Image

എന്നിട്ടെന്തേ...? ( ഉറുദു കവിത : വിവർത്തനം : ഡോ പി കെ ജനാർദ്ദന കുറുപ്പ്. )

Published on 10 August, 2022
എന്നിട്ടെന്തേ...? ( ഉറുദു കവിത : വിവർത്തനം : ഡോ പി കെ ജനാർദ്ദന കുറുപ്പ്. )

സഹിച്ചൊത്തിരി ഞാനീ
ഇല്ലായ്മ ഏറെക്കാലം
വാരി കൂട്ടണം പണം
ഒത്തിരി എന്നിട്ടെന്തേ

സഹിച്ചൊത്തിരി ഞാനീ
പഴഞ്ചൻ വീട്ടിന്നുള്ളിൽ
പണിയും ഒരു കൂറ്റൻ
മാളിക എന്നിട്ടെന്തേ

അത്യാഡംബരങ്ങളാൽ
നിറയ്ക്കും എൻ വീടു ഞാൻ
പുകഴ്ത്തും കാണുന്നവർ
വാനോളം എന്നിട്ടെന്തേ

ചുറ്റും ഞാൻ ഉലകാകെ
കാണും ഞാൻ നഗരങ്ങൾ
ഒടുവിൽ തിരിച്ചെത്തും
ഇവിടെ എന്നിട്ടെന്തേ

മരണം എത്തും പിന്നെ
എൻ്റെ വാതിലിൽ മുട്ടും
ഒറ്റ ഊതിനാൽ കെടും
ഈ തിരി എന്നിട്ടെന്തേ

ചാരമായ്  പൊടിയായി
മണ്ണായി മടങ്ങും ഞാൻ
എങ്ങും ആരിലുമില്ല
പിന്നെ ഞാൻ എന്നിട്ടെന്തേ.....!?

(ഉർദുവിൽ നിന്ന് വിവർത്തനം
ഡോ പി കെ ജനാർദ്ദന കുറുപ്പ്. )

 

മാവേലിക്കര താലൂക്കിൽ  കൊയ്പള്ളികാരാണ്മ പമ്പുത്തറയിൽ ജനനം . 
ഐപ്സൊ ( AIPSO - All India Peace and Solidarity Organization) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതിയുടെ സംസ്ഥാന പ്രസീഡിയം മെമ്പറും ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ ഡോ പി കെ ജനാർദ്ദനക്കുറുപ്പ് എഴുത്തുകാരനും, ഗാനരചയിതാവും, തിരക്കഥാകൃത്തും, പ്രഭാഷകനുമാണ് . 
മഹാരാഷ്ട്രയിൽ കോളേജ് അദ്ധ്യാപകൻ എന്ന നിലയിൽ തുടങ്ങിയ ഔദ്യോഗിക ജീവിതം സാഹിത്യ ജീവിതത്തിന്റെയും, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളുടെയും കൂടി കാലമായിരുന്നു അദ്ദേഹത്തിന് . അവിടെ എത്തി ഏതാനും വർഷങ്ങൾക്കകം ഇൻഡ്യൻ ഇംഗ്ലീഷ് കവിതയെ സംബന്ധിച്ച് ഡോ ഒ പി ഭട്നാഗർ എന്ന പ്രശസ്ത ഇംഗ്ലീഷ് കവിയുടെ മാർഗദർശനത്തിൽ നടത്തിയ ഗവേഷണ പഠനത്തിന് അദ്ദേഹത്തിനു പി എച് ഡി ബിരുദം ലഭിച്ചു. ഇൻഡ്യൻ ഇംഗ്ലീഷ് കവിതയെ കുറിച്ച് അദ്ദേഹം രചിച്ച Contemporary Indian Poetry in English എന്ന ഗ്രന്ഥം ഡൽഹി യൂണിവേഴ്‌സിറ്റിയിൽ പാഠപുസ്തകമാക്കപ്പെടുകയുംചെയ്തു . 
2002 ൽ കോളേജ് അദ്ധ്യാപനത്തിൽ നിന്ന് സ്വയം വിരമിച്ചു കേരളത്തിലെത്തിയതു മുതൽ ഡോ ജനാർദ്ദനക്കുറുപ്പ് സിപിഐ യുടെയും, യുവകലാസാഹിതി , ഇപ്റ്റ , ഐപ്സൊ തുടങ്ങിയ സാംസ്കാരിക , സമാധാന പ്രസ്ഥാനങ്ങളുടെയും നേതൃനിരയിൽ പ്രവർത്തിച്ചു വരികയാണ് . യുവകലാസാഹിതിയുടെ ആലപ്പുഴ ജില്ലാ പ്രസിഡന്റ്, ഇപ്റ്റയുടെ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ എക്‌സിക്യൂട്ടീവ് അംഗവും തുടങ്ങിയ സ്ഥാനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം ഇപ്പോൾ ഐപ്സൊ എന്ന അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതിയുടെ പ്രസീഡിയം മെമ്പറും ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമാണ് . 
ഡോ പി കെ ജനാർദ്ദനക്കുറുപ്പ് പ്രഭാത് ബുക്സുമായി ചേർന്ന് നാടകാചാര്യനായ തോപ്പിൽ ഭാസിയുടെ കൃതികളെ അന്യഭാഷാ വായനക്കാർക്കു പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അവ ഇംഗ്ലീഷിലേക്ക് വിവർത്തനംചെയ്തു പ്രസിദ്ധീകരിക്കുക എന്ന ഒരു വലിയ സംരഭത്തിലാണിപ്പോൾ . "മുടിയനായ പുത്രൻ "എന്ന തോപ്പിൽ ഭാസിയുടെ ഏറ്റവും കലാസുഭഗതയാർന്ന നാടകത്തിന് Prodigal Son എന്ന പേരിൽ അദ്ദേഹം തയാറാക്കിയ ഇംഗ്ലീഷ് വിവർത്തനം പ്രഭാത് ബുക്സിലൂടെ ഈയിടെ പുറത്തിറങ്ങിയതോടെ അതിന്റെ ആദ്യ പാദം പിന്നിടാനായി .  

രചനകൾ

പാവം മനസ്സ് (കഥകൾ) 

ചില സത്യാനന്തരകാല വിചാരങ്ങൾ , താക്കോൽപഴുതും നമ്മളും , 
പപ്പടം പൊടിഞ്ഞിട്ടില്ല 
( ലേഖന സമാഹാരങ്ങൾ), 

താങ്ക് യു മിസ്റ്റർ ഗ്ലാഡ്
 ( വിവർത്തന നാടകം) 

ചിറകനക്കങ്ങൾ , 
അങ്ങേ കൊമ്പിലെ കിളികൾ ( കവ്യസമാഹാരങ്ങൾ )

 Contemporary Indian Poetry in English ( സാഹിത്യ വിമർശനം) , 

Prodigal Son 

( തോപ്പിൽ ഭാസിയുടെ ' മുടിയനായ പുത്രൻ 'എന്ന നാടകത്തിന്റെ ഇംഗ്ലീഷ് വിവർത്തനം) ലളിതാംബിക അന്തർജനത്തിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കി ഡോ കുറുപ്പ് തിരക്കഥ - സംഭാഷണവും ഗാനവും രചിച്ചു നിർമ്മിച്ച "അഗ്നിസാക്ഷി " എന്ന ദൂരദർശൻ സംപ്രേഷണം ചെയ്ത റ്റി വി പരമ്പര 2005 ലെ ഏറ്റവുംമികച്ച സീരിയലിനുള്ള സംസ്ഥാന അവാർഡിന് അർഹമായി .

അദ്ദേഹം രചിച്ച  ഗാനങ്ങൾ ഉൾപ്പെടുത്തി ദൃശ്യാവിഷ്ക്കാരങ്ങളുടെ അകമ്പടിയോടെ പുറത്തിറങ്ങിയ   
" സ്നേഹ വീചികൾ " എന്ന ആൽബം ഏറെ അസ്വാദക ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്

ഇംഗ്ലീഷ് മലയാളം ആനുകാലികങ്ങൾക്കായി ഡോ കുറുപ്പ്  എഴുതിയ ലേഖനങ്ങൾ , കവിതകൾ തുടങ്ങിയവ പല സമാഹാരങ്ങളിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്
മഹാരാഷ്ട്രയിൽ  ഇംഗ്ലീഷ് അദ്ധ്യാപിക എന്ന നിലയിൽ ദീർഘകാലം സേവനം നടത്തിയിട്ടുള്ള ഡോ കുറുപ്പിൻ്റെ സഹധർമ്മിണി ശ്രീമതി ചന്ദ്രിക കുറുപ്പ്  ഇപ്പോൾ  വനിതകലാ സാഹിതിയുടെ സംസ്ഥാന കമ്മറ്റിയംഗമായി പ്രവർത്തിച്ചു വരുന്നു . 
ഡോ പി കെ ജനാർദ്ദനക്കുറുപ്പ് - ശ്രീമതി ചന്ദ്രിക കുറുപ്പ് ദമ്പതികളുടെ ഏക മകൾ ഡോ സോണിയ സുരേഷ് ഇപ്പോൾ മാവേലിക്കര വി എസ് എം ഹോസ്പിറ്റലിലെയും സ്വന്തം സ്ഥാപനമായ പ്രീതി ക്ലിനിക്ക് ആൻ്റ് ഡയബറ്റിക് സെൻ്ററിലിലെയും   ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമാണ് .  
ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ സ്പൈൻ സർജനായി സേവനം അനുഷ്ഠിക്കുന്ന മരുമകൻ ഡോ സുരേഷ് എസ് പിള്ള ദേശീയ അന്തർദേശീയ വേദികളിൽ സവിശേഷ ശ്രദ്ധ നേടിയിട്ടുള്ള സ്പൈൻ സർജനാണ് .
കൊച്ചു മക്കളായ അമൃത ചെന്നൈ മദ്രാസ് കൃസ്ത്യൻ കോളേജിലും , ആദിത്യ യു എസിൽ ന്യൂ ജേഴ്സി റഡ്ഗർ യൂണിവേഴ്‌സിറ്റിയിലും വിദ്യാർത്ഥികളാണ്.

      ഡോ പി കെ ജനാർദ്ദന കുറുപ്പ്
      പമ്പൂത്തറയിൽ
      ഓലകെട്ടിയമ്പലം പി ഒ
      മാവേലിക്കര
      ആലപ്പുഴ ജില്ല. 690510
      9447564632 pkjpamputhara44@gmail.com

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക