Image

കവിതകളുടെ കാലിഡോസ്കോപ്പ് (കാവ്യദളങ്ങൾ - നിരൂപണം: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

Published on 17 August, 2022
കവിതകളുടെ കാലിഡോസ്കോപ്പ് (കാവ്യദളങ്ങൾ - നിരൂപണം: ജ്യോതിലക്ഷ്മി നമ്പ്യാർ, മുംബൈ)

വിശ്വമഹാകവി രവീന്ദ്രനാഥ് ടാഗോറിന്റെ "ഗീതാഞ്ജലി തർജ്ജമ ചെയ്തുകൊണ്ട് കാവ്യലോകത്ത് മഹത്തായ ഒരു സ്ഥാനം കരസ്ഥമാക്കിയ കവയിത്രിയാണ് ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ. "കാവ്യദളങ്ങൾ" എന്ന കവിതാസമാഹാരത്തോടെ പന്ത്രണ്ടു വൈവിധ്യമാർന്ന കൃതികൾക്ക് ശ്രീമതി എൽസി യോഹന്നാൻ ജന്മം നൽകി കഴിഞ്ഞു. കാവ്യങ്ങളുടെ സ്വഭാവമനുസരിച്ച് വിവിധ ഭാഗങ്ങളാക്കി തിരിച്ചിട്ടുള്ള അറുപത് കവിതകൾ ഉൾകൊള്ളുന്ന സമാഹാരമാണ് കാവ്യദളങ്ങൾ. ഇതിന്റെ പേരുപോലെത്തന്നെ ഓരോ കാവ്യവും ഒരു പുഷ്പത്തിന്റെ നിറപ്പകിട്ടാർന്ന ദളങ്ങൾപ്പോലെ മനോഹരങ്ങളാണ് .

കാവ്യദളങ്ങൾ എന്ന പുസ്തകത്തിലെ ഓരോ കവിത വായിക്കുമ്പോഴും  നമുക്ക് അനുഭവപ്പെടു ന്നത്  പല സാഹചര്യങ്ങളിലും കവിയിത്രിയുടെ മനസ്സിൽ നിന്നും അക്ഷരങ്ങളായി ബഹിർഗ്ഗമിച്ച മനോവികാരങ്ങളാണ്. ഭക്തി, അനുകമ്പ, മാതാപിതാക്കളോടുള്ള അകമഴിഞ്ഞ സ്നേഹം, സമൂഹനന്മ,  മുതിർന്നവരോടുള്ള ബഹുമാനം, കരുണ മനുഷ്യ സ്നേഹം   അങ്ങിനെ പല വിഷയങ്ങളുടെയും വൈവിധ്യമാർന്ന   സങ്കരഭാവങ്ങളുടെ വർണ്ണഭംഗി  ഇടകലർന്നുകാണിക്കുന്ന  കവിതകളുടെ ഒരു കാലിഡോസ്‌കോപ്പാണ് ഈ പുസ്തകം എന്ന് പറഞ്ഞാൽ ഈ പുസ്തകത്തിന്റെ ഒരു വായനാനുഭവം വ്യക്തമാകും .

മനസ്സിന്റെ അഭിലാഷങ്ങളും, ആഗ്രഹങ്ങളും, നഷ്ടബോധങ്ങളുമാണ് പലപ്പോഴും കവിതയായി നിറഞ്ഞൊഴുകുന്നത്.  ഈ പുസ്തകത്തിന്റെ ആമുഖത്തിൽ കവയിത്രി പറയുന്നുണ്ട് "കവിതകൾ എഴുതുകയല്ല .അവ ഹൃദയത്തിൽ നിന്നു വാർന്നൊഴുകുന്ന വികാരവീചികളാണെന്നു." വ്യത്യസ്തമായ സാഹചര്യങ്ങളിൽ വ്യത്യസ്തമായ സമയങ്ങളിൽ കവിമനസ്സിലേക്ക് ഒഴുകിയെത്തിയ വികാരത്തിരകളാണിതിലെ വരികൾ എന്ന് മനസ്സിലാക്കാം.  

പല കവിതകളിലും മാനുഷികമൂല്യങ്ങൾക്ക് വളരെ പ്രാധാന്യം നൽകുന്നതായി കാണാം. ആദ്യകവിതയായ ഭവത്‌കൃതത്തിൽ  മനുഷ്യജീവിതം എന്നത് എത്രയോ ക്ഷണികമാണ് അതിനാൽ ജീവിതത്തിൽ കഴിയാവുന്നത്ര നന്മകൾ ചെയ്യണം എന്ന സന്ദേശം കവയിത്രി നൽകുന്നുണ്ട്. ‘മത്സ്യത്തൊഴിലാളികൾ’ എന്ന കവിതയിൽ പ്രളയകാലത്ത് മത്സ്യത്തൊഴിലാളികൾ ചെയ്ത മാനുഷികസേവനത്തിന്റെ മൂല്യത്തെ കവയത്രി എടുത്തുപറയുന്നുണ്ട്.  

ശ്രീമതി എൽസി യോഹന്നാന്റെ വരികളിൽ കാണപ്പെടുന്ന മറ്റൊന്നാണ് നിസ്വാർത്ഥമായ ഭക്തി. “ഈശ്വരപ്രകീർത്തനം” എന്ന കവിതയിൽ ഓരോ വരികളിലും നിറഞ്ഞു നിൽക്കുന്നത് ഭക്തിരസം മാത്രമാണ്. അതുപോലെ “പൂജാഹവ്യം”  എന്ന കവിതയിൽ കവയത്രി പറയുന്നു പ്രപഞ്ചത്തിൽ എന്തെല്ലാം സംഭവിക്കുന്നു അതെല്ലാം സർവ്വേശ്വരന്റെ അറിവോടെ മാത്രമാണെന്ന്. പ്രപഞ്ചശക്തിയോടുള്ള അകമഴിഞ്ഞ ഭക്തിതന്നെയാണ് പല കവിതകളിലും കാണപ്പെടുന്നത്. മതമൈത്രി എന്ന കവിതയിൽ ഈശ്വരനെ നമുക്ക് എളുപ്പം മനസ്സിലാക്കുന്ന വിധം വിവരിക്കുന്നുണ്ട്. ഈശ്വരനെ അവർ സൂര്യദേവനോട് ഉപമിക്കുന്നു. പ്രഭചൊരിയുന്ന ദിവാകരബിംബം എന്നാണു പറയുന്നത്. ഈശ്വരൻ എന്നല്ല.  ലോകത്തിന്റെ എവിടെയിരുന്നാലും സൂര്യനെ  കാണാൻ കഴിയുന്നു. പല സ്ഥലങ്ങളിലും സൂര്യനെ പല പേരിൽ സംബോധന ചെയ്യുന്നു. എന്നതുപ്പോലെയാണ് ഈശ്വരനും എന്നാണ് പറയുന്നത് . പല രൂപത്തിൽ, നാമത്തിൽ നാമവനെ വാഴ്ത്തിയാലും  ഈശ്വരൻ ഒന്നേയുള്ളു. അതുകൊണ്ട് വിവിധ മതക്കാർ തമ്മിൽ കലഹം വേണ്ട. എല്ലാവരും ഒരേ ലക്ഷ്യത്തിൽ ശാന്തിയാകുന്ന   വാഹനത്തിൽ ഈശ്വരനിൽ എത്തിച്ചേരണമെന്ന് അവർ ആഗ്രഹിക്കുന്നു.

സാമൂഹികപശ്ചാത്തലത്തെയും പല കവിതകളിലും ചൂണ്ടികാണിച്ചിരിക്കുന്നതായി കാണാം.  ‘ 87 പൈസ’ എന്ന കവിതയിലെ   താഴെ പറയുന്ന വരികൾ ഇതിനൊരു ഉദാഹരണമാണ്  

"പാവങ്ങളെങ്ങിനെ ദൈവത്തോടർത്ഥിക്കും

ദീവാലയം പണമുള്ളോർക്കു മാത്രമോ?"

വര്ഷങ്ങളോളം പ്രവാസജീവിതം നയിച്ചുവെങ്കിലും ഉപേക്ഷിച്ചുപോന്ന ബാല്യത്തെ  പലപ്പോഴും സ്മരിക്കുന്നതായ പല കവിതകളുമുണ്ട്.

ഞാനിന്നുമെൻ ബാല്യകാലസ്മരണയിൽ
ഞാവൽ മരച്ചോട്ടിൽ തപ്തസ്മൃതികളിൽ
സിന്ദൂരസന്ധ്യതാൻ  വർണ്ണമേഘങ്ങളിൽ
സപ്‌തസ്വരം തീർത്ത സംഗീതമെന്നപോൽ

എന്നും കഴിഞ്ഞ കാലത്തെക്കുറിച്ച് അവർ എഴുതി. 

തിരിച്ചുകിട്ടാൻ സാധ്യതയില്ല എന്നറിഞ്ഞിട്ടും ചില വരികൾ കുറിക്കുമ്പോൾ അതിൽ ആശ്വസിക്കുന്നതായി കാണാം  

ഇങ്ങിനെ വന്നിടാത്തൊരോ ദിനങ്ങളെ
ഓർത്തതിനുമാനന്ദദുന്ദിലയാർന്നിതേൻ  
എന്നും കഴിഞ്ഞ കാലത്തെക്കുറിച്ച് അവർ എഴുതി . 


പ്രകൃതിയോടുള്ള സ്നേഹവും ഇഷ്ടവും ഈ എഴുത്തുകാരിയിൽ  നിതാന്തമായി നിലനിൽക്കുന്നു എന്നത് പല കവിതകളിൽ നിന്നും വ്യക്തമാണ്.

“കുരുവിക്കും തിരുവോണം” എന്ന കവിതയിൽ ഒരു കുരുവിയുടെ സന്തോഷത്തെകുറിച്ചാണ് കവയിത്രി ഓർക്കുന്നത് . കുരുവി ഒരുക്കുന്ന മനോഹരമായ കൂട്ടിൽ പാടത്തുനിന്നും കൊത്തികൊണ്ടുവരുന്ന നെൽമണികൾ കൂട്ടിവയ്ക്കുമ്പോൾ സന്തോഷത്തിന്റെ ആ കുഞ്ഞിക്കൂട്ടിലും ഓണമാണെന്നാണ് കവയിത്രി വ്യാഖ്യാനിക്കുന്നത്.

മനുഷ്യജീവിതത്തിന്റെ അവസ്ഥകൾ നോക്കി കാണുന്ന കവയിത്രി അവരുടേതായ ദര്ശനങ്ങളും തത്വങ്ങളും നൽകുന്നുണ്ട്. താഴെ പറയുന്ന വരികൾ ശ്രദ്ധിക്കുക.

മുന്നമേ ദൈവചിന്തയും
പിന്നെയെന്നുമതിൻ സമം
അദ്ധ്വാനവുമുണ്ടെന്നാൽ
ഉണ്ടാകില്ല പരാജയം  (page 80)

പരാജയങ്ങളെത്ര കഷ്ട,നഷ്ടവും നിരാശയും
എരിഞ്ഞിടുന്നു വഹ്നി പോലെ ജീവിതം തപിക്കലും
നിരാമയന്റെ സന്നിധാനമാർന്നു ജീവനൗകയെ
തിരിച്ചു ശാന്തതീരമാർന്നതാണ് താത  പാഠിതം

  (page66)

ലോകാലോകങ്ങളിലാകെത്തിരഞ്ഞാലും  
ആർക്കുമേ ലഭ്യമാവാത്തൊ രനുഭൂതി

കന്മഷമില്ലാത്ത കാരുണ്യ വാരിധി
ജന്മജന്മാന്തരാമൃതകമാണമ്മ  (Page 72)

“മുത്തമ്മ ചൊല്ലിയ കഥ” എന്ന കവിതയിൽ പണ്ടത്തെ ശൈശവവിവാഹത്തെയും, തുടർന്നുള്ള ജീവിതത്തെയും അതേസമയം ഇന്നത്തെ ദാമ്പത്യജീവിതത്തെയും ഒരു താരതമ്യപഠനം നടത്തുന്നു. യുവാക്കളാൽ  പുറംതള്ളപ്പെടുന്ന വയോജനങ്ങളുടെ അവസ്ഥയും ഇതിൽ പ്രതിപാദിക്കുന്നുണ്ട്

“പെൺപാപ്പാന്മാർ” എന്ന കവിതയിലെ ആദ്യവരികൾ 'വളയാത്ത വളയിട്ട കൈകളിലമർന്നതാ .....എന്ന് തുടങ്ങുന്ന വരികളിൽ സ്ത്രീകളുടെ ദൃഢനിശ്ചയത്തെക്കുറിച്ച് രസകരമായി എഴുതിയിരിക്കുന്നു

പലരുടെയും ജീവിതത്തിലെ സന്തോഷവും സന്താപവും നൽകുന്ന നിമിഷങ്ങളിൽ മനസ്സിൽനിന്നും ഉരുത്തിരിയുന്ന വരികൾ കുറിച്ചുകൊണ്ട് അവരുടെ മാനസികാവസ്ഥയിൽ കവയിത്രി പങ്കാളിയാകുന്നത് കാണാം.  പ്രിയപ്പെട്ടവർക്ക് മംഗളാശംസകൾ നേരുമ്പോഴും അവരുടെ ദുഖങ്ങളിൽ വിലാപഗീതങ്ങൾ പാടുമ്പോഴും കവയിത്രിയുടെ മനസ്സിൽ ഈശ്വരചിന്തയാണ്. ഈശ്വരചിന്ത മനുഷ്യ മനസ്സുകളിൽ നിന്നും ഒഴിയരുതെന്നു അവർ ആഗ്രഹിക്കുന്നു.

ഭക്തിയോടൊപ്പംതന്നെ ജനങ്ങളെ നേർവഴിക്ക് നയിക്കുന്ന പല ഉപദേശങ്ങളും വ്യക്തമായി നൽകുന്ന വരികൾ  മിക്കവാറും കവിതകളിൽ കാണാൻ കഴിയുമെന്നത് കവിയത്രിയുടെ നന്മയിൽ അധിഷ്ഠിതമായ ജീവിതാദർശങ്ങളുടെ സമഗ്ര വീക്ഷണമാണ്. ജീവിതത്തിന്റെ ക്ഷണികതയെയും നന്മ നിറഞ്ഞ ജീവിതം നയിക്കേണ്ട ആവശ്യകതയും അവർ കവിതകളിലൂടെ ഉത്ബോധിപ്പിക്കുന്നു. 

തനിക്കുമുന്നിൽ കാണുന്ന വിഷയങ്ങളെ കവിതകളായി രൂപകല്പനചെയ്യുന്ന ഈ എഴുത്തുകാരിക്ക്  മാതാപിതാക്കളുടെ മാഹാത്മ്യത്തെക്കുറിച്ചെഴുതി ഒരിക്കലും സംതൃപ്തി വരില്ല എന്നത് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള മാതാപിതാക്കളെക്കുറിച്ചുള്ള നിരവധി കവിതകളിൽനിന്നു സ്പഷ്ടമാണ്.  

അറുപതോളം കവിതകളുടെ സമാഹാരമാണ് കാവ്യദളങ്ങൾ. വളരെ ചിട്ടയോടും, വിഷയക്രമമനുസരിച്ചും തയ്യാറാക്കിയ ഈ പുസ്തകം കവിതാപ്രേമികൾക്ക്  ഹൃദ്യമായ ഒരു അനുഭവം പകരും എന്നതിൽ സംശയമില്ല.

കവിയിത്രിയുടെ രചനോദ്യാനത്തിൽ  ഇനിയും കാവ്യസുമങ്ങൾ വിടർന്ന് മലയാളഭാഷയുടെ സൗരഭ്യം ലോകമെങ്ങും പടരട്ടെ എന്നാശംസിക്കുന്നു

Jythilakshmi Nambiar on Elcy Yohannan's book

Join WhatsApp News
abdul Punnayurkulam 2022-08-17 15:17:14
Poetess Elsi Yohannan Sankarathil's അറുപതോളം കവിതകളുടെ സമാഹാരമാണ് കാവ്യദളങ്ങൾ. വളരെ ചിട്ടയോടും വിഷയക്രമമനുസരിച്ചും തയ്യാറാക്കിയ this book Jyothi Lexmi Nambiar very skilfully and interestingly prepared for the poem loving folks.
Sudhir Panikkaveetil 2022-08-17 16:20:32
"മുറ്റത്തെ മുല്ലക്ക് മണമില്ല". പക്ഷെ അയല്പക്കക്കാരൻ വിളിച്ചുപറയുന്നു "മുല്ലപ്പൂവിന്റെ സുഗന്ധം വരുന്നു." അത് നല്ല കാര്യം. വീട്ടുകാരുടെ മൂക്കും തുറക്കട്ടെ. അമേരിക്കൻ മലയാള സാഹിത്യ ചരിത്രത്തിന്റെ ആദ്യപേജിൽ ഇടം പിടിച്ചിരിക്കുന്ന ഈ എഴുത്തുകാരി പന്ത്രണ്ടോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു എന്ന് ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാർ എഴുതുന്നു. കാവ്യദളങ്ങളുടെ ഒരു കോപ്പി കവയിത്രി തന്നിരുന്നു. ഇവിടത്തെ സാഹിത്യസംഘടനകൾ അത് വായിക്കാനും ചർച്ച ചെയ്യാനും മുന്നോട്ട് വരേണ്ടതാണ്. നാട്ടിലുള്ളവർ എഴുതുന്നത് മാത്രം ഉദാത്തം. ഇവിടെയുള്ളത് ചീത്ത എന്ന മനോഭാവം എന്നേ മാറ്റേണ്ടതാണ്.
Elcy Yohannan Sankarathil 2022-08-18 01:03:11
Thank you so much my beloved Abdul & Sudhir for the encouraging,wonderful comments, it is so great of you to find the gooness in others' works, with love, regards, gratitude, Elcy Yohannan Sankarathil.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക