Image

ശ്രീരാമ പട്ടാഭിഷേകം (ദുർഗ മനോജ്) 

Published on 14 August, 2022
ശ്രീരാമ പട്ടാഭിഷേകം (ദുർഗ മനോജ്) 

READ MORE: https://emalayalee.com/writer/164

യുദ്ധകാണ്ഡം: നൂറ്റിപ്പതിനൊന്നു മുതൽ നൂറ്റി ഇരുപത്തിയെട്ട് സർഗം
ഉത്തരകാണ്ഡം: ഒന്നു മുതൽ നാൽപ്പത്തിനാലു സർഗം 

രാവണൻ കൊല്ലപ്പെട്ടിരിക്കുന്നു. ഇനി അദ്ദേഹത്തിനു ഉചിതമായ സംസ്ക്കാരം നൽകേണ്ടതുണ്ട് എന്ന് രാമൻ വിഭീഷണനോട് ആവശ്യപ്പെട്ടു. അതു ശിരസ്സാവഹിച്ചു വിഭീഷണൻ വേണ്ട എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തി, ഉത്തമമായ ചിത ചമച്ചു. അന്തഃപുര സ്ത്രീകൾ കണ്ണീർ വാർത്തുകൊണ്ടു മലർ തൂകി.  യഥാവിധി ചിതക്കു തീ കൊളുത്തി. രാവണൻ്റെ ശേഷക്രിയകൾക്കു ശേഷം രാമൻ, വിഭീഷണനെ ലങ്കാധിപതിയായി അഭിഷേകം ചെയ്തു. അതിനുശേഷം ഹനുമാനെ അടുത്തു വിളിച്ചു സീതയോട് രാവണവധത്തെക്കുറിച്ചും യുദ്ധവിജയത്തെക്കുറിച്ചും പറയുവാൻ ഏർപ്പാടു ചെയ്തു. ഹനുമാൻ ഉടനെ അശോകവനികയിൽ എത്തുകയും ഒറ്റ വസ്ത്രവുമായി, മലിനയായി ദുഃഖിതയായിരിക്കുന്ന സീതയോടു രാമവിജയത്തെക്കുറിച്ചു വിവരിക്കുകയും ചെയ്തു. അതുകേട്ടു ഒരു നിമിഷം ആനന്ദംകൊണ്ടു സീത നിശ്ശബ്ദയായി. പിന്നെ പ്രിയവാർത്ത കേട്ടു കണ്ണു നിറഞ്ഞ് ഹനുമാന് എന്തു സമ്മാനം നൽകുമെന്നു ചിന്തിച്ചുനിന്നു. ഈ സമയം ഹനുമാൻ ഇത്ര കാലം സീതയെ ക്രൂരമായി ഉപദ്രവിച്ച രാക്ഷസികളെ മുടിച്ചുകളയട്ടെ എന്നു ചോദിച്ചു. എന്നാൽ, ശ്രേഷ്ഠ പുരുഷൻ പാപകർമ്മികളായ മറ്റാളുകളുടെ പാപകർമ്മത്തിനു പ്രതികാരം ചെയ്യാറില്ല എന്നു മറുപടി പറഞ്ഞു ഹനുമാനെ സീത തടഞ്ഞു. 

സീതയെ കാര്യങ്ങൾ ധരിപ്പിച്ചതായി ഹനുമാൻ മടങ്ങിച്ചെന്നു രാമനെ അറിയിച്ചു. ഈ സമയമായപ്പോഴേക്ക് കുളിച്ച് പട്ടുവസ്ത്രങ്ങളണിഞ്ഞ് രാമസവിധത്തിലെത്തണമെന്നു രാമൻ ആവശ്യപ്പെട്ടതായി വിഭീഷണനും അന്തഃപുരസ്ത്രീകൾ മുഖേന സീതയെ ധരിപ്പിച്ചു. രാമാജ്ഞ അനുസരിച്ചു സീത പട്ടുവസ്ത്രങ്ങളും മാല്യങ്ങളും ആഭരണങ്ങളും ധരിച്ചു പല്ലക്കിൽ രാമനടുത്തേക്കു ചെന്നു. സീത വരുന്ന വഴിയിൽ വാനരന്മാരും അരക്കന്മാരും സീതയെ കാണുവാൻ തിക്കിതിരക്കി.  വിഭീഷണൻ്റെ സൈനികർ  അവരെ നിയന്ത്രിച്ചു എന്നാൽ പെട്ടന്നു രാമൻ അതു തടഞ്ഞു. എന്നിട്ടു പറഞ്ഞു, "പല്ലെക്കിൽ നിന്നിറങ്ങി സീത നടന്നു വരട്ടെ. വ്യസന കാലത്തോ, ആപത്കാലത്തോ, സ്വയംവര വേളയിലോ, യാഗത്തിലോ, സ്ത്രീയെ മറ്റുള്ളവർ കാണുന്നതിൽ തെറ്റില്ല. മാത്രവുമല്ല ഇപ്പോൾ ഞാനിവിടെ ഉണ്ടുതാനും."
ആർക്കും രാമൻ്റെ മുഖത്തേക്കു നോക്കുവാൻ പോലുമായില്ല. തുടർന്നു രാമൻ സീതയോടു പറഞ്ഞു, അന്യൻ്റെ അന്തഃപുരത്തിൽ പാർത്തവളെ സ്വീകരിക്കുവാൻ എനിക്കാകില്ല. ഇനി ആർക്കൊപ്പം വേണമെങ്കിലും, എങ്ങോട്ടു വേണമെങ്കലും സീതയ്ക്കു പോകാം. നീ സ്വതന്ത്രയാണ്.
രാമൻ്റെ ക്രൂരമായ വാക്കുകൾ കേട്ടു സീത, പിന്നെന്തിനാണു ഹനുമാനെ അയച്ചതെന്നും ഇത്ര അധികം ജീവഹാനി വാനരന്മാർക്കു സംഭവിക്കും വിധം യുദ്ധം വേണ്ടിയിരുന്നില്ലല്ലോ എന്നും ചോദിച്ചു.
അതിനു മറുപടിയായി, ഭാര്യ അപഹരിക്കപ്പെട്ടു എന്ന അപമാനം കുലത്തിനു സംഭവിക്കാതിരിക്കുവാനാണ് അതു ചെയ്തവനെ കൊന്നത് എന്നു രാമൻ പറഞ്ഞുവച്ചു.

അതോടെ ഇനി ഭൂമിയിൽ വാഴുന്നതിൽ അർത്ഥമില്ലെന്നു കണ്ട്, സീത ലക്ഷ്മണനോടു ചിത ചമയ്ക്കുവാൻ ആവശ്യപ്പെട്ടു. ലക്ഷ്മണൻ അതനുസരിച്ചു. ഒരു നിമിഷമെങ്കിലും താൻ രാമനെ മനസാ ഉപേക്ഷിക്കുകയോ ഓർക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ എന്നെ സ്വീകരിക്കുക എന്ന് അഗ്നിദേവനോടു പ്രാർത്ഥിച്ചു കൊണ്ടു സീത അഗ്നിയിൽ പ്രവേശിച്ചു.
ഈ സമയം എല്ലാ ദേവകളും ഭൂമിയിൽ രാമനു മുന്നിലെത്തി. അവർ രാമനോട് അങ്ങു വെറും മർത്യനല്ല എന്നും മറിച്ച്, സാക്ഷാൽ ദേവനാരായണൻ തന്നെയാണെന്നു അറിയിച്ചു. അഗ്നി, ഒരു പോറൽ പോലുമില്ലാതെ സീതയെ കൈകളിലേന്തി രാമനു മുന്നിലെത്തി. എന്നിട്ട്, കളങ്കമേതുമില്ലാത്ത സീതയെ സ്വീകരിക്കുക എന്നാജ്ഞാപിച്ചു.
ഇതു കേട്ടു രാമൻ, സീതയിൽ തനിക്കേതുവിധ സംശയവുമില്ലെന്നും, പക്ഷേ, ലോകർ നാളെ പഴിക്കുമെന്നു ഭയന്നാണ് അപ്രകാരം പെരുമാറേണ്ടി വന്നതെന്നും അറിയിച്ചു. ഈ സമയം സ്വർഗ്ഗലോകത്തു നിന്നും ദേവകൾക്കൊപ്പം വന്ന ദശരഥനും മൂവർക്കു മുന്നിലും പ്രത്യക്ഷനായി മൂവരേയും അനുഗ്രഹിച്ചു.

അതോടെ അയോധ്യയിലേക്കു മടക്കയാത്രക്കുള്ള ഒരുക്കമായി. പുഷ്പകവിമാനത്തിൽ വിഭീഷണനും, സുഗ്രീവനും അടക്കമുള്ള വാനര പ്രമുഖന്മാരുമായി അയോധ്യയിലേക്കു മടങ്ങി. രാമനിർദ്ദേശപ്രകാരം ഹനുമാൻ, രാമൻ്റ വരവ് ഭരതനെ അറിയിച്ചു. അതിൻ പ്രകാരം രാമനെ സ്വീകരിക്കുവാൻ അയോധ്യ ഒരുങ്ങി. ഏവരും എത്തിച്ചേർന്നതോടെ താമസംവിനാ അയോധ്യാപതിയായി ശ്രീരാമ പട്ടാഭിഷേകവും നടന്നു.

ഉത്തരരാമായണം

രാവണവധത്തിനും ശ്രീരാമപട്ടാഭിഷേകത്തിനും ശേഷം അയോധ്യ സാധാരണ നിലയിൽ വർത്തിക്കുന്ന കാലം. ഈ സമയം അവിടേക്ക് നാലുദിക്കുകളിൽ നിന്നുമുള്ള ബഹ്മർഷിമാർ അഗസ്ത്യമുനിയുടെ നേതൃത്വത്തിൽ  എത്തിച്ചേർന്നു. വസിഷ്ഠൻ, കശ്യപൻ, അത്രി, വിശ്വാമിത്രൻ ഗൗതമൻ, ജമദഗ്നി, ഭരദ്വാജൻ എന്നിവരും അവിടെ എത്തിച്ചേർന്നു. രാമൻ ഏവരേയും സ്വീകരിച്ചാനയിച്ചു.രാവണനേയും, രാവണിയേയും കാലപുരിക്കയച്ച രാമലക്ഷ്മണന്മാരെ അവർ പ്രശംസിച്ചു. അപ്പോൾ രാമൻ, എങ്ങനെയാണ് രാവണൻ്റെ കുലമുണ്ടായത് എന്ന് ആരാഞ്ഞു. അഗസ്ത്യമുനി ആ കഥ പറഞ്ഞു തുടങ്ങി.

കൃതയുഗത്തിൽ പ്രജാപതി പുത്രൻ പുലസ്ത്യൻ എന്നു പേരായ ബ്രഹ്മർഷി ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ മകൻ പൗലസ്ത്യൻ, പുത്രൻ വിശ്രവസ്സ്.വിശ്രവസ്സിനും ഭാര്യ, ഭരദ്വാജപുത്രി ദേവവർണ്ണിനിയുടേയും പുത്രനായി  വൈശ്രവണൻ പിറന്നു.
വൈശ്രവണൻ തപസു ചെയ്ത് ഇന്ദ്രൻ, വരുണൻ, യമൻ എന്നിവർക്കൊപ്പം സ്ഥാനം നേടി. അദ്ദേഹം ധനത്തിൻ്റെ അധിപനായി. ഒപ്പം സഞ്ചരിക്കുവാൻ പുഷ്പകവിമാനവും നൽകി ബ്രഹ്മാവ്. അതിനു ശേഷം, വൈശ്രവണനു പാർക്കാനായി രാക്ഷസർ ഒഴിഞ്ഞു പോയ, അമരാവതിക്കു തുല്യമായ ലങ്ക നിർദ്ദേശിച്ചു. അങ്ങനെ വൈശ്രവണൻ അവിടെ ജീവിച്ചു വന്നു.

ഇത്രയും പറഞ്ഞ ശേഷം മുനി, രാക്ഷസോൽപ്പത്തിയെക്കുറിച്ചു പറഞ്ഞു തുടങ്ങി.
താമരപ്പൂവിൽ പിറന്ന പ്രജാപതി, ജലത്തെ സൃഷ്ടിച്ചു പിന്നെ, ജന്തുജാലങ്ങളേയും. വിശപ്പും ദാഹവും കൊണ്ടു വലഞ്ഞവ പ്രജാപതിക്കു മുന്നിലെത്തി, അദ്ദേഹം, യത്നപൂർവ്വം രക്ഷിക്കുവിൻ എന്നു പറഞ്ഞു. അവരിൽ വിശപ്പില്ലാത്തവർ 'രക്ഷാമ ' എന്നും വിശപ്പുള്ളവർ 'യക്ഷാമ' എന്നും പറഞ്ഞു. ആദ്യത്തെക്കൂട്ടർ രാക്ഷസർ എന്നും രണ്ടാമത്തെ കൂട്ടർ യക്ഷന്മാർ എന്നും അറിയപ്പെട്ടു.
അതിൽ രാക്ഷസരെ നയിച്ചത് ഹേതി, എന്നും പ്രഹേതി എന്നും പേരായ രണ്ടു മഹാരാക്ഷസന്മാരാണ്. ഹേതി പുത്രനായ വിദ്യുത്കേശൻ്റെ പുത്രൻ സുകേശൻ, അവൻ്റെ പുത്രന്മാർ,മാല്യവാൻ, സുമാലി, മാലി.മൂന്നു പേരും തപസു ചെയതു ശക്തരായി ദേവന്മാർക്കു നേരെ ആക്രമണം അഴിച്ചുവിട്ടുകൊണ്ടു ജീവിച്ചുവന്നു. അവരുടെ ആവശ്യപ്രകാരമാണ് ദേവന്മാർക്ക് അമരാവതി പോലെ രാക്ഷസന്മാർക്കു ലങ്ക വിശ്വകർമ്മാവ് സൃഷ്ടിച്ചത്. അങ്ങനെ രാക്ഷസർ ലങ്കയിൽ പാർപ്പു തുടങ്ങി. ഇതിനിടയിൽ രാക്ഷസന്മാരുടെ ശല്യം സഹിക്കാതെ നാരായണൻ അവരെ പതാള ലോകമായ രസാതലത്തിലേക്കു ഓടിച്ചു. അങ്ങനെ രാക്ഷസർ ഒഴിഞ്ഞ ലങ്കയിലാണ് വൈശ്രവണൻ പാർത്തു തുടങ്ങിയത്.

അടുത്തതായി അദ്ദേഹം രാവണൻ്റെ ഉത്പത്തികഥ പറഞ്ഞു.
സുമാലിയുടെ പുത്രി കൈകസി, വൈശ്രവണനെ ഒരിക്കൽ കണ്ടു. എന്നിട്ട് സ്വന്തം ഗതി ഓർത്തു ദുഃഖിച്ചു. ലങ്ക വിട്ടു രസാതലമെന്ന പാതാളത്തിലെ അനാഥമായ ജീവിതത്തിൽ ദുഃഖിതയായി. അവൾ നേരെ വിശ്രവസ്സിനെ സമീപിച്ചു, തനിക്കു വൈശ്രവണനെപ്പോലെയുളള മക്കളെ വേണമെന്ന് അപേക്ഷിച്ചു. വിശ്രവസ്സ് , കൈകസിയോടു ദാരുണമായ അവസ്ഥയിൽ തന്നെ സമീപിച്ചതിനാൽ മക്കൾ രാക്ഷസരും ക്രൂരകർമ്മികളുമാകുമെന്നറിയിച്ചു. ഒടുവിൽ അവളുടെ അപേക്ഷ പ്രകാരം ഒരു പുത്രൻ ധർമ്മത്തിൽ ചരിക്കുമെന്നും അനുഗ്രഹിച്ചു. അങ്ങനെ വിശ്രവസ്സിൻ്റെയും കൈകസിയുടേയും പുത്രന്മാരായി രാവണൻ, കുംഭകർണ്ണൻ, ധർമ്മാത്മാവായ വിഭീഷണൻ എന്നീ പുത്രന്മാരും രാക്ഷസിയായ ശൂർപ്പണഖയും ജനിച്ചു.

പതിനായിരം വർഷം ഘോരതപസു ചെയ്ത രാവണൻ പ്രബലനായി. അവൻ, വൈശ്രവണനെ ലങ്കയിൽ നിന്നും ഓടിച്ചുവിട്ട്, പുഷ്പകവും തട്ടിയെടുത്ത് അവിടെ പാർപ്പു തുടങ്ങി. അങ്ങനേയിരിക്കേ നാരായണ പത്നിയാകുവാൻ തപസ്സു ചെയ്തിരുന്ന വേദവതി എന്ന ഋഷികന്യകയെ അവൻ ആക്രമിച്ചു. അവൾ, നിന്നെ നേരിട്ടു കൊല്ലാൻ എനിക്കാകില്ലെങ്കിലും, നിൻ്റെ നാശത്തിനായി അയോനിജയായി, സ്നേഹമുള്ള അച്ഛനുമകളായി വീണ്ടുംവരും എന്നു റഞ്ഞ് തീകൂട്ടി അതിൽ ചാടിമരിച്ചു. ശേഷം, അവൾ താമരയിൽ പിറന്നു. താമര നിറമാർന്ന ആ കുഞ്ഞ് കാരണം മരണംഫലം എന്നുകണ്ട രാവണൻ ആ കുഞ്ഞിനെ കടലിൽ ഒഴുക്കി. എന്നാൽ ആ കുട്ടിയെ പിന്നീടു ജനകനു ഉഴവുചാലിൽ നിന്നു ലഭിച്ചു. ആ വേദവതിയാണു സീത. ഒടുവിൽ ത്രേതായുഗത്തിൽ ആ വേദവതി മൂലം രാവണൻ കൊല്ലപ്പെട്ടു.

വേദവതിയുടെ ശാപത്തിനും മുൻപുള്ള കഥകളാണിനി. രാവണവിക്രമത്തിൻ്റെ കഥകൾ.
രാവണൻ്റെ വിക്രമം പാരിലെങ്ങും വളരുന്ന സമയം. അവൻ, യമനേയും വരുണനേയും തോൽപ്പിച്ചു. അഹങ്കാരിയായ അവൻ തനിക്കു മോഹം തോന്നുന്ന ഏതു സ്ത്രീയേയും ആക്രമിച്ചു. അത്തരത്തിൽ നൂറു കണക്കിനു സ്ത്രീകളെ പിടികൂടി പുഷ്പകത്തിലിട്ടു ഏവരേയും കൂട്ടി ലങ്കയിലെത്തി. ഭൂമിയിൽ സ്ത്രീകളുടെ നിലവിളി വർദ്ധിച്ചു.

ഭൂമിയും പാതാളവും കാൽച്ചുവട്ടിലാക്കിയ രാവണൻ തുടർന്നു ദേവന്മാരെ തോൽപ്പിക്കുവാൻ നിശ്ചയിച്ചു.അതിനായി വൻ പടയുമായി വീണ്ടും പുറപ്പെട്ടു. അതി മനോഹരമായ  കൈലാസ പർവ്വത പ്രദേശത്ത് എത്തിയപ്പോൾ അവിടെ രാത്രി വിശ്രമത്തിനായി  തങ്ങാൻ അവൻ തീരുമാനിച്ചു.ഈ സമയം ദേവസദസ്സിലെ അപ്സരസു രംഭ അതി മനോഹരിയായി അതുവഴി വരുന്നുണ്ടായിരുന്നു. രംഭയിൽ അവനു മോഹമുദിച്ചു. അവൻ രംഭയെ സമീപിച്ചു. അവൾ പറഞ്ഞു, അങ്ങ് ക്ഷമിക്കുക. ഞാൻ അങ്ങയുടെ പുത്ര ഭാര്യയാണ്.വൈശ്രവണപുത്രൻ നളകൂബരൻ്റെ പ്രേയസിയാണു ഞാൻ. എന്നെ പ്രാപിക്കുന്നത് അധർമ്മമാണ്. അതു കേട്ടു രാവണൻ, രംഭ യോട് അവൾ ഒരു അപ്സരസ്സാണെന്നും. അത്തരക്കാർക്കു ഭർത്താക്കന്മാർ പതിവില്ലെന്നും, മാത്രവുമല്ല, രാക്ഷസർ ഏക പത്നീ വ്രതക്കാരല്ലാത്തതിനാൽ പുത്ര ഭാര്യയെന്ന നിയമം ബാധകവുമല്ല എന്നു പറഞ്ഞു ബലമായി അവളെ പ്രാപിച്ചു. രംഭ കരഞ്ഞു കൊണ്ടു, തന്നെ കാത്തിരിക്കുന്ന നളകൂബരൻ്റെ അടുത്തെത്തി കാര്യങ്ങൾ പറഞ്ഞു. ദുഃഖം കൊണ്ടു തകർന്ന അദ്ദേഹം, അനുമതിയില്ലാതെ ഏതു പെണ്ണിനെ തൊട്ടാലും രാവണൻ്റെ തല പൊട്ടിച്ചിതറും എന്നു ശപിച്ചു. അതോടെ രാവണൻ പിടിച്ചു വച്ച പതിവ്രതകളായ സ്ത്രീകൾക്ക് ആശ്വാസമായി.

തുടർന്നു ദേവാസുര യുദ്ധം ആരംഭിച്ചു. രാക്ഷസനായ സുമാലിയെ ഇന്ദ്രൻ വധിച്ചു. അതിൽ കുപിതനായ രാവണൻ ഇന്ദ്രനുമായി യുദ്ധം തുടങ്ങി. രാത്രിയും അതു തുടർന്നു. ഈ സമയം രാവണപുത്രൻ രാവണി, ഇന്ദ്രനെ പിടികൂടി ബന്ധിച്ചു. ഇതു കണ്ടു ദേവന്മാരും പ്രജാപതിയും ഇന്ദ്രനെ വിട്ടുതരണമെന്ന് അപേക്ഷിച്ചു അവനടുത്തെത്തി. എന്നാൽ അവൻ ചോദിച്ചത് ചിരഞ്ജീവി ആയിരിക്കുവാനുള്ള വരമാണ്. എന്നാൽ അതു നൽകുവാനാകില്ല എന്നു പ്രജാപതി അറിയിച്ചു. തുടർന്ന് അവൻ വളരെ വിചിത്രമായ മറ്റൊരു വരം ചോദിച്ചു. ഏതൊരു യുദ്ധത്തിനു പുറപ്പെടും മുൻപും അവൻ യാഗം ചെയ്ത് അഗ്നിയിൽ മന്ത്രപൂർവ്വം ഹവ്യം അർപ്പിക്കും. അപ്പോൾ അഗ്നി, പോരിനിറങ്ങുവാൻ കുതിരകളോടൊത്തു തേര് നൽകണം. ആ തേരിലിരിക്കുമ്പോൾ ആർക്കും തന്നെ വധിക്കാനാകരുത്. എന്നാൽ ജപഹോമാദികൾ പൂർത്തിയാക്കാനാകും മുൻപു യുദ്ധം ചെയ്യേണ്ടി വന്നാൽ അവനു നാശം സംഭവിച്ചോട്ടെ. അങ്ങനെ ഒരു വരം നേടി എടുത്ത ശേഷം ഇന്ദ്രനെ വിട്ടുകൊടുത്തു. ആ വരമാണ് ഇന്ദ്രജിത്തിൻ്റെ മരണത്തിനു കാരണമായതും. ലക്ഷ്മണനുമായി പോരിനു പുറപ്പെടുമ്പോൾ അവൻ്റെ യാഗം പൂർത്തിയായിരുന്നില്ല. ആ ശാപവിവരം വിഭീഷണനാണു ലക്ഷ്മണനെ ധരിപ്പിച്ചതും, യാഗം പൂർണ്ണമാകും മുൻപു വീണ്ടും യുദ്ധത്തിനു പ്രേരിപ്പിക്കുന്നതും.

ഈ സമയം രാക്ഷസരുടെ പിടിയിലായി കാന്തി നഷ്ടപ്പെട്ട ഇന്ദ്രനോടു ദേവപിതാമഹൻ ബ്രഹ്മാവു ഇങ്ങനെ പറഞ്ഞു. ഒരു ശാപത്താലാണു നീ ബന്ധനത്തിൽ പെട്ടത്. ആ കഥ ഇതാണ്. പണ്ടു ബ്രഹ്മാവു പ്രജകളെ സൃഷ്ടിച്ചപ്പോൾ പുരുഷനെ മാത്രമേ സൃഷ്ടിച്ചുള്ളൂ. പിന്നീട് താനുണ്ടാക്കിയ പ്രജകളുടെ ഏറ്റവും വിശിഷ്ടമായ ഗുണങ്ങൾ മാത്രമെടുത്തു ഒരു നാരിയെ സൃഷ്ടിച്ചു. യാതൊരു വൈകല്യവുമില്ലാത്ത അവൾക്കു അഹല്യ എന്നു പേരു നൽകി. എന്നിട്ടു ഗൗതമ മുനിയോടു അവളെ പരിപാലിക്കൂ എന്നു പറഞ്ഞു നൽകി. അനേക വർഷം യാതൊരു കളങ്കവുമില്ലാതെ ജിതേന്ദ്രിയനായ മുനി കാത്തു സൂക്ഷിച്ച അവളെ ബ്രഹ്മാവു പത്നിയായി ഗൗതമനുതന്നെ നൽകി.അതിൽ ഇന്ദ്രൻ അടക്കം സർവ്വർക്കും അസൂയ തോന്നി. ഇന്ദ്രൻ, മഹർഷി ഇല്ലാത്ത തക്കത്തിന് മഹർഷി രൂപം പൂണ്ട് അവളെ പ്രാപിച്ചു. അതറിഞ്ഞ മഹർഷി ഇന്ദ്രനെ ശപിച്ചു.അന്യൻ്റെ ഭാര്യയെ പ്രാപിച്ച ഇന്ദ്രൻ ശത്രുവിനാൽ ബന്ധിക്കപ്പെടും. മാത്രവുമല്ല, ഈ സമ്പ്രദായം പാരിൽ മനുഷ്യരുടെ ഇടയിലും സംഭവിക്കും. അതിൽ പകുതി പാപവും ഇന്ദ്രൻ പേറേണ്ടി വരും എന്നും ശപിച്ചു. തുടർന്നു അഹല്യയോടു പറഞ്ഞു, ഇത്ര സുന്ദരമായ ശരീരം നിനക്കു മാത്രം എന്നു ചിന്തിച്ചാണല്ലോ നീ അധർമ്മം പ്രവർത്തിച്ചത്, അതിനാൽ ലോകത്ത് മറ്റു മനുഷ്യന്മാർക്കും സൗന്ദര്യം ഉണ്ടാകട്ടെ എന്നു ശപിച്ചു. അപ്പോൾ അഹല്യ തന്നിൽ കോപമരുത് എന്നും മഹർഷിയുടെ രൂപത്തിൽ ഇന്ദ്രൻ വന്നതിനാലാണു തെറ്റുപറ്റിയതെന്നും പറഞ്ഞു. ഇതു കേട്ടു ഗൗതമൻ, ഇക്ഷ്വാകു കുലത്തിൽ ഒരു മഹാരഥൻ പിറക്കുമെന്നും ആ ബാലൻ മഹാവിഷ്ണു രൂപമെടുക്കുന്നതാണെന്നും. രാമനെന്നു പേരായ അവനെ കാണുമ്പോൾ നീ പാപമുക്തയാകുമെന്നും അറിയിച്ചു. അങ്ങനെ പാപമുക്തയായ ശേഷം മുനിയോടൊപ്പം വസിക്കാം എന്നും അറിയിച്ചു അദ്ദേഹം തപസിനു പോയി.

ഇത്രയും കഥകൾ കേട്ടു കഴിഞ്ഞപ്പോൾ രാമൻ ഹനുമാന് ഇപ്രകാരം അസാമാന്യ കഴിവുണ്ടായതെങ്ങെനെ എന്നു ചോദിച്ചു.

അഗസ്ത്യൻ തുടർന്നു. വായുവിൻ്റേയും അഞ്ജനയുടേയും പുത്രനായ മാരുതി ജനിച്ചതേ വിക്രമനായാണ്.ഒരിക്കൽ മകനു വേണ്ടി ഫലങ്ങൾ ശേഖരിക്കാൻ അമ്മ പുറത്തു പോയ തക്കത്തിനു വിശന്ന ബാലൻ, സൂര്യനെ ഏതോ പഴമെന്നു ധരിച്ചു പിടിക്കുവാൻപാഞ്ഞു. സൂര്യനെ ഗ്രസിക്കുവാൻ തക്കംപാർത്ത രാഹു അതുകണ്ടു ഇന്ദ്രനോടു പരാതിപറഞ്ഞു. അതറിഞ്ഞു ഇന്ദ്രൻ തൻ്റെ വജ്രായുധം ആ കുഞ്ഞിനു നേരെ പ്രയോഗിച്ചു. അവൻ താഴെ ഭൂമിയിൽ പതിച്ചു. അവൻ്റെ ഒരു കോമ്പല്ല് ഒടിഞ്ഞു പോയി. അതു കണ്ടു കോപിച്ച വായു, മകനേയും എടുത്ത് ഒരു ഗുഹയ്ക്കുള്ളിൽ കടന്നിരുന്നു. ലോകം വായുവില്ലാതെ കഷ്ടത്തിലായി. ഒടുവിൽ സർവ്വദേവന്മാരും വായുവിനു മുന്നിലെത്തി മാപ്പുപറഞ്ഞു, കുട്ടിക്ക് ഹനുമാനെന്നു പേരു നൽകി, ചിരഞ്ജീവിത്വം ഉൾപ്പെടെ അനുഗ്രഹിച്ചു മടങ്ങി. എന്നാൽ ബാലനായ മാരുതി മഹാവികൃതിയായിരുന്നു. അവൻ്റെ ശല്യം സഹിക്കാതെ മഹർഷിമാർ അവനെ ശപിച്ചു. ആരെങ്കിലും ഓർമ്മിപ്പിക്കാതെ നീ ഇനി നിൻ്റെ കഴിവുകളെക്കുറിച്ച് ഓർക്കില്ല എന്ന്. അതോടെ  ആ ബാലൻ്റെ അക്രമം അവസാനിച്ചു. വിനയമുള്ളവനായി ഹനുമാൻ മാറി. പിന്നീട് സീതാന്വേഷണ ഘട്ടത്തിൽ ജാംബവാനാണ് ഹനുമാന് കിട്ടിയ വരങ്ങളെക്കുറിച്ചു പറഞ്ഞു കൊടുത്തു സ്വന്തം കഴിവു ഓർമ്മിപ്പിച്ച് സീതാന്വേഷണത്തിനും സമുദ്രം തരണം ചെയ്യുവാനുള്ള സാഹചര്യം സൃഷ്ടിച്ചത്. അപ്രകാരം ജാംബവാൻ്റെ നിർദ്ദേശാനുസരണം ഹനുമാൻ പ്രവർത്തിച്ചതിനാൽ സീതാന്വേഷണം വിജയകരമായി പൂർത്തിയാക്കുവാനായി.

സാരാംശം

രാമായണത്തെ ഏറെ തെറ്റിദ്ധരിച്ച ഒരു ഭാഗം ഈ അദ്ധ്യായത്തിൽ ഉണ്ട്. ഒരു സ്ത്രീ പക്ഷ വായനയിൽ ഒരിക്കലും പാടില്ലാത്തത് എന്നു തന്നെ പറയാവുന്ന ഒരു നീക്കം രാമനിൽ നിന്നും സീതയുടെ നേർക്ക് ഉണ്ടാകുന്നുണ്ട്. ഒരു വർഷത്തോളം രാവണൻ്റെ തടങ്കലിൽ കടുത്ത വ്യഥയിൽ രാമനെ മാത്രം ചിന്തിച്ചു പാർത്ത സീതയോടു രാമൻ പറയുവാൻ പാടുള്ളതാണോ നീ ആർക്കൊപ്പം വേണമെങ്കിലും പൊയ്ക്കോ എന്നുള്ളത്?
 ഇനി അതു കേട്ടു ആത്മത്യാഗം ചെയ്യാനൊരുമ്പെടുന്ന സീതയും സ്ത്രീപക്ഷ ചിന്തകരെ ചൊടിപ്പിക്കും. എങ്കിലും രാമൻ്റെ വാദം ഒന്നു പരിശോധിക്കുക. ഒന്നു പറയാനാകും, രാമൻ ഒരു ഭരണാധികാരിയാണ്, വംശമഹിമയും കുലമഹിമയും കാത്തു പോരേണ്ടതുണ്ട്. ജനങ്ങൾ അഹിതം പറയരുത്. അപ്പോൾ പ്രാണപ്രേയസിയോടുള്ള ഇഷ്ടം തത്ക്കാലം മാറ്റിവയ്ക്കാതെ തരമില്ല. കാരണം അതിലും പ്രധാനം ജനങ്ങളാണ്. പിന്നെ സീത അഗ്നികുണ്ഡത്തിൽ പ്രവേശിക്കുമ്പോൾ പറയുന്നത് ഞാൻ സത്ചരിതയെങ്കിൽ എന്നെ സ്പർശിക്കരുത് തീയുടെ ചൂട് എന്നാണ്. അവിടെ സീത രാമനൊപ്പമാണ്. ഒരു ഉത്തമനായ രാജ്യാധിപൻ്റെ ഭാര്യയായിരിക്കുക അത്ര സുഗമമല്ല എന്നു സീതയും കാട്ടിത്തരുന്നു. രാമായണത്തെ തള്ളിപ്പറയുന്നവർക്കും രാവണനെ നായകനാക്കുന്നവർക്കും പല വ്യാഖ്യാനങ്ങളുമുണ്ടാകും.എന്നാൽ എന്തുകൊണ്ടു രാവണൻ രാമനാൽ കൊല്ലപ്പെട്ടു എന്നതിൻ്റെ വിശദീകരണം വേദവതിയുടെ കഥയിലൂടെയും, നളകൂമ്പര ശാപത്തിലൂടെയും ആദികവിനൽകുന്നുണ്ട്. ഒപ്പം വായിക്കുന്നവരുടെ ഭാവനയ്ക്കനുസരിച്ചു കാര്യങ്ങളെ വിശദീകരിക്കുവാനുള്ള സാധ്യത തുറന്നു വയ്ക്കുന്നുമുണ്ട്. അതിനാൽ പല വിധത്തിൽ രാമായണം അവതരിപ്പിക്കപ്പെടുന്നു എന്നു ചിന്തിക്കാനേ സാധിക്കുന്നുള്ളൂ.

News Summary: ramayanam-yuddakandam

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക