Image

റുഷ്‌ദിയുടെ  വെന്റിലേറ്റർ നീക്കം ചെയ്തു; അക്രമിക്കു ജാമ്യമില്ല 

Published on 14 August, 2022
റുഷ്‌ദിയുടെ  വെന്റിലേറ്റർ നീക്കം ചെയ്തു; അക്രമിക്കു ജാമ്യമില്ല 

സൽമാൻ റുഷ്‌ദിയുടെ  വെന്റിലേറ്റർ നീക്കം ചെയ്തു. അദ്ദേഹത്തിനു സംസാരിക്കാൻ കഴിയുന്നുമുണ്ട്. ഇക്കാര്യങ്ങൾ സാഹിത്യകാരന്റെ ഏജന്റ് ആൻഡ്രൂ വൈലി  സ്ഥിരീകരിച്ചതായി 'വാഷിംഗ്‌ടൺ പോസ്റ്റ്' അറിയിച്ചു. 

റുഷ്‌ദിയുടെ കഴുത്തിൽ വലതു ഭാഗത്തു മൂന്ന് കുത്തേറ്റ മുറിവുകളുണ്ടെന്നു ഷട്ടക്വ കൗണ്ടി ഡിസ്‌ട്രിക്‌ട് അറ്റോണി ജേസൺ ഷ്മിറ്റ്‌ പറഞ്ഞു. വയറ്റിൽ നാലു കുത്തേറ്റു. നെഞ്ചിൽ കത്തി തുളഞ്ഞു കയറി. കുത്തു കൊണ്ട വലതു കണ്ണിനു കാഴ്ച നഷ്ടപ്പെട്ടേക്കാം.

വെള്ളിയാഴ്ച ഷട്ടക്വയിൽ സാഹിത്യ സമ്മേളനത്തിന് എത്തിയ റുഷ്‌ദിയെ ആക്രമിച്ചതിന് അറസ്റ്റിലായ ഹാദി മട്ടർ എന്ന 24 കാരനു കോടതി ജാമ്യം നിഷേധിച്ചു. വധശ്രമവും ആക്രമണവുമാണ് യുവാവിന്റെ മേൽ ചുമത്തിയ കുറ്റങ്ങൾ. 

മട്ടർ കോടതിയിൽ കുറ്റം നിഷേധിച്ചു. ഷട്ടക്വ കൗണ്ടി ജയിലിലേക്കാണ് അയാളെ റിമാൻഡ് ചെയ്തത്. ന്യൂ ജേഴ്‌സിയിൽ ഫെയർവ്യൂ നിവാസിയായ യുവാവിനെ ഇനി വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. 

സാർവലൗകിക ആദർശങ്ങളായ സത്യം, ധീരത, വീണ്ടെടുക്കൽ എന്നിവയ്ക്കു നിലകൊള്ളുന്ന റുഷ്‌ദിയുടെ നേരെ നടന്ന ആക്രമണത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ഞെട്ടലും ദുഖവും രേഖപ്പെടുത്തി. "ന്യു യോർക്കിൽ നടന്ന ഈ ക്രൂരമായ ആക്രമണം ജില്ലിനെയും എന്നെയും ഞെട്ടിച്ചു. ഞങ്ങൾ ദുഃഖം രേഖപ്പെടുത്തുന്നു," ശനിയാഴ്ച വൈറ്റ് ഹൌസ് പുറത്തു വിട്ട പ്രസ്താവനയിൽ ബൈഡൻ പറഞ്ഞു. 

"മാനവികതയിൽ അഗാധമായ ഉൾക്കാഴ്ചയുള്ള, കഥ പറയുന്നതിൽ അതുല്യനായ, നിശബ്ദനാക്കാനുള്ള ശ്രമങ്ങൾക്കു വഴങ്ങാത്ത, സൽമാൻ റുഷ്‌ദി സാർവലൗകിക ആദർശങ്ങളായ സത്യം, ധീരത, വീണ്ടെടുക്കൽ എന്നിവയ്ക്കു വേണ്ടി നിലകൊള്ളുന്നു.  

"ആശയങ്ങൾ പങ്കു വയ്ക്കുന്നതിൽ ആരെയും ഭയക്കാത്ത എഴുത്തുകാരൻ. ഏതു സ്വതന്ത്ര സമൂഹത്തിന്റെയും നിർമിതിയിൽ ഇവയൊക്കെ അവശ്യ ഘടകങ്ങളാണ്. ഈ അഗാധമായ അമേരിക്കൻ മൂല്യങ്ങൾ നിലനിർത്തുമെന്നു ഇന്ന് റുഷ്‌ദിക്കും അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന എല്ലാവര്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഞാൻ ഉറപ്പു നൽകുന്നു."

വിരട്ടേണ്ടെന്നു ഇറാൻ 

ഇറാനെതിരെ 'ഭീഷണിയുടെ ഭാഷ' ഉപയോഗിക്കേണ്ട എന്ന് വിദേശകാര്യ മന്ത്രി ഹൊസെയിൻ ആമിർ അബ്ദുല്ലാഹിയാൻ ശനിയാഴ്ച അമേരിക്കയോട് പറഞ്ഞു. മുൻ യു എസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജോൺ ബോൾട്ടനെ വധിക്കാൻ ഗൂഢാലോചന നടത്തിയതിനു ബുധനാഴ്ച ഇസ്ലാമിക് റെവൊല്യൂഷൻ ഗാർഡ്സ് അംഗത്തിനെതിരെ യു എസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയതിനോടുള്ള പ്രതികരണം ആയിരുന്നു അത്. 

"ഇറാനെതിരെയും ഇറാൻകാർക്ക് എതിരെയും ഭീഷണിയുടെ ഭാഷ വിലപ്പോവില്ലെന്നു അമേരിക്കയെ ചരിത്രം പഠിപ്പിച്ചിട്ടുണ്ടാവും," മന്ത്രി പറഞ്ഞു. 

 see also

റുഷ്‌ദി: സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി അറിയപ്പെടുന്ന എഴുത്തുകാരൻ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക