Malabar Gold

ദൈവത്തിന്റെ ഉദ്യാനം (യാത്രാവിവരണം: ഷാജു ജോൺ)

Published on 27 August, 2022
ദൈവത്തിന്റെ ഉദ്യാനം (യാത്രാവിവരണം: ഷാജു ജോൺ)

ഗോഡ്‌സ് ഓൺ കൺഡ്രി  ...ദൈവത്തിന്റെ സ്വന്തം നാട് എന്ന് കേട്ടാൽ തല ഉയർത്തി നിൽക്കാത്ത മലയാളി ഉണ്ടാകുമോ ? സംശയമാണ് ...! നീലാകാശ പട്ടു വിരിപ്പിനടിയിൽ  പച്ചവിരിച്ചു കിടക്കുന്ന എന്റെ സ്വന്തം കേരളമാണ് ആ നാട് എന്ന് നെഞ്ചത്തു കൈ വച്ച്കൊണ്ട് തന്നെ  നമ്മൾ പറയും...!  അതേപോലെ, അമേരിക്കയിലെ കൊളറാഡോ സംസ്ഥാനത്തെ സുന്ദരമായ ഒരു സ്ഥലമാണ് ഗാർഡൻ ഓഫ് ഗോഡ്‌സ് ...ദൈവത്തിന്റെ ഉദ്യാനം.  അവിടെ നിന്നാൽ,  അറിയാതെ പറഞ്ഞുപോകും.... ഇത് ദൈവ കരങ്ങളിലെ  ഒരു സുന്ദര സൃഷ്‌ടിയാണ്   ...കണ്ണുകൾക്ക് കാഴ്ചവിരുന്നൊരുക്കുവാൻ ഉടയോൻ  ഒരുക്കിയ പൂക്കളില്ലാത്ത  പൂന്തോട്ടം. "സ്വർഗ്ഗം നിങ്ങൾക്കിവിടെ കാണുവാൻ കഴിയില്ല,പക്ഷെ അനുഭവിക്കാം ..." ഗാർഡൻ ഓഫ് ഗോഡ്‌സിലേക്കു ഡ്രൈവ് ചെയ്യുബോൾ വഴിയരികിൽ കണ്ട പരസ്യ ബോർഡിൽ വായിച്ച ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ ശരിയാണെന്നു ഇവിടെ എത്തിയാൽ നമുക്ക് ബോധ്യപ്പെടും. പെയിന്റിങ്ങ് ബ്രഷിൽ  മാസ്മരികത തീർക്കുന്ന ചിത്രകാരന്മാരുടെ മാത്രമല്ല, ക്യാമറ കൊണ്ട് കവിത രചിക്കുന്ന  ഫോട്ടോഗ്രാഫർമാരുടെയും,  സ്വപ്ന ഭൂമിയാണ് ഇവിടം, കണക്കുകൾ പറയുന്നത് കൊളോറാഡോയിൽ ഏറ്റവും കൂടുതൽ ഫോട്ടോ ഗ്രാഫ് ചെയ്തിട്ടുള്ള സ്ഥലമാണ് ഗാർഡൻ ഓഫ് ഗോഡ്‌സ് എന്നതാണ്.

 സമുദ്രനിരപ്പിൽ നിന്നും 6400 അടി ഉയരത്തിൽ പൈക്സ് പീക്കിന്റെ അടിവാരത്തിൽ ചെങ്കുത്തായ ചുവന്ന പാറക്കൂട്ടങ്ങൾ കുത്തി  നിർത്തിയതുപോലെയുള്ള ഏതാണ്ട് ആയിരത്തി നാനൂറോളം ഏക്കർ വിസ്‌തീർണമുള്ള പ്രദേശം. സന്ദർശകർക്ക് ഇവിടുത്തെ ട്രെയിലുകളിലൂടെ സഞ്ചാരമാകാം, പാറക്കെട്ടുകളിൽ ചാടിയിറങ്ങാം ..സൂര്യപ്രകാശത്തിൽ തിളങ്ങുന്ന ചുവന്ന കല്ലുകളുടെ സൗന്ദര്യം ആസ്വദിക്കാം .ഇവിടുത്തെ പക്ഷികളോടും മൃഗങ്ങളോടും കിന്നരിക്കാം.  കുതിരസവാരി നടത്താം........അനന്ത സാധ്യതകൾ നിറഞ്ഞ ഈ സ്ഥലം ഇപ്പോൾ തന്നെ നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഉൾപെടുത്തിക്കൊള്ളൂ ,നിരാശപ്പെടുത്തില്ല എന്നുറപ്പാണ് ...!

ഗാർഡൻ ഓഫ് ഗോഡ്‌സിലേക്കുള്ള ഞങ്ങളുടെ യാത്ര അതി രാവിലെ തന്നെ ആയിരുന്നു. വിസിറ്റിംഗ് സെന്ററിന്റെ അരികിലെത്തുമ്പോൾ  തന്നെ കാണാം അകലെ  ചെങ്കുത്തായ പാറക്കൂട്ടങ്ങളുടെ അഗ്രത്തിൽ സൂര്യൻ ഉദിച്ചു വരുന്നത് . റോഡിൽ നിന്നാൽ ആദ്യം നമ്മുടെ കണ്ണിൽ പെടുന്നത് 'കിസ്സിങ് ക്യാമൽ'  എന്ന പേരിലുള്ള ഉമ്മവച്ച് നിൽക്കുന്ന ഒട്ടകങ്ങൾ പോലെയുള്ള രണ്ടു വലിയ പാറകളാണ്. മൈലുകൾക്കു ഇപ്പുറം നിന്ന് തന്നെ അത് കാണാം. വിസിറ്റിംഗ് സെന്റർ തുറക്കുന്നതിന്  വേണ്ടി കാത്തിരുന്നെങ്കിലും, പരസ്പരം ഉമ്മ വച്ച് നിൽക്കുന്ന കിസ്സിങ് ക്യാമലിൽ  വെളിച്ചം വീഴുന്നതും  നോക്കി നിന്നത്കൊണ്ട് സമയം പോയതറിഞ്ഞില്ല.   

കിസ്സിങ് ക്യാമൽ  എന്നപോലെ തന്നെ  ഇവിടുത്തെ പാറ പ്രമുഖന്മാർക്കു സ്വന്തമായി തന്നെ പേരുകൾ ഉണ്ട്. ഇപ്പോൾ താഴെ വീഴും  എന്ന വിധത്തിൽ നിലകൊള്ളുന്ന   ബാലൻസ് റോക്ക്, പഴയ പള്ളികളുടെ ഗോപുരം പോലെ ഉയർന്നു നിൽക്കുന്ന കത്തീഡ്രൽ റോക്ക് , വടക്കോട്ടും തെക്കോട്ടും വഴി തുറക്കുന്ന നോർത്ത് ആൻഡ് സൗത്ത്  ഗേറ്റ് വെയ് റോക്ക് , ആവിക്കപ്പലിന്റെ മുൻവശം പോലെയുള്ള സ്റ്റീം ബോട്ട് റോക്ക് അങ്ങനെ പോകുന്നു പേരുകൾ ...ഇവയിലൂടെ എല്ലാം കയറിയും,ഇറങ്ങിയും നടക്കുമ്പോൾ അറിയാതെ തന്നെ നമ്മുടെ മനസ്സും പ്രൈമറി സ്‌കൂളിലെ വിദ്യാർഥിയെപ്പോലെ ചെറുപ്പമാകും,  സഹസഞ്ചാരിയുടെ പാറയിൽ നിന്നും പറയിലേക്കുള്ള ചാട്ടം കണ്ടു സഹധർമിണി പറഞ്ഞു .. ദേ നോക്ക് അഞ്ചാം ക്‌ളാസ്സിലെ ചെക്കൻ......! 

ഒരല്പം ചരിത്രം ... 1879 ൽ ചാൾസ് ഏലിയോട്ട് പെർകിൻസ് എന്നൊരു പ്രകൃതി സ്‌നേഹി ഇവിടം  വേനൽക്കാല വസതി പണിയുവാൻ വേണ്ടി  വാങ്ങിച്ചുവെങ്കിലും, ഈ ഭൂമിയുടെ സൗന്ദര്യം  അദ്ദേഹത്തിന്റെ മനസ്സ് മാറി.   ഭൂപ്രകൃതിയുടെ സൗന്ദര്യത്തിനു  അല്പം പോലും ഭംഗം വരാതിരിക്കുവാൻ ഒരു നിർമ്മാണ പ്രവർത്തനവും അദ്ദേഹം നടത്തിയില്ല. 1907 ൽ അദ്ദേഹത്തിന്റെ മരണശേഷം പെർകിൻസ് കുടുംബം  ഈ സ്ഥലം കൊളറാഡോ സ്പ്രിങ്‌സ് സിറ്റിക്ക് ദാനമായി കൊടുത്തു. ആ കൈമാറ്റ രേഖകളിൽ പല നിർദേശങ്ങളും ഉണ്ടായിരുന്നെങ്കിലും അതിൽ  പ്രധാനപ്പെട്ടത് സന്ദർശകരിൽ നിന്നും പ്രവേശന ഫീസ് ഈടാക്കരുത് എന്നതായിരുന്നു. അതുകൊണ്ടു തന്നെ ഒരു നുറ്റാണ്ടിനിപ്പുറം ഞാനും ഫ്രീ ആയി പാർക്കിലൂടെ നടന്നു...നിങ്ങൾക്കും ആവാം ...നിയമം ഭേദഗതി ചെയ്തില്ലെങ്കിൽ....! 

കൊളറാഡോ സ്പ്രിങ്‌സിൽ കൂടുതൽ ഉണ്ടായിരുന്ന  യുറോപ്യയൻ സമൂഹം  ഈ പ്രദേശത്തെ വിളിച്ചിരുന്നത്  റെഡ് റോക്ക് കോറൽ എന്നായിരുന്നു. ആ  പേര് മാറി ഗാർഡൻ ഓഫ് ഗോഡ്‌സ് എന്ന് വഴി മാറിയതിൽ ഒരല്പം തമാശ ഉണ്ട് ....റെയിൽവേയ്ക്ക്  വേണ്ടി  സർവ്വേ  നടത്തുവാൻ മെലൺദ്യോണ് ബീച്ച് ( Melancthon Beach ) എന്നും റൂഫസ് കേബിൾ ( Rufus Cable ) എന്നും പേരായ  രണ്ടു സായിപ്പന്മാർ ഇവിടെ എത്തുന്നു. ഈ സ്ഥലത്തിന്റെ പ്രത്യേകത കണ്ട ബീച്ചിന്റെ മനസ്സിൽ തോന്നിയത് 'വെള്ളമടിക്കാൻ പറ്റിയ സ്ഥലം' എന്നായിരുന്നു  ....അതുകൊണ്ട് ബിയർ ഗാർഡൻ എന്ന് അദ്ദേഹം പേര് വിളിച്ചു, സൗന്ദര്യആരാധകനായ റൂഫസിന് പക്ഷെ, ആ നിർദേശം തീരെ ഇഷ്ടപ്പെട്ടില്ല. ദൈവീക ചൈതന്യം അലയടിക്കുന്ന ഈ പ്രദേശത്തിനെ ഗാർഡൻ ഓഫ് ഗോഡ്‌സ് എന്ന് റൂഫസ് വിളിച്ചു ആ പേരിടീലിലൂടെയാണ് ദൈവത്തിന്റെ ഉദ്യാനമുണ്ടായത്.  മലയാറ്റൂർ മലയെ കേരളീയർ ,പ്രത്യേകിച്ച് ക്രിസ്ത്യാനികൾ കാണുന്നത് പോലെ ആയിരുന്നു, അപ്പാച്ചെ, ചെയ്യെനി ,കോമച്ചേ തുടങ്ങിയ  പഴയ നേറ്റീവ് അമേരിക്കൻ ഗോത്രവർഗക്കാർ  ഈ മലനിരകളെ കണ്ടിരുന്നത്. തമ്മിൽ  കണ്ടാൽ  പരസ്പരം അമ്പു കുലയ്ക്കുന്ന അവർ ഇവിടെ വന്നാൽ ആയുധം താഴെ വയ്ക്കുമായിരുന്നത്രെ...! പരിപാവനവും വിശുദ്ധവുമായി അവർ കണ്ടിരുന്ന ഒരു പ്രദേശമാണ് ഗാർഡൻ ഓഫ് ഗോഡ്‌സ്.   

300 മില്ലിയൻ വർഷങ്ങൾക്കു മുൻപുണ്ടായ ഭൂകമ്പമായിരുന്നു ഈ പാർക്കിന്റെ ജനനത്തിന് വഴി തെളിച്ചത്  എന്ന് ചരിത്ര ഗവേഷകർ രേഖപെടുത്തുന്നു . ആ ഭുകമ്പത്തിൽ ഉയർന്നു വന്ന്  കുത്തി നിർത്തിയിരിക്കുന്ന പോലുള്ള  പാറക്കൂട്ടങ്ങൾക്കു 300 അടി വരെ ഉയരമുണ്ട്. ചില പാറകളുടെ താഴെ നിന്നു നോക്കിയാൽ ദുബായിലെ ബുർജ് ഖലീഫയുടെ താഴെ നിന്ന് നോക്കുന്നത്പോലെയിരിക്കും. അവിടെ നിന്ന് കിട്ടുന്ന ആനന്ദം അതേപോലെ ഇവിടെയും അനുഭവിക്കാം..! ഒരു കാലത്ത് ഇവിടം ദിനോസറുകളുടെ വിളയാട്ട സ്ഥലമായിരുന്നു എന്ന് പറയപ്പെടുന്നു . നിരവധി ദിനോസറുകളുടെ ഫോസിലുകൾ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട് . 1878 ൽ  ജെയിംസ് കെർ എന്ന കൊളറാഡോ കോളേജിലെ പ്രൊഫസ്സർ  ഇവിടെ നിന്ന് കണ്ടെടുത്ത ഒരു ദിനോസറിന്റെ തലയോടിന് 125 മില്യൺ വർഷങ്ങൾ പഴക്കമുള്ളതാണ് . നൂറു വർഷങ്ങൾക്കു മേൽ ആ തലയോടിൽ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തിയ മറ്റൊരു  കാര്യമുണ്ട്, ഇത്തരം ദിനോസറുകൾ ലോകത്ത് മറ്റൊരിടത്തും ഉണ്ടായിരുന്നില്ല.   ' തിയോ ഫൈറ്റലിയ കെറി (Theiophytalia Kerri) എന്നാണ്  ആ ദിനോസർ സ്പീഷിസിന്റെ പേര്.  ഗാർഡൻ ഓഫ് ഗോഡ്‌സ് വിസിറ്റിംഗ് സെന്ററിൽ ആ ഫോസിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്. 

മറ്റുള്ള കാര്യങ്ങളിൽ  വ്യാപൃതമാകുന്നില്ലെങ്കിൽ അര മണിക്കൂർ സമയം കൊണ്ട് ഗാർഡൻ ഓഫ് ഗോഡ്‌സിൽ ഒരു തവണ കറങ്ങി മടങ്ങിയെത്താം ,പക്ഷെ  മനസ്സ് തുറന്ന് ആസ്വദിക്കണെമെങ്കിൽ ഒരു രണ്ടു മണിക്കൂർ ചിലവഴിക്കേണ്ടി വരും . തലങ്ങും വിലങ്ങും ഉള്ള ട്രയിലുകളിൽ നിരവധി പേർ എപ്പോഴും  നടക്കുന്നത് കാണാം, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്ന മൃഗങ്ങളെയും പക്ഷികളെയും കാണുക മാത്രമല്ല ലക്‌ഷ്യം .അവയെപ്പോലെ ജീവിക്കുക എന്നത് കുടി ആണ്....

(കടപ്പാട് -1 . ഗാർഡൻ ഓഫ് ഗോഡ്‌സ് വിസിറ്റിംഗ് സെന്റർ 
                  2 . ഗാർഡൻ ഓഫ് ഗോഡ്‌സ് .കോം 
                  3 . വിസിറ്റ് കോസ് .കോം )

GARDEN OF GOD

Haridas 2022-08-30 00:17:28
വളരെ നല്ല യാത്രാവിവരണം! നന്ദി ഷാജു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക