Image

ഇ.ഡി. സർക്കാരിന്റെ പിണിയാൾ?  കോടതിയും സർക്കാരിന് കൂട്ടോ? (ജോർജ് എബ്രഹാം)

Published on 15 August, 2022
ഇ.ഡി. സർക്കാരിന്റെ പിണിയാൾ?  കോടതിയും സർക്കാരിന് കൂട്ടോ? (ജോർജ് എബ്രഹാം)

രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും ബിജെപി അംഗം പിയൂഷ് ഗോയലും തമ്മിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോൺഗ്രസ് നേതാക്കൾക്ക് നൽകിയ സമൻസിനെക്കുറിച്ച് അടുത്തിടെ ഉണ്ടായ വാക്കേറ്റം, ഈ വിഷയങ്ങളിൽ രണ്ടറ്റങ്ങളിലായി ധ്രുവീകരിക്കപ്പെട്ട വീക്ഷണങ്ങളെക്കുറിച്ചാണ്  വെളിപ്പെടുത്തുന്നത്. പാർലമെന്റ് സമ്മേളനം നടക്കുന്ന സമയത്തുതന്നെ തനിക്ക് സമൻസ് ലഭിച്ചത് കണ്ട് ഖാർഗെപോലും അന്തംവിട്ടു. രാജ്യസഭാ സമ്മേളനം നടക്കുന്ന നേരം നോക്കി തന്നോട് ഹാജരാകണമെന്ന് കാണിച്ചുള്ള കോടതി ഉത്തരവ്,  പ്രതിപക്ഷത്തെ ഭയപ്പെടുത്തുന്നതിനും തങ്ങളുടെ മനോവീര്യം തകർക്കുന്നതിനും വേണ്ടി ബിജെപി സർക്കാർ ഇടപെട്ട് മനഃപൂർവം നടത്തിയതാണെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു.

നിയമ നിർവ്വഹണ ഏജൻസികളുടെ പ്രവർത്തനത്തിൽ ഒരു തരത്തിലും സർക്കാർ ഇടപെടാറില്ലെന്നും അവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമായിരുന്നു ആരോപണത്തോടുള്ള  പിയൂഷ് ഗോയലിന്റെ പ്രതികരണം.
ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരാൾക്കും പിയൂഷിന്റെ മറുപടിയിൽ സത്യത്തിന്റെ കണികപോലുമില്ലെന്ന് മനസ്സിലാകും.

കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം (പിഎംഎൽഎ) ആളുകളെക്കുറിച്ച് അന്വേഷിക്കുന്നതിനും തിരച്ചിലുകളും റെയ്ഡുകളും നടത്തുന്നതിനും പൗരന്മാരെ അറസ്റ്റ് ചെയ്യുന്നതിനു പോലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നിയമപ്രകാരം  അധികാരങ്ങൾ നൽകിയിട്ടുള്ളതായി  2022 ജൂലൈ 27 ബുധനാഴ്ച പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. പിഎംഎൽഎയ്ക്ക് കീഴിലുള്ള ഇഡിയുടെ അധികാരം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് വിധി.

ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്ന കുറ്റകൃത്യമായ കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനു വേണ്ടിയാണ്  2002-ൽ പിഎംഎൽഎ നിലവിൽ വന്നത്. ആർട്ടിക്കിൾ 20, ആർട്ടിക്കിൾ 21 എന്നിവ പ്രകാരം പ്രസ്തുത നിയമം  പൗരന്മാരുടെ സ്വകാര്യതയ്ക്കുനേരെയുള്ള കടന്നുകയറ്റവും അവകാശലംഘനവുമാണെന്ന് നിരവധി നിയമവിദഗ്ധർ വാദിച്ചിരുന്നു. ഇഡിക്ക് നൽകിയ അനിയന്ത്രിതമായ അധികാരത്തെക്കുറിച്ചും ഏത് കുറ്റകൃത്യവും കള്ളപ്പണം വെളുപ്പിക്കലായി മാറ്റാനുള്ള ശ്രമങ്ങളെപ്പറ്റിയും ഗുരുതരമായ ആശങ്കകൾ ഉയരുകയും ചെയ്തു.

ഇഡി കൂടുതൽ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ, 2016-ൽ പനാമ രേഖകളും 2021-ൽ ഇന്ത്യൻ പൗരന്മാരോ അവരുമായി ബന്ധമുള്ളതോ ആയവരുടെ 20,353 കോടി രൂപയുടെ അനധികൃത ഇടപാടുകളെക്കുറിച്ചുള്ള പണ്ടോര രേഖകളും ചോർന്നപ്പോൾ ഞെട്ടിത്തരിക്കേണ്ട അവസ്ഥ വരില്ലായിരുന്നു.

ഈയിടെയായി, പ്രതിപക്ഷ രാഷ്ട്രീയക്കാർ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നുണ്ടോ എന്ന് പിന്തുടരുന്നതിലാണ് ഇഡി കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വേണം കരുതാൻ. മോഡി സർക്കാർ കഴിഞ്ഞ എട്ട് വർഷത്തിനിടെ മൂവായിരത്തിലധികം റെയ്ഡുകൾ നടത്തിയതായും യുപിഎ ഭരിച്ച ഒരു പതിറ്റാണ്ടിനിടെ റെയ്‌ഡുകളുടെ എണ്ണം 112  മാത്രമായിരുന്നു എന്നും കോൺഗ്രസ് പാർട്ടി ചൂണ്ടിക്കാട്ടി. ശിക്ഷാ നിരക്ക് 0.5 ശതമാനം എന്ന നാമമാത്ര തോതിൽ നിൽക്കുന്നതിൽ നിന്നുതന്നെ ഭരണകക്ഷിയായ ബി.ജെ.പി ഏജൻസിയെ ഒരു ആയുധമാക്കുകയാണെന്ന് മനസ്സിലാക്കണമെന്നും ആരോപണമുണ്ട്.

പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇത്തരത്തിൽ നിരവധി കേസുകൾ എടുത്തിട്ടുണ്ടെന്ന് കോൺഗ്രസ് വക്താവും സുപ്രീം കോടതി അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‌വി വ്യക്തമാക്കി. ഭരണകക്ഷിയിലെ അംഗങ്ങൾക്കോ അവരുമായി അടുത്ത ബന്ധമുള്ളവർക്കോ നേരെ ഇത്തരത്തിൽ ഒരു കേസുപോലും ഇല്ലെന്നതും അദ്ദേഹം ഊന്നിപ്പറഞ്ഞു.

"പ്രതിപക്ഷ അംഗങ്ങൾക്കെതിരെ തൊടുത്തുവിട്ട കേസുകൾ, കുറ്റാരോപിതർ കൂറുമാറി ഭരണകക്ഷിയോട് വിധേയപ്പെടുന്നതോടെ മരവിപ്പിക്കുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്നു. ബിജെപി നേതാക്കൾക്കെതിരെയുള്ള കേസുകളുടെ കാര്യത്തിലും സ്ഥിതി വിഭിന്നമല്ല."സിംഗ്‌വി പറഞ്ഞു.
പിഎംഎൽഎയുടെ അപേക്ഷയിൽ സുരക്ഷാ മുൻകരുതലുകൾ നൽകണമെന്നും അദ്ദേഹം സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു.

അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡുമായുള്ള (എജെഎൽ)ബന്ധത്തിന്റെ പേരിലും എജെഎലിലും  നാഷണൽ ഹെറാൾഡിലും ഇരുവർക്കുമുള്ള ഓഹരികളുടെ വിശദാംശങ്ങൾ അറിയുന്നതിനു വേണ്ടിയും സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും 60 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തു.
ഗാന്ധി കുടുംബത്തിനെതിരായ രാഷ്ട്രീയ പകപോക്കൽ എന്നാണ് കോൺഗ്രസ് ഈ കേസിനെ വിശേഷിപ്പിച്ചത്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, രാജസ്ഥാൻ
മുഖ്യമന്ത്രി അശോക് ഗെലോട്ട്, കശ്മീരിലെ അബ്ദുള്ളമാർ, കേരളത്തിലെ ഇടത് നേതാക്കൾ,
മഹാരാഷ്ട്രയിലെ താക്കറെകൾ , യുപിയിലെ സമാജ്‌വാദികൾ, ആം ആദ്മിയിലെ അരവിന്ദ് കെജ്‌രിവാൾ, ജാർഖണ്ഡിലെ ഹേമന്ത് സോറൻ എന്നിവരും ഇഡി തങ്ങൾക്കും തങ്ങളുടെ ബന്ധുക്കൾക്കും  അടുത്ത രാഷ്ട്രീയ ബന്ധമുള്ളവർക്കും എതിരെ അന്വേഷണം നടത്തുന്നതായി പരാതി നൽകിയിട്ടുണ്ട്.

ഇഡി യുടെ റെയ്ഡുകൾ നടക്കുന്ന നേരം സംബന്ധിച്ചും പ്രതിപക്ഷ പാർട്ടികൾക്ക് ആശങ്കയുണ്ട്, നിർണ്ണായകമായ തിരഞ്ഞെടുപ്പിന് മുന്നോടിയായി അത് വേഗത്തിലാകാൻ ഇടയുണ്ടെന്നും അവർ കരുതുന്നു.  
 ഗോയലിനോട് യോജിക്കാൻ ബുദ്ധിമുട്ടുന്ന സ്വതന്ത്ര ചിന്താഗതിക്കാരെ ഭയപ്പെടുത്തുന്ന ദൃഷ്ടാന്തമാണ്  ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ കേസ്. വിവാദനായകനാണെങ്കിൽ തന്നെയും പാർട്ടിക്കു വേണ്ടി  ഫലപ്രദമായി പ്രവർത്തിക്കുന്ന ഒരു വക്താവാണ് റാവത്ത്.

ബിജെപിയുമായി പിണങ്ങി , എൻസിപിയും കോൺഗ്രസും ചേർന്ന് ഒരു കൂട്ടുകക്ഷി മന്ത്രിസഭാ രൂപീകരിക്കാൻ  ഉദ്ധവ് താക്കറെയ്ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതിനുമുൻപ് റാവത്ത് ഒരു അന്വേഷണവും നേരിട്ടിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ വിമർശനങ്ങൾ ഉയർത്തുകയും കൂട്ടുകക്ഷി മന്ത്രിസഭാ രൂപീകരണത്തിനായി സുശക്തം ശബ്ദിക്കുകയും ചെയ്തതോടെയാകാം അദ്ദേഹം എതിരാളികളുടെ കണ്ണിലെ കരടായത്. ഈ ലേഖനം എഴുതുന്ന സമയം, ഒരു കെട്ടിടവുമായി ബന്ധപ്പെട്ട കേസിൽ വികസന അഴിമതി ആരോപിച്ച് റാവത്ത് ഇഡിയുടെ കസ്റ്റഡിയിലാണ്..

കേരളത്തിലേക്ക് വന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണ്ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, വിദേശ ഗവൺമെന്റ് ഉൾപ്പെടുന്ന പ്രോട്ടോക്കോൾ ലംഘനങ്ങൾ എന്നിങ്ങനെ ആത്മവീര്യം ചോർത്തുന്ന നിരവധി ആരോപണങ്ങളാണ് നാൾക്കുനാൾ കൂണുപോലെ മുളച്ചുപൊങ്ങുന്നത്. എന്നിട്ടുപോലും, ഗുരുതരമായ ആ ആരോപണങ്ങൾ അന്വേഷിക്കാനോ നിജസ്ഥിതി കണ്ടുപിടിക്കാമോ കേന്ദ്ര ഏജൻസികൾ തിടുക്കം കൂട്ടുന്നില്ല.

പിണറായി വിജയന്റെ പതനം, കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ ഒരു കൂട്ടുകക്ഷി മന്ത്രിസഭ കേരളത്തിൽ ഉണ്ടാക്കുമെന്നുള്ള ദീർഘവീക്ഷണം കൊണ്ടാണ് ഈ അന്വേഷണങ്ങളുമായി മുന്നോട്ടുപോകാൻ മോഡി സർക്കാർ വിമുഖത കാണിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അനുമാനം."കോൺഗ്രസ് മുക്ത ഭാരത്" എന്നുള്ള ബിജെപിയുടെ ആപ്തവാക്യവുമായി ആ നീക്കം ഒരുതരത്തിലും പൊരുത്തപ്പെടാനും പോകുന്നില്ല.  

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ കീഴിൽ മധ്യപ്രദേശിൽ നടന്ന VYPAM അഴിമതിക്കും മുൻ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ കീഴിൽ കർണാടകയിൽ നടന്ന അനധികൃത ഖനന അഴിമതിക്കും എതിരെയുള്ള അന്വേഷണവും ഇത്തരത്തിൽ മണ്ണിട്ടുമൂടിയതാണ്.

വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതിനായി പിഎംഎൽഎയുടെ 'വിവേചനരഹിത' ഉപയോഗത്തെ
 ചീഫ് ജസ്റ്റിസ് രമണ വിമർശിച്ചത്  ഇക്കഴിഞ്ഞ ഡിസംബറിലാണ്. പി‌എം‌എൽ‌എ ന്യായമായ രീതിയിൽ ഉപയോഗിക്കണമെന്നും ഈ നിയമത്തിന്റെ യഥാർത്ഥ ആവശ്യം ഇല്ലാത്ത സന്ദർഭങ്ങളിൽ ഇതൊരു ആയുധമാക്കരുതെന്നും  അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. എന്നാൽ, ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേഷ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച്  അടുത്തിടെ  പിഎംഎൽഎ-യുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച വിധി, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും സ്വകാര്യതയുടെയും അതിരുകൾ മറികടക്കാൻ കേന്ദ്ര ഏജൻസിക്ക് പച്ചക്കൊടി കാട്ടുകയും അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്കായുള്ള അവരുടെ കുരിശുയുദ്ധത്തിന്റെ പേരും പറഞ്ഞ് സർക്കാരിന്റെ എതിരാളികളെ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന രാഷ്ട്രീയ വേട്ടയാണ് നടത്തുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ വിശേഷിപ്പിച്ചു.

പൊതുസേവനം തൊഴിലായി തിരഞ്ഞെടുത്തവർ അഴിമതിയുടെ കറ പുരളാതെ തുടരണം.
പൊതുജനങ്ങളിൽ നിന്ന് പണം അപഹരിച്ചും അനധികൃതമായി സമ്പാദിച്ചും, ഒന്നുമില്ലായ്മയിൽ നിന്ന് ധനാഢ്യരായി തീർന്ന പല രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും കഥകൾ വിശ്വസിക്കാൻ പോലും പ്രയാസമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുപോലും കടുത്ത ഭീഷണി ഉയർത്തുന്ന ഈ പ്രവണത, ചെറുക്കുന്നതിനുള്ള ഫലപ്രദമായ നിയമ നിർവ്വഹണ സംവിധാനം സ്ഥാപിക്കേണ്ടത് രാഷ്ട്രത്തിന്റെ ക്ഷേമത്തിന് അതുകൊണ്ടുതന്നെ അത്യന്താപേക്ഷിതമാണ്. എന്നാൽ, നിയമങ്ങളുടെ അസമമായ പ്രയോഗവും ഇരട്ടത്താപ്പുമാണ് ഇന്ന് ഇന്ത്യയിലുടനീളം കണ്ടുവരുന്നത്.

ഇന്ത്യ അതിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ,ഭരണഘടന അനുശാസിക്കുന്ന വ്യക്തിസ്വാതന്ത്ര്യം അപ്രത്യക്ഷമാകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിരിക്കുന്നു. സ്വാതന്ത്ര്യവും നിയമവാഴ്ചയും സംരക്ഷിക്കേണ്ട ബഹുമാന്യ നീതിപീഠം തന്നെ, എക്സിക്യൂട്ടീവ് ബ്രാഞ്ചുമായി ചേർന്ന് ഭൂരിപക്ഷ അധികാരത്തിന് വിധേയപ്പെട്ടുള്ള  പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. '

'ഇരുട്ടിൽ ജനാധിപത്യം മരിക്കുന്നു' എന്നാണ് പറയപ്പെടുന്നത്. ഇന്ത്യൻ ഭരണഘടനയുടെ വ്യവസ്ഥകളും യുഎസിലേതിന് സമാനമായി തന്നെ 'പാർച്ച്മെന്റ് ബാരിയേർസ്' ആയി പൗരാവകാശ സംരക്ഷണങ്ങൾക്കുവേണ്ടിയാണ് നിലകൊള്ളുന്നത്.  അത് ഫലപ്രദമാകണമെന്നുണ്ടെങ്കിൽ, നിയമത്തിലും നീതിവ്യവസ്ഥയിലുമുള്ള തടസ്സങ്ങൾ സർക്കാരും സാധാരണ പൗരന്മാരും ഒരുപോലെ മാനിക്കേണ്ടതുണ്ട്.
ഇന്ത്യയ്ക്ക് ഹൃദയം നിറഞ്ഞ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നു!

(ഇന്ത്യൻ ഓവർസീസ് വൈസ് ചെയർ ആണ്  ലേഖകൻ) 

English summary: Government utilzes E.D. to intimidate the opposition,  IOC leader

Join WhatsApp News
Paashanam Varkey 2022-08-15 22:00:46
ഇതു വായിച്ചാൽ തോന്നും കോൺഗ്രെസ്സ്കാർ ഇങ്ങിനെയുള്ള കലാപരിപാടികൾ ഒന്നും ഭാരതത്തിൽ നടത്തിയിട്ടില്ല എന്ന്. ഇന്ദിരാ ഗാന്ധി ഭാരതം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപധി ആയിരുന്നു. അഴിമതി , സ്വജനപക്ഷാപാതം , നിര്ബന്ധിത വന്ധ്യകരണം, അടിയന്തിരാവസ്ഥ , സെന്സര്ഷിപ് , മത സ്പർദ്ധത , എന്തൊക്കെയാണ് അവർ ചെയ്‌തു കൂട്ടിയത് ? എത്രയോ നിരപരാധികളെ തടവിലിട്ടു ? ഇതിന്റെയെല്ലാം ഹരിശ്രീ കുറിച്ചത്‌ കോണ്ഗ്രസ്സും അതിനെ കണ്ണടച്ച് വേള്ളപൂശുന്ന കുറേ പ്രവത്തകരും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക