Image

സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍

ജോര്‍ജ് കറുത്തേടത്ത് Published on 11 August, 2022
സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍ ഉള്‍പ്പെട്ട സാന്‍ഫ്രാന്‍സിസ്‌കോ സെന്റ് മേരീസ് ജാക്കോബൈറ്റ് സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ 2022 ഓഗസ്റ്റ് 13,14 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു. 

ഓഗസ്റ്റ് ഏഴാം തീയതി ഞായറാഴ്ച വി. കുര്‍ബാനാന്തരം വികാരി റവ.ഫാ. തോമസ് കോര കൊടി ഉയര്‍ത്തിയതോടെ ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായി. 

13-ന് ശനിയാഴ്ച വൈകിട്ട് 4.30-ന് യാക്കോബായ സുറിയാനി സഭയിലെ അനുഗ്രഹീത വാഗ്മിയും സുപ്രസിദ്ധ വചനപ്രഘോഷകനുമായ വെരി റവ. പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ ധ്യാന യോഗവും നടക്കും. 'എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ നിമിത്തം ജീവിക്കും. വി. യോഹന്നാന്‍ 6:57' എന്നതായിരിക്കും സെമിനാറിന്റെ പ്രധാന ചിന്താവിഷയം. 7 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും, തുടര്‍ന്ന് ആശീര്‍വാദവും, ഡിന്നറും ക്രമീകരിക്കും. 

14-ന് ഞായറാഴ്ച രാവിലെ 8.15-നു പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം വെരി റവ. പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പയുടെ നേതൃത്വത്തില്‍ വി. ബലിയര്‍പ്പണം നടക്കും. 

മുത്തുകട, കൊടി, കുരിശ് തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി, അടുക്കും ചിട്ടയുമായി വിശ്വാസികള്‍ അണിനിരന്ന് ഭക്തിനിര്‍ഭരമായി നടത്തപ്പെടുന്ന 'റാസ' പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. 

തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള സമ്മാന ദാനത്തിനുശേഷം സ്‌നേഹവിരുന്നോടെ ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും. 

പരിശുദ്ധ ദൈവമാതാവിന്റെ മഹാ മധ്യസ്ഥതയില്‍ അഭയപ്പെട്ട്, പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹീതരാകുവാന്‍ വിശ്വാസികളേവരേയും കതൃനാമത്തില്‍ ക്ഷണിക്കുന്നതായി വികാരി റവ.ഫാ. തോമസ് കോര അറിയിച്ചു. 

വികാരിക്ക് പുറമെ, പ്രദീഷ് തോമസ് (വൈസ് പ്രസിഡന്റ്), ബിജു വര്‍ഗീസ് (ട്രസ്റ്റി), ബിബിന്‍ വര്‍ഗീസ് (സെക്രട്ടറി), കമ്മിറ്റി അംഗങ്ങളായ ബിനോയി മാത്യു, എല്‍ദോ ജോണ്‍, രാഹുല്‍ കുരുവിള എന്നിവരുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ കരുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക