Image

ഐ ആർ എ  ബില്ലിൽ ഒപ്പു വച്ചു  ബൈഡൻ വിജയം ആഘോഷിക്കുന്നു 

Published on 17 August, 2022
ഐ ആർ എ  ബില്ലിൽ ഒപ്പു വച്ചു  ബൈഡൻ വിജയം ആഘോഷിക്കുന്നു 



ആരോഗ്യ രക്ഷാ ചെലവുകൾ കുറയ്ക്കാനും കാലാവസ്ഥാ പ്രശ്നങ്ങൾ നേരിടാനും പണം കണ്ടെത്തുന്ന $740 ബില്യൺ ബിൽ നിയമമായി. സമ്പന്നരിൽ നിന്നു കൂടുതൽ നികുതി പിരിച്ചാണു  പ്രധാനമായും പണം സ്വരൂപിക്കുക. 

സെനറ്റും ഹൗസും അംഗീകരിച്ച ബില്ലിൽ ചൊവാഴ്ച ഒപ്പു വച്ചു പ്രസിഡന്റ് ജോ ബൈഡൻ ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപുള്ള മറ്റൊരു ഗംഭീര വിജയം ആഘോഷിച്ചു. ഇൻഫ്‌ളേഷൻ റിഡക്ഷൻ ആക്ട് (ഐ ആർ എ) എന്ന പേരിലുള്ള നിയമം വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളും ഉൾക്കൊള്ളുന്നു. 

"ഞാൻ ആദ്യമേ പറയട്ടെ, ഈ നിയമത്തോടെ അമേരിക്കൻ ജനത വിജയിക്കുകയും നിക്ഷിപ്ത താൽപര്യക്കാർ തോൽക്കുകയും ചെയ്തു," ഒപ്പു വച്ച ശേഷം ബൈഡൻ പറഞ്ഞു. ഒരൊറ്റ റിപ്പബ്ലിക്കൻ വോട്ടും ലഭിക്കാത്ത നിയമത്തിന്റെ വിമർശകർക്കുള്ള മറുപടി ആയിരുന്നു അത്. 

"നമ്മുടെ ഭാവി നമ്മൾ തന്നെയാണ് തീരുമാനിക്കേണ്ടത്. ഒന്നുകിൽ നമുക്കു കരുത്തുള്ളവരെ പിന്തുണച്ചു മുന്നോട്ടു പോകാം; അല്ലെങ്കിൽ എല്ലാവർക്കും തുല്യത ലഭിക്കുന്ന ഭാവി നിർമിക്കാനുള്ള കരുത്തു കാട്ടാം."

$3.5 ട്രില്യൺ ലക്ഷ്യമിട്ടിരുന്ന ബില്ലിൽ വെള്ളം ചേർക്കാൻ ബൈഡൻ നിർബന്ധിതനായതു സ്വന്തം പാർട്ടിയിൽ നിന്നു പോലും എതിർപ്പുണ്ടായപ്പോഴാണ്. സെനറ്റ് ഡമോക്രാറ്റുകൾ ജോ മഞ്ചിനും ക്രിസ്റ്റൻ സിനെമയും അതിൽ മുൻനിരക്കാർ ആയിരുന്നു. എങ്കിലും യു എസ് ചരിത്രത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ സുരക്ഷാ നടപടികൾ ഈ നിയമത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 

"ഉലയാത്ത വിശ്വാസവും ക്ഷമയും പ്രതിബദ്ധതയും ഉണ്ടെങ്കിൽ പുരോഗതി കൈവരും," ബൈഡൻ പറഞ്ഞു. "18 മാസമായി ഞാൻ ഈ ബില്ലിനു കാത്തിരിക്കായിരുന്നു. ഒരിക്കലും എന്റെ വിശ്വാസം ഉലഞ്ഞില്ല."

ബൈഡനു അഭിമുഖമായി മുൻനിരയിൽ സെനറ്റ് ഡെമോക്ക്രാറ്റിക് നേതാവ് ചാൾസ് ഷൂമർ, ജോ മഞ്ചിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നിരവധി മന്ത്രിസഭാംഗങ്ങളും. ബൈഡന്റെ ഉറച്ച നിലപാട് കൊണ്ടാണ് ഈ നിയമം സാധ്യമായതെന്നു ജോ മഞ്ചിൻ ചൂണ്ടിക്കാട്ടി. 'ചരിത്രത്തിലെ ഏറ്റവും ധീരമായ കാലാവസ്ഥാ നിയമം' എന്ന് ഷൂമർ പറഞ്ഞു. 

ഇടക്കാല തിരഞ്ഞെടുപ്പിനു കഷ്ടിച്ചു മൂന്നു മാസം ബാക്കി നിൽക്കെ നിരവധി സംസ്ഥാനങ്ങളിലേക്കു ഈ നിയമത്തിന്റെ പ്രചാരണത്തിനു ഡെമോക്രാറ്റിക് നേതാക്കൾ യാത്ര ചെയ്യും. ഓഗസ്റ്റിൽ തന്നെ വൈസ് പ്രസിഡന്റ് കമല ഹാരിസ്, തുടങ്ങിയവർ 23 സംസ്ഥാനങ്ങളിലായി 35 പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 
 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക