Image

എഴുത്തിന്‍റെ വഴിയില്‍ (അഭിമുഖം – വി എസ് അജിത്ത്: തയാറാക്കിയത്: ശ്രീദീപ്)

Published on 08 August, 2022
എഴുത്തിന്‍റെ വഴിയില്‍ (അഭിമുഖം – വി എസ് അജിത്ത്: തയാറാക്കിയത്: ശ്രീദീപ്)

എഴുത്തിന്‍റെ വഴിയില്‍ തന്‍റേതായ ഒരു വഴി തുറന്നിട്ട ഒരു എഴുത്തുകാരനാണ് അജിത്ത്. ആക്ഷേപഹാസ്യം എന്ന കഥാരൂപം ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു സങ്കേതം എന്ന നിലയ്ക്ക് ശ്രമകരമായ ഒരു എഴുത്തുരീതിയാണ്. പക്ഷേ അജിത്തിന്‍റെ കഥകളില്‍ ഉടനീളം വളരെ അനായാസമായി ഇത് കൈകാര്യം ചെയ്യുന്നതായി കാണാന്‍ കഴിയും. ഭാവനയുടെ ഉടുപ്പണിഞ്ഞു ഹാസ്യത്തിന്‍റെ മാത്രമല്ല ഒരു വലിയ ആശയത്തിന്‍റെ ലോകത്തേക്ക് നമ്മളെ നയിക്കുമ്പോള്‍ കഥകള്‍ വായിച്ചു കഴിഞ്ഞും അതിലെ സംഭവങ്ങള്‍ നമ്മുടെ ഉള്ളില്‍ നിന്നു ഒഴിയുന്നില്ല. ഒരു കഥാകാരനെ സംബന്ധിച്ച് അതൊരു വലിയ വിജയമാണ്. ‘എലിക്കെണി’ എന്ന കഥാസമാഹാരം വര്‍ത്തമാനകാലത്ത് തീര്‍ച്ചയായും വായിക്കപ്പെടേണ്ട ഒരു കൃതിയാണ്. അജിത്തുമായുള്ള ഈ സംഭാഷണത്തില്‍ അദ്ദേഹം തന്‍റെ എഴുത്തിനെക്കുറിച്ചും ഉപഹാസം എന്ന സാഹിത്യരൂപത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുന്നു.

1.    'എലിക്കെണി' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചതിന്‍റെ നിറവിൽ നിൽക്കുന്ന താങ്കൾക്ക് ആശംസകൾ. എഴുത്തിലേക്ക് കടന്നുവന്ന വഴി അല്ലെങ്കിൽ വഴികളെക്കുറിച്ച് പറയാമോ?

എഴുത്തിലേക്ക് വന്ന വഴി കൃത്യമായി അറിയില്ല. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ കവിതയും കഥയും എഴുതാൻ തുടങ്ങിയതായി ഓർമ്മയുണ്ട്. മകൻ 'എല്ലാരേം കൊണ്ടും നല്ലതു പറയിക്കണമെന്നും', വലിയ പഠിപ്പിസ്റ്റായി നാട്ടുകാരെ അസൂയപ്പെടുത്തണമെന്നും, ഓടുക, ചാടുക, കളിക്കുക തുടങ്ങിയ സാഹസങ്ങളിൽ ഏർപ്പെടരുതെന്നും പിടിവാശിയുണ്ടായിരുന്ന അമ്മ submissive ആക്കി വളർത്തിയതുകൊണ്ടും introvert ആയി വളർന്നതുകൊണ്ടും penance ഉം austerity യും പ്രാക്റ്റീസ് ചെയ്ത് ആശയടക്കി ജീവിച്ചതുകൊണ്ടും വികാരത്തള്ളിച്ചകളെ തുറന്നു വിടാനുള്ള safety valve ആയി എഴുത്തിനെ പ്രയോജനപ്പെടുത്തിയതാവാനാണിട!

2.    താങ്കളെ സ്വാധീനിച്ച എഴുത്തുകാർ ആരൊക്കെ? വായനകൾ ഏതൊക്കെ?

കോർപ്പറേറ്റ് ജോലിയുടെ ഭാഗമായി അഞ്ഞൂറിൽപ്പരം കാൻഡിഡേറ്റ്സിനെ എനിക്ക് ഇന്‍റര്‍വ്യൂ ചെയ്യേണ്ടി വന്നിട്ടുണ്ട്. അവരിൽ 90% പേരും ഹോബി വായന എന്നെഴുതിയിരുന്നു. പക്ഷേ ബഹുഭൂരിപക്ഷം പേരും വായനയില്ലാത്തവരായിരുന്നു. ഇഷ്ടപ്പെട്ട എഴുത്തുകാരന്‍റെ പേര് ചോദിച്ചാൽ മുക്കിയും ഞരങ്ങിയും തകഴി എന്നൊക്കെ പറയും. മാർകേസ്, പൗലോ കൊയ്ലോ എന്നൊക്കെ പറഞ്ഞ വിരുതന്മാരുമുണ്ട്. ഇതൊരു ക്ലീഷേ ചോദ്യമാണ്. ദോസ്തോവ്സ്ക്കി, റെയ്മണ്ട് കാർവർ, മുറാകാമി എന്നൊക്കെ കള്ളം പറഞ്ഞ് ഇവൻ ആള് പുലിയാണല്ലോ എന്ന പ്രതീതിയും കുറ്റബോധവും വായനക്കാരിൽ ജനിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. ഹെർമ്മൻ ഹെസ്സെയുടെ ‘സിദ്ധാർത്ഥ’യിൽ പറയുമ്പോലെ പുല്ലിൽ നിന്നും പുഴയിൽ നിന്നുമൊക്കെ പാഠം പഠിക്കുന്നവനാണ് ഞാൻ. ഞാൻ പരിചയപ്പെട്ടിട്ടുള്ള ഓട്ടോക്കാരനേക്കാൾ, ലൈംഗിക തൊഴിലാളിയേക്കാൾ മേന്മയിൽ ഏതെങ്കിലും എഴുത്തുകാരൻ സ്വാധീനിച്ചിട്ടില്ല എന്നു പറഞ്ഞാൽ അത് അഹങ്കാരമായി ഗണിക്കില്ലെന്നു കരുതുന്നു. അറിവില്ലായ്മയായി ധരിക്കുകയും ആവാം!

3.    ജീവിതത്തെക്കുറിച്ചുളള വീക്ഷണം എന്തൊക്കെയാണ്?

ഇതൊരു വലിയ ഫ്രെയിമിലുള്ള ചോദ്യമാണ്. ഉത്തരം ഏത് ആങ്കിളിൽ നിന്നു തുടങ്ങണം എന്ന സന്ദിഗ്ധതയുണ്ട്! മഹത്തായ കർമ്മങ്ങൾ അനുഷ്ഠിച്ചതിന്‍റെ റിവാർഡ് എന്ന നിലയ്ക്ക് സ്വർഗ്ഗത്തിൽ പോയി കള്ളുകുടിക്കാനും പെണ്ണുപിടിക്കാനുമുള്ള പാലമാണ് ഈ ജീവിതം എന്ന മിഥ്യാബോധം എനിക്കില്ല. ഉണ്ണാതെയും ഉറങ്ങാതെയും നരകിച്ച് വിശുദ്ധനായി ഇനിയൊരു മനുഷ്യജന്മത്തിന്‍റെ സാധ്യത ഒഴിവാക്കി ദൈവത്തിന്‍റെ പാദത്തിലോ മറ്റോ ലയിക്കേണ്ട എൻട്രൻസ് ടെസ്റ്റിനുള്ള കോച്ചിംഗ് ആണ് ജീവിതം എന്നും കരുതുന്നില്ല.
അവനവനാത്മസുഖത്തിനാചരിക്കുന്ന പ്രവർത്തികൾക്കു നേരെ മതാത്മക സമൂഹം പാരയുമായി വരും എന്നറിയുന്നതു കൊണ്ട് ഇഷ്ടമുള്ള കാര്യങ്ങൾ ഗോപ്യമായി നിർവഹിക്കാൻ സാധിക്കുമാറ് അഭ്യസിക്കേണ്ട കാമഫ്ളാഷ് (Camouflage) എന്ന കലയാണ് ജീവിതമെന്നതത്രേ എന്‍റെ വീക്ഷണം. വിശുദ്ധനായിരിക്കുക എന്നത് ഹോമോസാപ്പിയൻസ് സാപ്പിയന്‍സിന്‍റെ DNA യിലുള്ള സഹജവാസനയല്ല എന്നുകൂടി പറഞ്ഞുകൊള്ളട്ടേ!

4.    'ദമനം' എന്ന കവിതാസമാഹാരമാണല്ലോ ആദ്യത്തെ കൃതി. കവിതകളിൽ നിന്ന് കഥകളിലേക്കുളള സംക്രമണം എങ്ങനെ കാണുന്നു? താങ്കളുടെ വ്യക്തിപരമായ അനുഭവത്തിൽ, ആഖ്യാനത്തെ കൂടുതൽ സഹായിക്കുന്നത് കഥയോ കവിതയോ?

ഒന്നാമത്തെ ചോദ്യത്തിനുത്തരമായി പറഞ്ഞതു പോലെ നിർബന്ധിത  ഇന്ദ്രിയനിഗ്രഹത്തിന്‍റെ നാളുകളിൽ എഴുതപ്പെട്ട കവിതകളാണ് ദമനത്തിലുള്ളത്. Repression എന്നർത്ഥം വരുന്ന ദമനം എന്ന വാക്കുപയോഗിച്ചതും അതുകൊണ്ടാണ്. വളരെ കുറച്ചു വാക്യങ്ങളിൽ നിഗൂഢമായി ആത്മഭാഷണം ചെയ്യുന്നതാണല്ലോ കവിത.
കഥയ്ക്ക് കുറച്ചു കൂടി articulate ആവാനുള്ള scope ഉണ്ട്. Occupationally acquired എന്നു പറയാവുന്ന paradigm shift എന്‍റെ പ്രകൃതത്തിൽ ഉണ്ടായതാവാം കഥയിലേക്ക് തിരിയാൻ കാരണം. രണ്ടു ജനുസ്സുകൾക്കും (genre) തനതായ പ്രയോഗസാധ്യതകളുണ്ട്. തല്‍ക്കാലം കഥയിൽ ഫോക്കസ് ചെയ്യാമെന്നാണ് ഞാൻ കരുതുന്നത്. മാറുന്ന കവിതയുടെ dynamism ത്തിലേക്ക് ഓടിയെത്താനാവാതെ obsolete ആയിപ്പോവുമോ എന്ന ആശങ്കയുണ്ടായിരുന്നത് മറച്ചുവയ്ക്കുന്നുമില്ല.

5.    ഉപഹാസസാഹിത്യത്തിലെ ശ്രേഷ്ഠരായ ഇ വി കൃഷ്ണപിളള, സഞ്ജയൻ, വി കെ എൻ തുടങ്ങിയവരുടെ എഴുത്തുകളും ചിന്തകളുമൊക്കെ ഈയൊരു കഥാരൂപത്തിലേക്ക് തിരിയാൻ പ്രേരണയായിട്ടുണ്ടോ?

സാഹിത്യം ഐച്ഛികമായി പഠിക്കാനോ തൊഴിലെന്ന നിലയ്ക്ക് പ്രാക്റ്റീസ് ചെയ്യാനോ ഇടയാവാതിരുന്നതുകൊണ്ടാവാം പൂർവ്വമാതൃകകളുടെ ജ്ഞാനഭാരം എനിക്കൊരു ബാധ്യതയാവാതിരുന്നതെന്ന് തോന്നുന്നു. എന്നാൽ സഞ്ജയന്‍റെയും കുഞ്ചൻ നമ്പ്യാരുടെയും വികെഎന്നിന്‍റെയും മറ്റും സഞ്ചിത സ്രോതസ്സിൽ നിന്നും ആർജ്ജിതമായ ഭാവുകത്വം സ്ഥാനികോർജ്ജമായി വർത്തിച്ചിരിക്കാനുള്ള സാധ്യത തളളിക്കളയാനാവില്ല. 3.7 ബില്യൻ വർഷങ്ങൾക്കു മുമ്പ് ഉരുവായ ഏകകോശ ജീവിയുടെ DNAയുടെ തുടർച്ചയാണല്ലോ നമ്മൾ! ഡബിൾ ഹെലിക്സ് ലാഡറിൽ കോറിയിടപ്പെട്ട ഓരോ ഓർമ്മകളും നിർണ്ണായകം തന്നെയാണ്.

6.    താങ്കളുടെ കഥകളിൽ ഭാഷയെ അതിന്‍റെ വിശാലമായ ഒരു മേച്ചിൽപ്പുറത്ത് വിട്ടിരിക്കുന്നതായി കാണാം. ശൈലികളിലെ പുതുമകൾ പ്രത്യേകിച്ചും. വ്യവസ്ഥിതിയെ ആക്രമിക്കാൻ ഉപയോഗിക്കുന്ന കഥാരൂപത്തിന് പറ്റിയ സംവേദനതന്ത്രം രൂപപ്പെടുത്തുമ്പോൾ മലയാളഭാഷയ്ക്ക് എന്തെങ്കിലും പരിമിതികൾ ഉളളതായി അനുഭവപ്പെട്ടിട്ടുണ്ടോ?

ഭാഷയെ ഇടുങ്ങിയ തൊഴുത്തിൽ കെട്ടാതെ വിശാലമായ ഭൂമികയിലേക്ക് മേയാൻ വിട്ടു എന്ന പ്രയോഗം ഇഷ്ടമായി. മലയാള ഭാഷയ്ക്ക് പരിമിതിയുണ്ടോ എന്ന ചോദ്യം കൂടിയാവുമ്പോൾ ഇംഗ്ലീഷും ശാസ്ത്രസാങ്കേതിക പദങ്ങളും ധാരാളമായി കഥയിൽ കൊണ്ടുവരുന്നതിലേക്കാണ് ഊന്നൽ എന്നു കരുതുന്നു. 'വീട്ടിൽ സ്വർണ്ണം വച്ചിട്ടെന്തിന്...' എന്ന പരസ്യവാചകം ഓർമ്മ വന്നു എന്ന് ആനുഷംഗികമായി പറഞ്ഞു കൊള്ളട്ടെ!
ഏകശിലാത്മകമായ വ്രതശുദ്ധിയേക്കാൾ കലര്‍പ്പിന്‍റെ പോളിഗാമിയിലാണ് ഞാൻ വിശ്വസിക്കുന്നത്. അതാണ് കണ്ടുവരുന്നതും. ഓട്ടോക്കാരൻ മുതൽ ഓട്ടോക്രാറ്റ് വരെയുള്ള എല്ലാവരും നിത്യജീവിത വ്യവഹാരത്തിൽ കലർപ്പുള്ള ഭാഷയാണ് ഉപയോഗിക്കുന്നത്. എക്സ്-റേ, സി റ്റി സ്കാന്‍, ജീബി, പിക്സെല്‍, വോൾട്ടേജ്, കാർബറേറ്റർ, റഫ്രിജറേറ്റർ തുടങ്ങിയ വാക്കുകൾ ഉപയോഗിക്കാതെയുള്ള വിനിമയം അസാധ്യമായി തീർന്നിരിക്കുന്നു. സാഹിത്യത്തിൽ നിന്ന് മാത്രമായി ഇവയൊക്കെ ഒഴിവാക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഇക്കാലത്ത് ജീവിക്കാൻ 'ഇത് ചെയ്യാതെ' പറ്റില്ല എന്നിടത്ത് കാമഫ്ളാഷ് (Camouflage) എന്നും അവൾ ഒരു മാതിരി 'മറ്റതാണ്' എന്നതു മാറ്റി നാർസിസിസ്റ്റാണ് എന്നും പ്രയോഗിക്കാനുമാണ് എനിക്കിഷ്ടം ! ബഹുസ്വരതയെ ആശ്ലേഷിക്കുന്നത് ഇക്കാലത്ത് ഒരു രാഷ്ടീയ പ്രവർത്തനം കൂടിയാണല്ലോ!

7.    'എലിക്കെണി' യിൽ പലയിടത്തും കൊറോണക്കാലമലയാളിയുണ്ട്. ഇത്രയും വലിയൊരു മഹാമാരിയ്ക്കും മലയാളിയുടെ സ്വത്വം, അതിന്‍റെ ദൂഷ്യവശങ്ങളുൾപ്പടെ, തകർക്കാൻ പറ്റില്ലെന്നൊരു സന്ദേശം കഥകളിലുണ്ടെന്ന് പറഞ്ഞാൽ അത് ശരിയായ വ്യാഖ്യാനമാണോ?

ശരിയായ വ്യാഖ്യാനം തന്നെയാണ്. ഓർക്കാപ്പുറത്തുണ്ടായ അടച്ചുപൂട്ടലിനെ തുടർന്ന് മറ്റെല്ലാ മേഖലകളിലുള്ളവരും സാമ്പത്തികമായി ദുരിതം അനുഭവിച്ചപ്പോൾ സർക്കാർ ജീവനക്കാരുടെ ശമ്പളം മാത്രം മുഴുവനായും മുടങ്ങാതെയും ലഭിച്ചിരുന്നത് ഓർക്കുമല്ലോ! പബ്ലിക് എക്സ്ചെക്കറിൽ നിന്നും കിട്ടുന്ന ഈ ഭീമമായ തുകയിൽ നിന്നും പത്തു ശതമാനം ദുരിതമനുഭവിക്കുന്നവർക്കായി മാറ്റി വയ്ക്കാമോ എന്ന നിർദേശത്തെ എത്ര നീചമായാണ് കൈകാര്യം ചെയ്തതെന്ന് നാം കണ്ടുവല്ലോ! വോട്ടുബാങ്ക് രാഷ്ടീയത്തെ ഭയപ്പെടുന്ന ഭരണാധികാരികൾ സമ്മർദ്ദത്തിന് വഴങ്ങുകയും ചെയ്തു. ചെറുകിട കച്ചവടക്കാർക്കും മറ്റും ബ്ലേഡ് പലിശയ്ക്ക് പണം കടം കൊടുത്തിരുന്ന കള്ളപ്പണക്കാർ ലോക്ക്ഡൗൺ സമയത്ത് കാശ് തിരിച്ചുപിടിക്കാൻ കൊണ്ടു പിടിച്ച് ശ്രമങ്ങൾ നടത്തിയത് നേരിട്ടറിയാം! 'ഞാൻ ജീവിക്കും ലവൻചാവും' എന്ന മനോഭാവമായിരുന്നു അവർക്ക്. മരണഭീതിയുടെ നിഴലിലും പ്രമാണിയല്ലാത്തവന്‍റെ പ്രണയാഭ്യർത്ഥന നിരസിക്കാൻ സ്ത്രീകൾ മടി കാണിച്ചിരുന്നുമില്ല! (നീണ്ടു നിവർന്നു കിടക്കുന്ന അനന്തമായ ഭാവിയെയോർത്താണ് ഗതി പിടിക്കാത്തവനേ നിന്‍റെ പ്രണയം നിരസിക്കേണ്ടി വരുന്നത് എന്നാണ് ഇവർ സാധാരണ പറഞ്ഞിരുന്നത്!)
കാൻസർ പോലുള്ള രോഗങ്ങൾ വന്നിട്ടും 'നന്നാവാത്ത' നിരവധി പേരെ ചുറ്റുമൊന്നു കണ്ണോടിച്ചാൽ കണ്ടെത്താനാവും.
മലയാളി മാത്രമല്ല, മനുഷ്യ സമൂഹമേ ഇങ്ങനെയൊക്കെയാണ്. മഹാമാരിക്കാലത്ത് മാസ്കിട്ട് യുദ്ധം ചെയ്ത ചരിത്രമാണ് നമുക്കുള്ളത്. 'മഹാമാരി ഒരു വരദാനം', 'മനുഷ്യനെ നല്ലവനാക്കാൻ ദൈവം കൊറോണയെ രംഗത്തിറക്കി' എന്നീ മട്ടിലുള്ള അർബൻ ബുദ്ധിജീവികളുടെയും പുരോഹിതന്മാരുടെയും വാചാടോപങ്ങൾ വെറും 'തള്ള് ' മാത്രമാണ്!

8.    കഥാസമാഹാരത്തിലെ ശീർഷകങ്ങൾ അതിന്‍റെ വ്യത്യസ്തത കൊണ്ട് വളരെ നന്നായി തോന്നി. എങ്ങനെയാണ് ശ്രദ്ധ പിടിച്ചുപറ്റുന്ന ശീർഷകങ്ങളിലേക്ക് എത്തുന്നത്?

വായനക്കാരനെ കഥയിലേക്ക് ആകർഷിക്കാനും ഒരു പാരഗ്രാഫ് വായിപ്പിക്കുന്നതിൽ വിജയിച്ചാൽ അവസാനം വരെ എത്തിക്കാനും എഴുത്തുകാരൻ മുൻകൈയെടുക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്. തലക്കെട്ട് താഴെപ്പറയുന്ന ഏതെങ്കിലും സവിശേഷതയുള്ളതായോ/ധർമ്മം അനുഷ്ഠിക്കുന്നതായോ ആയാൽ നന്നാവും:
1. വ്യത്യസ്തത (ണറോക്കോ പിച്ചിക്കോവ്); 2. ആകാംക്ഷ (ഡെയ്സി ദി സ്നേക്ക്ഹെഡ് മ്യൂറൽ); 3. രാഷ്ടീയം (മോടിയുള്ള മദ്യക്കുപ്പി); 4. കഥാസാരം (സ്ഥാലീപുലാകന്യായം); 5. എക്ട്രാപൊളേഷൻ (എലിക്കെണി); 6. പുതുമ (ആഞ്ജനേയ മുറുക്കുകട); 7. നവീനത (ആൽഫാ സെഞ്ചുറി)
'മൗനനൊമ്പരം', 'മൺചെരാത്' എന്നൊക്കെ ഇട്ടാൽ അവ കഥയുടെ സാരാംശം ധ്വനിപ്പിക്കുന്നതാണെങ്കിൽ കൂടി ക്ലീഷേയും പഴഞ്ചനും (obsolete) ആയിപ്പോവും.
തലക്കെട്ട് തീരുമാനിക്കുന്നത് ബോധപൂർവ്വം തന്നെയാണ്. വിചിത്രവും അപൂർവ്വവുമായ പേരുകൾ ഇടാറുണ്ടെങ്കിലും അവ കഥയുമായി ബ്ലെൻഡ് ആവുന്നില്ല എന്ന ആക്ഷേപം ആരും ഉന്നയിച്ചിട്ടില്ല.

9.    താങ്കളുടെ കുറെയധികം കഥകളിൽ സംഭാഷണം കഥാഗതിയിൽ നിർണ്ണായകമായ ഘടകമാണ്. എപ്പോഴെങ്കിലും മുൻനിശ്ചയിച്ച കഥാന്ത്യം സംഭാഷണങ്ങൾ എഴുതുമ്പോൾ മാറ്റണമെന്ന തോന്നൽ ഉളവാക്കാറുണ്ടോ?

സംഭാഷണം കഥാന്ത്യത്തെ മാറ്റിമറിക്കുകയുണ്ടായിട്ടുണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഇപ്പോൾ ആലോചിക്കുമ്പോൾ എലിക്കെണി എന്ന ശീർഷക കഥയിൽ അങ്ങനെ സംഭവിക്കാൻ ഇടയുണ്ടാവാം! എന്നാൽ എല്ലായ്പ്പോഴും കഥാന്ത്യം ഉറപ്പിച്ച ശേഷമല്ല എഴുതാറ്. എഴുതാനിരിക്കുന്നത് വിചിത്രമായ ഏതെങ്കിലും ചോദനയുടെ ഫലമായിട്ടാവാം. ഉദാഹരണത്തിന് 'സ്നുഷ' എന്ന സംസ്കൃത വാക്കിന്‍റെ അർത്ഥം 'മരുമകൾ' എന്നാണെന്ന് അറിഞ്ഞപ്പോൾ 'സ്നുഷയുടെ സ്നാനം കണ്ട് ബോധിച്ച മൂച്ചിൽ ഉഷ (അമ്മായിയുടെ പേര്) യെ പ്രാപിക്കണം' എന്ന ദുരുദ്ദേശത്തോടെ തെങ്ങിൽ കയറിയിരുന്ന കൊച്ചാപ്പിയെക്കുറിച്ചെഴുതാൻ കൗതുകം തോന്നി. എഴുതിക്കഴിഞ്ഞപ്പോൾ അത് 'മറിയ മുക്കോത്തിയുടെ മൂത്രം' എന്ന പൊളിറ്റിക്കൽ കഥയായി മാറി. (മരുമകളുടെ വൈരുദ്ധ്യാത്മക ദ്വന്ദ്വ (Binary opposite) മാണല്ലോ അമ്മായിയമ്മ! 
ഇതു പറയുമ്പോൾ കഥ സ്വർഗ്ഗത്തിൽ നിന്നും നേരിട്ട് പിടിച്ചെടുക്കുന്ന ഋഷിയാണ് കഥാകൃത്ത് എന്ന് തെറ്റിദ്ധരിക്കില്ലെന്ന് കരുതുന്നു.

10.     ശാസ്ത്രത്തിലുളള അവഗാഹം പല കഥകളിലുമുളള ചില പ്രയോഗങ്ങളിലൂടെ വായിച്ചെടുക്കാം. ഇത് ആസ്വാദനക്ഷമത വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന സങ്കേതമാണോ അതോ കഥയെ പരുവപ്പെടുത്തുമ്പോൾ ആഖ്യാനത്തിൽ അറിയാതെ കടന്നുകൂടുന്നതാണോ?

എഴുത്തുകാരന് ഇതര വിജ്ഞാനശാഖകളിൽ സാമാന്യജ്ഞാനം ഉണ്ടായിരുന്നാൽ നന്നാവുമെന്നും ശാസ്ത്രവും ഗണിതവുമൊക്കെ ഫിക്ഷനിൽ കടന്നു വരുന്നത് നല്ലതായിരിക്കും എന്നും വൈശാഖൻ മാഷ് പറഞ്ഞത് ഓർക്കുന്നു.
Inquisitiveness സാധാരണക്കാരന്‍റെ സഹജ വാസനയാണ്. റോഡിലേക്ക് ചരിഞ്ഞു നിൽക്കുന്ന മുരിങ്ങയും മാവും ധാരാളമായി കായ്ക്കുന്നത് വാഹനങ്ങൾ പുറത്തു വിടുന്ന കാർബൺ ഡൈ ഓക്സൈഡ് യഥേഷ്ടം കിട്ടുന്നതു കൊണ്ടാണോ എന്ന് ഒരു ഓട്ടോക്കാരൻ ചോദിച്ചത് ഓർക്കുന്നു. എന്നാൽ പറമ്പിന്‍റെ ഉൾഭാഗത്ത് കാണാമറയത്തു നിൽക്കുന്ന വരിക്കപ്ലാവ് കഴിഞ്ഞ വർഷം നന്നായി കായ്ച്ചിട്ട് ഈ വർഷം ഒരു ഫലവും തരാത്തത് അസൂയക്കാരിയായ തങ്കിയമ്മായി കൊണ്ടുപോയി തിന്നിട്ട് കണ്ണുവിട്ടതിന്‍റെ ഫലമായുണ്ടായ ദൃഷ്ടിദോഷം കൊണ്ടാണെന്ന് പറഞ്ഞ പ്രൊഫസറെയും അറിയാം!
Scientific temper വളർത്തുന്നതിൽ കഥാകാരന്മാർ ശ്രദ്ധിക്കുന്നത് നന്നാവും എന്ന അഭിപ്രായമാണുള്ളത്. എന്നാൽ propaganda എന്ന നിലയ്ക്കല്ല, communication tool ആയാണ് ഞാൻ ശാസ്ത്ര സംജ്ഞകൾ ഉപയോഗിക്കാറ്. തൊഴിൽ പരമായി ശാസ്ത്രജ്ഞനോ എഞ്ചിനീയറോ ഡോക്ടറോ അല്ലാത്തതു കൊണ്ട് 'ജ്ഞാനഭാരം' മുഴുവൻ നാട്ടുകാരുടെ തലയിലേക്ക് കമിഴ്ത്തുന്നു എന്ന ആരോപണം ഉണ്ടാവാനിടയില്ലെന്ന് കരുതുന്നു! (ഇവനെന്തരൊക്കെയോ അറിയാം എന്ന് നാട്ടുകാരെ കാണിക്കാനുള്ള സൈക്കോളജിക്കൽ മൂവാണിതെന്ന് മേൽ പ്രസ്താവിച്ച പ്രൊഫസർമാർ ആക്ഷേപിക്കാറുള്ളതായി അറിയാം. ഓട്ടോ ഡ്രൈവർമാരുടെ അഭിനന്ദനങ്ങൾ കൊണ്ട് ആയത് ബാലൻസ് ചെയ്യാവുന്നതേയുള്ളൂ!)

11.    നിലവിലെ സാമൂഹികവ്യവസ്ഥിതിയിൽ കണ്ടുവരുന്ന അപചയങ്ങൾ ആക്ഷേപഹാസ്യകഥകളിലൂടെ പുറത്തുവരുമ്പോൾ അത് മറ്റുരീതികളിൽ നിന്ന് ആളുകൾ ശ്രദ്ധിക്കുമെന്നും ആത്മപരിശോധന ചെയ്യുമെന്നും പ്രത്യാശയുണ്ടോ?

ആത്മപരിശോധന നടത്തുമെന്നോ നന്നായിക്കളയുമെന്നോ യാതൊരു തെറ്റിദ്ധാരണയുമില്ല! മാതാ പിതാ ഗുരു ദൈവം! ഈ ചതുർമാരണങ്ങളാണ് ഒരാളുടെ സ്വഭാവം പരുവപ്പെടുത്തിയെടുക്കുന്നത് (ഇവ ചേരുമ്പോൾ സമൂഹം ആയല്ലോ!) വായനയല്ല, വളർത്തുദോഷമാണ് നിർണ്ണായകം! ഞാനുൾപ്പടെയുള്ള ഹോമോസാപ്പിയൻസ് സർവ്വഗുണസമ്പന്മാരാണെന്നും കരുതുന്നില്ല. 
വായന കൊണ്ട് മനുഷ്യൻ വല്ലാതെ പരിവർത്തനപ്പെടും എന്ന് തോന്നുന്നില്ല. ഓർഹൻ പാമുക്കിനേയും ഓഷോയേയും വായിക്കുന്ന ഒരുവൾ ഒന്നും വായിക്കാത്ത തൊഴിലാളി സ്ത്രീയേക്കാൾ കൂടുതൽ 'മോറൽ പോലീസ്' ആയി പെരുമാറുന്നത് കണ്ടിട്ടുണ്ട്.
കോപ്പിയടിച്ച് പരീക്ഷയെഴുതിയും കാണാപ്പാഠം പഠിച്ച് PSC ജയിച്ചും സ്ത്രീധനം വാങ്ങി കല്യാണം കഴിച്ചും കൈക്കൂലി വാങ്ങി മാളിക പണിഞ്ഞും 'വിജയിച്ചു മുന്നേറുന്ന' അയൽവാസിയെക്കാണുമ്പോൾ സ്വപ്നം കണ്ടും മഴ നനഞ്ഞും സ്നേഹിച്ചും നടക്കയാൽ കുതിരപ്പന്തയത്തിൽ തോറ്റവന് ഉണ്ടാകാനിടയുള്ള ആത്മനിന്ദ കുറയ്ക്കാൻ വായന സഹായിച്ചേക്കാനിടയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഒരാൾ സ്വയം ആർജ്ജിച്ചെടുത്ത നന്മകൾ (ഭൂതദയ, അനാക്രാന്തം, നർമ്മബോധം, സൗന്ദര്യബോധം, ചരാചരസ്നേഹം ഇത്യാദി) ശരിയായിരുന്നു എന്നതിന് ഒരു endorsement ആയി വർത്തിക്കാൻ ആക്ഷേപഹാസ്യത്തിന് കഴിഞ്ഞേക്കും എന്ന പ്രത്യാശ എനിക്കുണ്ട്.

12.    ഭാവി എഴുത്തുപദ്ധതികൾ എന്തൊക്കെ? ഒരു ആക്ഷേപഹാസ്യ നോവൽ പ്രതീക്ഷിക്കാമോ?

മൂന്നു കഥാസമാഹാരങ്ങൾ pipeline ൽ ഉണ്ട്. അതിലൊന്ന് (ചിന്താ  പബ്ളിക്കേഷൻസ് പുറത്തിറക്കുന്ന 'ഇണയില്ലാപ്പൊട്ടൻ') ഈ ഇന്‍റര്‍വ്യൂ പ്രസിദ്ധീകരിച്ചു വരും മുമ്പേ തന്നെ പുറത്തിറങ്ങും. 'ഇങ്ങനെയൊക്കെ നടന്നാ മതിയോ ഒരു പ്രണയമൊക്കെ വേണ്ടേ?' എന്ന ചോദ്യത്തിനുത്തരമായി ഒരു സുഹൃത്ത് 'ആശയുണ്ട്, പക്ഷേ ആവതില്ല' എന്നു പറഞ്ഞപോലെ ഒരു നോവൽ എഴുതാൻ ആശയുണ്ട്. ഉടനെ അത് സംഭവിക്കുമോ എന്ന് അറിയില്ല. ജനുസ്സ് (genre) ആക്ഷേപഹാസ്യമായിരിക്കുമോ എന്നും തീർച്ചയില്ല.             
**********

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക