണു ഇരുചക്രവാഹന യാത്രക്കാരനായ ഹോട്ടലുടമ കൂടി മരിച്ചതോടെ , റോഡരികിലെ കുഴിയില്‍ വീണു മരിച്ചവരുടെ എണ്ണം രണ്ടായി . കേവലം ഒരു സംസ്ഥാന മന്ത്രിയായ തനിക്ക് എന്ത് ചെയ്യാനാവുമെന്ന് ചോദിച്ചു രണ്ടു കൈയ്യും അദ്ദേഹം മലര്‍ത്തുന്നു . എന്നാലേ , മന്ത്രിക്ക് ഒരു സവിശേഷ അധികാരം ഉള്ളത് മറന്നോ ? റോഡ് നന്നാക്കി കുഴികളെല്ലാം അടക്കുന്നത് വരെയുള്ള ടോള്‍പിരിവ് നിര്‍ത്തിവച്ചു കൊണ്ട്  അങ്ങേക്ക് ഒരു ഉത്തരവ് ഇറക്കാലോ ? അതെന്താ ചെയ്യാത്തത് സാറേ ... റോഡ് ഇങ്ങനെയെങ്കില്‍ ടോള്‍ എന്തിന് ? അപ്പോള്‍ ചൂട്ടുപിടിച്ചോളും എല്ലാവരും എത്തും ! 

ചൂടനാണെന്ന് നാമൊക്കെ പറഞ്ഞാലും സുധാകരന്‍ ഈ വകുപ്പ് കൈകാര്യം ചെയ്ത സമയത്ത് നാട്ടുകാരുടെ മനസ്സറിഞ്ഞു നടപടികള്‍ എടുക്കാറുള്ളത് നമുക്കൊക്കെ ഓര്‍മയുണ്ട് . റിയാസ് കുഴി ആരുടേതായാലും അത് വഴി പോകുന്ന പാവം യാത്രക്കാര്‍ മരിക്കുന്നത് വേദനാജനകമാണ് എന്ന പറഞ്ഞുള്ള സ്ഥിരം ചരമപ്രസംഗമല്ല ഇവിടെ വേണ്ടത് . പ്രതിഷേധിച്ചുള്ള കത്തിടപാടുകളോ ഷര്‍ട്ടില്‍ കറുത്ത തുണി പിന്‍ ചെയ്തു വെക്കലോ ഒന്നും ഇതിന് പരിഹാരമല്ല . സംസ്ഥാനത്തിലൂടെ പോകുന്ന  റോഡുകള്‍ കുണ്ടും കുഴിയും ആണെങ്കില്‍ അത് നന്നാക്കുന്നത് വരെ ടോള്‍ പിരിവ് നിര്‍ത്തി വെക്കാനുള്ള വജ്രായുധം കൈയ്യില്‍ ഉള്ളപ്പോള്‍ , മന്ത്രിമാരില്‍ അര്‍ജ്ജുനനായ താങ്കള്‍ എന്തേ അത് പ്രയോഗിക്കാത്തത് ? 

അങ്കമാലിയിലെ ടെല്‍ക് കവലയിലെ ഹോട്ടല്‍ ബദരിയ്യ ഉടമ ഹാഷിം കടയടച്ചു സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അങ്കമാലി നാഷണല്‍ ഹൈവേയിലെ കുഴിയില്‍ വീണു തെറിച്ചത് . തത്സമയം അത് വഴി വന്ന വാഹനത്തിന്റെ ടയറുകള്‍ കയറി ചതഞ്ഞു മരിച്ചു . രാത്രി പത്തു മണിയായത് കൊണ്ട് ആദ്യം ആരും ശ്രദ്ധിച്ചില്ല . ശ്രദ്ധിക്കുന്നില്ലെന്ന് ബോധ്യമുള്ളത് കൊണ്ട് ആ വാഹനം നിര്‍ത്താതെ ഓടിച്ചു പോകുകയും ചെയ്തു . ഒരല്‍പം ജീവനുണ്ടെങ്കില്‍ രക്ഷപ്പെടാനുള്ള അവസരം ആ ഹതഭാഗ്യന് കിട്ടിയതുമില്ല . നെടുമ്പാശ്ശേരിയിലെ പോലീസുകാര്‍ ആ കുഴി പിന്നീട് അടക്കുകയും ചെയ്തു . 

ചാവക്കാടിന് അടുത്തും ദേശീയ പാതയിലെ കുഴിയില്‍ വീണ് യുവാവ് മരിച്ചപ്പോഴും റിയാസിന്റെ വക ചരമപ്രസംഗം ഉണ്ടായിരുന്നല്ലോ അന്നും  മരണം സങ്കടകരമാണെന്ന ആപത്വാക്യം അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിച്ചിരുന്നല്ലോ. ഇതൊക്കെയാണെങ്കിലും പൊതു മരാമത്തിന്റെ റോഡ് പണിതത് ഏത് കോണ്‍ട്രാക്ടര്‍ ആണെന്നും എഞ്ചിനീയര്‍ ആരായിരുന്നെന്നും ഫോണ്‍ നമ്പര്‍ സഹിതം ബോര്‍ഡ് വച്ചത് , റിയാസേ ഗംഭീരമായി അത്തരം 3000 ബോര്‍ഡുകള്‍ നാട്ടിലുണ്ട് റോഡിനെന്തെങ്കിലും പ്രശ്‌നം വന്നാല്‍ സഖാക്കള്‍ എങ്കിലും അവരെ വിളിച്ചു ശല്യം ചെയ്യുമല്ലോ . കേന്ദ്ര റോഡുകള്‍ക്കും ഇതാകാം . റിയാസിന്റെ ഈ മാതൃക കേരളത്തിന്റെ എല്ലാ പൊതുനിര്‍മാണത്തിനും പരീക്ഷിക്കാം . 

വാല്‍ക്കഷ്ണം : മുഖ്യമന്ത്രിക്ക് എതിരെ കരിങ്കൊടി കാണിക്കുമെന്ന ആശങ്കയില്‍ ആശാന്‍ ആഘോഷ സമിതിയുടെ ചടങ്ങിന് വേണ്ടി ഓടി നടന്നു പ്രവര്‍ത്തിച്ച സമിതി വൈസ് ചെയര്‍മാനെ അറസ്റ്റ് ചെയ്തു പോലും ഒരു കാരണവും പറയാതെ പോലീസ് ഇക്കഴിഞ്ഞ മാസം 25 കോണ്‍ഗ്രസ് പ്രവര്‍ത്തകരെ . നിയമം വഴി ചോദ്യം വരെ ചെയ്യാവുന്ന കാര്യം പക്ഷെ വലിയ വായില്‍ എല്ലാറ്റിനും പ്രതികരിക്കുന്ന സതീശനോ സുധാകരനോ വാ തുറക്കുന്നില്ല. അവര്‍ വാ തുറക്കണമെങ്കില്‍ 'പശുവിനും കിടാവി'നെയും ആരെങ്കിലും തൊടണം . പണ്ടും ഇന്നും അത് ഒരുപോലെയല്ലോ ? ഖദറുകാരെ .. ചിഹ്നം മാറിയാലും അവരുടെ ശീലം മാറുമോ ? 

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക