Image

മാഡം, എന്റെ കഥ എഴുതാമെന്നു പറഞ്ഞിട്ട്...? ഡോ. കുഞ്ഞമ്മ ജോർജ്ജ് (മെഡിക്കൽ ഡയറി - 16 )

Published on 12 August, 2022
മാഡം, എന്റെ കഥ എഴുതാമെന്നു പറഞ്ഞിട്ട്...? ഡോ. കുഞ്ഞമ്മ ജോർജ്ജ് (മെഡിക്കൽ ഡയറി - 16 )

Read More: https://emalayalee.com/writer/213

മെഡിക്കൽ ഡയറി - 16 

"മാഡം എന്റെ കഥ എഴുതാമെന്നു പറഞ്ഞിട്ട് ?? " 

ഇന്നലെയും കൂടി ഫോണിൽ സംസാരിച്ചപ്പോൾ അവൻ ചോദിച്ചു, മാഡം എന്റെ കഥ എഴുതാമെന്നു പറഞ്ഞിട്ടെന്താ ഇതു വരെ എഴുതാത്തത്? 

ശരിയാ, എട്ടുപത്തു മാസം മുൻപ് അവനോട് ഞാൻ ചോദിച്ചതാ ഞാൻ നിന്റെ കഥ എഴുതട്ടെ എന്ന്. 

"അതു നീ വലിയ പരീക്ഷയൊക്കെ പാസ്സായി വന്നപ്പോൾ ഒരാവേശത്തിൽ ചോദിച്ചതാ ഞാൻ "
എന്നെങ്ങനെ പറഞ്ഞൊഴിയും ? 

സൂത്രത്തിൽ ഞാനവനോടു പറഞ്ഞു "നിനക്കൊരു കഥയുമില്ല, നീ പോയി നിന്റെ ജോലി ചെയ്തോളു ". 
കഥയെഴുത്ത് എളുപ്പമാണ്, പക്ഷേ ജീവിതമെഴുത്ത് അത്ര എളുപ്പമല്ല എന്നു ഞാനെങ്ങനെ അവനോടു പറയും?

കഥയ്ക്കും ജീവിതത്തിനുമിടയിൽ കനത്ത ഒരു വയൽ വരമ്പുണ്ട്. അതു ഭേദിച്ചു വേണം ജീവിതം എഴുതാൻ.
           പത്തൊൻപതു വയസ്സുള്ള ഒരാൺ കുട്ടിയുടെ പന്ത്രണ്ടു വർഷങ്ങളിലെ ജീവിതമാണെഴുതേണ്ടത്!
എങ്ങനെ തുടങ്ങണം? 

എനിക്കെന്റെ വാക്കു പാലിക്കണം. ഒന്ന് അവന്റെയൊ അവന്റെ അസുഖത്തിന്റെയോ പേരു ഞാൻ പറയില്ല. 
രണ്ട് , അവന്റെ  ജീവിതം ഞാൻ എഴുതിയേ തീരൂ. 

ഏറ്റവും ചുരുക്കി, എന്നാൽ മർമ്മം വിടാതെ. 

അവൻ ആരാണ് ? അവന്റെ കഥ എന്താണ് ? 
അവന് ചേരുന്ന ഒരു പേര്,? 

പോൾ എന്നായാലോ?. മതി. 

പോൾ സെക്കന്റ്‌ ഇയർ ഡിഗ്രി ചെയ്യുമ്പോൾ അവനൊരു ക്യാൻസർ രോഗം വന്നു. അവനതിനെ തരണം ചെയ്തു. ഇ ന്നവനൊരു ക്യാൻസർ surviver ആണ്.
വലിയ പരീക്ഷകൾ പാസ്സായി. നല്ല ജോലിയിലുമായി.

ഞാനുമായി ഈ ചെറുപ്പക്കാരന് എന്തു ബന്ധം.? 

2010 വർഷത്തിന്റെ നടുവിൽ എന്നോ ഒരു ദിവസം ഞാൻ പതിവു PAC ഹാളിൽ ഹാജരാകുന്നു. 

മുൻപിവിടെ പറഞ്ഞിട്ടുണ്ടല്ലോ, PAC യിലാണ് ഞങ്ങൾ അന്നേസ്തെഷ്യ ഡോക്ടേഴ്സ് രോഗികളുമായി ചങ്ങാത്തത്തി ലാകുന്നതെന്ന്. 
PAC റൂമിലെ ഒരു കസേരയിൽ ഇരുന്ന ഞാൻ വെറുതെ രോഗികളെ ആകെയൊന്നു വീക്ഷിച്ചു. 
നല്ല തിരക്കുണ്ട്. കൂട്ടിരിപ്പുകാർ പലരും റൂമിനു വെളിയിലും നിൽക്കുന്നുണ്ട്. ഡ്യൂട്ടി ഓഫ്‌ ഉള്ള രണ്ടു പി ജി കൾ  PAC തുടങ്ങിയിട്ടുണ്ട്. രണ്ട് അന്നേസ്തെഷ്യ technicians രോഗികളുടെ weight, BP, pulse, investigation റിപ്പോർട്ടുകൾ ഒക്കെ നോക്കി  കേസ് ഷീറ്റിൽ റെക്കോർഡ് ചെയ്യുന്നു.

സമയം രാവിലെ 11മണി. 
എന്റെ മിഴികൾ ഒരു യുവാവിൽ തറച്ചു നിന്നു. 
പത്തു പതിനെട്ടു വയസ്സു തോന്നും. ചേട്ടനെന്നു തോന്നിക്കുന്ന മറ്റൊരു മുതിർന്ന യുവാവും അരികെ. 

ആ രണ്ടു മുഖങ്ങളും ദുഃഖഭരിതം. 
ഞാൻ പയ്യൻസ്സിന്റെ പേരു ചോദിച്ചു. "പോൾ ". 

അവന്റെ മുഖം സങ്കടത്തിന്റെ, ഭയത്തിന്റെ കാർമേഘങ്ങളാൽ ഇരുണ്ടിരുന്നു. 

ഞാൻ കൂട്ടത്തിൽ നിന്നും പോളിന്റെ കേസ് ഷീറ്റ് വലിച്ചെടുത്തു. പേരും, വയസ്സും, നാടും, വീടും ഒക്കെ മനസ്സിലാക്കി.
അറിയാവുന്ന നാടാണ്. അവന്റെ രോഗം ശരീരത്തിൽ ഒരവയവത്തിൽ ക്യാൻസർ പിടികൂടിയിരിക്കുന്നു. 
CT സ്കാനിൽ രോഗം വ്യാപകമായിട്ടില്ല. Fine നീഡിൽ ആസ്പിറേഷൻ (FNAC ), അവന്റെ പത്തോളജി റിപ്പോർട്ടിൽ ഏതു തരം ക്യാൻസർ എന്നു വെളിപ്പെടുത്തുന്നു. 

ആകെ സമാധാനം ഫസ്റ്റ് സ്റ്റേജ് മാത്രമാണ്.  

കൂടുതൽ അ ന്വേഷണത്തിൽ അവൻ  ഡിഗ്രി സെക്കൻഡ് ഇയർ പഠിക്കുന്നുവെന്നും അച്ഛനില്ലെന്നും, അമ്മയും, ചേട്ടനും അധ്വാനിച്ചു കുടുംബം പുലർ ത്തുന്നുവെന്നും മനസ്സിലായി. 

സാമ്പത്തിക സ്ഥിതി അത്ര മെച്ചവുമല്ല. പോൾ ട്യൂഷനെടുത്തും മറ്റു ചില്ലറ പണി ചെയ്തും അവന് പഠനത്തിനുള്ളത് കണ്ടെത്തുന്നു. 

പഠിക്കുവാൻ മിടുക്കനെന്ന് ഇതിനോടകം ഞാൻ മനസ്സിലാക്കി.. അവനെ സാന്ത്വനിപ്പിക്കാൻ ഞാൻ ചില പോസിറ്റീവ് ത്രസ്റ്റ് കൾ  കൊടുത്തുകൊണ്ടിരുന്നു. 
ഇതു വലിയ ആനക്കാര്യമല്ലെന്നും ഓപ്പറേഷന് ശേഷം ചിലപ്പോൾ chemotherapy കൂടി ചെയ്‌താൽ രോഗം കംപ്ലീറ്റ് സുഖമാകുമെന്നും ഞാനവന് ധൈര്യം പകർന്നു. 

അവനതൊരു കച്ചിത്തുരുമ്പായിരുന്നു. 
അവനതിൽ ബലമായി പിടിച്ചു.

എനിക്കവനോട് അലിവ് തോന്നി. 

PAC കഴിഞ്ഞു മടങ്ങുമ്പോൾ ഞാനെന്റെ പേരും ഫോൺ നമ്പറും എഴുതിക്കൊടുത്തു. 

എന്താവശ്യമുണ്ടെങ്കിലും വിളിച്ചോളൂ 
എന്നു ഞാൻ ..

നാളെ കാണാം എന്നു പറഞ്ഞ് അവൻ നടന്നകന്നപ്പോൾ എന്തോ ഒരു മ്ലാനത എന്റെ മനസ്സിനെ ചൂഴ്ന്ന് നിന്നു ...

പിറ്റേന്നു സർജറിയുടെ രാവിൽ അവനെ കണ്ടപ്പോൾ , പേടിക്കേണ്ട ഞാൻ ഇവിടെയൊക്കെ ഉണ്ടെന്ന് അവനു ധൈര്യം കൊടുത്തു. 
പിന്നെ എന്റെ തിരക്കുകളിൽ മുങ്ങി.

അന്ന് ഓപ്പറേഷനുശേഷം റിക്കവറി റൂമിൽ പോളിനെ ഒരുനോക്കു കണ്ടു. പിന്നെ അവൻ വാർഡിലേക്ക്. 

വല്ലപ്പോഴും അവന്റെ രൂപം മനസ്സിൽ വന്നിരുന്നെങ്കിലും ഞാൻ അവനെ തിരക്കി നടന്നില്ല. ഇനി കണ്ടേക്കുമെന്ന് കരുതിയതുമില്ല.

രണ്ടാഴ്ചകൾക്കുശേഷം എനിക്കൊരു ഫോൺ കാൾ. "മാഡം ഞാൻ പോൾ. എന്റെ പത്തോളജി റിപ്പോർട്ട് വന്നു, ഞാനങ്ങോട്ടു വരട്ടെ?"

ഞങ്ങളുടെ സ്റ്റെനോ ചിത്രയെ അവനെപ്പറ്റി പറഞ്ഞേൽപ്പിച്ചു. 

കാണുമ്പോൾ ഏട്ടൻ കൂടെയുണ്ട്. പോൾ എനിക്കു നേരെ പത്തോളജി റിപ്പോർട്ട്‌ നീട്ടി. 

സംശയിച്ചതു തന്നെ. അവനെ റേഡിയോതെറാപ്പി യൂണിറ്റിലേക്കു റെഫർ ചെയ്തിട്ടുണ്ട്.. 

ചില ദിവസങ്ങൾക്കു ശേഷം പോൾ വീണ്ടും വിളിച്ചു, "മാഡം ഇന്നു കീമോ തുടങ്ങുന്നു."  "നടക്കട്ടെ പേടിക്കേണ്ട ഞാൻ വന്നു കണ്ടോളാം".
മറുപടി പറഞ്ഞിട്ട് വെറുതെ ആലോചിച്ചു ..

ഞാനെന്തിനാണ് അവനെ കണ്ടോളാം എന്നു പറഞ്ഞത് ? കാണാൻ വേണ്ടിത്തന്നെയോ? 
അതോ ഭംഗി വാക്കോ..! 

അവനെന്നെ പ്രതീക്ഷിക്കുന്നുണ്ടോ?

ഓപ്പറേഷൻ തിയേറ്ററിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോൾ മൂന്നു മണി ആയിരുന്നു. ഇന്ത്യൻ കോഫി ഹൗസ് അടുത്താണല്ലോ, കാറും അവിടെത്തന്നെ കിടക്കുന്നു. 
ഇന്ത്യൻ കോഫി ഹൗസ്സിലെ ഒരു കപ്പു കാപ്പി എന്നുമെനിക്ക് ഹരമാണ്. 

അവിടെ നിന്നിറങ്ങുമ്പോൾ അതിനെതിർവശമുള്ള ക്യാൻസർ വാർഡ് എന്നോട് പറഞ്ഞു. "കേറിയിട്ടു പോ, പോളിനെ കാണണ്ടേ."
എനിക്കു മനസ്സിലായി, ഈ ആശരീരി ആദിപരാ ശക്‌തിയൂടേതാണ്. ഞാനിതിനെ 'അരൂപിയുടെ കാറ്റ് ' എന്നാണ് വിളിക്കാറ്.. 

അതൊക്കെ ഒരു വിശ്വാസമാണ്. എന്നാൽ പോളിനെ ഒന്നുകണ്ട് കാര്യങ്ങൾ എങ്ങനെ ആയി എന്നറിഞ്ഞു പോകാൻ എന്റെ കാലുകൾ ക്യാൻസർ വാർഡിലേക്ക് നടന്നു തുടങ്ങി. 

ഡ്യൂട്ടി നഴ്സിനെ കണ്ടു. അവരെന്നെ പോളിന്റെ അടുത്തു കൊണ്ടു പോയി. 

അവൻ വെറും നിലത്താണ് കിടക്കുന്നത്. I V സ്റ്റാൻഡിൽ നിന്നും ശക്തിയേറിയ കീമോമരുന്ന് രക്തധമനിയിലേക്ക് തുള്ളി തുള്ളിയായി പ്രവേശിക്കുന്നു ... 

ഇടയ്ക്ക് അവന് 'ഓക്കാനം' വരുന്നുണ്ട്. ആ സ്‌ട്രെയിൻ വല്ലാത്തൊരു കാഴ്ചയാണ്. 

ഞാൻ അവനെ വിളിച്ചു ,.. നഴ്സിനോട് ചിലതൊക്കെ സംസാരിച്ചു. പോളിനെ ആശ്വസിപ്പിച്ചു ... 

ഇത്തരം മരുന്ന് അഞ്ചു ദിവസം അടുപ്പിച്ചെടുക്കണം.സാധാരണ ഒരു കീമോ ഡേ കഴിയുമ്പോൾ നേരം സന്ധ്യ ആകും. 
ഇങ്ങനെ ആറു മാസത്തെ ചികിത്സ വേണം.
അവിടെ വന്നു പോയാണ് ഇത്തരം കീമോ ചികിത്സ എടുക്കേണ്ടത്. 

ദൂരെയുള്ളവർക്ക് ലോഡ്ജിൽ മുറിയെടുക്കുകയോ, അവിടെയുള്ള സന്നദ്ധ സംഘടനകളുടെ വാസസ്ഥലങ്ങളിൽ ഇടം നേടുകയോ ആവാം. 

ഛർദ്ദിക്കും എന്നുള്ളതിനാൽ റൂം കൊടുക്കാൻ ലോഡ്ജ്കാർക്ക് മടിയാണ്, 
ബസ്സിൽ കയറി വീട്ടിൽ പോകാമെന്നു വച്ചാൽ ബസ്സുകാർക്ക് ഇവരെ കയറ്റാൻ മടിയാണ്.. 
ടാക്സി വിളിച്ചുപോകാൻ പലർക്കും സാമ്പത്തികം അനുവദിക്കില്ല. ടാക്സിക്കാർക്കും അവരെ അത്ര പിടിക്കില്ല. 
ഇത്തരം ബുദ്ധിമുട്ടുകൾ  കീമോതെറാപ്പി ക്കാർ അനുഭവിക്കുന്ന വിവരം പോൾ പറയുമ്പോഴാണ് ഇതെത്ര ഭീകരമെന്നു ഞാനറിയുന്നത്. 

ഒരു ദിവസം എന്റെ വീട്ടിൽ കിടന്നോളു എന്നു ഞാൻ പറഞ്ഞെങ്കിലും അവൻ കൂട്ടാക്കിയില്ല.. 

ഇങ്ങനെ ആറുമാസങ്ങൾ .... ഇടയ്യ്ക്കെപ്പോഴെങ്കിലും എന്നെ കാണാൻ വരും. 

മുടിയൊക്കെ കൊഴിഞ്ഞ്, തൊപ്പി വച്ചാണ് വരവ്. 

ആൾ പക്ഷെ ഇപ്പോൾ ഹാപ്പി യാണ്. 

കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ക്യാൻസർ തെറാപ്പിയിൽ ഒരു ഡോക്ടർ മനു ഉണ്ട്‌. എന്റെ അമ്മയുടെ ചികിത്സാർത്ഥം അവിടെ ചെന്നപ്പോൾ പരിചയപ്പെട്ടതാണ്. 

ഒരിക്കൽ ഞാൻ കാണുമ്പോൾ ഡോക്ടർ മനു, തല മുട്ടവടിച്ചു വച്ചിരിക്കുന്നു. എനിക്കാദ്യം ആളെ  മനസ്സിലായില്ല.. "അയ്യോ ഇതെന്താ മനു " എന്നു ഞാൻ അതിശയപ്പെട്ടു. മനു പറഞ്ഞ ഉത്തരം എന്റെ ചങ്കിൽ ഇപ്പോഴുമുണ്ട്.

"രോഗികൾക്ക് എന്നെ കാണുമ്പോൾ ഒരാശ്വാസം ആകുമല്ലോ", അവരിൽ ഒരാളെന്ന തോന്നൽ ... 

ഇങ്ങനെയും ഡോക്ടർമാരുണ്ടു കേട്ടോ..
അവരെ നമ്മൾ നമിക്കണം.

പോളിന്റേത്  നീണ്ട വർഷങ്ങളുടെ കഥയല്ലേ? 

അവൻ കീമോ ചികിത്സയ്ക്കിടയിലും ക്ലാസുകൾ അറ്റൻഡ് ചെയ്തു. പരീക്ഷകൾ എഴുതി കോളേജിലെ സെക്കൻഡ് ടോപ്പർ ആയിത്തന്നെ ബി. കോം പാസ്സായി .. 

പഠനം മുന്നോട്ടു കൊണ്ടുപോകാൻ പണത്തിനായി ട്യൂട്ടോറിയൽ കോളേജിൽ കുട്ടികൾക്ക് ക്ലാസ്സെടുത്തു. 
മറ്റ്‌ പണികളിൽ ഏർപ്പെട്ടു...      

നീണ്ട വർഷങ്ങളുടെ ജീവിത കഥയല്ലേ പോളിന്റേത്... അതുകൊണ്ടു തന്നെ ഇവിടെയത് ,

തുടരും..

English summary: Medical diary by Dr. Kunjamma George.12/08/2022.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക