MediaAppUSA

റെയിൽ ചക്രങ്ങൾ (കഥ: ബാബു പാറയ്ക്കൽ)

Published on 18 August, 2022
റെയിൽ ചക്രങ്ങൾ (കഥ: ബാബു പാറയ്ക്കൽ)

റെയിൽവേയിലെ മൂന്നു ദശാബ്ദക്കാലത്തെ സേവനത്തിനു ശേഷം സുഹൃത്തുക്കൾ നൽകിയ റിട്ടയർമെൻറ് പാർട്ടിയിലെ സ്വീകരണം ഏറ്റു വാങ്ങി പടികളിറങ്ങി പ്രതിഭാ വാര്യർ താഴേക്കു വന്നത് തന്റെ ഓഫീസിൻറെ വാതിലിനു മുൻപിൽ കൂടിയാണ്. അവർ ഒരു നിമിഷം ആ വാതിലിലേക്കു നോക്കി നിന്നു. ഓഫീസിന്റെ താക്കോൽ തിരിച്ചു കൊടുത്തിരിക്കുന്നു. ഇനിയും ഇവിടെ താൻ ആരുമല്ല. അവർ മുൻപോട്ടു വന്നു ട്രാക്കിന്റെ ഓരത്തുകൂടി കാറിനടുത്തേക്കു നടന്നു. കയ്യിൽ മികച്ച സേവനത്തിനു മാനേജ്‌മന്റ് നൽകിയ ഫലകവും സുഹൃത്തുക്കൾ നൽകിയ ഗിഫ്റ്റ് അടങ്ങിയ ബാഗും പിടിച്ചിരുന്നു. ആ ട്രാക്കിൽ തന്റെ ഉത്തരവാദിത്വത്തിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനുകളിൽ ഒന്നു കിടക്കുന്നുണ്ടായിരുന്നു. ഒരു നിമിഷം പ്രതിഭ അതിന്റെ ചക്രത്തിലേക്കു നോക്കി നിന്നു. തന്റെ ജീവിതം മാറ്റി മറിച്ച റെയിൽ ചക്രങ്ങൾ! 
അങ്ങകലെ ഒരു ട്രെയിൻ ചൂളം വിളിച്ചു കൊണ്ടടുക്കുന്നു. അത് നദിയുടെ മുകളിലുള്ള നീണ്ട പാളത്തിലേക്ക് കയറി. ഇനി ഒരു ചെറിയ വളവാണ്‌. അത് കഴിഞ്ഞാൽ നീണ്ട പാലം. 
മഴക്കാലമായതിനാൽ നദിയിൽ നല്ലതു പോലെ വെള്ളമുണ്ട്. പാലത്തിൽ ഏതാണ്ട് നൂറടി അകലത്തിൽ രണ്ടു പേർക്ക് കഷ്ടിച്ചു നിൽക്കാൻ സൗകര്യമുള്ള ഓരോ കൂട് സ്ഥാപിച്ചിട്ടുണ്ട്. ട്രെയിൻ വല്ലപ്പോഴും മാത്രം വരുന്നത് കൊണ്ട് അക്കരക്കു നടന്നു പോകാൻ പലരും ഈ റെയിൽ പാലം ആണ് ഉപയോഗിക്കുന്നത്. വാര്യർ സാറിന്റെ ഉറ്റ മിത്രമാണ് കുറുപ്പ് സാർ. രണ്ടു പേരും പഠിപ്പിക്കുന്നത് ഒരേ സ്‌കൂളിൽ. കുറുപ്പ് സാർ താമസിക്കുന്നത് അക്കരെയാണ്. എന്നും സ്‌കൂളിൽ നിന്നും വരുമ്പോൾ അവർ ഒന്നിച്ചാണ് വരുന്നത്. കുറുപ്പ് സാറിനും വാര്യരെപ്പോലെ മൂന്ന് മക്കളാണ്. റെയിൽപ്പാലത്തിനു താഴെ വരെ വർത്തമാനം പറഞ്ഞു നടന്നു വരുന്ന അവർ അവിടെ നിന്നും പിരിയും. കുറുപ്പ് പാലത്തിൽ കയറി അക്കരക്കു പോകും. വാര്യർ അവിടെ നിന്നും ഏതാണ്ട് ഒരു കിലോമീറ്റർ കൂടി നടന്നു വീട്ടിലെത്തും.

അന്ന് വാര്യരുടെ മൂത്ത മകളുടെ ജന്മദിനം ആയിരുന്നു. പാലത്തിന്റെ ചുവട്ടിലുള്ള ബേക്കറിയിൽ നിന്നും വാര്യർ ഒരു കേക്ക് വാങ്ങി. അവിടെ നല്ല പഴംപൊരി കണ്ടപ്പോൾ കുറുപ്പ് അത് കുറച്ചു വാങ്ങിയിട്ടു പറഞ്ഞു, "തൻറെ പ്രതിഭയുടെ പന്ത്രണ്ടാമത്തെ ജന്മദിനമല്ലേ, ഞങ്ങളുടെ വീട്ടിലും ഒരാഘോഷമായിക്കൊള്ളട്ടെ." 
യാത്ര പറഞ്ഞു പിരിഞ്ഞു കുറുപ്പ് പാലത്തിലേക്ക് കയറി. വാര്യർ നേരെ നടന്നു. മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു. അൽപ്പം നടന്നപ്പോൾ വാര്യർ തീവണ്ടിയുടെ ചൂളം വിളി കേട്ടു. വാര്യർ ഓർത്തു, "ഇപ്പോൾ ഇത് വഴി ട്രെയിൻ ഒന്നും വരാനില്ലല്ലോ. പിന്നെ ഇപ്പോൾ ഈ ചൂളം വിളി എങ്ങനെ?” അദ്ദേഹം ചെവി കൂർപ്പിച്ചു. 
ചൂളം വിളി അൽപ്പം കൂടി അടുത്തു വരുന്നതുപോലെ. വാര്യർ ഒരു നിമിഷം നിന്നു. എന്നിട്ട് ശരവേഗതയിൽ പാലത്തിലേക്കോടി. മഴ കനത്തിരിക്കുന്നു. കുറുപ്പ് കയ്യിൽ പഴംപൊരിയുടെ ബാഗും തൂക്കിപ്പിടിച്ചു കുടയും ചൂടി പാളത്തിൽ കൂടി നടക്കുകയാണ്. പെട്ടെന്ന് കുറുപ്പ് അത് കണ്ടു. ട്രെയിൻ പാലത്തിൽ കയറിക്കഴിഞ്ഞിരിക്കുന്നു. ഇനി  പുറകോട്ടോടിയാൽ പാലത്തിൻറെ അറ്റം വരെ എത്തുവാൻ കഴിയില്ല! അയാൾ സ്‌തബ്ധനായി പാളത്തിന്റെ നടുവിൽ നിന്നു. വാര്യർ ഉറക്കെ വിളിച്ചുകൊണ്ടു കുറുപ്പിന്റെ അടുത്തേക്കോടി. കുറുപ്പിന്റെ അൽപ്പം മാത്രം പുറകിലായി പാലത്തിന്റെ വശത്തായി ഒരു കൂടുള്ളത് വാര്യർ ശ്രദ്ധിച്ചു. അപ്പോഴേക്കും കുറേപ്പേർ വാര്യർ ഓടുന്നതു കണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു, "വാര്യർ സാറേ പോകരുതേ. മടങ്ങി വരൂ."
കയ്യിലിരുന്ന കേക്ക് പാളത്തിൽ എറിഞ്ഞിട്ട് ഒളിമ്പിക്‌സിലെന്നപോലെ എല്ലാ ബലവും കയ്യിലെടുത്തു വാര്യർ ഓടി. അതിവേഗം വന്ന ട്രെയിൻ അടുത്തെത്തിക്കഴിഞ്ഞു. ജീവൻ രക്ഷിക്കാൻ തനിക്കു കൂട്ടിൽ കയറി നിൽക്കാം എന്ന് മനസ്സിലാക്കിയപ്പോഴും സ്‌തബ്ധനായി നിൽക്കുന്ന കുറുപ്പിനെ കൂടി രക്ഷപ്പെടുത്താൻ ഒരു ശ്രമം കൂടി നടത്താൻ ഓടി വന്നു കുറുപ്പിനെ കെട്ടിപ്പിടിച്ചു. പക്ഷേ, പിടിച്ചു മാറ്റുന്നതിന് മുൻപ് അലറിക്കൂവി വന്ന ട്രെയിൻ രണ്ടു പേരെയും ഇടിച്ചു തെറിപ്പിച്ചു. ഒരു സീൽക്കാര ശബ്‌ദത്തോടെ പാളത്തിൽ ഉരഞ്ഞു നീങ്ങിയ ട്രെയിൻ ഏതാനും വാര കൂടി അകലെ ചെന്ന് നിന്നു. കുറുപ്പ് തൽക്ഷണം മരണമടഞ്ഞു. ട്രെയിൻ നിന്നപ്പോൾ തന്നെ ധാരാളം പേർ പാലത്തിന്റെ അറ്റത്തു നിന്നും അവിടേക്കോടിയടുത്തു.
പാലത്തിന്റെ കൈവരിയിലേക്കു ചാരിയിരുന്ന വാര്യർക്ക് പുറമേ പരിക്കുകളൊന്നും കാണാനില്ലായിരുന്നു. 
"കുറുപ്പിന് എങ്ങനെയുണ്ട്?" അദ്ദേഹം കൂടി നിന്നവരോടു ചോദിച്ചു.
"കുഴപ്പമില്ല." 
ആശ്വസിപ്പിക്കാൻ ആരോ പറഞ്ഞ മറുപടി കേട്ട് ചാരിതാർഥ്യത്തോടെ വാര്യർ ചിരിച്ചു. അദ്ദേഹത്തിന്റെ തലയുടെ പുറകിൽ നിന്നും രക്തം നദിയിലേക്കു വാർന്നൊഴുകുന്നത് അധികമാരും ശ്രദ്ധിച്ചില്ല.
"ഇപ്പോൾ ട്രെയിൻ വരുന്ന സമയമല്ലല്ലോ. പിന്നെ എങ്ങനെ സംഭവിച്ചു?" കൂടി നിന്നവരിൽ ഒരാൾ ചോദിച്ചു.
"പരശുറാം നാല് മണിക്കൂർ താമസിച്ചു വന്നതാണ്." കൂട്ടത്തിൽ ആരോ മറുപടിയും പറഞ്ഞു. ഏതാനും മിനിറ്റുകൾക്കുള്ളിൽ വാര്യർ വീണ്ടും കുറുപ്പിന്റെ സഹയാത്രികനായി പറന്നുയർന്നു. 
"മരണത്തിലും പിരിയാത്ത സുഹൃത്തുക്കൾ." അതായിരുന്നു അടുത്ത പ്രഭാതത്തിലെ ദിനപ്പത്രത്തിൽ ഈ വാർത്തയ്ക്കു വന്ന തലക്കെട്ട്.
പ്രതിഭ അച്ഛൻ കേക്ക് കൊണ്ട് വരുന്നതും കാത്തു വീടിനു മുൻപിൽ തന്നെ നിൽക്കുകയാണ്. പ്രതിഭയുടെ ഇളയ സഹോദരനും സഹോദരിയും ചേച്ചിക്കു പിന്തുണ നൽകി കൂടെ തന്നെയുണ്ട്. 
"പിള്ളാരേ, അകത്തു പോയിരുന്നു വല്ലതും പഠിക്ക്. അച്ഛൻ വരുമ്പോൾ കേക്ക് കൊണ്ടുവരും." അമ്മ ഒന്ന് പറഞ്ഞിട്ട് കേട്ടില്ലെങ്കിൽ വടിയെടുക്കും എന്നറിയാവുന്നതു കൊണ്ട് വീണ്ടും വരുമ്പോഴേക്കും എല്ലാവരും ഓടി അകത്തു കയറും. അങ്ങനെ നോക്കി നിൽക്കുമ്പോളാണ് അമ്മാവൻ മോട്ടോർ സൈക്കിളിൽ അതിവേഗം വന്നു വീടിനു മുൻപിൽ നിർത്തിയത്.
"അമ്മാവാ അച്ഛനെ കണ്ടോ?" പ്രതിഭ ചോദിച്ചു.
മറുപടിയൊന്നും പറയാതെ അദ്ദേഹം വീട്ടിലേക്ക് ഓടിക്കയറി. പിന്നെ അമ്മയുടെ അലറിയ നിലവിളിയാണ് കേട്ടത്. ഒന്നും മനസ്സിലാകാതെ പ്രതിഭയും സഹോദരങ്ങളും ഓടി അകത്തേക്കു ചെന്നു. അമ്മ കട്ടിലിൽ കിടന്നുരുളുകയാണ്. അപ്പോഴേക്കും അമ്മായിയും എത്തി. അവർ രണ്ടു പേരും ബലമായി അമ്മയെ പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും സാധിച്ചില്ല. അല്പം കഴിഞ്ഞപ്പോൾ അമ്മ നിശ്ചലമായി.
അമ്മാവൻ അമ്മയുടെ കൂടെ അൽപ നേരം ആ കട്ടിലിൽ ഇരുന്നു.
"അൽപ നേരം കിടക്കട്ടെ. പിന്നെ അൽപ്പം വെള്ളം തളിച്ചെഴുന്നേൽപ്പിച്ചാൽ മതി." അമ്മാവൻ മുറിയുടെ വെളിയിലേക്കിറങ്ങിയപ്പോൾ അമ്മായി കട്ടിലിൽ അമ്മയുടെ കൂടെയിരുന്നു. അപ്പോഴേക്കും വീടിന്റെ മുറ്റത്ത് അയൽക്കാർ കൂട്ടമായി വന്നു തുടങ്ങി. ഒന്നും മനസ്സിലാകാതെ പ്രതിഭയും സഹോദരങ്ങളും മുറ്റത്തേക്കിറങ്ങി നിന്നപ്പോൾ അമ്മാവൻ അവരെ ചേർത്ത് പിടിച്ചു ചുംബിച്ചു. അമ്മാവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
വാര്യർ പാർട്ടി പ്രവർത്തകൻ കൂടി ആയിരുന്നതുകൊണ്ടായിരിക്കാം പോസ്‌റ്റുമോർട്ടം ഒഴിവാക്കി കിട്ടി. നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതശരീരം രാത്രി പതിനൊന്നു മണിയോടെ വീട്ടിലെത്തിച്ചു. അടുത്ത പകൽ ആ കുടുംബത്തിൻറെ പ്രതീക്ഷകൾ പുകച്ചുരുളുകളായി ഉയർന്ന് അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുന്നത് പ്രതിഭയും സഹോദരങ്ങളും മാതാവിനോടൊപ്പം നിറ കണ്ണുകളോടെ നോക്കി നിന്നു കണ്ടു.
ഒരദ്ധ്യാപകന്റെ മാത്രം വരുമാനം കൊണ്ട് അല്ലലില്ലാതെ പൊയ്ക്കൊണ്ടിരുന്ന കുടുംബം പെട്ടെന്ന് അനാഥമായപ്പോൾ അമ്മ പാർവ്വതിയമ്മ പകച്ചു പോയി. പ്രതിഭ ഇംഗ്ലീഷ് മീഡിയം കോൺവെന്റ് സ്കൂളിലാണ് പഠിച്ചിരുന്നത്. അവർക്കു ഫീസ് കൊടുക്കണം. ഇളയ കുട്ടികൾ പഠിക്കുന്നു. വീട്ടിലെ ചെലവ് നടക്കണം. അനുസരണയുള്ള വീട്ടമ്മയായി മാത്രം ജീവിച്ച പാർവ്വതിയമ്മക്കു മുൻപിൽ വഴികളൊന്നും തെളിഞ്ഞില്ല. എല്ലാത്തിനും എപ്പോഴും കൂടെയുണ്ടായിരുന്ന അമ്മാവൻ മാത്രമായിരുന്നു അവർക്ക് ആകെയുണ്ടായിരുന്ന തുണ. അച്ഛൻ പാർട്ടിയിൽ പ്രവർത്തിച്ചിരുന്നത് കൊണ്ട് തൊട്ടടുത്തുള്ള അമ്പലത്തിലെ പണികളിലൊന്നും വാര്യർ കുടുംബത്തെ അടുപ്പിച്ചിരുന്നില്ല. താമസിയാതെ അമ്മ അടുത്ത വീടുകളിൽ പണിക്കു പോയിത്തുടങ്ങി. ഫീസ് കൊടുക്കാൻ മാർഗ്ഗമില്ലാതെ പ്രതിഭയെ ഗവൺമെന്റ് സ്കൂളിൽ ചേർക്കാനായി കോൺവെന്റ് സ്കൂളിൽ നിന്നും മാറ്റാൻ ശ്രമിച്ചപ്പോൾ പ്രിൻസിപ്പലായിരുന്ന കന്യാസ്ത്രീ പറഞ്ഞു, "പ്രതിഭാ വാര്യർ ഞങ്ങളുടെ റാങ്ക് പ്രതീക്ഷയാണ്. ഫീസില്ലാതെ ഇവിടെ പഠിക്കട്ടെ."
അന്നാണ് അമ്മയുടെ കണ്ണ് വീണ്ടും നനയുന്നത് പ്രതിഭ കണ്ടത്.
എസ്. എസ്. എൽ. സി. യും പ്രീഡിഗ്രിയും പ്രതിഭ റാങ്കിനടുത്ത ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി. 
"അച്ഛന്റെ ആഗ്രഹം നീ ഒരു എഞ്ചിനീയർ ആകണമെന്നായിരുന്നു. ആ വഴി ശ്രമിക്കുക." അമ്മാവൻ ഉപദേശിച്ചു.
താമസിയാതെ എൻജിനീയറിങ്ങിന് അഡ്മിഷൻ കിട്ടി. പക്ഷേ, തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ ആയിരുന്നു.
പുറം ലോകം കാണാതെ പാലക്കാട്ടെ കുഗ്രാമത്തിൽ വളർന്ന പ്രതിഭയെ തിരുവനന്തപുരം പോലെയുള്ള വലിയ പട്ടണത്തിൽ ഒറ്റക്കെങ്ങനെ വിടും? അതായിരുന്നു പാർവ്വതിയമ്മയുടെ വിഷമം. പോരെങ്കിൽ സാധാരണയിൽ കവിഞ്ഞ സൗന്ദര്യവും. അടുത്ത രാവുകളിൽ പാർവതിയമ്മയ്‌ക്ക്‌ ഉറങ്ങാൻ കഴിഞ്ഞില്ല. ആങ്ങളയുമായി ഇക്കാര്യം സംസാരിച്ചു. 
ഇൻർവ്യൂവിന് അമ്മാവൻ കൂടി തിരുവനന്തപുരത്തേക്കു വന്നു. മനപ്പൂർവമാണ് ട്രെയിൻ യാത്ര ഒഴിവാക്കിയത്. ഫാസ്റ്റ് പാസഞ്ചർ ബസിനാണ് പോയത്. ഇന്റർവ്യൂവിനു പോകുമ്പോൾ തൻറെ ജീവിതം തകിടം മറിച്ച ട്രെയിൻ കണ്ട് പ്രതിഭയുടെ മനസ്സിന്റെ സ്വസ്ഥത കളയണ്ടല്ലോ എന്ന് കരുതിയായിരുന്നു അത്. വൈകിട്ടു പാലക്കാട്ടു നിന്ന് കയറിയിട്ട് രാവിലെയാണ് തിരുവനന്തപുരത്തെത്തിയത്. ഇന്റർവ്യൂ നന്നായിരുന്നു. എൻജിനീയറിങ്ങിന്റെ ഏതു വിഭാഗവും തെരഞ്ഞെടുക്കാൻ അവർ പ്രതിഭയ്ക്ക് അനുവാദം നൽകി. അവൾ മെക്കാനിക്കൽ എൻജിനീയറിങ് തെരഞ്ഞെടുത്തു. അടുത്ത അഞ്ചു വർഷത്തോളം ഹോസ്റ്റലിൽ ആയിരുന്നു താമസം. രണ്ടുപേർക്കുള്ള ഒരു മുറി. തൻറെ സഹവാസി ചങ്ങനാശ്ശേരിക്കാരി ഒരു ആൻസി ആയിരുന്നു. അവൾ ഒരു വിശ്വാസമുള്ള ക്രിസ്ത്യാനിയായിരുന്നു. രാവിലെയും വൈകിട്ടും പ്രാർഥിക്കും. അവളുടെ പ്രാർഥനയിൽ പ്രതിഭ പങ്കു ചേർന്നപ്പോൾ അവൾ ചോദിച്ചു, "പ്രതിഭേ, നീ എങ്ങനെയാണ് ഞങ്ങളുടെ പ്രാർഥന പഠിച്ചത്?"
"കോൺവെന്റ് സ്കൂളിൽ കന്യാസ്ത്രീകൾ പഠിപ്പിച്ചതാണ്."
"അവർ ഫീസ് വാങ്ങിയല്ലേ പഠിപ്പിക്കുന്നത്? പിന്നെയെന്തിനാ അവർ അവരുടെ പ്രാർഥന നിങ്ങളെ നിർബന്ധിച്ചു പഠിപ്പിക്കുന്നത്?"
"നിർബന്ധമൊന്നുമില്ല. പിന്നെ വെറുതെ ഇരിക്കുന്നതുകൊണ്ട് അവരുടെ പ്രാർഥനയിൽ പങ്കു ചേരും. അങ്ങനെ പഠിച്ചതാണ്. അച്ഛന്റെ മരണത്തോടെ എല്ലാം തകർന്ന എന്നെ പിടിച്ചു നിർത്തിയത് ആ കന്യാസ്ത്രീകളാണ്." പ്രതിഭയുടെ കണ്ണുകൾ നിറയുന്നത് ആൻസി കണ്ടു. പിന്നെ ഒരിക്കലും അതിനെപ്പറ്റി ചോദിച്ചിട്ടില്ല.
കോളേജിൽ ഫൈനലിൽ ആ വർഷം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി എന്ന ഖ്യാതിയോടെയാണ് പ്രതിഭ തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ നിന്നും പടിയിറങ്ങിയത്.
ഇനി ഒരു ജോലി കണ്ടുപിടിക്കണം. പ്രതിഭ അതിന്റെ അന്വേഷണത്തിലായി. ഇളയ മക്കൾ രണ്ടു പേരും സ്‌കൂളിലേക്ക് യാത്രയായിക്കഴിഞ്ഞാൽ അമ്മ അടുത്ത വീടുകളിൽ പണിക്കായി പോകും. അമ്മ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. ഇനി കുടുംബത്തെ കരകയറ്റാൻ താൻ കഠിനാദ്ധ്വാനം ചെയ്തേ മതിയാവൂ എന്ന് പ്രതിഭയ്ക്കു മനസ്സിലായി. അവൾ ജോലിക്കു വേണ്ടിയുള്ള അന്വേഷണം ത്വരിതപ്പെടുത്തി. താമസിയാതെ എറണാകുളത്തുള്ള ഒരു കമ്പനിയിൽ ഒരു ജോലി കിട്ടി. വലിയ ശമ്പളം ഇല്ലായിരുന്നെങ്കിലും അമ്മയ്ക്കത് വലിയൊരു സഹായമായി. ഇളയ രണ്ടു പേരെയും നല്ലതുപോലെ പഠിപ്പിക്കണം. അമ്മയെ മറ്റു വീടുകളിൽ പണിക്കു വിടാതെ വീട്ടിലിരുത്തണം. അതായിരുന്നു പ്രതിഭയുടെ ലക്‌ഷ്യം. 
ഒരു ദിവസം അമ്മാവൻ പ്രതിഭയെ കമ്പനിയിലെ ഫോണിൽ വിളിച്ചു പറഞ്ഞു, "ഇന്ന് നേരത്തെ വീട്ടിൽ വരണം."
പ്രതിഭ അന്ന് പതിവിലും നേരത്തെ വീട്ടിൽ എത്തി. വീട്ടിൽ അമ്മ പലതരം പലഹാരങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നു. അമ്മാവനും അമ്മായിയും വീട്ടിൽ തന്നെയുണ്ട്. അല്പം കഴിഞ്ഞപ്പോളാണ് അമ്മാവൻ പറഞ്ഞത്, "പ്രതിഭേ, നിന്നെ കാണാൻ ഒരു ചെറുക്കൻ കൂട്ടരു വരുന്നുണ്ട്."
"എനിക്കിപ്പോൾ കല്യാണം വേണ്ടമ്മാവാ."
"ഏതായാലും അവർ വരട്ടെ."
അവർ വന്നു. ചെറുക്കൻ അമേരിക്കയിൽ സർക്കാർ സർവ്വീസിൽ ഉയർന്ന ഉദ്യോഗമാണത്രേ! പ്രതിഭയെ അവർക്കു നന്നായി ഇഷ്ടപ്പെട്ടു. 
വിവാഹം കഴിഞ്ഞാൽ താമസിയാതെ തന്നെ അമേരിക്കയ്ക്കു കൊണ്ടുപോകും. ഇളയ കുട്ടികളെ പഠിപ്പിക്കാനുള്ള ചുമതല അവർ ഏറ്റെടുക്കും. വീട് പുതുക്കിപ്പണിയും. അങ്ങനെ പ്രതിഭ ഒഴിവുകഴിവു പറഞ്ഞ കാര്യങ്ങളെല്ലാം അവർ ഏറ്റെടുത്തു. പിന്നെ അമ്മാവൻറെ നിർബന്ധത്തിനു മുൻപിൽ പ്രതിഭയ്ക്ക് മറുത്തൊന്നും പറയാൻ ഇല്ലായിരുന്നു. താമസിയാതെ തന്നെ വിവാഹം നടന്നു.
അമേരിക്കയിലെത്തി ആറു മാസത്തിനകം തനിക്കു ന്യൂയോർക്ക് മെട്രോയിൽ ജോലി ലഭിച്ചു. സന്തോഷമായി കുടുംബ ജീവിതം നീങ്ങവേ ഒരു ദിവസം ഭർത്താവ് ജോലി കഴിഞ്ഞു വീട്ടിൽ എത്തിയില്ല. ദിവസങ്ങൾ നീണ്ട അന്വേഷണം എങ്ങുമെത്തിയില്ല. അമ്മയെ അക്കാര്യം അറിയിച്ചില്ല. ഏതാനും ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ഒരു കത്ത് തനിക്കു ലഭിച്ചു. രണ്ടു വർഷത്തെ ദാമ്പത്യത്തിന് വിരാമം ഇട്ടുകൊണ്ട് ദൈവം നൽകിയ ഒരു കുഞ്ഞിനേയും തന്നെയും ഉപേക്ഷിച്ച്‌ കൂടെ ജോലി ചെയ്‌തിരുന്ന ഒരു സ്‌പാനീഷ്‌കാരിയുടെ കൂടെ അദ്ദേഹം ആരിസോണയിലേക്ക് പോയിരിക്കുന്നു! ജീവിതം നിശ്ചലമായെന്നു തോന്നിയ നിമിഷം! പാലത്തിൽ അതിവേഗം അടുക്കുന്ന ട്രെയിൻ അടുത്തുകണ്ട കുറുപ്പ് സാറിന്റെ അവസ്ഥ! ആത്മാർഥതയുള്ള ഒരു കുടുംബത്തിന്റെ സഹായത്തോടെ തനിക്കു പിടിച്ചു നിൽക്കാനായി. താൻ ജോലിക്കു പോകുമ്പോൾ കുഞ്ഞിനെ ആ കുടുംബത്തിൽ ഏൽപ്പിക്കും. വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോൾ അവിടെ നിന്നും കൊണ്ടുവരും. അവരുടെ അടുത്തായി ഒരു ബെഡ്‌റൂം മാത്രമുള്ള ഒരു അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്ത് അങ്ങോട്ടു മാറി.
ജോലിയിൽ കൂടെ ജോലി ചെയ്‌തിരുന്ന മലയാളികൾ കുറവായിരുന്നെങ്കിലും ബ്രേക്ക് സമയത്തു കൂരമ്പുകൾ പോലെ ചിലർ എയ്‌തു വിടുന്ന കമന്റുകൾ തന്നെ പിടിച്ചു കുലുക്കി. എന്നാൽ ആത്മാർത്ഥതയുള്ള ചില കൂട്ടുകാർ തനിക്കു സംരക്ഷണ വലയം തീർത്തതും മറക്കാനാവില്ല. 
തുടർന്നുള്ള യാത്ര ദൃഢനിശ്ചയത്തോടെയുള്ളതായിരുന്നു. ഇളയ സഹോദരനെയും സഹോദരിയെയും പഠിപ്പിച്ചു. സഹോദരൻ എം.എ ലിറ്ററേച്ചർ റാങ്കിലാണ് പാസായത്. അതു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു, "ചേച്ചീ, എനിക്ക് സിവിൽ സർവീസ് എഴുതണമെന്നാഗ്രഹമുണ്ട്. എന്താണഭിപ്രായം?"
"സന്തോഷമേയുള്ളൂ മോനേ. നീ എഴുതണം. നിനക്കു സാധിക്കും. നീ വാര്യർ സാറിന്റെ മകനാണ്."
അവൻ ഡൽഹിയിലും ഡെറാഡൂണിലുമുള്ള കോച്ചിങ്ങ് സെന്ററുകളിൽ പരിശീലനം നേടി സിവിൽ സർവീസ് എഴുതി. ഇന്ന് കേന്ദ്ര സർവ്വീസിൽ സേവനം ചെയ്യുന്നു. ഇളയ സഹോദരി എം. ഡി. പാസ്സായി ഇന്ന് തിരുവന്തപുരത്തു പ്രശസ്‌തമായ ഒരു ആശുപത്രിയിൽ സേവനമനുഷ്ഠിക്കുന്നു. 
അമ്മ വീട്ടിൽ തനിയെ കഴിയുന്നു. മകനും മകളും കൂടെ താമസിക്കാൻ വിളിച്ചുവെങ്കിലും അച്ഛന്റെ ഓർമ്മകൾ പേറുന്ന ആ വീട്ടിൽ നിന്നും മാറി താമസിക്കാൻ അമ്മ വിസമ്മതിച്ചു. 
ഒരിക്കൽ, സ്‌കൂളിൽ പഠിക്കുമ്പോഴാണ്, അമ്മയോട് ചോദിച്ചു, "അച്ഛൻ എന്താ അമ്മേ ആ കുറുപ്പ് സാറിനെ രക്ഷിക്കാൻ ഓടിയപ്പോൾ നമ്മുടെ കാര്യം ഓർക്കാതെ പോയത്? അച്ഛന് അടുത്ത കൂട്ടിൽ കയറി നിന്ന് എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയുമായിരുന്നല്ലോ."
"അമ്മയുടെ മറുപടി എന്നെ ചിന്തിപ്പിച്ചു. "അങ്ങനെ അച്ഛൻ രക്ഷപ്പെട്ടിരുന്നെങ്കിൽ പിന്നെ ഭ്രാന്തു പിടിച്ച്‌ ഇതിലെയൊക്കെ അലഞ്ഞു നടന്നേനേമായിരുന്നു. അത്ര ആത്മമിത്രങ്ങളായിരുന്നു അവർ."
അന്ന് സ്‌കൂളിലെ കന്യാസ്ത്രീ പറഞ്ഞതോർക്കുന്നു, "ഒരുവൻ സുഹൃത്തിനുവേണ്ടി തന്റെ ജീവനെ  കൊടുക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ല എന്നാണ് ക്രിസ്‌തു പറഞ്ഞിരിക്കുന്നത്."
പ്രതിഭ നെടുവീർപ്പിട്ടു. മൂന്നു പതിറ്റാണ്ടിന്റെ സേവനം പൂർത്തിയാക്കി പടിയിറങ്ങുമ്പോൾ ചാരിതാർഥ്യം മാത്രമാണ് ആ മുഖത്ത് നിഴലിച്ചത്. അവൾ ആ റെയിൽ പാളങ്ങളിൽ കൃത്യമായി ഉരുളുന്ന ചക്രങ്ങളിലേക്കു നോക്കി. അവറ്റകൾക്കു നിശ്ചയിച്ചിരിക്കുന്ന ആ പാളങ്ങളിൽ കൂടി മാത്രമേ സഞ്ചരിക്കാൻ അനുവാദമുള്ളൂ. അത് വിട്ടു അവ യാത്ര ചെയ്യാറുമില്ല. എന്നിട്ടും എത്രയോ ജീവനുകളാണ് ആ ചക്രങ്ങൾ എടുത്തിരിക്കുന്നത്! പ്രതിഭ ഓർത്തു, "തന്റെ കുടുംബത്തിന്റെ സർവ്വ പ്രതീക്ഷകളും ഒരു നിമിഷം കൊണ്ട് തച്ചുടച്ച ആ റെയിൽ ചക്രങ്ങൾ  തന്നെ പിന്നീട് തന്റെ കുടുംബത്തെ കൈ പിടിച്ചുയർത്തി. ഈ ചക്രങ്ങൾ വേദനയോടെ പാളത്തിൽ ഉരസി നീങ്ങുമ്പോൾ കിട്ടുന്ന പ്രതിഫലത്തിൽ നിന്നാണ് തനിക്കിതെല്ലാം സാധിച്ചത്." അവൾ ആ ചക്രങ്ങളിലേക്കു നോക്കി കുറെ നേരം നിന്നു. 
"എന്താ പ്രതിഭേ, ഇനി പരിപാടിയൊക്കെ? മകന്റെ കൂടെ താമസിക്കാനാണോ അതോ യാത്രയാണോ?" കൂടെ ജോലി ചെയ്‌ത ജോസ് കളപ്പുരയ്ക്കലാണ് പ്രതിഭയെ ചിന്തയിൽ നിന്നുണർത്തിയത്.
"ഏയ്, മകൻ അവന്റെ കുടുംബവുമായി കഴിയുന്നു. അതിനിടയിൽ നമ്മളെന്തിനാണ് ആവശ്യമില്ലാതെ അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്നത്? ഞാൻ ഇനി അമ്മയുടെ കൂടെ കുറെ നാൾ പോയി നിൽക്കാമെന്നാണ് കരുതുന്നത്. ആ മാതൃത്വത്തിന്റെ നിശ്ചയദാർഢ്യത്തിനു പകരം വയ്ക്കാനായി ഒന്നുമില്ലല്ലോ."
"പ്രതിഭ താഴേത്തട്ടിൽ നിന്നും തുടങ്ങി മുപ്പതു വർഷം കൊണ്ട് മേഖലാ ജനറൽ മാനേജരായിട്ടാണു റിട്ടയർ ചെയ്യുന്നത്. അതും ഒരു സിംഗിൾ പേരന്റായിരിക്കെ. ഞങ്ങൾക്കൊക്കെ നിങ്ങൾ ഒരു പ്രചോദനമായിരുന്നു. നല്ലതു വരട്ടെ!" ജോസ് ആശംസിച്ചിട്ടു നടന്നകന്നു.
പ്രതിഭയുടെ ദൃഷ്‌ടി പതിഞ്ഞിരുന്ന ആ റെയിൽ ചക്രങ്ങൾ ഉരുണ്ടു തുടങ്ങി. ദൂരേക്ക് മറയുന്ന ആ ട്രെയിൻ കണ്ണിൽ നിന്നും മറയുമ്പോഴേക്കും സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു.
__________________

Dr. Preethy 2022-08-18 23:53:52
മാതൃത്വത്തെ തിരിച്ചറിയുന്നവർക്ക് ഒരു സ്ത്രീകളേയും ചവുട്ടി മെതിക്കാനാവില്ല. നല്ല കഥ .
Sudhir Panikkaveetil 2022-08-19 14:20:57
റെയിൽ ചക്രങ്ങൾ എന്തിന്റെ പ്രതീകമാണ്? രണ്ടു ആത്മമിത്രങ്ങളുടെ ജീവൻ അവ എടുത്തു. അതുമൂലം ഇരയായ ഒരു പെൺകുട്ടി വീണ്ടും ആ ചക്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. നമ്മളെയും വഹിച്ചുകൊണ്ട് പോകുന്ന ജീവിത ചക്രങ്ങൾ നമ്മുടെ നിയന്ത്രണത്തിലാണെങ്കിലും ഉരുളുന്ന ചക്രങ്ങൾക്ക് സ്വയം നിയന്ത്രണമില്ല. അതുകൊണ്ട് ജീവിതത്തിൽ ആകസ്മികമായി ചിലപ്പോൾ നല്ലതും ചിലപ്പോൾ നിര്ഭാഗ്യവും ഉണ്ടാകുന്നു. എഴുത്തുകാരൻ ചെറുകഥയുടെ പരിധിയിൽ നിന്നും വ്യതിചലിച്ചോ?
ഡോ.ശശിധരൻ 2022-08-19 18:57:03
ജീവിതത്തിൽ ആകസ്മികമായി ഒന്നും സംഭവിക്കുന്നില്ല.ഒരു കാര്യം സംഭവിച്ചിട്ടുണ്ടെങ്കിൽ നിശ്ചയമായും അതിനൊരു കാരണമുണ്ട്(ഒരു കാര്യത്തിന്റെ പുറകിൽ ഒരു കാരണമുണ്ടാകും).കാര്യാ കാരണ ബന്ധങ്ങൾ അനിഷേധ്യമാണ്. ജീവിത ചക്രങ്ങൾ അപകട ബഹുലങ്ങളാണെന്ന് തിരിച്ചറിഞ്ഞിട്ടും ഭൂതകാലസ്മരണകളെ സ്വയം ശപിക്കാതെ തന്റെ അറിവും , അനുഷ്ഠാനവും, ആചാരവും അനുസരിച്ചു കർമ്മം ചെയ്ത ഈ സ്ത്രീക്ക് (പ്രതിഭയ്ക്ക് )സ്വയം നല്ലപോലെ ശോഭിക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റുള്ളവരുടെ ജീവിതം ശോഭിപ്പിക്കാൻ കഴിഞ്ഞു. കഥാകാരൻ കഥ പറയുന്നതിൽ നിന്നും ഒട്ടും വ്യതിചലിക്കാതെ തന്നെ തന്റെ കഥയിലൂടെ പ്രതിഭ എന്ന സ്ത്രീയുടെ അറിവിന്റെയും , കരുത്തിന്റെയും സമന്വയത്തിലൂടെ കഥാസാരം വായനക്കാരുമായി പങ്കുവെച്ചിട്ടുണ്ട്. (ഡോ.ശശിധരൻ)
പാമരൻ 2022-08-19 23:32:58
നിങ്ങൾ 'വ്യതിചലനത്തെ' ചൊല്ലി വഴക്കുണ്ടാക്കി . ആ കഥ കുളമാക്കല്ലേ പണ്ഡിതരെ
Babu Parackel 2022-08-29 18:47:35
'റെയിൽ ചക്രങ്ങൾ' വായിച്ചവർക്കും വായിച്ചു പ്രതികരിച്ചവർക്കും എല്ലാം നന്ദി രേഖപ്പെടുത്തുന്നു. വായനക്കാർ പ്രതികരിക്കുമ്പോഴാണ് കൂടുതൽ നന്നായി എഴുതുവാൻ എഴുത്തുകാരന് പ്രചോദനം ലഭിക്കുന്നത്.
Thampuran 2022-08-30 00:14:31
എല്ലാ മതക്കാരോടും ഒരു ചോദ്യം.. ഈ ദൈവം അങ്ങ് സ്വർഗത്തിൽ സുഖിക്കയാണോ നാട്ടിലെ രാഷ്ട്രീയക്കാരെപോലെ. ഈ ലോകം അക്രമവും അനീതിയും നിറഞ്ഞു കവിഞ്ഞു. എല്ലാറ്റിനും സാത്താനെ കുറ്റപ്പെടുത്തി എത്ര നാൾ രക്ഷപ്പെടും. അധർമം മൂക്കുമ്പോൾ ധർമ്മസംസ്ഥാപനായർത്ത ഒരു കൃഷ്ണൻ വരുമെന്ന് പറഞ്ഞിട്ടും അങ്ങോരെയും കാണുന്നില്ല. പ്രിയപ്പെട്ട കമന്റ്കാരെ അവനവന്റെ കാര്യം നോക്കുക. നിങ്ങൾ പറയുന്നതൊന്നും തെളിയിക്കാൻ പ്രയാസം. അതുകൊണ്ട് ദൈവത്തെയും മതത്തെയും ഗൗനിക്കാതെ അഷ്ടിക്കുള്ള വക തേടി സുഖമായി കഴിയുക
ചെകുത്താൻ 2022-08-30 02:12:07
കലാകാലങ്ങളായി നിങ്ങൾ എന്നെ ഒതുക്കാൻ നോക്കുന്നു . ആയിരക്കണക്കിന് മതങ്ങൾ പുരോഹിതന്മാർ സന്യസികൾ കന്യസ്ത്രീകൾ ബിഷപ്പുമാർ പൂജാരികൾ എന്നെ കുടുക്കാൻ പല വേദപണ്ഡിതന്മാർ എന്നിട്ട് നിങ്ങൾക്ക് എന്നെ ഒരു ചുക്കും ചെയ്യാനായില്ല. നിങ്ങളുടെ ദുർബലരായ ദൈവങ്ങളുടെ മൂക്ക് കൊണ്ട് ക്ഷ വരപ്പിക്കുകയാണ് ഞാൻ . ഈ ലോകം എന്റെ ഭരണത്തിൻ കീഴിലാണ്. എല്ലാ സന്യസിമാരുടെയും ബിഷപ്പുമാരുടെയും പൂജാരികളുടെയും തോട്ടത്തിൽ ഞാൻ പാമ്പായും മേനകയായും ഒക്കെ കടന്നു ചെന്ന് ഉന്മാദ നൃത്തം വയ്ക്കും . അവരുടെ മനസ്സിനെ ഇളക്കി ഞാൻ വേലി ചാടിപ്പിക്കും ചിലർ കന്യസ്ത്രിമഠങ്ങളിൽ കയറി കൂടും, ചിലർ പിൻവാതിലുകളിൽ കൂടി അകത്തു കയറാൻ നോക്കും അങ്ങനെ ഞാൻ ഇവന്മാരെ എല്ലാം ഇളക്കി മറിക്കും . ഇവനൊക്കെ എന്റെ പേര് പറഞ്ഞു പറ്റിക്കും. എനിക്ക് നിങ്ങൾ ഒരു ചില്ലി കാശു തരേണ്ട . എന്റെ സാമ്പ്രാജ്യത്തിൽ കള്ള വാറ്റു, കഞ്ചാവ് എല്ലാം അനുവദിനീയം എല്ലാം ഞാൻ ശരിയാക്കി തരാം മക്കളെ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക