Image

ചരമം അടയുന്ന  വായനക്കാരും വാരികകളും (ലേഖനം: സാം നലമ്പള്ളില്‍)

Published on 22 August, 2022
ചരമം അടയുന്ന  വായനക്കാരും വാരികകളും (ലേഖനം: സാം നലമ്പള്ളില്‍)

വായനക്കാരുടെ എണ്ണം കുറയുന്നതിനെയും പുസ്തകങ്ങള്‍ വിറ്റുപോകത്തതിനെയും പറ്റി പ്രശസ്തസാഹിത്യകാരന്‍ ടി. പത്മനാഭന്‍ വിലപിക്കുന്നത് കേട്ടു. അദ്ദേഹത്തെപോലുള്ളവരുടെ കൃതികള്‍ സാഹിത്യപ്രേമികള്‍ ആവേശത്തോടെ വായിച്ചിട്ടുള്ളതാണ്. അവരൊക്കെ എവിടെപ്പോയെന്ന് ആരേയേണ്ടിയിരിക്കുന്നു. മണ്‍മറഞ്ഞതാണോ അതോ സാഹിത്യത്തോടുള്ള വിരക്തികൊണ്ട് ഹിമാലയത്തില്‍ തപസിരിക്കാന്‍ പോയതാണോ. പത്മനാഭനെപ്പോലുള്ളവരുടെ കൃതികള്‍ വായിക്കാന്‍ ആളില്ലെന്നുവന്നാല്‍ മലയാളസാഹിത്യത്തിന്റെ ഗതിയെന്തായി തീരുമെന്ന് ആശങ്കപ്പെടുകയാണ്.

എം. ടി, പത്മനാഭന്‍, മുകുന്ദന്‍ നിരയിലുള്ളവരുടെ സാഹിത്യകൃതികള്‍ ഒരുലെവലില്‍ താഴെയുള്ളവര്‍ക്ക് രുചിക്കത്തില്ലായിരിക്കാം. എന്നാല്‍ ഇവരെ ഇഷ്ടപ്പെടുന്ന വലിയൊരുസംഘം കലാപ്രേമികള്‍ കേരളത്തിലുണ്ടായിരുന്നു. അവരെയാണ് കാണാതായിരിക്കുന്നത്. സാഹിത്യം ഇഷ്ടമില്ലത്തവന്‍ ജീവിക്കാന്‍ താത്പര്യമില്ലാത്തവനാണ്.. അവന്റെ ജീവിതം മുരടിച്ചതാണ്., മരിച്ചുജീവിക്കുന്നവന്‍.

മറ്റ് ആക്ടിവിറ്റികളൊന്നും ഇല്ലാതിരുന്ന കാലത്താണ് ജനം വായനയിലേക്ക് തിരിഞ്ഞത്. അവിടെ അവര്‍ നിത്യജീവിതത്തിലെ വിരക്തിയില്‍നിന്ന് രക്ഷപ്രാപിക്കയും സംതൃപ്തി നേടുകയും ചെയ്തിരുന്നു. അണുയുഗത്തിലും ആക്ടിവിറ്റികള്‍ കുറവാണെങ്കിലും ബോറടിയില്‍നിന്ന് രക്ഷനേടാന്‍ നിരവധി പോംവഴികള്ളുണ്ട്. ടീവി ഇല്ലാത്ത വീടുകള്‍ ഇല്ലെന്നുതന്നെ പറയാം. സെല്‍ഫോണ്‍ കൊച്ചുകുട്ടികള്‍ക്കുവരെയുണ്ട്. ടീവിയില്‍ അതിരാവിലെമുതല്‍ പാതിരാവരെ സിനിമയും സീരിയലുകളും. പണ്ടൊക്കെ മാസികകളിലെ തുടര്‍ക്കഥകള്‍ വായിച്ച് സമയംപോക്കിയിരുന്ന വീട്ടമ്മമാര്‍ സീരിയല്‍കണ്ട് കണ്ണുനീര്‍പോഴിക്കുന്നു. യുവജനങ്ങള്‍ക്ക് സന്തോഷിക്കാന്‍ ഫെയിസ്ബുക്കും യുട്യൂബും അങ്ങനെ പലതും.

ദൃശ്യമാധ്യമങ്ങളുടെ വരവാണ് വായനയെന്ന ശീലം ഇല്ലാതാക്കിയത്. വായിച്ച് അറിവ് സമ്പാദിക്കുക എന്ന് പണ്ടൊക്കെ പറയുമായിരുന്നു. പുസ്തകങ്ങള്‍ വായിക്കാതെതന്നെ അറിവ് സമ്പാദിക്കാന്‍ മറ്റുമാര്‍ക്ഷങ്ങളുള്ളത് മോശമാണ്‌തെന്ന് ഞാന്‍ പറയുന്നില്ല. വായിച്ച് സ്രെയിനെടുക്കാതെ അറിവ് നേടാന്‍ സാധിക്കുമല്ലൊ. കംപ്യൂട്ടര്‍ വ്യാപകമായ ഈ കലഘട്ടത്തിലും അമേരിക്കയിലെ എന്റെ പേരക്കുട്ടികള്‍ വലിയ പുസ്തകങ്ങളും ചുമന്നുകൊണ്ടാണ് സ്‌കൂളില്‍ പോകുന്നത്. പുസ്തകങ്ങള്‍ ഒരുകാലത്തും അപ്രസക്തമാകില്ല എന്നാണ് അതുകൊണ്ട് മനസിലാക്കുന്നത്.

എന്നാല്‍ കഥയും കവിതയുമൊക്കെ ആസ്വദിക്കണമെങ്കില്‍ അത് പുസ്തകവായനയില്‍കൂടിതന്നെ ആയിരിക്കണം. ഒരു സിനിമ കണ്ടാല്‍ ആഒരു സുഹംകിട്ടത്തില്ല. മലയാളസിനിമയാണെങ്കില്‍ പ്രത്യേകിച്ചും. ഞാനൊരു നിരൂപണബുദ്ധിയോടുകൂടിയാണ് സിനിമ കാണാറുള്ളത്. ഏതൊരു കലാരൂപവുമെന്നതുപോലെ സിനിമയും കലാമൂല്യമുള്ളതായിരിക്കണം. അഭ്രത്തിന്റെ ഓരോ ഇഞ്ചിലും പെര്‍ഫെക്ന്‍ ഉണ്ടായിരിക്കണം. അതൊന്നും ഇന്ഡ്യന്‍ സിനിമയില്‍ കാണാറില്ല.

കഥ കേള്‍ക്കാനാണല്ലോ ജനങ്ങള്‍ക്ക് എന്നും ഇഷ്ടം. ഈയൊരു ഇഷ്ട്ടം ഒരുകാലത്തും ഇല്ലാതാകില്ല. കഥയില്ല എന്നാണ് പലരും ആക്ഷേപകരമായി പറയുന്നത്. ഇതൊരു തെറ്റായ വ്യാഖ്യാനമാണ്. നിങ്ങളുടെ ചുറ്റുപാടും നോക്കൂ., അവിടെല്ലാം കഥകളുണ്ട്. അങ്ങേ വീട്ടിലെ മറിയാമ്മയും തെക്കേലെ ജനകിയമ്മയും തെങ്ങുകയറുന്ന ഗോപാലനും വഴിയെ പോകുന്ന തെരുവ് നായയും കഥപറയുന്നുണ്ട്. കണ്ണുതുറന്ന് കാണാനും ഹൃദയംതുറന്ന് ഉള്‍ക്കൊള്ളാനും കലാകാരന് കഴിയണം. അപ്പോളവന്‍ പുതിയപുതിയ കഥകള്‍ കണ്ടെത്തും.
വായനക്കാരെ വിരട്ടിയോടിച്ചതില്‍ എഴുത്തുകാന് വലിയ പങ്കുണ്ടെന്ന് ഞാന്‍ ഒരിക്കല്‍ പറഞ്ഞത് വീണ്ടും ആവര്‍ത്തിക്കുന്നു. വായനക്കാരനുവേണ്ടിയല്ല പലരുമിന്ന് കഥയെഴുതുന്നത്., അവന്റെ വിജ്ഞാനം പ്രകടിപ്പിക്കാനാണ്. ആര്‍ക്കാണ് നിന്റെ ഭാഷാജ്ഞാനം അറിയാന്‍ താത്പര്യം. നി പറയുന്ന കഥകേള്‍ക്കാനാണ് അവന്‍ നിന്റെ പുസ്തകം കയ്യിലെടുത്തത്. കഥപറയുന്നതിനുപകരം നിന്റെ ഡിക്ഷണറി തുറക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പുസ്തകം മടക്കുമെന്നതില്‍ സംശയമില്ല. വേറൊരാള്‍ പറഞ്ഞ കഥതന്നെ നിനക്ക് മറ്റൊരുവിധത്തില്‍ എഴുതാം. കാളിദാസന്റെ ശാകുന്തളം കഥ എത്രയോ കൃതികളില്‍ ആവര്‍ത്തിക്കപെട്ടിരിക്കുന്നു. ശകുന്തളക്കുപകരം മാനസിയായിട്ടും ദുഷന്തനുപകരം കൃഷ്ണകുമാറായിട്ടും അവതരിപ്പിക്കപെട്ടെങ്കിലും വായനക്കാരന്‍ താത്പര്യത്തെടെ അതെല്ലാം വായിച്ചു. നിന്റെ എഴുത്തിലെ ഓരോവാക്കും വരികളും അതിന്റെ അവതരണവും ഹൃദ്യമായിരിക്കണം., ഒരു കവിതപോലെ. കവതയിന്ന് ഗദ്യമായിരിക്കുന്നതുകൊണ്ട് പറഞ്ഞിട്ട് കാര്യമില്ല. 

മലയാള വാരികകള്‍ പൂട്ടിക്കെട്ടുന്ന എന്നവാര്‍ത്ത ഹൃദയഭേദകമാണ്. മംഗളവും ചന്ദ്രികയും അടച്ചുപൂട്ടി. മംഗളം വാരികക്ക് ഒരുകാലത്ത് ഇരുപത്‌ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. വാങ്ങാനും വായിക്കാനും ആളില്ലാതെ പോയതുകൊണ്ടാണല്ലോ പൂട്ടേണ്ടിവന്നത്. അമേരിക്കന്‍ മലയാളികളുടെ ആവേശമായിരുന്ന മലയാളം പത്രത്തിന്റെ ഗതിയും മറ്റൊന്നായിരുന്നില്ല. മംഗളവും ചന്ദ്രികയും വായിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും വാരികകള്‍ മരണമടയുന്നെന്ന് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. ഇനിയിപ്പോള്‍ മനോരമ മാതൃഭൂമി, കലാകൗമുദി മുതലായ വാരികകളുടെ ഗതി എന്തായി തീരുമെന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.

സാം നലമ്പള്ളില്‍.
samnilampallil@gmail.com

NEWS SUMMARY: READING

Join WhatsApp News
Sudhir Panikkaveetil 2022-08-22 20:41:04
സർഗ്ഗശക്തിയുള്ള എഴുത്തുകാരെ തിരിച്ചറിയാൻ കഴിയുന്ന ഒരു കാലത്തിലൂടെ നമ്മൾ സഞ്ചരിക്കുന്നു. അംഗീകാരങ്ങളും അവാർഡുകളും കിട്ടുന്നില്ലെങ്കിൽ എഴുത്തു വേണ്ടെന്നു പറഞ്ഞു പേന മടക്കുന്നവൻ യഥാർത്ഥ എഴുത്തുകാരനല്ല. ഇന്ന് അവാർഡുകൾക്ക് വിലയില്ലാതായിരിക്കുന്നു. കാശ് കൊടുത്താൽ അവാർഡും കൃതിയെപ്പറ്റി പ്രശസ്ത പത്രങ്ങളിൽ കുറിപ്പും വരുന്നു. കാശ് കൊടുക്കാതെ എഴുതി പ്രശസ്തമല്ലാത്ത പത്രങ്ങളിൽ വരുന്നതൊക്കെ പുറം ചൊറിയൽ ആകുന്നു. ഹാ.ഹ. അമേരിക്കൻ മലയാളികളിൽ ഭൂരിപക്ഷം പേരും ഭൂരിപക്ഷം പറയുന്നത് വിശ്വസിക്കുന്നു. ദയവുചെയ്ത് സ്വന്തമായി ചിന്തിക്കുക സ്വന്തം അഭിപ്രായം ഉണ്ടാക്കുക. മാതൃഭൂമിയിൽ വരുന്നതാണ് ഏറ്റവും ശ്രെഷ്ടമായ കൃതിയെന്നു ഈ പാവത്താന്മാർ വിശ്വസിക്കുന്നു. സത്യം സമത്വം സ്വാതന്ത്ര്യം എന്ന് വിശ്വസിച്ചിരുന്നു മാതൃഭൂമി. എൻ വി കൃഷ്ണവാര്യരെ പോലുള്ളവർ നയിക്കുമ്പോൾ പ്രസിദ്ധീകരണത്തെ എല്ലാവരും ആദരിച്ചു. ഇപ്പോഴും അങ്ങനെയെങ്കിൽ മാത്രമേ മാതൃഭൂമിയിൽ വരുന്നത്, വന്നാൽ എന്നൊക്കെയുള്ള മാനദണ്ഡത്തിനു വിലയുള്ളൂ. എന്താണ് അവരുടെ നയം എന്ന് നമുക്കെങ്ങനെ അറിയാം. അതിൽ എഴുതുന്ന എല്ലാവരുടെ കൃതികൾ മഹത്തരമാണോ?വായനക്കാരില്ലെങ്കിൽ പിന്നെ എഴുതിയിട്ട് എന്ത് കാര്യം എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കാരണം അങ്ങനെ ഒരു അവസ്ഥ ഉണ്ടാകില്ല. കുറച്ചുപേർ മാത്രമാണ് പേര് കേട്ടവന്റെ മാത്രം വായിക്കുന്നത്. അല്ലാത്തവർ എല്ലാം വായിക്കുന്നു. ശരിയാണ് പ്രസിദ്ധീകരണങ്ങൾ നില നിൽക്കണമെങ്കിൽ പണം വേണം. വരിസംഖ്യ നിന്നുപോയാൽ പത്രവും നിൽക്കും. വായനക്കാരെ കിട്ടാൻ വേണ്ടി എഴുത്തുകാർ എഴുതരുത്. അവനവന്റെ സർഗ്ഗസക്തി അനുസരിച്ച് എഴുതുക. പിന്നെ ആടിനെ പട്ടിയാക്കാൻ സമൂഹത്തിനു കഴിവുണ്ട്. അത് മനസ്സിലാക്കാൻ മനുഷ്യർ തയ്യാറായാൽ കൂടുതൽ പേര് എഴുതും . ശ്രീ നിലംപള്ളി സാറിന്റെ ഉത്കണ്ഠ മനസ്സിലാക്കാവുന്നതാണ്
വിദ്യാധരൻ 2022-08-23 03:48:10
എന്താണ് വായനക്കാർ കൂട്ടമായി ചരമം അടയാൻ കാരണം ? അതൊരു നല്ല ചോദ്യം തന്നെ . ഞാൻ എഴുതുന്നത് നിങ്ങൾ വായിക്കുന്നില്ലല്ലോ എന്ന തോന്നൽ എന്നെ നിരാശനാക്കാറുണ്ട് . അതുകൊണ്ടു വായനക്കാർ ചരമം അടയുന്നു എന്ന് എന്റെ മനസ്സു സൃഷ്ടിക്കുന്ന ഒരു തോന്നലായിരിക്കാം .എന്തായാലും വായനക്കാരല്ലേ ചാരം അടയുന്നുള്ളു . എഴുത്തുകാർ എഴുതിക്കൊള്ളു . എഴുത്തുകാർക്ക് മരണം ഇല്ലല്ലോ . അതുകൊണ്ട് എഴുതിക്കൊണ്ടേ ഇരിക്കൂ . വായനക്കാർ പ്രതികരണകോളത്തിൽ നല്ലത് , കൊള്ളാം , ബ്യൂട്ടിഫുൾ എന്നൊക്കെ എഴുതും എന്നു നോക്കിയിരുന്നാൽ എഴുത്തുകാരൻ വായനക്കാരിലും മുൻപേ ചരമം അടയും .എന്തായാലും എഴുത്തുകാരനും വായനക്കാരനും ചരമം അടയും . മരിക്കാത്ത ഒന്നുണ്ട് അത് എഴുതപെട്ടാ ഗ്രന്ഥങ്ങളാണ് . വിദ്യാധരൻ
സരസ്വതി 2022-08-23 13:39:13
വിദ്യാധരൻ മാസ്റ്റർ പറഞ്ഞത് വളരെ സത്യം - നല്ല പുസ്തകങ്ങൾ നൂറ്റാണ്ടുകൾ കഴിഞ്ഞാലും ജീവിക്കും. കാളിദാസനും കബീറും ആശാനും ചങ്ങമ്പുഴയും അങ്ങനെ എഴുതിയാൽ തീരാത്ത എഴുത്തുകാർ അവർ മരിച്ചിട്ടും ഇന്നും ജീവിക്കുന്നു. അങ്ങനെ ലോക അവസാനം വരെ ജീവിക്കാൻ കൊതിയുള്ള എത്ര എഴുത്തുകാർ ഉണ്ട് ? എല്ലാവര്ക്കും ഈ നിമിഷം നൽകുന്ന സന്തോഷത്തിൽ ജീവിക്കണം . ആ നിമിഷം മരിച്ചു വീഴുമ്പോൾ അവരും മരിക്കുന്നു . അങ്ങ് വല്ലപ്പോഴും ഒരിക്കൽ ഈ കോളത്തിൽ വരണം . വിവരം കെട്ടവർ എഴുത്തുകാർക്കും. വായനക്കാർക്കും പൊങ്ങികൾക്കും അല്പം പ്രകാശം പകരാൻ. ഇവിടെ ചില എഴുത്തുകാർക്ക് സ്ത്രീകളെ ചവിട്ടി മെതിച്ചു കാണിക്കുന്നതിലാണ് താത്പര്യം . മിക്കവരും ട്രമ്പിന്റെ വീണ്ടും വരവ് പ്രതീക്ഷിച്ചിരിക്കുന്നവരാണ്. അത് നല്ല സാഹിത്യമാണോ എന്ന് അങ്ങ് ഒന്ന് വിശകലനം ചെയ്താൽ കൊള്ളാം . ഇവിടുത്തെ സ്ത്രീ എഴുത്തുകാരും നട്ടെല്ലില്ലാത്തവരാണ്. അവർ പ്രതികരിക്കാത്തവരാണ്. അവർക്ക് എഴുതാനുള്ള വാസന ഉണ്ട് പക്ഷെ സ്ത്രീകുളുടെ മേൽ ചില വിദ്വേഷികൾ ചവുട്ടി അഴിഞ്ഞാടാൻ ശ്രമിക്കുംമ്പോൾ അവർ നിശ്ശബ്ദരാണ് . എഴുത്തുകാർക്ക് മാനസിക ധൈര്യം ആവശ്യമല്ലേ ? ഞാൻ പറയുന്നത് സ്ത്രീകളെ അധിക്ഷേപിച്ചെഴുതുന്നവരെ കുറിച്ചല്ല . സ്ത്രീകളെ അധിക്ഷേപിച്ചെഴുതുന്നവർ ഭീരുക്കളാണ്. അവർ സ്വന്തം ഭാര്യെയ കാണുമ്പോൾ മൂത്രം ഒഴിക്കും. സ്വന്തം സ്ത്രീ പ്രശ്‌നം ഈ മലയാളിയിൽ എഴുതി നാറ്റിക്കുന്നെതെന്തിനാണെന്ന് മനസിലാകുന്നില്ല . സമൂഹത്തിലെ അനീതികണ്ടിട്ട് പ്രതികരിക്കുന്നവരേക്കാൾ അപകടകാരികൾ പ്രതികരിക്കാത്തവരാണ് . നാടോടുമ്പോൾ നടുവേ ഓടുന്ന എഴുത്തുകാരെയല്ല ഞങ്ങൾക്ക് വേണ്ടത് . ഒഴുക്കിനെതിരെ നീന്തുന്നവരെയാണ് . എന്തായാലും ഇതൊരു ചർച്ചക്ക് വിധേയപ്പെടട്ടെ എന്ന് ആശംസ്സിക്കുന്നു. എന്റെ എഴുത്തു ആരേയും കുറ്റപ്പെടുത്താനല്ല നേരെമറിച്ചു ഒരു ചർച്ചക്ക് വഴി തുറക്കുമോ എന്നറിയാനുള്ള ആകാംക്ഷയിൽ നിന്ന് ഉടെലെടുത്തതാണ് . മരിക്കാത്ത എല്ലാ നല്ല എഴുത്തുകാർക്കും എന്റെ കൂപ്പുകൈയ് . ഞാൻ വായനക്കാരിയാണ് . എന്റെ മരണം സുനിശ്ചിതമാണ് .എങ്കിലും നരകത്തിലായാലും സ്വർഗ്ഗത്തിലായാലും ബോറടിക്കാതെ നല്ല പുസ്തകങ്ങൾ വായിക്കാമല്ലോ .
പോൾ ഡി പനയ്ക്കൽ 2022-08-23 15:23:33
വളരെ താൽപ്പര്യജനകവും ഗൗരവതരവുമായ വിഷയം. സാഹിത്യ രചനകളെ സാധ്യതയുള്ള വായനക്കാരും ആസ്വാദകരും വേണ്ടവിധം സ്വീകരിക്കുന്നുണ്ടോ എന്നത് കാലങ്ങളായുള്ള ചർച്ചാവിഷയമാണ്. ഈയുള്ളവന്റെ പ്രൈമറി സ്‌കൂൾ കാലഘട്ടം മുതലുള്ള വിലപ്പെട്ട നേരമ്പോക്കായിരുന്നു വായന. ഹോം വർക്ക് ചെയ്തില്ലെങ്കിലും കുറെ നേരം നോവൽപുസ്തകം വായിക്കുക നിർബ്ബന്ധമായിരുന്നു . മാതാപിതാകന്മാരിൽനിന്നും ചേട്ടനിൽ നിന്നും ഒളിച്ചിരുന്നു വായിക്കും. കെ പി കേശവദേവും ഉറൂബും എം ടിയും മുകുന്ദനും കാക്കനാടനും മലയാറ്റൂരും ഒ വിയും മാധവിക്കുട്ടിയും കോവിലനും മറ്റും ദൈവങ്ങൾ ആയിരുന്ന സമയം. ലൈബ്രറികൾ സംഘടിപ്പിക്കുന്ന സംവാദങ്ങളിലും ചർച്ചകളിലും പങ്കെടുത്തു സംസാരിക്കുവാൻ എത്ര ഊർജ്ജസ്വലത ആയിരുന്നു. ജീവിതത്തിന്റെ വഴിയിൽ കേരളം വിട്ടു പുതിയ പുതിയ നാടുകളും നാട്ടുകാരും ഭാഷകളും സംസ്കാരങ്ങളും ഭൗതിക സാഫല്യങ്ങൾക്കു വേണ്ടിയുള്ള തിരക്കും വെല്ലുവിളികളും എന്റെ ഏറ്റവും പ്രിയപ്പെട്ട ഹോബിയെ പുസ്തകക്കെട്ടുകൾക്കിടയിൽ എങ്ങോ മറഞ്ഞു കിടക്കുന്ന കടലാസുകഷണം ആക്കി മാറ്റിയെന്ന് വേദനയോടെ അറിയുന്നു. ഇതെന്റെ കഥ. ഇൻഡ്യയിലെ വിദ്യാഭ്യാസ-സംസ്കാരത്തിൻറെ തലസ്ഥാനമായ കേരളത്തിൽ തലമുറകളുടെ അന്തരങ്ങളിലേക്കുള്ള സംക്രമണത്തെ വിശദീകരിക്കാൻ ആകാത്ത വിധം സാങ്കേതിക വളർച്ചയും ആഗോളവൽക്കരണവും സ്വാധീനിച്ചിട്ടുണ്ട്. സാധാരണക്കാരന് വായനയെക്കാൾ വേഗത്തിൽ ഉല്ലാസം ലഭിക്കുന്ന കാര്യങ്ങൾ ധാരാളം ലഭ്യം ആണ്. വ്യക്തികളിൽ അന്തർലീനമായ സർഗ്ഗവാസനകളെ പോലും ചെറുതാക്കുന്ന സ്വാധീനങ്ങൾ! ടി പത്‌മനാഭന്റെ വിലാപത്തിൽ സഹാനുഭൂതി മാത്രം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക