Image

മഹാവീര്യരുടെ ദയനീയ ദൗർബ്ബല്യങ്ങൾ -പ്രകാശൻ കരിവെള്ളൂർ

Published on 13 August, 2022
മഹാവീര്യരുടെ ദയനീയ ദൗർബ്ബല്യങ്ങൾ -പ്രകാശൻ കരിവെള്ളൂർ

ഏത് സൃഷ്ടിയുടെയും സംവേദനക്ഷമതയിൽ സ്രഷ്ടാക്കൾ പുലർത്തുന്ന മാധ്യമബോധം വളരെ പ്രധാനമാണ്. തികച്ചും വ്യത്യസ്തമായ ഒരു സിനിമയായി സിനിമാസ്വാദകർ വരവേൽക്കുമായിരുന്ന മഹാവീര്യരെ വല്ലാതെ കുഴക്കിയത് മാധ്യമബോധമില്ലായ്കയാണ് . അഥവാ മാധ്യമബോധത്തെ അവഗണിച്ചതാണ്. നാടകത്തിന് നാടകീയത എന്നത് പോലെ സിനിമയ്ക്ക് സിനിമാറ്റിക് എന്നൊരു ഗുണമുണ്ടാവേണ്ടതുണ്ട്. പല തവണ ആവർത്തിച്ച കഥയായിട്ടും പാപ്പൻ ഒരു മോശമല്ലാത്ത തീയറ്റർ അനുഭവമായത് അതുകൊണ്ടാണ്. ഈ സിനിമാറ്റി സത്തെ മൗലികമായ രീതിയിൽ ആവിഷ്കാര തീക്ഷ്ണവും പ്രമേയ ചടുലവുമാക്കിയത് കൊണ്ടാണ് ഇലവീഴാ പൂഞ്ചിറയും മലയൻ കുഞ്ഞുമൊക്കെ ശ്രദ്ധിക്കപ്പെട്ടത്. ബ്രോഡാഡിയും ട്വൽത്ത് മാനും സി ബി ഐ 5 ഉം ഒക്കെ തികഞ്ഞ സിനിമാറ്റിക് പരാജയങ്ങളാണ്. ഇസ്ളാമിക പ്രീണനത്തിന് വഴിയൊരുക്കിയിട്ടും ഭീഷ്മ പ്രേക്ഷകരെ കുറച്ചെങ്കിലും ആകർഷിച്ചതും തല്ലിപ്പൊളിക്കടുവ കാടിറങ്ങിയപ്പോൾ തീയറ്ററിൽ ആള് കയറിയതും ഈ സിനിമാറ്റി സത്തിന്റെ പിൻബലത്തിലാണ്. എം.മുകുന്ദന്റെ കനപ്പെട്ട പ്രമേയമുള്ള ഒരു കഥ കിട്ടിയിട്ടും അമ്പരപ്പിക്കുന്ന അഭിനയ ശേഷിയുള്ള ഒരു കൂട്ടം നടീനടന്മാർ കൂടെയുണ്ടായിട്ടും  എബ്രിഡ് ഷൈനിനെപ്പോലെ കഴിവ് തെളിയിച്ച ഒരു സംവിധായകന് മഹാവീര്യരെ ശ്രദ്ധേയമാക്കാൻ കഴിയാതെ പോയത് ആ സിനിമാറ്റിസത്തിന്റെ അഭാവം കൊണ്ടാണ്. 

ഭാംഗ് ലഹരിയിൽ കാലാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന അപൂർണാനന്ദൻ എന്ന സന്യാസിയെക്കൊണ്ട് ചരിത്രത്തിലെ രാജനീതിയേയും വർത്തമാനത്തിലെ കോടതിയേയും കൂട്ടിയിണക്കുന്ന കഥാതന്തു അത്യന്തം പുതുമയാർന്നതു തന്നെ. ജനതയുടെ കണ്ണീര് കുടിച്ച് എക്കിൾ മാറ്റുന്ന ഈ രാജാവ് ഇന്നത്തെയും എന്നത്തേയും  അധികാരിവർഗത്തിന് നേരെയുള്ള സറ്റയർ തന്നെ. പുരുഷർ മാത്രമുള്ള സദസ്സിൽ പെണ്ണിനെ  വസ്ത്രാക്ഷേപം ചെയ്യുന്ന ദുര്യോധന - ദുശ്ശാസനനീതി മഹാഭാരതത്തിൽ നിന്ന് ഈ കഥയിലേക്കും കടന്നു വരുന്നുണ്ട്. കനത്ത ദു:ഖങ്ങൾക്കിടയിലും സന്തോഷത്തിന്റെ ഉന്മാദങ്ങൾ തേടുക എന്നത് ലഹരിയുടെ മാർഗമാണ്. അപമാനിതയായപ്പോൾ ശില പോലുറഞ്ഞവൾ സന്യാസി തൂവൽ കൊണ്ട് സ്പർശമേകിയപ്പോൾ സുഖാനുഭൂതിയുടെ ആനന്ദക്കണ്ണീരൊഴുക്കുന്നത് ഒരു പുതിയ ജീവിത ദർശനമാണ്. അത് പക്ഷേ രാജാവിന്റെ ക്രൂര ഭാവത്തിന് അയവ് വരുത്താനല്ലേ ഉതകിയത് ? സ്വാർത്ഥ സംരക്ഷണവും പ്രണയ വഞ്ചനയും വാഗ്ദാന ലംഘനവുമൊക്കെയായി ഭരണകൂടത്തിന്റെയും ബ്യൂറോക്രസിയുടെയും ഇരകളാകുന്ന ജനതയുടെ ദൈന്യത കണ്ണിൽ കൊള്ളും പോലെ കൊളളിക്കേണ്ടിടത്ത് മഹാവീര്യരിലെ ആനന്ദക്കണ്ണീർ കൗതുകകരമെങ്കിലും അത് പ്രമേയതീക്ഷ്ണതയുടെ മുനയൊടിക്കുന്നുണ്ട്. എടുത്തടിച്ച പോൽ നഗ്നമാക്കപ്പെട്ട പെണ്ണിന്റെ മാറിടം - ആ ഷോക്കുമായി തീയറ്റർ വിടാൻ അവസരമൊരുക്കിയില്ല മഹാവീര്യർ . പകരം ഒരു തരം കൃത്രിമ ശുഭ പര്യവസായിത്വം.

നിവിനെയും ആസിഫിനേയും കാൾ അപാരമായ അഭിനയവുമായി നമ്മെ ത്രസിപ്പിക്കുന്ന ലാലും സിദ്ദിഖുമാണ് മഹാവീര്യരുടെ ഒരു മേന്മ. നായികയുടെ രൂപ ഭാവങ്ങൾക്കുമുണ്ട് ഒരു വ്യത്യസ്തത . ചില മുൻ സിനിമകളിലെ പ്രകടനങ്ങളോട് താരതമ്യം ചെയ്താൽ നായക താരങ്ങൾക്ക് മഹാവീര്യരിൽ ഒന്നും അവകാശപ്പെടാനില്ല. 

ഫാന്റസിയും സറ്റയറും ബ്ളാക്ക് ഹ്യൂമറും ഒക്കെ കൊള്ളാം - എന്നാൽ ഒന്നും കൊള്ളേണ്ട രീതിയിൽ കൊണ്ടെന്ന് തോന്നിയില്ല. കാരണം എറിയേണ്ട മാതിരി എറിഞ്ഞില്ല എന്നു തന്നെ. ഒരു കോടതി മുറിയിൽ മാത്രം കുടുങ്ങിക്കിടന്നാലും ദൃശ്യങ്ങളെ ചലനാത്മകമാക്കാൻ എന്തൊക്കെ മാർഗങ്ങളുണ്ട് ? അതിൽ ശ്രദ്ധിച്ചില്ല. ആധുനിക രീതിയിലുള്ള നാടകങ്ങൾ പോലും ഈ പുതിയ സിനിമയേക്കാൾ ചലനാത്മകത പുലർത്തുന്നുണ്ട്. കലാകാരന് കിട്ടിയ ഏതോ ലഹരി വീര്യം (അത് ലഹരി വസ്തുക്കൾ ഉപയോഗിച്ചിട്ട് തന്നെ ആകണമെന്നില്ല) മഹാവീര്യരുടെ മറ്റെല്ലാ വീര്യങ്ങളെയും കെടുത്തിക്കളഞ്ഞു. അതിനിടയിൽ പ്രമേയത്തിന്റെ ലക്ഷ്യബോധവും നഷ്ടപ്പെട്ടു പോയി. ആഖ്യാനം ചെയ്യുന്ന കാര്യം ഗഹനമോ സങ്കീർണമോ ലളിതമോ സരളമോ - അതൊന്നു മല്ലല്ലോ , അതെങ്ങനെ സിനിമ എന്ന മാധ്യമത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രേക്ഷണപ്രായമാക്കി ? അതല്ലേ പ്രധാനം. അക്കാര്യത്തിൽ ഒട്ടും വിജയിക്കാൻ കഴിഞ്ഞിട്ടില്ല മഹാവീര്യർക്ക് .

prakashan karivelloor

mahaveeryarude dourbalyangal

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക