Image

'കുമ്മനടി'ച്ചില്ല; എന്നിട്ടും ആക്ഷേപം: മനസ് തുറന്ന് എൽദോസ് കുന്നപ്പള്ളിൽ എം.എൽ.എ  (അഭിമുഖം)

Published on 14 August, 2022
'കുമ്മനടി'ച്ചില്ല; എന്നിട്ടും ആക്ഷേപം: മനസ് തുറന്ന് എൽദോസ് കുന്നപ്പള്ളിൽ എം.എൽ.എ  (അഭിമുഖം)

കുമ്മനടിക്കുക എന്നാല്‍ ക്ഷണിക്കാത്ത കാര്യത്തിന് ചെല്ലുക, അര്‍ഹിക്കാത്തത് ചെയ്യുക എന്നൊക്കെയാണ് നവ മാധ്യമത്തിലെ പ്രയോഗത്തിന്റെ അർത്ഥം. (കുമ്മനം രാജശേഖരനെ കളിയാക്കാനുള്ള കൂതറ ഭാഷയെന്നും പറയാം).

ആ പ്രയോഗം തനിക്കെതിരേ പ്രയോഗിച്ചപ്പോള്‍ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ ഫേയ്‌സ്ബുക്കില്‍ വിശദീകരണകുറിപ്പ് ഇറക്കേണ്ടിവന്നു. താനല്ല നടന്‍ മമ്മൂട്ടിയാണ് കുമ്മനടിച്ചത് എന്നു പറയേണ്ടിവന്നു. തന്റെ അതി വിനയമാണ് ആക്ഷേപമുയരാന്‍ കാരണമെന്നും അദ്ദേഹം വിലയിരുത്തുന്നു.

ഫിലാഡല്‍ഫിയയിലെ ട്രൈസ്റ്റേറ്റ് ഓണാഘോഷമടക്കം വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ യുവാവായ എംഎല്‍.എ ഒട്ടേറെ കാര്യത്തെപ്പറ്റി ഇ-മലയാളിയുമായി മനസു തുറന്നു. കുമ്മനടിയുടെ കാര്യത്തിലെ അലോസരം  മറച്ചുവച്ചുമില്ല. എന്നുകരുതി അതൊരു വലിയ കാര്യമല്ല താനും.

സംഭവം ഇങ്ങനെ: അങ്കമാലിയില്‍ ഓപ്ഷന്‍സ് ടെക്‌സ്റ്റൈല്‍ ഉദ്ഘാടന വേദി. നടന്‍ മമ്മൂട്ടി കെട്ടിടം ഉദ്ഘാടനം ചെയ്യുന്നു. മുകളിലത്തെ ഒരു ഷോറൂം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. മമ്മൂട്ടി എത്തിയതോടെ തിക്കും തിരക്കും ബഹളവും. അതിനാല്‍ കട ഉടമകള്‍ തിരക്കില്‍ നിന്നു തന്നെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി. 

'ഞാൻ ഉദ്‌ഘാടനത്തിനു തയ്യാറായി നിന്നപ്പോൾ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്‌ഘാടകൻ എം എൽ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു. എന്നാൽ ബഹു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എൽ എയാണ് ഉദ്‌ഘാടകനെന്നു ഉടമ അറിയിച്ചപ്പോൾ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാൽ ഞാൻ അദ്ദേഹത്തോട് ഉദ്‌ഘാടനം നിർവഹിച്ചോളൂ എന്ന് പറയുകയും ഞാൻ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു.  നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം കത്രിക ഞാൻ വാങ്ങി നൽകുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാർത്ഥ വസ്തുത. 

തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്തകൾ നൽകുന്നത് ശെരിയായ നടപടിയല്ല. ഇതുമായി ബന്ധപ്പെട്ട്‌ എന്തെങ്കിലും സംശയം ഉള്ളവർ ടെക്‌സ്‌റ്റൈൽസ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്ലോറിന്റെ ഉദ്‌ഘാടകൻ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മുട്ടി കത്രിക എടുത്തത്. കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാൻ അതിനു മുതിരാതിരുന്നത്.' 

ഇതിനെയാണ് അനര്‍ഹമായ എന്തോ നേടാന്‍ താന്‍ ആഗ്രഹിച്ചുവെന്ന രീതിയില്‍ കുമ്മനടിയായി പ്രാദേശിക ചാനല്‍ ചിത്രീകരിച്ചത്. വസ്തുത അറിയാതെ ആളുകളെ തേജോവധം ചെയ്യുന്നതിന്റെ ഉദാഹരണം തന്നെ. അതിന് ഒരു പ്രാധാന്യവും താന്‍ കൊടുക്കുന്നില്ല.

അതിഥി തൊഴിലാളികള്‍ കേരളത്തില്‍ ഏറ്റവും അധികം ഒരു നഗരത്തിലുള്ളത് പെരുമ്പാവൂരിലാണെന്ന് എംഎല്‍എ പറഞ്ഞു. അവരില്ലെങ്കില്‍ നഗരം നിശ്ചലമാകും. 3600 പ്ലൈവുഡ് യൂണീറ്റുകളും തടി വ്യാപാരവും ഫര്‍ണിച്ചര്‍ നിര്‍മാണവുമെല്ലാം അവരെ ആശ്രയിച്ചാണ്. കണ്‍സ്ട്രക്ഷനും ഹോട്ടല്‍ വ്യവസായവും പ്രവര്‍ത്തിക്കുന്നത് അവരുടെ ജോലികൊണ്ടാണ്. ഹോട്ടലിലെ ജോലി മൊത്തമായി പോലും അവര്‍ക്ക് കരാര്‍ കൊടുക്കുന്ന സ്ഥിതിയുമുണ്ട്.

അതിഥി തൊഴിലാളികള്‍ ബഹുഭൂരിപക്ഷവും പ്രശ്‌നക്കാരൊന്നുമല്ല. അവര്‍ ജോലി ചെയ്യുന്നു നാട്ടിലേക്ക് പണമയയ്ക്കുന്നു. വളരെ ചുരുക്കം പേര്‍ മാത്രമാണ് ഇവിടെ വീട് വാങ്ങുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ. എന്നാല്‍ പാന്‍പരാഗിന്റേയും, മയക്കുമരുന്നിന്റേയും ഉപയോഗം അവരില്‍ കൂടുതലുണ്ട്. കുറ്റവാളികള്‍ എത്തിപ്പെടാതിരിക്കാന്‍ രജിസ്‌ട്രേഷനും മറ്റും ശക്തമാക്കണം. അവര്‍ക്ക് വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്. നമ്മളെപ്പോലെ നന്നായി പെരുമാറാനും മറ്റും അറിഞ്ഞുകൂടാ. എന്നാല്‍ നല്ല നിലയില്‍ ജീവിക്കുന്നവരുമുണ്ട്. എന്തായാലും അവരെ പേടിക്കേണ്ട കാര്യമില്ല. 

കേരളത്തില്‍ നിന്ന് ഒരു വര്‍ഷം 40,000 പേര്‍ വിദേശത്തേക്ക് പോകുന്നു എന്നതാണ് കണക്ക്. ഒരാള്‍ കുറഞ്ഞത് 40 ലക്ഷം രൂപയെങ്കിലും ഇതിനായി ചെലവിടുന്നു. വിദേശത്തുതന്നെ സ്ഥിരതാമസം എന്നതാണ് അവരുടെ മിക്കവരുടേയും ലക്ഷ്യം. ഇംഗ്‌ളീഷ് ഭാഷ സംസാരിക്കുന്ന നാടുകളിലേക്കുള്ള കുടിയേറ്റമാണിത്.

ഇങ്ങനെ വരുമ്പോള്‍ പല ജോലിക്കും നാട്ടുകാരെ കിട്ടാനില്ല. പ്ലംബിംങ്ങിനോ കാടുവെട്ടാനോ, കാര്‍ റിപ്പയര്‍ ചെയ്യാനോ, കാര്‍ വാഷിനോ ഒക്കെ ആളെ കിട്ടാനില്ല. ഇവിടെയാണ് അതിഥി തൊഴിലാളികളുടെ പ്രസക്‌തി അവരുടെ ജനസംഖ്യ ഒരുലക്ഷം വരും. അവർ വോട്ടര്‍മാരായാല്‍ എംഎല്‍എയെ തെരഞ്ഞെടുക്കാം!.

ഇത്തവണ പെയ്ത കനത്ത മഴ ശമിച്ചിട്ടുണ്ട്. വെള്ളപ്പൊക്കമൊന്നുമുണ്ടായില്ല. 2018-ല്‍ മണ്ഡലത്തിൽ  പലയിടത്തും പെരിയാറില്‍ നിന്നു വെള്ളംകയറി. പെരിയാറില്‍ മണ്ണും  മണലും അടിഞ്ഞുകിടക്കുന്നു. അവ നീക്കാന്‍ ഗവണ്‍മെന്റ് വേണ്ടത്ര നടപടിയെടുക്കുന്നില്ല. പണ്ടൊക്കെ മണല്‍വാരല്‍ ഉണ്ടായിരുന്നു. അതു നിന്നതും ദോഷമായി.

കെ-റെയില്‍ പെരുമ്പാവൂര്‍ വഴിയല്ല പോകുന്നത്. കെ റെയില്‍  തന്നെ വരാന്‍ സാധ്യതയില്ല. ഇപ്പോള്‍ തന്നെ ജനിക്കുന്ന ഒരു കുട്ടിക്ക് ഒരുലക്ഷം രൂപ കടമുണ്ട്. കെ റെയില്‍ വന്നാല്‍ അത് രണ്ടോ മൂന്നോ ലക്ഷമാകും. അതു എവിടെനിന്ന് അടച്ചുതീര്‍ക്കും.? സര്‍ക്കാര്‍ തന്നെ കെ റെയിലില്‍ നിന്ന് പിന്നോക്കം പോയ ലക്ഷണമുണ്ട്.

പെരുമ്പാവൂര്‍ മേഖലയില്‍ മാത്രം 250 കിലോമീറ്റര്‍ റോഡുണ്ട്. അതില്‍ 60 കിലോമീറ്റര്‍ മാത്രമാണ് നല്ല റോഡ്. ബാക്കി കുണ്ടും കുഴിയും. കെഎസ്ആര്‍ടിസിക്കാണെങ്കില്‍ ഡീസല്‍ അടിക്കാന്‍ പണമില്ല. ഇതൊക്കെ ശരിയാക്കിയിട്ട് മതി കെ റെയില്‍ പോലുള്ള പദ്ധതി എന്നതാണ് തങ്ങളുടെ നിലപാട്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2013 -ല്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായാണ് അമേരിക്കയില്‍ ആദ്യം വന്നത്. കോവിഡിന് ശേഷം ഇത്  ആദ്യം. ന്യു യോർക്ക് റോക്ക്‌ലാന്‍ഡില്‍ ഇന്നലെ സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്തു. ഇവിടുത്തെ ഇന്ത്യക്കാര്‍ ഇന്ത്യയെ ഏറെ സ്‌നേഹിക്കുന്നു എന്നാണ് മനസിലായത്.

ഇവിടെ ഇന്ത്യക്കാര്‍ സ്വന്തം കാര്യം നോക്കി കഠിനാധ്വാനം ചെയ്ത് ജീവിക്കുന്നു. നാട്ടില്‍ മറ്റുള്ളവരുടെ കാര്യത്തിലാണ് മിക്കവര്‍ക്കും ശ്രദ്ധ. മറ്റുള്ളവരെ വ്യക്തിപരമായി അവഹേളിക്കാനും മടികാട്ടില്ല. വിദ്യാഭ്യാസം ഉണ്ടെങ്കിലും ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല. എന്‍ജിനീയര്‍മാര്‍ ഇല്ലാഞ്ഞിട്ടാണോ  നമ്മുടെ നാട്ടിൽ റോഡുകള്‍ തകര്‍ന്നുകിടക്കുന്നത്.? അനാവശ്യ നിയമങ്ങളും നിയന്ത്രണങ്ങളുമാണ് പിന്നോക്കം കേരളത്തെ പിന്നോക്കം വലിക്കുന്നത്. കോവിഡ് കാലത്ത് ദുരിതത്തില്‍ കഴിയുമ്പോള്‍ പോലീസ്  അനാവശ്യമായി പിടിക്കുന്നതും നികുതി കൂട്ടിയതുമൊക്കെ ഉദാഹരണം. അമേരിക്കയില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അങ്ങോട്ട് പണം കൊടുക്കുകയായിരുന്നു. 

എല്ലാം വേണ്ടവിധത്തില്‍ പോയാല്‍ അമേരിക്കയെക്കാള്‍ സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രണ്ടാം തവണയും ജയിച്ചത് ജനങ്ങളുമായുള്ള തന്റെ ബന്ധം മൂലമാണ്. സാധാരണ കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന തനിക്ക് സാധാരണക്കാരുടെ വിഷമത മനസിലാകും. എല്ലാവര്‍ക്കും കഴിയുന്നത്ര സഹായം ചെയ്യാന്‍ മടിച്ചിട്ടില്ല. സഹായിക്കാനിയില്ലെങ്കിലും അവര്‍ പറയുന്നത് കേള്‍ക്കുകയും, നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ആര് ഫോണ്‍ ചെയ്താലും തിരിച്ചുവിളിക്കും. ഏതാനും വര്‍ഷം മുമ്പ് ഒരു കിടപ്പ് രോഗിക്ക് ഓക്‌സിജന്‍ തേടി ഒരു സ്ത്രീ വിളിച്ചു. അത് സംഘടിപ്പിച്ചു. തുടര്‍ന്ന് ആവശ്യമുള്ളവര്‍ക്കൊക്കെ ഓക്‌സിജന്‍ സൗജന്യമായി ലഭ്യമാക്കാന്‍ ഏര്‍പ്പാട് ചെയ്തു. കോവിഡ് വന്നപ്പോള്‍ പെരുമ്പാവൂരില്‍ മാത്രം ഓക്‌സിജന്‍ ക്ഷാമം  ഉണ്ടായില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിദേശ യാത്രയ്ക്കുള്ള പദ്ധതിക്ക് രൂപംകൊടുത്തു. ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്ര വാഹനം കൊടുത്തു. ടിവി ഇല്ലാത്തവര്‍ക്ക്  ചെറിയ ടിവി വാങ്ങി നല്‍കി.

ഇന്നേവരെ ഒരു അഴിമതിയും കാട്ടിയിട്ടില്ല. അനധികൃതമായി ഒന്നും സമ്പാദിച്ചിട്ടില്ല.  ഈ ഇലക്ഷനില്‍ കോടികള്‍ മുടക്കി 20/20 തനിക്കെതിരേ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. അവര്‍ 20,000 വോട്ട് പിടിച്ചു. തനിക്ക് കിട്ടേണ്ട വോട്ടാണത്. എന്നിട്ടും ജയിച്ചു എന്നത് ജനപിന്തുണ കാണിക്കുന്നു.

വര്‍ഗീയത വളരുന്നതില്‍ ആശങ്കയുണ്ട്. ബിജെപി വര്‍ഗീയത പറഞ്ഞാണ് കേന്ദ്രത്തില്‍ അധികാരം നേടിയത്. പക്ഷെ കേരളത്തില്‍ അത് നടക്കില്ല. അയോധ്യ ക്ഷേത്രത്തിന് താന്‍ 1000 രൂപ സംഭാവന കോടുത്തപ്പോള്‍ മുസ്ലീം തീവ്ര സംഘടനകള്‍ തനിക്കെതിരേ പ്രതിഷേധം അഴിച്ചുവിട്ടു. തന്റെ കോലം കത്തിച്ചു. എന്നിട്ടും മുസ്ലീം കേന്ദ്രങ്ങളില്‍ പോലും തനിക്ക് നല്ല ഭൂരിപക്ഷം കിട്ടി. പ്രതിഷേധക്കാര്‍ മണ്ഡലത്തിന് പുറത്തുള്ളവരായിരുന്നു.

പ്രളയകാലത്ത് ജാതി മത ഭിന്നതകളില്ലാതെ പള്ളികളിലും മോസ്‌കുകളിലും ക്ഷേത്രങ്ങളിലുമൊക്കെയാണ് ആളുകള്‍ താമസിച്ചത്. തനിക്കെതിരേ മുസ്ലീം ഭൂരിപക്ഷ മേഖലയിലുള്ളവർ  വോട്ട് ചെയ്തില്ലായിരുന്നുവെങ്കില്‍ താന്‍ ജയിക്കില്ലായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.  

വലിയ ടൂറിസം സാധ്യതയാണ് മണ്ഡലത്തില്‍. 60 ഏക്കറുള്ള ഇരിങ്ങല്‍കാവ്, 800 വര്‍ഷം പഴക്കമുള്ള വല്ലം ജുമാമസ്ജിദ്, സെന്റ് തെരാസാസ് പള്ളി, കോടനാട് ആന വളര്‍ത്തല്‍ കേന്ദ്രം, ഒക്കല്‍ പഞ്ചായത്തിലെ തുരുത്ത് എന്നിങ്ങനെ പോകുന്നു-എൽദോസ് കുന്നപ്പള്ളിൽ എം.എൽ.എ. ചൂണ്ടിക്കാട്ടി 

English summary: Eldhoe Kunappallil MLA on issues facing Kerala

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക