Image

അറ്റോണി ജനറലിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകിയില്ലെന്നു ട്രംപ് 

Published on 11 August, 2022
അറ്റോണി ജനറലിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകിയില്ലെന്നു ട്രംപ് 



വരുമാന നികുതി സംബന്ധിച്ച വിവരങ്ങൾ പലതും മറച്ചു വച്ചെന്ന ആരോപണം നേരിടുന്ന മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യു യോർക്ക് അറ്റോണി ജനറലിന്റെ മുന്നിൽ ബുധനാഴ്ച ഹാജരായി. എന്നാൽ അറ്റോണി ജനറൽ ലെറ്റീഷ്യ ജയിംസ്‌ ഉൾപ്പെടെയുള്ള പ്രോസിക്യൂട്ടര്മാറുടെ  ചോദ്യങ്ങൾക്കൊന്നും താൻ മറുപടി നൽകിയില്ലെന്നു ട്രംപ് വെളിപ്പെടുത്തി. 

"യു എസ് ഭരണഘടന എല്ലാ പൗരന്മാർക്കും നൽകുന്ന അവകാശങ്ങൾ അനുസരിച്ചു ഞാൻ മൗനം പാലിച്ചു," ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. 

അന്വേഷണം തടയാനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ട ശേഷമാണു ട്രംപ് ഒടുവിൽ ജയിംസിന്റെ ഓഫീസിൽ എത്തിയത്. ചോദ്യങ്ങൾക്കൊന്നും മറുപടി നൽകേണ്ടതില്ലെന്നു തന്റെ അഭിഭാഷകർ നിർദേശിച്ചിരുന്നു എന്നദ്ദേഹം പറഞ്ഞു. 

"യു എസ് ഭരണഘടന നിലനിൽക്കുന്നത് ഇതേ ആവശ്യത്തിനാണ്," ട്രംപ് പറഞ്ഞു. "ഈ ഭരണകൂടത്തിന്റെയും അറ്റോണി ജനറലിന്റെയും വൃത്തികെട്ട ആക്രമണങ്ങളിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ഞാൻ അതു  പരമാവധി  പ്രയോജനപ്പെടുത്തും. എന്റെ കുടുംബത്തിനും ബിസിനസിനും നമ്മുടെ രാജ്യത്തിനും എതിരായ ആക്രമണങ്ങളും."

സഹകരിക്കണോ എന്ന് ആലോചിച്ചിരുന്നുവന്നു ട്രംപ് പറഞ്ഞു. എന്നാൽ തിങ്കളാഴ്ച ഫ്‌ളോറിഡയിലെ വീട്ടിൽ എഫ് ബി ഐ നടത്തിയ മിന്നൽ പരിശോധനയോടെ ആ ചിന്ത വിട്ടു. 

രാവിലെ 9 മണിയോടെ മൻഹാട്ടനിൽ ജയിംസിന്റെ ഓഫീസിൽ എത്തിയ ട്രംപ് ഏഴു മണിക്കൂർ കഴിഞ്ഞാണു മടങ്ങിയത്. ട്രംപിന്റെ കമ്പനി വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ രീതിയിൽ കണക്കുകൾ ഉണ്ടാക്കിയെന്ന് ജയിംസിന്റെ ഓഫീസ് ആരോപിക്കുന്നു. വായ്പ എടുക്കാനും നികുതി കുറച്ചു കിട്ടാനുമായിരുന്നു ശ്രമം. 

ജയിംസിന്റെ പരസ്യമായ ശ്രമം തന്നെ പിടികൂടി നശിപ്പിക്കാനാണ് എന്നു ദീർഘമായ പ്രസ്താവനയിൽ ട്രംപ് പറഞ്ഞു. ദശലക്ഷക്കണക്കിനു രേഖകൾ ഹാജരാക്കിയിട്ടും ഒരു പക്ഷെ ഒരൊറ്റ പേജ് ആയിരിക്കും അവർ നോക്കിയത്. "വിശ്വാസങ്ങളെ വിൽക്കുന്ന ഒരു നിയന്ത്രണം വിട്ട പ്രോസിക്യൂട്ടർക്കു ഈ അന്വേഷണം കൊണ്ട് സ്വന്തം രാഷ്ട്രീയ ഭാവി ഉറപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ ഞങ്ങൾ അത് അനുവദിക്കില്ല.

"ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. അത് കൊണ്ടാണ് അഞ്ചു വർഷമായി അന്വേഷിച്ചിട്ടും അവർക്കും വ്യാജ മാധ്യമങ്ങൾക്കും ഒന്നും കിട്ടാത്തത്." 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക