Image

പ്രണയശിഷ്ടനോട് കവിത പറയുന്നത് (കവിത: സിംപിൾ ചന്ദ്രൻ)

Published on 17 August, 2022
പ്രണയശിഷ്ടനോട് കവിത പറയുന്നത് (കവിത: സിംപിൾ ചന്ദ്രൻ)

നീയെത്ര കുട്ടിക്കുറുമ്പൻ,
ചൊന്നതൊന്നുമേ കേൾക്കാതിരുന്നോൻ!
പ്രണയമരുതെന്നു ചൊന്നതാണന്നേ,
പ്രാണവേദന താങ്ങാതിരിക്കാൻ,

നെഞ്ചു പൊട്ടിപ്പിളർന്നുളളിലേറും
ഉടലിലെമ്പാടുമുയിരിനെത്തേടും
ചുണ്ടിൽ ചോരയുമുപ്പും ചുവയ്ക്കും
കണ്ണിലാവിയായ് കണ്ണീരെരിക്കും

നീറ്റലായള്ളിപ്പിടിക്കും
നോവിൻ തേങ്ങലാലുളളം പിടയ്ക്കും
ജീവനറ്റുപോം വേദനയ്ക്കുള്ളിൽ
നീയകപ്പെട്ടു പോകാതിരിക്കാൻ.

നഷ്ടമാംപ്രണയത്തിലൂടെ
നീ ശിഷ്ടമായുരുകുന്ന നേരം
പറയാതെയിന്നുനീയേറ്റു.-
ന്നൊറ്റയ്ക്കു നിന്റെയീ ദു:ഖം !

നോക്കിലൂടല്ലിന്നു വാക്കാൽ
വഴിയിലൂടല്ലിന്നു മൊഴിയാൽ
ഞാനക്ഷരംപൂക്കും വസന്തം
നിന്റെ വരവുകാത്തല്ലേയിരിപ്പൂ

ഒരു ചുമൽത്താങ്ങും നിനക്കായ്
കാത്തു ഞാൻ വച്ചിരുന്നില്ലേ
എന്നിട്ടുമെന്തെന്റെ ചാരേ
നീ വന്നില്ല, നോവൊന്നു ചൊല്ലാൻ

എന്നാലുമിന്നെനിക്കാമോ
പോരാതെ നിൻ വാതിലോളം !
കേൾക്കാതിരിക്കാനുമാവോ
ഞാനിരമ്പുന്നൊരൊച്ച,നിൻ നെഞ്ചിൽ!

പോകട്ടെ ചോരച്ച പ്രണയം,
നോവട്ടെ  തെല്ലുനാൾ ഹൃദയം,
പിന്നെഞാൻകൊണ്ടുപോം നിന്നെ
യെന്നക്ഷരക്കയറിൽക്കുരുക്കി!

Poem by Simple Chandran

 

Join WhatsApp News
കുമാർ പി മൂക്കുതല 2022-08-18 10:00:36
നന്നായി സിമ്പിൾ ❤️ പ്രണയത്തിൽ ശിഷ്ടമാകുന്നൊരാൾക്ക് ഒരക്ഷരക്കുരുക്കായി കവിത.. Gd Congrats Smple
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക