Malabar Gold

പൈക്സ് പീക്കിന്റെ ഉയരങ്ങളിൽ  (ഷാജു ജോൺ) 

Published on 13 August, 2022
പൈക്സ് പീക്കിന്റെ ഉയരങ്ങളിൽ  (ഷാജു ജോൺ) 

"നീ ഒരു സഞ്ചാരി അല്ലെങ്കിൽ ജീവിത ഗ്രന്ഥത്തിലെ ഒരു പേജ് മാത്രം വായിച്ച അവിവേകിയാണ്....!" എവിടെ നിന്നോ തലയിൽ കയറിയ ഈ ഉദ്ധരണിയിൽ നിന്നുള്ള ഉത്തേജനം, മനസ്സിലെ സഞ്ചാരിയെ ഇടയ്ക്കിടെ തട്ടി ഉണർത്തും. ശരിയല്ലേ...? ഈ സുന്ദര ഭൂമിയിലൂടെയുള്ള  യാത്രകൾ  തരുന്നത്രയും അറിവുകൾ മറ്റെവിടെനിന്നു ലഭിക്കും...?   ഒളിമങ്ങാത്ത  ഓർമ്മകളായി, അയവിറക്കുവാനുള്ള ചിന്തകളായി, അവ എപ്പോഴും നമ്മുടെ കുടെയുണ്ടായിരിക്കും. ഒരു സ്വപ്നസഞ്ചാരിയെപ്പോലെ നമുക്ക് അതിലൂടെ ഒഴുകിനടക്കാം...!  അതുകൊണ്ട് തന്നെയാണ്,  എവിടെയെങ്കിലും പോകാമെന്ന് ആരെങ്കിലും പറഞ്ഞാൽ, ഉള്ളത് പെറുക്കി പെട്ടിയിലിട്ട്, കച്ച മുറുക്കി പുറത്തുചാടുന്നത്. 
 
കൊളോറാഡോയിലേക്കു ഈയിടെ  നടത്തിയത് അതുപോലെയുള്ള ഒരു യാത്ര ആയിരുന്നു .  ഡാലസ്സിൽ നിന്നും ഏതാണ്ട് പന്ത്രണ്ടു മണിക്കൂറോളം ഉള്ള ഒരു  റോഡ് ട്രിപ്പ്. ആ യാത്രയുടെ ഭംഗിയുള്ള ചിത്രങ്ങൾ ഇപ്പോഴും മനസ്സിൽ മിഴിവുറ്റു നിൽക്കുന്നു. നിങ്ങൾ അമേരിക്കയിൽ താമസിക്കുന്ന  ഒരാളാണോ ?... അല്ലെങ്കിൽ സന്ദർശിക്കുന്ന ഒരാൾ...  ? എങ്കിൽ ഒരു തവണ എങ്കിലും പോയിരിക്കണം കൊളറാഡോ എന്ന പച്ചപ്പട്ടു  പറുദീസയിൽ !

കൊളറാഡോയിലെ ഇഷ്ടപെട്ട സ്ഥലം ഏതെന്നു ചോദിച്ചാൽ, നിസ്സംശയം പറയാം സമുദ്രനിരപ്പിൽ നിന്നും  പതിനാലായിരം അടിക്കു മുകളിൽ തല ഉയർത്തി നിൽക്കുന്ന  പൈക്സ്  പീക് എന്ന കൊടുമുടി. റോക്കി മൗണ്ടൻ  നിരകളിലെ ഏറ്റവും ഉയർന്ന സ്ഥലം. വിമാനങ്ങൾ  സഞ്ചരിക്കുന്ന പാതക്ക് തൊട്ടരികിൽ നിന്ന് നിങ്ങൾക്ക് അവിടെ  മേഘങ്ങളെ തൊടാം ...ശുദ്ധ വായു ശ്വസിക്കാം ..നിരന്നു കിടക്കുന്ന മലഞ്ചെരുവുകളുടെ അനന്തമായ  സൗന്ദര്യം ആസ്വദിക്കാം.

പല പല ആശങ്കകളും ഉള്ളിൽ പേറിയാണ് പൈക്സ് പീക്കിലേക്കുള്ള ഞങ്ങളുടെ യാത്ര തുടങ്ങിയത്, പ്രധാനമായും കാലാവസ്ഥ, കാല്പനികമായി പറഞ്ഞാൽ  ടീനേജ്  കന്യകമാരുടെ മനസ്സുപോലെ ആണ് ഇവിടം... പ്രകൃതി  എപ്പോൾ മാറുമെന്ന് പറയുവാൻ കഴിയുകയില്ല. സുഖകരമായ ചൂടിൽ നിന്ന്, അപ്രതീക്ഷിതമായി  മരം കോച്ചുന്ന തണുപ്പിലേക്ക്  വീഴും, നോക്കിയിരിക്കുമ്പോൾ മഴപെയ്യും, കാർമേഘങ്ങൾ മൂടും ,മഞ്ഞു പെയ്യും .ശീതക്കാറ്റ് അടിക്കും ..പക്ഷെ അല്പം കഴിയുമ്പോൾ ഞാനിതൊന്നും അറിഞ്ഞില്ലേ..... എന്ന ഭാവത്തിൽ  പ്രസന്നവദനയാകും .......തെളിഞ്ഞു നിന്ന് സുന്ദരമായി  ചിരിക്കും.   

അനുകൂലമായ കാലാവസ്ഥയാണ് എന്ന വെതർ ചാനലിലെ  പ്രവചനം കണക്കിലെടുത്ത്,  അതിരാവിലെ തന്നെ ഞങ്ങൾ പൈക്സ് പീക്കിന്റെ  അടിവാരത്തിൽ എത്തി ...അവിടെ നിന്ന് ഫോട്ടോ എടുക്കുമ്പോൾ തന്നെ കണ്ണുകൾ കുളിരണിയിക്കുന്ന ചിത്രങ്ങളാണ് ഫോണിൽ തെളിഞ്ഞു വന്നത്. അറുപത് ഡോളറിന്റെ ടിക്കറ്റ് എടുത്ത ശേഷം, കാർ മുന്നോട്ടെടുക്കും മുൻപ് തന്നെ കൗണ്ടറിൽ ഇരുന്ന മദാമ്മ ഞങ്ങൾക്ക് ഡ്രൈവിംഗ് ക്ലാസ് തന്നു. വർഷങ്ങളായി ഡ്രൈവ് ചെയ്യുന്നതാണെങ്കിലും കാറിൽ ഇതുവരെ ഉപയോഗിക്കാത്ത ഗീയറിന്റെ കാര്യം കാണിച്ചു തന്നത് ആ മദാമ്മ ആണ്. D എന്ന ഡ്രൈവ് മോഡിൽ നിന്ന് ഇടത്തോട്ട് ഒന്ന് മാറ്റിയാൽ D1  ആകും,ഒന്ന് കൂടി തട്ടിയാൽ  D2 ...അങ്ങനെ D6 വരെ.....പിന്നീട് തട്ടിയാൽ  D യിലേക്ക് തിരിച്ചു പോകും. മല കയറുമ്പോഴും ഇറങ്ങുമ്പോഴും D2 വിൽ മാത്രം  ഡ്രൈവ് ചെയ്യണം, ഇടയ്ക്കിടെ നിരപ്പായ സ്ഥലം കണ്ടാൽ D3 യിൽ ഓടിക്കാം പക്ഷെ D2 ആണ് സുരക്ഷിതം. ഗീയർ മാറ്റുന്നതിൽ വേണ്ടത്ര പരിശീലനം ഞങ്ങൾക്ക് ലഭിച്ചു എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് അവർ കാർ മുന്നോട്ടു എടുക്കുവാൻ സമ്മതിച്ചത്.

മദാമ്മയെന്താണ്... പിള്ളേരെ പഠിപ്പിക്കുന്നത് പോലെ .....? എന്ന വിപരീത ചിന്ത ഉള്ളിൽ ഒളിപ്പിച്ചാണ് കാർ മുന്നോട്ടെടുത്തത്.പക്ഷെ അല്പം കഴിഞ്ഞപ്പോൾ അവർ പഠിപ്പിച്ചുതന്നതിലെ പച്ചയായ പൊരുൾ  എനിക്ക് മനസ്സിലായി ... വളവിലും തിരിവിലും നിരവധി അപകടങ്ങൾ ഒളിച്ചിരിക്കുന്ന ചെങ്കുത്തായ റോഡ്. ഓരോ മൈലിലും പ്രത്യേകം പോയിന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നു. ആ ഭാഗത്ത് വസിക്കുന്ന മൃഗങ്ങൾ ,പക്ഷികൾ  തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങൾ വലിയ ബോർഡുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു. കരടി, കാലമാനുകൾ, വരയാടുകൾ, തുടങ്ങി നിരവധിമൃഗങ്ങളുടെയും, പേരറിയാത്ത  അസംഖ്യം പക്ഷികളുടെയും ചിതങ്ങൾ ആ ബോർഡിലുണ്ട്. വഴിയിൽ എപ്പോൾ വേണമെങ്കിലും ഇവർ പ്രത്യക്ഷപ്പെടാം എന്ന മുന്നറിയിപ്പും .. 

കരടിയെങ്ങാൻ വന്നാൽ ശ്വാസം പിടിച്ചു മരിച്ചപോലെ കിടന്നാൽ മതി,  എന്ന പ്രൈമറി സ്‌കൂളിലെ  മലയാള പാഠപുസ്തകത്തിൽ നിന്ന് പഠിച്ച  ചെപ്പടിവിദ്യയെപ്പറ്റി അറിയാതെ ഓർത്തുപോയി.... എന്തായാലും മലമുകളിലെ  ഈ കുട്ടുകാരെ   സംരക്ഷിക്കപ്പെടേണ്ടതിന്റെ  ആവശ്യകതയെ കുറിച്ചുള്ള പ്രബോധനങ്ങൾ  വഴി നീളെ ഉണ്ടായിരുന്നു.

ഈ കാഴ്ചകൾ കണ്ട് ,  ബോർഡിൽ പറഞ്ഞ 'മലമുകളിലെ കുട്ടുകാർ' ആരെങ്കിലും വഴിയിൽ ഉണ്ടോ എന്ന് നോക്കി ശ്രദ്ധിച്ചു ഉയരങ്ങളിലേക്ക് ഡ്രൈവ് ചെയ്തു. ഓരോ ചരുവുകളിൽ നിന്നും  മുകളിലേക്കും താഴേക്കുമുള്ള ദുരക്കാഴ്ചകൾ അതി മനോഹരമായിരുന്നു. ഏതോ ചിത്രകാരൻ വരച്ചിട്ട മൊട്ട  കുന്നുകളും താഴ്വരകളും പോലെ  ....

കൊടുമുടിയുടെ അഗ്രത്തിലേക്ക്  ഡ്രൈവ് ചെയ്യുവാനുള്ള മനസ്സുറപ്പ്  ഉണ്ടായിരുന്നില്ല, കാരണം അത്രമാത്രം ചെങ്കുത്തായ വഴിയായിരുന്നു അത്. എന്നെപോലെയുള്ള ദുർബല മനസ്സുകൾക്ക് കാർ പാർക്ക് ചെയ്യുവാൻ ഒരിടത്താവളമുണ്ട്. അവിടെ നിന്ന് മുകളിലെത്തുവാൻ  പാർക്കിന്റെ വക ഷട്ടിൽ ബസ്സും.  ഞങ്ങൾ ആ ഇടത്താവളത്തിൽ  കാർ പാർക്ക് ചെയ്ത് ഷട്ടിൽ ബസ്സിൽ കയറി... എന്തൊരാശ്വാസം ..പിന്നീടുള്ള കാഴ്ചകൾ, യാതൊരു ടെൻഷനുമില്ലാതെ കൺ കുളിർക്കെ കണ്ടു. ഓരോ വളവിലും തിരിവിലും ചെറിയ ചെറിയ തടാകങ്ങൾ ...അവിടെയുള്ള 'മലമുകളിലെ കൂട്ടുകാർക്ക്' വെള്ളം കുടിക്കാൻ ഉണ്ടാക്കിയിട്ടിരിക്കുന്നതാണ് എന്ന് ഞാൻ മനസ്സിൽ കരുതി. താടകങ്ങളിലെ ജലത്തിന്  പല നിറങ്ങളായിരുന്നു ..ചിലത് പച്ച ,ചിലത് നീല ...സൂര്യരശ്മികൾ സഞ്ചാരികളുടെ കണ്ണുകൾക്ക് കൗതുകം നല്കുന്നതായിരിക്കാം  ...വഴിയുടെ ഇരു വശവും മഞ്ഞ പൂക്കളുമായി ജമന്തി പോലെയുള്ള ചെടികൾ ....പൂക്കൾ കുറവായിരുന്നെങ്കിലും, ആ ഇല്ലായ്മയിലും ആ മലനിരകൾ സുന്ദരിയായിരുന്നു. ഇടയ്ക്ക് ചില സ്ഥലങ്ങളിൽ വരയാടുകൾ ഞങ്ങളെ ഒളികണ്ണിട്ടു നോക്കി ഓടിപ്പായി. ക്രിസ്മസ് കാർഡുകളിൽ കാണുന്നത് പോലെയുള്ള കലമാനുകൾ ഫോട്ടോ എടുക്കുന്നതിനു മുൻപ് കണ്ണിൽ നിന്ന് മറഞ്ഞു ....ഈ കാഴ്ചകൾ ആസ്വദിച്ച് കൊടുമുടിയുടെ അഗ്രത്തിലേക്കു ഞങ്ങളുടെ ബസ്സ് നീങ്ങി  ...

പൈക് പീക് കൊടുമുടിയുടെ അഗ്രത്തിൽ നിന്നുള്ള കാഴ്ച അതിമനോഹരം എന്ന് എടുത്ത് പറയേണ്ടതില്ലോ ...താഴെയുണ്ടായിരുന്ന  90 ഡിഗ്രി ഫാരൻഹീറ്റ്‌ എന്ന താപനില 34 ഡിഗ്രിയിലേക്ക് താണു. ജാക്കറ്റ് ഇട്ടിരുന്നെങ്കിലും ആ തണുപ്പ് ആസ്വദിക്കുവാനായി ഇടയ്ക്കിടെ ഊരി  മാറ്റി.  ചുറ്റും  തെളിഞ്ഞ ആകാശം, അവയിലൂടെ ഒഴുകുന്ന മേഘങ്ങൾ, പാറക്കല്ലുകൾ പെറുക്കി കുട്ടി വച്ചിരിക്കുന്ന സുന്ദരമായ പ്രദേശം. ഒരു വിമാനത്തിന്റെ ജാലകത്തിൽ നിന്നുള്ള കാഴ്ച പോലെ താഴെ കുന്നുകളും താഴ്വരകളുമായി  നീണ്ടു നിരന്നു പരന്നു കിടക്കുന്നു.

ആ ഉയരങ്ങളിൽ  ഓക്സിജൻ എന്ന ശുദ്ധവായു കുറവാണ് ....ശ്വാസ കോശത്തിന് വികസന സ്വാതന്ത്ര്യം കുറവുള്ളവർക്കു അവിടെ  ശ്വാസം മുട്ടും, തല കറങ്ങും .....ഞാൻ ആ കുട്ടത്തിൽ പെട്ട ആളായത് കൊണ്ട്, ശ്വാസം മുട്ടിയെങ്കിലും, അമേരിക്കയുടെ തലയിൽ കയറിയുള്ള ആ നിൽപ്പ് എല്ലാം മായിച്ചു കളഞ്ഞു. അവിടെയും ഒരു പരിഹാരമുണ്ട്...ഒരു ഓക്സിജൻ സിലിണ്ടറുമായി പോകുക ...ഓക്സിജൻ സിലിണ്ടർ പുറകിൽ തൂക്കി 90 വയസുള്ള അമ്മാമയെ കണ്ടപ്പോൾ ഞാൻ എന്റെ ശ്വാസംമുട്ട് ആരോടും പറയാതെ ഉള്ളിൽ ഒതുക്കി.  

പൈക്സ് പീക്കിന്റെ മറ്റൊരു വശത്ത് ഒരു ട്രെയിൻ കിടക്കുന്നു ...അവിടേക്കു ട്രെയിൻ ഉണ്ട് എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. മല കയറുവാൻ പ്രത്യേകം ഡിസൈൻ ചെയ്ത ട്രെയിൻ ആളുകളെ കാത്തു കിടക്കുന്നു .. ഏതാണ്ട് രണ്ടു മണിക്കൂറോളം ആ കൊടുമുടിയിൽ ചിലവഴിച്ച ശേഷം ഞങ്ങൾ അവരുടെ ഷട്ടിൽ ബസിൽ താഴേക്ക് ..പാർക്കിംഗ് ലോട്ടിൽ എത്തിയ ശേഷം ഞങ്ങളുടെ സ്വന്തം കാറിൽ വീണ്ടും താഴേക്ക് ... ബ്രെക് ചെയ്യുന്നത് തീർത്തും ഒഴി വാക്കുക എന്ന മദാമ്മയുടെ നിർദ്ദേശം ഇടയ്ക്കിടെ സാഹസഞ്ചാരികൾ ഓർപ്പിക്കുന്നുണ്ടായിരുന്നു. D 2 വിൽ ഗീയർ സെറ്റ് ചെയ്ത് സാവധാനം ഞങ്ങൾ താഴേക്ക് ഡ്രൈവ് ചെയ്തു ..കുറെ ദൂരം താഴേക്ക് വന്നു കഴിഞ്ഞപ്പോൾ പാർക്ക് അധികാരികൾ  കാറിന്റെ ബ്രെക് വീണ്ടും ചെക്ക് ചെയ്തു. സുരക്ഷിതമെന്ന് തൃപ്തിപ്പെട്ടതിന് ശേഷം മാത്രമാണ് യാത്ര തുടരാൻ  അനുവദിച്ചത്.   

പൈക്സ് പീക്കിനെ  കുറിച്ചല്പം ചരിത്രം  ..എവറസ്റ് കൊടുമുടി എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഓടിയെത്തുന്ന പേരുകളല്ലേ  ഹിലാരിയും, ടെൻസിങ്ങും...അതേപോലെ ,പൈക്സ് പീക്കിനെ ഓർമപ്പെടുത്തുന്ന ഒരു പേരുണ്ട് സെബൂലൂൻ മോണ്ട്ഗോമറി പൈക് ,1806 ൽ അദ്ദേഹമാണ് ഈ കുന്നിനെ ലോകത്തിനു പരിചയപ്പെടുത്തികൊടുത്തത്. ഏതാണ്ട് ഒരു ബില്യൺ വർഷങ്ങൾക്കു മുൻപ് കാലിഫോർണിയായിലും, കൊളോറാഡോയിലും  ഉണ്ടായ ഒരു ഭൂകമ്പത്തിന്റെ പരിണിത ഫലമാണത്രെ, ദിനോസറുകളെ തുടച്ചു മാറ്റി ഉയർന്നു വന്ന ആ മലനിരകൾ. 38 മൈൽ മാത്രമേ ഇവിടെ സഞ്ചരിക്കുവാനുള്ളു എങ്കിലും  ഒരു മൂന്നു മണിക്കൂറെങ്കിലും ചിലവഴിക്കുവാനുള്ള മനസുമായി മാത്രമേ അവിടെ  പോകാവൂ .

മലയാളിമനസ്സിലെ ഒരു സുപ്രധാന കുടിയേറ്റക്കാരൻ ആണല്ലോ സ്വർണ്ണം ...സ്വർണവേട്ടയുടെ ഒരു ചരിത്രം തന്നെയുണ്ട് റോക്കി മൗണ്ടൻറെ ഭാഗമായ പൈക്സ് പീക്കിനു 1858 ൽ ആണ് ഇവിടെ സ്വർണം കണ്ടെത്തുന്നത്. അര കിലോഗ്രാമോളം വരുന്ന ഒരു സ്വർണ്ണ പാളിയുടെ കണ്ടുപിടിത്തത്തോടു കൂടിയാണ് ഇവിടെ അടിഞ്ഞുകൂടി ഉറച്ചിരിക്കുന്ന സ്വർണ്ണ നിക്ഷേപത്തെ കുറിച്ച് ലോകം അറിഞ്ഞു തുടങ്ങിയത്. തണുത്തുറഞ്ഞ കാലാവസ്ഥയിൽ അവിടെ ലഭ്യമായിരുന്ന പഴങ്ങളും കാട്ടു മൃഗങ്ങളെയും ഭക്ഷണമാക്കി നിധിവേട്ടക്കാർ നിരവധി മില്യൺ ഡോളറിന്റെ സ്വർണം ഇവിടെ നിന്നും കണ്ടെടുത്തു . 

ഇപ്പോൾ, നമുക്കും വേണമെങ്കിൽ ഈ സ്വർണവേട്ടയുടെ ഭാഗമായി മാറാം. കൊളോറാഡോ നദിയുടെ മണലിൽ ഇപ്പോഴും സ്വർണ്ണതരികൾ ഒഴുകിവരുന്നുണ്ട്. പുഴയോരത്ത് കൂടി  നടക്കുമ്പോൾ അവിടവിടെ ആയി ചില അരിപ്പ പത്രങ്ങൾ ഇരിക്കുന്നത് കാണാം .. മണ്ണും മണലും അരിച്ചു സ്വർണതരികൾ വേർതിരിച്ചെടുക്കുവാൻ ...അങ്ങനെ ചെയ്യുന്ന സഞ്ചാരികളെയും കാണാം  ഒരു കൗതുകത്തിനായി അരിപ്പയെടുത്ത ഞങ്ങളുടെ സഹസഞ്ചാരിക്കും കിട്ടി തിളങ്ങുന്ന ഒരു മഞ്ഞത്തരി, അത് കൈത്തണ്ടയിൽ എടുത്ത് വച്ച് സഹസഞ്ചാരി പ്രഖ്യാപിച്ചു ...ദേ ..സ്വർണ്ണം...!  ആണോ ...? ആയിരിക്കാം...

 

English summery: Pikes Peak International Hill Climb

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക