Malabar Gold

ഹരിതം (കൊയ്തൊഴിയാതെ ഓർമ്മകൾ : ജാസ്മിൻ ജോയ് )

Published on 09 August, 2022
ഹരിതം (കൊയ്തൊഴിയാതെ ഓർമ്മകൾ : ജാസ്മിൻ ജോയ് )

കൊയ്ത്തുകാലം വരാനായി അക്ഷമയോടെ കാത്തിരിക്കുന്ന ഒരു ബാലികയുണ്ട് ഇപ്പോഴും മനസ്സിൽ.
അവളുടെയുള്ളിൽ ആരോ ചിത്രമെഴുതിയതു പോലെ പച്ചയണിഞ്ഞ പാടങ്ങൾ, മാനത്തുകണ്ണികൾ തുടിക്കുന്ന തോടുകൾ, തെങ്ങോലകളിൽ ഊഞ്ഞാലാടുന്ന തൂക്കണാം കുരുവികളുടെ കൂടുകൾ ...

ഒരോ കൊയ്ത്തുകാലവും ഞങ്ങൾക്ക് പണിക്കാരും അവരുടെ മക്കളും പച്ചനെല്ലിൻ്റെ സുഗന്ധവും ചേർന്ന ഉൽസവകാലമായിരുന്നു.
വീടും തൊടിയും ശബ്ദമുഖരിതമാകുന്ന കാലം.

തെക്ക്, വടക്ക് പാടങ്ങളിൽ നിന്നും മങ്ങനാടിയിൽ നിന്നും നിരനിരയായി വരുന്ന കറ്റകൾ ഒരു കാഴ്ച തന്നെയായിരുന്നു.
ഉച്ചയാകുമ്പോഴേയ്ക്കും മെഴുകി മിനുക്കിയ കളത്തിൽ  കറ്റകൾ നിറയും. കഥകൾ പറഞ്ഞും സന്തോഷങ്ങളും ദു:ഖങ്ങളും പങ്കുവെച്ചും മുതിർന്ന ആണുങ്ങൾ കറ്റ മെതിക്കും പെണ്ണുങ്ങൾ കുടഞ്ഞ് കെട്ടും.
കറ്റ തല്ലുന്ന ശബ്ദം കേട്ടുകൊണ്ടായിരുന്നു രാത്രി ഉറക്കത്തിലേക്ക് വഴുതുന്നത്. ആ ശബ്ദത്തിലേക്ക് തന്നെയായിരുന്നു ഉണരുന്നതും.

ചിറ്റേനി, ചീര, അധികൻ, ചെമ്പാവ്, ജയ സുന്ദരികളായ നെല്ലിനങ്ങൾ...

ഉഴവ്, ഞവർക്കൽ, വിത, നടീൽ, നിരയിടൽ, മെതി , ചേറ്റൽ, പൊലി, പതമ്പ് എന്നിങ്ങനെ നെൽകൃഷിയുമായി ബന്ധപ്പെട്ട വാക്കുകളുടെ ലോകത്താണ് വളർന്നത്.
ഇപ്പോഴും നെൽപ്പാടങ്ങൾ കാണുമ്പോൾ വിശേഷപ്പെട്ട ആ വാക്കുകളെല്ലാം അരുമയോടെ ഓടി വരും.

കറുകുറ്റിയിൽ രണ്ട് പൂപ്പ് കൃഷിയായിരുന്നെങ്കിൽ, അമ്മ വീടായ തോട്ടകത്ത് പുഞ്ചകൃഷിയുമുണ്ടായിരുന്നു.

നെൽപ്പാടങ്ങളെല്ലാം എനിക്ക് 
സർഗഭൂമികകളായിരുന്നു.  
യക്ഷികൾ അലയുന്ന മങ്ങനാടി , കുട്ടിച്ചാത്തൻമാർ വിഹരിക്കുന്ന കുറ്റിമാക്കെ,
വരാലുകൾ മദിക്കുന്ന തെക്കേച്ചാല് ...

തോട്ടകത്തെ വയലുകളാകട്ടെ മാന്ത്രിക ദേശങ്ങൾ തന്നെയായിരുന്നു.
അവിടെ ജീവിതവും പുരാവൃത്തങ്ങളും കെട്ടുപിണഞ്ഞു കിടന്നു.
കാട്ടുങ്കായിച്ചിറ പൊൻകതിരുകൾ വിളയിക്കുന്ന മൊതപ്പാടത്തെ വിസ്തൃത മൗനം, സപ്തമേഘങ്ങളും സഞ്ചരിക്കുന്ന മാനം, ജീവജാലങ്ങളുടെ സമൃദ്ധി..
എല്ലാ കാറ്റും അവിടെ ആഹ്ലാദത്തോടെ വീശിയിരുന്നു, കവികളുടെ കല്പനകൾ ആസ്വദിച്ച് എല്ലാ മഴയും അവിടെ താളമേളങ്ങളോടെ , നിറഭേദങ്ങളോടെ പെയ്തിറങ്ങി🌾

കിഴക്കൻ മലകളുടെ അടിവാരമാകെ പടർന്നു കിടന്ന ആ പാടമധ്യത്ത് അനുരാഗിണിയായ ഒരു പാലമരമുണ്ടായിരുന്നു.
കാലങ്ങളായിട്ടും ദുരൂഹത വിട്ടൊഴിയാതെ നിന്നിരുന്ന ആ നിത്യകാമുകിയുടെ അരികിൽ 
ഗന്ധർവ്വൻമാർ വന്നിറങ്ങുമായിരുന്നു.
മൊതത്തോട് കടുത്ത വേനലിൽ പോലും അവളെ പുണർന്നൊഴുകി.

പണിക്കാരും  ഞങ്ങളും തമ്മിൽ ഹൃദയബന്ധമാണുണ്ടായിരുന്നത്. അവരുടെ മക്കൾ എൻ്റെ അടുത്ത സ്നേഹിതരായി മാറി.
കൊയ്ത്തുകാലത്ത് അവരെയെല്ലാം ഒന്നിച്ചു കാണുക ആഹ്ലാദകരമായിരുന്നു.

ഗായകനായ ശശി, സിനിമാക്കഥകൾ പറയുന്ന വേലായുധൻ, പുരാണകഥളുടെ തമ്പുരാനായിരുന്ന ശാസ്ത്രി, എന്നും എനിയ്ക്കായി പൊട്ടും കൺമഷിയും  കുപ്പിവളകളും കൊണ്ടുവന്നിരുന്ന ലീല..
സുന്ദരിയും നർത്തകിയുമായിരുന്ന ജയ എനിക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു.
ജയയുടെ അഴകിൽ ഞങ്ങൾ നോക്കി നിൽക്കുമായിരുന്നു.

ദേശത്തെ അനുരാഗിണിയായിരുന്ന ലതയെ ഓർക്കുന്നു.. സ്നേഹം കൊണ്ടു മാത്രം സൃഷ്ടിക്കപ്പെട്ടവൾ.
എല്ലാ പുരുഷൻമാരുടെയും പ്രണയാഭ്യർത്ഥനകൾ അവൾ വശ്യമായ മന്ദഹാസം കൊണ്ട് സ്വീകരിച്ചു. ലത ആരേയും തിരസ്കരിച്ചില്ല.

കുഞ്ഞിലേ എന്നെ കുളിപ്പിച്ചിരുന്ന കുട്ടിയമ്മയുമായി പ്രത്യേക അടുപ്പം ഞാൻ സൂക്ഷിച്ചിരുന്നു. സ്നേഹവതിയായിരുന്ന കുട്ടിയമ്മ ഓർമയായിട്ട് വർഷങ്ങൾ കഴിഞ്ഞു. അങ്ങനെ എത്രയെത്ര പേർ..

ഖസാക്കിലെ അപ്പുക്കിളിയെ പോലെ ഒരു കഥാപാത്രം കറുകുറ്റിയിലുമുണ്ടായിരുന്നു ..ഇൻ്റാമൻ.
കൊയ്ത്തുസമയത്ത് പ്രത്യക്ഷപ്പെട്ടിരുന്ന ഇൻ്റാമൻ വലിയ കറ്റകൾ നിഷ്പ്രയാസം ചുമന്ന് കൊണ്ടുവന്ന് കളത്തിൽ കുത്തും. കറ്റ ചുമന്ന് ക്ഷീണിക്കുമ്പോൾ ഒരു കലം നിറയെ കാപ്പി ഉണ്ടാക്കി കഴിക്കും.
ഇൻ്റാമൻ്റെ  ചലനങ്ങൾ  കുട്ടികളും മുതിർന്നവരും ഒരുപോലെ നോക്കി നിൽക്കും.

മെതി, കുടഞ്ഞു കെട്ടൽ, ചേറ്റൽ ,പതിര് വീശൽ  എല്ലാം കഴിഞ്ഞ് പതമ്പ് അളക്കലോടെ കൊയ്ത്തുകാലം അവസാന ഘട്ടത്തിലെത്തുന്നു.

വൃത്തിയാക്കിയ കളത്തിലോ, പടിഞ്ഞാറെ തളത്തിലോ ആയിരുന്നു പതമ്പ് അളന്നിരുന്നത്.
പറ, ഇടങ്ങഴി എന്നീ അളവുപാത്രങ്ങൾ പുറത്തിറങ്ങുന്ന സമയം.

നെല്ല് അളന്നിരുന്നത് കുടുംബ നായികയായിരുന്ന അമ്മാമ്മയായിരുന്നു.
ആ പരിശുദ്ധ 
കർമത്തിൻ്റെ സമയത്ത് അമ്മാമ്മ ഗൗരവ്വക്കാരിയാകും.
ഞങ്ങൾ കുട്ടികൾ കാണികളാണ്.
പരിസരത്ത് അപ്പോൾ ഗാഢമായ ഒരു നിശ്ശബ്ദത പരക്കും.
അന്നം ഈശ്വരനാണ്.
ഭാവിയിലേക്കുള്ള അന്നമാണ് മുന്നിൽ കൂട്ടിയിട്ടിരിക്കുന്നത്.
അന്നത്തോടുള്ള ആദരവാണ് എല്ലാവരുടെ മനസ്സിൽ.

ഒരോ നിറപറയും അളന്നുമറിക്കുമ്പോൾ അമ്മാമ്മ നീട്ടിയെണ്ണും... ഒന്നേ, രണ്ട് .രണ്ടേ, മൂന്ന് ..
നാരായണിവല്യമ്മയും റോസാ ചേടത്തിയും ഇടയ്ക്കിടെ ആധിയോടെ പറയുന്നത് കേൾക്കാം.
' ഒന്നു പൊലിക്കൻ്റെ പൊലിയേ ...'

ഇഷ്ടക്കാരായ കുടുംബങ്ങൾക്ക് കൂടുതൽ നെല്ല് കിട്ടാൻ ഞാൻ നിശ്ശബ്ദമായി പ്രാർത്ഥിക്കും.
നല്ല വിളവു ലഭിച്ച സമയത്ത് എല്ലാവരും ഒന്നിച്ച് സന്തോഷം പങ്കുവയ്ക്കും.
വിളവ് മോശമാണെങ്കിൽ ഏവരുടെയും മുഖങ്ങളിൽ ദേഷ്യവും നിരാശയും നിറയും.

അടുത്തടുത്ത ദിവസങ്ങളിൽ നെല്ലിൻ കൊട്ടകൾ തലയിൽ ചുമന്ന് കൊണ്ട് ഒരോരുത്തരും പടികടന്നു പോകും.
അധ്വാനത്തിൻ്റെയും ഉത്സാഹത്തിൻ്റെയും  നീണ്ട ദിനങ്ങളാണ് കഴിയുന്നത്.
ലീലയും ലതയും ജയയും പടിക്കലെത്തുമ്പോൾ തിരിഞ്ഞു നിൽക്കും. അടുത്തു തന്നെ വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ഞങ്ങൾ കൈകൾ വീശും..

അവസാനത്തെ കൊയ്ത്തു കുടുംബവും പോയിക്കഴിഞ്ഞാൽ വീടും പരിസരവും നിശ്ശബ്ദമാകും.
മെതിക്കളങ്ങളിൽ കോഴികൾ ചിക്കിപെറുക്കുന്നുണ്ടാകും.മരോട്ടിമരങ്ങളുടെ തണലിൽ അധ്വാനികളായ കാളകൾ പച്ചവൈക്കോൽ ആസ്വദിച്ച് ചവയ്ക്കുന്നുണ്ടാകും.

പച്ചത്തണൽ വിരിയിച്ച് നിൽക്കുന്ന തേൻ പുളിക്കും കമുകിൻ തോട്ടത്തിനും തെക്കേമറ്റത്തിലെ തെങ്ങിൻ നിരകൾക്കും അപ്പുറം   കാണുന്ന കൊയ്ത്തൊഴിഞ്ഞ മങ്ങനാടി പാടം.. കൊറ്റികളും വയൽ കുരുവികളും പറന്നകലുന്നു .. നടവരമ്പിലൂടെ പോകുന്ന ആരോ ഒരാൾ.

വിഷാദമൂകമായ ആ സായന്തനത്തിലേക്ക് ഒരു പെൺകുട്ടി നോക്കി നിൽക്കുന്നു..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക