Image

ഓട്ടോപ്‌സി റിപ്പോർട്ട് അലക് ബാൾഡ്വിനെ രക്ഷിക്കുമോ എന്ന ചോദ്യം ഉയരുന്നു 

Published on 16 August, 2022
ഓട്ടോപ്‌സി റിപ്പോർട്ട് അലക് ബാൾഡ്വിനെ രക്ഷിക്കുമോ എന്ന ചോദ്യം ഉയരുന്നു 



നടനും നിർമാതാവുമായ അലക് ബാൾഡ്വിൻ കാഞ്ചി വലിച്ചതു കൊണ്ടാണ് ഛായാഗ്രഹണ സംവിധായിക ഹലീന ഹച്ചിൻസിനു മാരകമായ വെടിയേറ്റതെന്ന നിഗമനത്തിൽ എഫ് ബി ഐ എത്തിച്ചേർന്നു. എന്നാൽ അബദ്ധത്തിൽ വെടി പൊട്ടിയതാണു മരണകാരണം എന്നു ഹച്ചിൻസിന്റെ ഓട്ടോപ്‌സി നടത്തിയ ന്യൂ മെക്സിക്കോ മെഡിക്കൽ ഇൻവെസ്റിഗേറ്ററുടെ ഓഫീസ് റിപ്പോർട്ട് നൽകി. 

ന്യൂ മെക്സിക്കോയിലെ ബൊണാൻസാ സിറ്റിയിൽ കഴിഞ്ഞ ഒക്ടോബറിൽ ബാൾഡ്വിൻ നിർമിച്ചു പ്രധാന വേഷം ചെയ്യുന്ന 'റസ്റ്റ്' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ ആയിരുന്നു ഒക്ടോബർ 21നു ദുരന്തമുണ്ടായത്. തിങ്കളാഴ്ച സാന്ത ഫി കൗണ്ടി ഷെരീഫിന്റെ ഓഫീസാണ് ഓട്ടോപ്‌സി റിപ്പോർട്ട് പുറത്തു വിട്ടത്. എഫ് ബി ഐ റിപ്പോർട്ട് ശനിയാഴ്ച ചില പത്രങ്ങളിൽ വന്നിരുന്നു. 

ബാൾഡ്വിൻ കോടതി വിചാരണ നേരിടുമോ എന്നത് ഉറപ്പായിട്ടില്ല. സംഭവം ഒരു 'ദുഖകരമായ അപകടം' ആയിരുന്നു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ പറയുന്നു. അതാണ് ഓട്ടോപ്‌സി റിപ്പോർട്ട് എന്ന് അഭിഭാഷകൻ ലൂക്ക് നിക്കാസ് ചൂണ്ടിക്കാട്ടി. "തോക്കിൽ തിരയില്ലെന്നു അസിസ്റ്റന്റ് ഡയറക്റ്റർ ബാൾഡ്വിനോട് പറഞ്ഞിരുന്നു താനും. റിഹേഴ്‌സൽ എടുക്കുമ്പോൾ തോക്കു കാലിയായിരിക്കണം എന്നു ബാൾഡ്വിൻ നിഷ്കർഷിച്ചു. 

"ഷൂട്ടിന്റെ തുടക്കം മുതൽ ആയുധമെത്തിക്കുന്ന ഹന്നാ എന്ന 24 കാരനെ ബലിയാടാക്കാൻ പ്രൊഡക്ഷൻ സഹായികൾ ശ്രമിച്ചിട്ടുണ്ട്. രംഗം എടുക്കുന്നതിനു മുൻപ് ആയുധം പരിശോധിക്കാൻ അയാൾക്കു സമയം നൽകിയില്ല.  

"ചിത്രത്തിന്റെ സെറ്റിൽ പ്രൊഡക്ഷൻ സഹായികളുടെ ഭാഗത്തു പിഴവുകൾ സംഭവിച്ചിട്ടുണ്ട്. ന്യൂ മെക്സിക്കോ പരിസ്ഥിതി വകുപ്പ് ഗൗരവമായ ഒരു പരാതി അവർക്കെതിരെ നൽകിയിട്ടുണ്ട്. തെറ്റുകൾ തിരുത്തിയിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാൻ കഴിയുമായിരുന്നു." 

മെഡിക്കൽ ഇൻവെസ്റിഗേറ്ററുടെ റിപ്പോർട്ട് ആണു കൂടുതൽ നിർണായകം എന്ന് അഭിഭാഷകർ വാദിക്കുന്നു. 

ഒരു രംഗത്തിൽ ഉപയോഗിക്കാൻ സഹായികൾ തനിക്കു തന്ന തോക്കിൽ തിരയില്ലായിരുന്നു എന്നാണ് ധരിച്ചതെന്നു ബാൾഡ്വിൻ ആദ്യം പറഞ്ഞിരുന്നു. എന്നാൽ കാഞ്ചി വലിച്ചപ്പോൾ ഹച്ചിൻസ് മരിച്ചു വീണു.

പിന്നീട് ഡിസംബറിൽ അദ്ദേഹം പറഞ്ഞത് താൻ കാഞ്ചി വലിച്ചിട്ടേയില്ല എന്നാണ്. എ ബി സി യോട് അദ്ദേഹം തറപ്പിച്ചു പറഞ്ഞു: "ഇല്ല, ഞാൻ കാഞ്ചി വലിച്ചിട്ടില്ല." 

എന്നാൽ അപകട കാരണമായ തോക്കിൽ നിന്നു  കാഞ്ചി വലിക്കാതെ വെടിയുണ്ട പോവില്ല എന്നാണ് എഫ് ബി ഐ അന്വേഷണത്തിൽ കണ്ടെത്തിയത്. ഓസ്‌കർ ജേതാവായ നടന്റെ ഫോൺ രേഖകൾ പരിശോധിച്ചു കൊണ്ടിരിക്കയാണ്. 

 

യുക്രൈനിയൻ വംശജയായ ഹച്ചിൻസ് മുപ്പതോളം ചിത്രങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച പ്രശസ്തയായിരുന്നു. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക