Image

'പട്ടി പ്രേമി'ക്കൂട്ടത്തില്‍ രാഷ്ട്രീയക്കാരും...; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ  ഫ്രാന്‍സിസ്)

കെ.എ  ഫ്രാന്‍സിസ്  Published on 25 August, 2022
'പട്ടി പ്രേമി'ക്കൂട്ടത്തില്‍ രാഷ്ട്രീയക്കാരും...; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ  ഫ്രാന്‍സിസ്)

ചോദ്യം കേട്ട് അസ്വസ്ഥരാകേണ്ട ! ലക്ഷകണക്കിന് തെരുവ് പട്ടികളാണ് ഓരോ വര്‍ഷവും മലയാളികളായ നമ്മെ കടിക്കുന്നത് . ആ പട്ടികളെ തല്ലിക്കൊല്ലാന്‍ വടി എടുക്കുമ്പോഴേക്കും നിയമം നമ്മെ പൂട്ടിയിരിക്കും അതിനു പിന്നില്‍ പേവിഷ മാഫിയകളുടെ പണം വാങ്ങി പുട്ടടിക്കുന്ന  എന്‍.ജി.ഓകള്‍ ഉണ്ട് നമ്മുടെ ജീവന്‍ പോയാലെന്താ , അവര്‍ക്ക് വാരി കോരി പണം കിട്ടില്ലേ ? ഇതൊരു സ്ഥാപനവല്‍ക്കരണം ! തെരുവ് പട്ടികള്‍  ഉണ്ടായാലേ പേവിഷ മരുന്ന് വില്‍പ്പന പൊടിപൊടിക്കൂ . ഡോളോ ഗുളിക പ്രശ്‌നമാണെന്ന് പറഞ്ഞിട്ടും അതിന് കുറിച്ചുകൊടുത്ത്  ആയിരം കോടി രൂപ കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാരുള്ള  ഈ നാട്ടില്‍ എന്താണ് സംഭവിക്കാന്‍ പാടില്ലാത്തത്?

നാട്ടില്‍ ആടിനെ കൊല്ലാം, കോഴിയെ കൊല്ലാം ,പശുവിനെ പോലും  കൊല്ലാം കടിക്കുന്ന പേപ്പട്ടിയെ കൊല്ലരുതെന്നോ ?  അങ്ങനെ പറയുന്നവന്റെ  ചെപ്പിക്ക് എന്താ ഒന്ന് കൊടുക്കാന്‍ നമ്മുടെ നാട്ടില്‍ ആണ്‍കുട്ടികള്‍ ഇല്ലാത്തത് ? നായയെ നന്നായി പോറ്റുന്നവര്‍ അങ്ങനെ ചെയ്യട്ടെ . നമ്മള്‍ പറയുന്നത് തെരുവുപട്ടികളുടെ കാര്യം . 

നോക്കണേ എത്രകാലമായി ഇങ്ങനെയൊരു പോക്കിരിത്തരം പേപ്പട്ടി പ്രേമികള്‍ നടത്തിയിട്ടും ഈ ജനകീയ പ്രശ്‌നത്തില്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയാണ് സജീവമായി ജനത്തോടൊപ്പം നിന്നത്  എന്ന് ചോദിച്ചാല്‍ പല രാഷ്ട്രീയ നേതാക്കള്‍ക്കും  ചൊറിയും. അതാണ് സാറെ  ഇപ്പോഴത്തെ കേരളം ...

ഈ കൊല്ലം ഒന്നരലക്ഷത്തോളം പേരെ നായ  കടിച്ചു പോലും ,ഇതില്‍ 19 പേര്‍ മരിച്ചു. 15 പേരും വാക്‌സിന്‍ എടുക്കാത്തവരായിരുന്നു . വാക്‌സിന്‍ എടുത്ത നാലുപേരും രക്ഷപ്പെട്ടതുമില്ല .  ഇത് കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്ക് മാത്രം . രണ്ടേകാല്‍ ലക്ഷം പേര്‍ എന്ന കഴിഞ്ഞവര്‍ഷത്തെ റെക്കാര്‍ഡ് ഇത്തവണ നാം മറികടക്കും കൂട്ടത്തില്‍ പറയട്ടെ പൂച്ച കടിച്ചാലും  ഒന്നു മാന്തിയാലും  കുത്തിവെപ്പ് വേണം . ഈ ജൂണ്‍ വരെയുള്ള ആറുമാസം പൂച്ച  കടിയേറ്റവരുടെ എണ്ണം  കഴിഞ്ഞ ഒരു വര്‍ഷം പട്ടി കടിയേറ്റവരുടേത് തന്നെ രണ്ടേകാല്‍ ലക്ഷം ! 

നമ്മുടെ നാട്ടില്‍ മനുഷ്യരെ വെട്ടിയും കുത്തിയും അടിച്ചും  ഇടിച്ചും കൊല്ലുന്നത് ഒരു വാര്‍ത്ത അല്ലല്ലോ പക്ഷേ ഒരു പട്ടിയെ നാമാരും കൊല്ലുക പോയിട്ട് കല്ലെടുത്ത് എറിയുക പോലുമില്ല . നമ്മളെ തടയാന്‍ പട്ടി പ്രേമികള്‍ ഉണ്ട് , അവരുടെ എന്‍.ജി.ഒകള്‍ ഉണ്ട് .അവര്‍ക്ക് മുകളില്‍ പട്ടികളെ പൂജിക്കുന്ന  മനേക ഗാന്ധിയുമുണ്ട്.  ഇവര്‍ക്കൊക്കെ സംരക്ഷണം നല്‍കുന്നത് വലിയ പണച്ചാക്കുകളാണ് വര്‍ഷം അഞ്ചാറ് ലക്ഷം ഇമ്മ്യൂണോഗ്ലോബുലിന്‍ ഡോസ് കേരളത്തില്‍ മാത്രം വിറ്റു കിട്ടിയാല്‍ പോരെ എത്രയോ എന്‍.ജി.ഒകള്‍ക്ക് എത്ര ധനസഹായവും  വാരിക്കോരി കൊടുക്കാമല്ലോ.  അവരൊക്കെ സ്ഥാപനവല്‍ക്കരിച്ച ഉപഭോക്താക്കളാണ് കൃത്യമായി വാക്‌സിന്‍ മുതലാളുമാരുടെ പ്രതിഫലം നേടുന്നവര്‍ .  ഇപ്പോള്‍  ഇവര്‍ പട്ടി വന്ധീകരണത്തിന് സമ്മതിച്ചത് തന്നെ നമ്മുടെ മഹാ ഭാഗ്യം .  

ഈ പട്ടി ചങ്ങലപോലെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാപനവല്‍ക്കരിക്കപ്പെട്ട കാഴ്ചയാണ് നാം കണ്ടുവരുന്നത് പാര്‍ട്ടിയോ  സംഘടനയോ ഒരു  വിശ്വാസം മാത്രമല്ല ഉപജീവനം കൂടിയാവുകയാണ് പുതിയ തന്ത്രം താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്നവരെല്ലാം കാര്യസ്ഥന്മാര്‍ ! പണ്ടൊക്കെ പണം  പിരിച്ച് പാര്‍ട്ടിക്ക് നല്‍കുന്ന ആ 'സമ്പ്രദായിക  ബോറടി' തന്നെ മാറിയല്ലോ ആര്‍ക്കുവേണം മാഷേ നിങ്ങളുടെ നക്കാപ്പിച്ച? കാര്യം നേടണമെങ്കില്‍ ചിക്കിളി വേണം ചിക്കിളിയുമായി കാണേണ്ടവരെ കാണാം, നേടേണ്ടത് നേടാം  അതൊരു പാര്‍ട്ടിയോ നേതാവോ  വഴിയാണെങ്കില്‍ അതിനൊക്കെ ചില ചിട്ടവട്ടങ്ങളുണ്ട് . ഇന്ന് അതൊന്നും ഒരു കുറ്റമല്ല പാപമായി കുമ്പസാരത്തില്‍ കത്തോലിക്കര്‍ പറയുക പോലും വേണ്ട . 

സര്‍വീസ് സഹകരണ സംഘം തുടങ്ങി ഇടയില്‍ നില്‍ക്കുന്ന പാര്‍ട്ടികണ്ണികള്‍ക്ക് അന്തസ്സായി ജീവിക്കാന്‍ ഓരോ പാര്‍ട്ടിയും അവസരമൊരുക്കുന്നതില്‍ എന്താണ് തെറ്റ്? മറ്റുള്ളവരെ പോലെ അവരും ജോലി ചെയ്യുന്നില്ലേ? അവരുടെ സമയത്തിനും വിലയില്ലേ? അവരിപ്പോഴും മുറി ബീഡിയും  പരിപ്പുവടയും കഴിച്ചു ജീവിക്കണം എന്ന് ശഠിക്കുന്നത് അല്ലേ തെറ്റ് ? കാലം മാറി കാലത്തിനൊത്ത് മാറ്റങ്ങളും വരുന്നു .

സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയില്‍  നിന്നും പതിനായിരങ്ങള്‍ സി.പി.ഐയിലെ ഒഴുകുന്നുണ്ട് എന്നാണ് സി.പി.ഐയുടെ വീമ്പ് . എന്റെ മാഷേ ഇങ്ങനെ ഒഴുകി വരാന്‍ കാനനച്ചോലയില്‍ വല്ല കദിനക്കട്ടയും പുഴുങ്ങി വെച്ചിട്ടുണ്ടോ ? ഇപ്പോഴുള്ള അണികള്‍  നിരാശരായി നേതാവിന്റെ നാവു മറ്റൊരു പാര്‍ട്ടി നേതാവിന്റെ  ബാങ്കില്‍ പണയം വച്ചിരിക്കുകയാണോ എന്ന് ചോദിക്കുന്നു. പാര്‍ട്ടിയുടെ മന്ത്രി മറ്റൊരു പാര്‍ട്ടിയുടെ മുഖ്യമന്ത്രി  നോക്കി പേടിപ്പിച്ചപ്പോള്‍ ഹൃദ്രോഗം വന്ന് ആശുപത്രിയിലാകുന്നു. ഗവര്‍ണറും  സി.പി.ഐയും  ഇപ്പോള്‍ ഒരേപോലെ എന്ന് ജനം പറയുന്നു . കൊട്ടിഘോഷിച്ചു വരുന്ന എതിര്‍പ്പുകള്‍ ചില പ്രത്യുപകാരം വാഗ്ദാനം (കിട്ടുമോ എന്നറിയില്ല) ചെയ്യുമ്പോഴേക്കും പുകയായി പോകുന്നു. ഇതൊക്കെ ഈയിടെ പതിവാക്കിയ ഒരു പാര്‍ട്ടിയിലേക്ക് നല്ല കെട്ടുറപ്പുള്ള മുല്ലപ്പെരിയാര്‍ പോലുള്ള പാര്‍ട്ടിയില്‍ നിന്നു അണികള്‍ കൂട്ടത്തോടെ ഒഴുകിവരുമെന്നോ ?  നമ്മളെ  ചിരിപ്പിക്കല്ലേ...

വാല്‍ക്കഷണം : നമ്മുടെ ജലീല്‍ സാഹിബ് നല്ലൊരു തമാശക്കാരനാണ്  കേട്ടോ. ഏറെ നാളിനു ശേഷം ഫേസ്ബുക്ക് പേജ് വീണ്ടും സജീവം! 'തലപോയാലും ആരെയും കൊയപ്പത്തിലാക്കൂല  101% ഉറപ്പ്' ഈ ഉറപ്പ് ഇന്‍വെര്‍ട്ടഡ് കോമയിലാണോ സാഹിബേ ?  

നിയമസഭയില്‍ ജലീല്‍ തന്റെ  സങ്കടം തുറന്നു പറഞ്ഞു . രാജ്യദ്രോഹി എന്ന് മുദ്രകുത്തി തനിക്ക് പാകിസ്ഥാനിലേക്ക് ടിക്കറ്റെടുത്ത് വെച്ചവരില്‍  ചില എം.എല്‍.എമാരും ഉണ്ട് പോലും! ശൈലജ ടീച്ചര്‍ അങ്ങനെയൊന്നും ചെയ്യുകയില്ലെന്ന് സതീശന്‍ പറയുമായിരിക്കും . വേലിയിലെ പാമ്പ് ലീഗിന്റെ വേലിപ്പുറത്ത് തന്നെ കിടന്നോട്ടെ എന്ന് കരുതിയാല്‍ മതി ആയിരുന്നുവെന്ന് ശൈലജ ടീച്ചറെ പോലെ ചില സി.പി.എം നേതാക്കള്‍ അടക്കം പറയുന്നത് പിണറായി കേള്‍ക്കാതില്ല . പിണറായി 'കണ്ടി'ട്ടും ജലീല്‍ സാഹിബ് ഇപ്പോഴും 'അബ്ദുല്‍ ജലീല്‍' തന്നെ ഇന്‍വെര്‍ട്ടഡ് കോമയുണ്ടേ... 

ഫേസ്ബുക്കിലെ വിവാദ കാശ്മീര്‍ കാര്യത്തില്‍ പോലീസ് മൂന്നു വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന വിധമുള്ള കേസ് ജലീലിനെതിരെ എടുത്തുകഴിഞ്ഞു . ഇന്ത്യന്‍ പൗരന്‍ ആയിരിക്കെ നിലവിലുള്ള ഭരണഘടനയെ  അപമാനിക്കുകയും കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയും  ആണെന്നാണ് കേസ്. സ്വപ്നയേക്കാള്‍ വലിയ കലാപമാണ് പോലും ജലീല്‍  നയിക്കുന്നത് . അവരൊന്നും ജലീലിന്റെ  മൂത്താപ്പ ഇന്ത്യന്‍ പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ച കാര്യം ഓര്‍ക്കുന്നില്ലല്ലോ .

കണ്ണൂരിലെ എം.വി  ജയരാജന്‍ പറഞ്ഞതുപോലെ ഗവര്‍ണര്‍ മാത്രമല്ല, ജലീലിനെതിരെ വാളെടുക്കുന്നവര്‍ എല്ലാം മനോരോഗികളായി പോയത് നമ്മുടെ ആരുടേയും കുറ്റമല്ല.എന്തുവന്നാലും ജലീല്‍ സാഹിബ് ഫേസ്ബുക്ക് രചന തുടരണം, നമുക്കു വേണ്ടേ  എന്നും രാവിലെ ചിരിക്കാനൊരു കൊച്ചുവഹ ! 

കെ.എ  ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക