Image

മഞ്ഞമോരും ചുവന്ന മീനും ( കഥ: നിർമ്മല )

Published on 31 August, 2022
മഞ്ഞമോരും ചുവന്ന മീനും ( കഥ: നിർമ്മല )

എയർപോർട്ടിനു പുറത്തു കടന്നതും സ്വപ്ന പരാതി ശബ്ദത്തിൽ ചോദിച്ചു.
- അയ്യേ, എവിടെ മഞ്ഞ്?  കാനഡേലു മുഴുവൻ മഞ്ഞാണെന്നു പറഞ്ഞിട്ട് ഇതെന്താ മഴ?
ഉരുക്കുന്ന ഏപ്രിൽച്ചൂടിൽ നിന്നും വന്ന മനീഷിന്റെയും സ്വപ്നയുടെയും ശരീരങ്ങളെ വിറപ്പിച്ചുകൊണ്ട് എയർപോർട്ടിനു ചുറ്റും മഴ നിർദ്ദയമായി പെയ്തു. കാറോളം  നടന്നപ്പോഴേക്കും ബാഗുകൾ തൂക്കിപ്പിടിച്ചിരുന്ന അവരുടെ കൈകൾ മരവിച്ചു പോയിരുന്നു.
- സ്പ്രിംഗ് ആയില്ലെ, അതാണു മഴ.
വിമാനത്താവളത്തിൽ അവരെ സ്വീകരിക്കാനെത്തിയ പരിചയക്കാരൻ സജു പറഞ്ഞു. 

വഴിയിരികിൽ അലിഞ്ഞു തീരാതെ ബാക്കി കിടന്നിരുന്ന പഴകിയ മഞ്ഞുകൂനകളിൽ മഴ ചെളിയും മണ്ണും തെറിപ്പിച്ച് ഭംഗി കെടുത്തുന്നത് സ്വപ്ന കാറിന്റെ ജനലിലൂടെ കണ്ടു.

പക്ഷെ കുറച്ചാഴ്ചകൾക്കുള്ളിൽ ഉണങ്ങിയ മട്ടിൽ നിന്നിരുന്ന മരം ഇലയില്ലാതെ പൂക്കൾ മാത്രമായി പൊട്ടിത്തരിച്ചുകൊണ്ട് സ്വപ്നയെ അത്ഭുതപ്പെടുത്തി.
- നോക്യേ മനീഷേ, I want to do with you what spring does with the cherry trees എന്നു നെരുദ പറഞ്ഞതു ശരിക്കും ഉൾക്കൊണ്ടതിപ്പഴാ. മരവിപ്പിൽ നിന്നും അടിമുടി പുളകത്തിലേക്കെത്തിക്കുക. ഹാവൂ....! 

ബോട്ടണിക്കാരുടെ മനസ്സ് പൂക്കളിലും പരിചയമില്ലാത്ത മരങ്ങളിലുമായി ചുറ്റിത്തിരിഞ്ഞു. ആ സമയത്തൊക്കെ മനീഷ് റെസ്യൂമെ മോടി പിടിപ്പിച്ചു. പഠിക്കാൻ ശ്രമിച്ചു. എന്നിട്ടെന്താ, പൂക്കൾ മുഴുവൻ കൊഴിഞ്ഞ് മരങ്ങൾ നിറയെ ഇലവന്ന ജൂൺ മാസമായിട്ടും പഠിപ്പുകാരൻ ജോലിക്കാരനായില്ല. 
നഗരത്തിലെ ആകാശമെത്തുന്ന ഓഫീസു കെട്ടിടങ്ങളിൽ എത്രായിരം കസേരകളും മേശകളുമുണ്ടാവുമെന്ന് മനീഷ് കണക്കുകൂട്ടി. പക്ഷെ മനീഷിനിരിക്കാൻ മാത്രമൊരു കസേര ആരും നീക്കിയിട്ടു കൊടുത്തില്ല.
ഇൻഫൊർമേഷൻ ടെക്‌നോളജിയിൽ ധാരാളം ഒഴിവുകളുണ്ടെന്ന് വായിച്ചറിഞ്ഞ തുടക്കത്തിലേക്കും പിന്നെ പേപ്പറുകൾ ശരിയാക്കികൊടുത്ത ഏജൻസിയുടെ വർണ്ണനകളിലേക്കും പലപ്പോഴും അയാളുടെ മനസ്സൊഴുകിപ്പോയി. കാനഡിയിലേക്കു അവരു വെട്ടിയ കുറുക്കുവഴിയുടെ ഭാഗമായിരുന്നു കൂടെ കൊണ്ടുപോകാൻ മൂന്നുലക്ഷം രൂപ വേണമെന്നത്. വന്നുകഴിഞ്ഞ് വെറുതെ കിടക്കുന്ന ഒഴിവുകളിലൊന്നിൽ കയറിയിരുന്നു ശമ്പളം വാങ്ങുന്നതുവരെ കഴിയാനുള്ള വക എന്ന നിലയിൽ സർക്കാരിന്റെ മുൻകരുതൽ.
ഒഴിവുകളുണ്ടല്ലൊ, അതിലൊന്നും മനീഷ് പാകമാകാതിരിക്കുവാനുള്ള ഒഴിവുകഴിവുകളും ധാരാളമായിപ്പോയെന്നു മാത്രം. 
ചില ജോലിക്ക് സ്വന്തം കാറുവേണം, അല്ലെങ്കിൽ കാറോടിക്കുവാനുള്ള ലൈസൻസുണ്ടാവണം. പിന്നെ ജോലി പരിചയം. കാനഡയിലെ ജോലിപരിചയം കോഴിയോ മുട്ടയോ ആദ്യം വരികയെന്ന ചോദ്യം പോലെ. ഇംഗ്ലീഷ് വ്യാകരണത്തെറ്റില്ലാതെ എഴുതിയാൽ പോര. ഉരുളക്കുപ്പേരി അമേരിക്കൻ സ്വരഭാരത്തിൽ മുറപ്രകാരമുള്ള അംഗവിക്ഷേപങ്ങളോടെ വിളമ്പണം.
പാർഡൺ മീ... സോറി... ക്യാൻ യൂ എക്‌സ്‌പ്ലേയ്ൻ പ്ലീസ് ഒക്കെ. തിരിച്ചും മറിച്ചുമിട്ടിട്ടും പലപ്പോഴും ചോദിച്ചതിനല്ല മറുപടി പറഞ്ഞതെന്ന് മനീഷിനു തോന്നി. 

രൂപ ഡോളറായി ചുരുങ്ങിയതുപോലെ പഠിപ്പിനും മൂല്യവ്യത്യാസമുണ്ടാവും എന്നു സ്വപ്നയോടു പറയാൻ അയാൾ ഭയപ്പെട്ടു.

മരങ്ങളിലെ ചെറുകായ്കൾ വലിയ പഴങ്ങളായി മാറിയപ്പോൾ മനീഷ് പറഞ്ഞു.
- ഇഞ്ചിനീയറായി ജോലി കിട്ടണമെന്ന ദുരാഗ്രഹം വേണ്ടെന്നു വെക്കാമല്ലെ. എന്തു കിട്ടിയാലും എടുക്കാം.
- കഷ്ടപ്പെട്ടു പഠിച്ച് നല്ല മാർക്കു വാങ്ങിയല്ലേ ഇഞ്ചിനീയറിംഗിനു പാസായത്.  എന്നു മുതലാണ് പഠിപ്പനനുസരിച്ചുള്ള ജോലി ദുരാഗ്രഹമായത്?

സ്വപ്നയുടെ ഉത്തരം കേട്ടപ്പോൾ അവൾ ഛർദ്ദിക്കാനുള്ള പുറപ്പാടിലാണെന്നു മനീഷിനു തന്നി. 

അവൾ ആദ്യം ഛർദ്ദിച്ചത് കല്യാണം കഴിഞ്ഞ് മൂന്നു മാസം കഴിഞ്ഞപ്പോഴാണ്. അമ്മാവന്റെ വീട്ടിൽ പോകുമ്പോൾ സാരിയുടുക്കാൻ മനീഷിന്റെ മമ്മിയവളെ നിർബന്ധിച്ചു. മമ്മിയും അടുക്കളയിലെ പണിനിർത്തി ഗംഗയും കൂടി കുറച്ചുനേരം ശ്രമിച്ചിട്ടാണ് സാരി പിടിപ്പിച്ചു വച്ചത്. 

കഴിഞ്ഞതും സ്വപ്ന കുളിമുറിയിലേക്കോടി. ആളൊഴിഞ്ഞപ്പോൾ സ്വപ്ന മനീഷിനോടു പരാതിപ്പെട്ടു.
- അഞ്ചു മീറ്ററുള്ള ഈ ലാബറിന്തിനകത്തിട്ടെന്നെ ചുറ്റിക്കല്ലെ മനീഷേ!

ഭംഗി , പാരമ്പര്യം എന്നൊക്കെ പറഞ്ഞാൽ സ്വപ്ന തർക്കിക്കും.
- അമ്മൂമ്മ മുണ്ടാണുടുത്തിരുന്നത്. മമ്മി സാരിയും. നമ്മുടെ ജനറേഷൻ സാരിയിൽ സ്റ്റക്കാകണമെന്നു പറയുന്നതു ശരിയാണോ?

സ്വപ്ന ഛർദ്ദിച്ച വിവരം സന്തോഷത്തോടെ പറഞ്ഞവരുടെ മുന്നിൽ മമ്മി മുഖം ഒന്നമർത്തി തുടച്ചു നടക്കേണ്ടിവന്നു. 

പിന്നേയും രണ്ടുവർഷം കഴിഞ്ഞാണ് പ്രണവുണ്ടായത്.

സ്വപ്നയും മനീഷും പ്രണവിനെ നടുക്കിരുത്തി. ടി.വിയിലെ കാലാവസ്ഥ വിവരണങ്ങൾ കണ്ടു. ചൂടിനേയും തണുപ്പിനേയും ഇത്രയ്ക്കു വർണിക്കാനുണ്ടൊ എന്നവർ ഇടക്കൊക്കെ പരസ്പരം ചോദിച്ചു. 
കോട്ടും സ്വറ്ററും ബൂട്ട്‌സുമിട്ട പെണ്ണുങ്ങൾ നെടുകേയും ചരിഞ്ഞും ഔദ്ധത്യത്തോടെ നിൽക്കുന്ന പരസ്യപ്പത്രം വന്ന ദിവസം മനീഷ് സജുവിനെ വിളിച്ചു.
- അങ്കിളിന്റെ പരിചയക്കാരാരെങ്കിലും വിചാരിച്ചാൽ ഒരു ജോലി കിട്ടാൻ ചാൻസുണ്ടാവുമോ? 
മനീഷിനിപ്പോൾ അർജുനന്റെ ഏകാഗ്രതയാണ്. അഭിമാനവും മര്യാദയുമൊക്കെ ഇലയും പക്ഷിക്കൂടും മാത്രം. 

മൂന്നാംകിട രാജ്യത്തെ ഒന്നാംകിട പൗരനിൽ നിന്നും ഒന്നാംകിട രാജ്യത്തെ മൂന്നാംകിട പൗരനിലേക്കുള്ള അകലത്തെ അത്യാഗ്രഹം കൊണ്ടാവുമോ അളക്കേണ്ടതെന്ന് അയാൾ സ്വയം ചോദിച്ചു.

സജു അവരെ വീട്ടിലേക്ക് അത്താഴത്തിനു ക്ഷണിച്ചു. ഉപനഗരത്തിലുള്ള വീടോളം ബസെത്താത്തതുകൊണ്ട് സജു കാറിൽ കൊണ്ടുപോകേണ്ടി വന്നു.

ലിവിംഗ് റൂമിലെ പ്രൗഢിയുള്ള സോഫകൾക്കും ഉപയോഗിക്കാൻ മടി തോന്നിപ്പിക്കുന്ന കുഷ്യനുകൾക്കും ഇടയിൽ ചെറിയൊരു അങ്കലാപ്പോടെ മനീഷ് അന്ന് ഒറ്റപ്പെട്ടു പോയിരുന്നു. 

കണ്ണുകൾ ഭിത്തിയിലെ പ്രസിദ്ധമായ പെയിന്റിംഗിന്റെ കോപ്പിയിലും നിലത്തെ പരവതാനിയിലുമൊക്കെയായി മാറ്റിനട്ട് അയാൾ മര്യാദക്കാരനാകാൻ ശ്രമപ്പെട്ടു. സോഫകൾക്കു നടുവിലെ ചില്ലുകൊണ്ടുള്ള മേശയുടെ ചെറുപ്പതിപ്പുകളാണ് സോഫകൾ കൂടുന്നിടത്തെ മൂലമേശകളെന്നൊരു വലിയ കണ്ടുപിടുത്തം നടത്തിയതിൽ സ്വയം അഭിനന്ദിച്ച് കുറച്ചു സമയം കഴിച്ചു.
അടുക്കളയോടു ചേർന്ന ആഢ്യത്തം കുറഞ്ഞ ഫാമിലി റൂമിലാണ് സ്വപ്ന ചെന്നുപെട്ടത്. ഭിത്തികളിലെ സൂട്ടും പട്ടാംബരവും കവിയുന്ന കുടുംബചിത്രങ്ങളും, വീതിയുള്ള ഫ്രെയിമുകൾക്കുള്ളിലെ കൊതിപ്പിക്കുന്ന അച്ചടക്കമുള്ള കുട്ടികളും, ഒരിക്കലും കത്തിക്കാത്ത ഫയർപ്ലേസിനു മുകളിലെ മാന്റൽ എന്ന ഉപയോഗിച്ചു പഴകിയ സോഫകളും കുഷ്യനും ചെറുമേശകളും മങ്ങിയ ഇന്ത്യൻ കൗതുകവസ്തുക്കളും അവളോടു ചങ്ങാത്തം കൂടിയതുമില്ല. നീളന്തണ്ടുള്ള വൈൻ ഗ്ലാസു പിടിച്ചിരുന്ന പെണ്ണുങ്ങൾ സ്വപ്നക്കു മനസ്സിലാവാത്ത ഭാഷയിൽ സംസാരിച്ചു.
- സോബീസിൽ ചിക്കൻ സെയിലുണ്ട്.
- ആണോ, എത്ര പൈസായാ.
- പൗണ്ടിന് തൊണ്ണൂറ്റൊമ്പതു സെന്റ്.
- എന്നാ റ്റെൻ സെന്റ് സെയിലു തൊടങ്ങുന്നത് ? ഉള്ളിക്കും ക്യാരറ്റിനുമൊക്കെ?
- അതു സാധാരണ ഒക്‌ടോബറിലല്ലെ. ഞാനിതുവരെ കണ്ടില്ല.

ഊണിനു നേരമായപ്പോൾ പ്രണവിനു ചോറെടുക്കുക എന്ന സമസ്യക്കു മുന്നിലും സ്വപ്ന ഒറ്റപ്പെട്ടു. മേശപ്പുറത്തു നിരന്ന അനേകം വിഭവങ്ങളിലേക്കു നോക്കി പരുങ്ങുന്ന സ്വപ്നയെ ഒരു മഴവില്ലുപോലെ മനീഷു കണ്ടിരുന്നു. 

നീട്ടിയ പാത്രത്തിലേക്കു ചോറു വിളമ്പിയിട്ട് മനീഷും സംശയിച്ചു.
- മോരെടുക്ക്!
മഞ്ഞ നിറമുള്ള കറി ചൂണ്ടിയാണ് ആന്റി പറഞ്ഞത്. ചോറിനെ മഞ്ഞളിപ്പിക്കുന്ന മോരുകറി. 
മറ്റൊരു പാത്രത്തിൽ ചുവന്ന ചാറിൽ പാതി പുറത്തായി മീൻ കഷണങ്ങൾ സ്‌കെയിലുവച്ചു വരച്ചിട്ടു മുറിച്ചതുപോലെയുള്ള ചതുര കഷണങ്ങൾക്കു നല്ല കട്ടിയുണ്ട്. 
മീൻ തന്നെയാണോ, ഫാക്ടറിയിൽ ഉണ്ടാക്കിയതാവുമോ എന്നു സ്വപ്നയോടു ചോദിക്കുന്നതോർത്ത് മനീഷ് ഉള്ളിൽ ചിരിച്ചു.

ഊണു തുടങ്ങിയതോടെ ലിവിംഗ് റൂമിലെ ശബ്ദം ഇല്ലാതായി. ഇടയ്ക്ക് എന്തെങ്കിലും പറയണമല്ലൊ എന്നോർത്താണ് എന്തുതരം മീനാണെന്ന് മനീഷ് ചോദിച്ചത്. 
കിംഗ് ഫിഷ്, നെമ്മീൻ, നെയ്മീൻ, അല്ല അയക്കൂറ... ലിവിംഗ് റൂമിൽ വീണ്ടും ബഹളമായി.

- മീനിനെക്കുറിച്ച് അറിയണമെങ്കിൽ ഞങ്ങളു മലബാറീസിനോടു ചോദിക്കണം. ഞങ്ങളുടെ ബ്രെയ്ക്ക് ഫാസ്റ്റു തന്നെ മീനിലാ.
- അതു നിങ്ങക്കു ബോധമില്ലാഞ്ഞിട്ടാ. നല്ല മീങ്കറി കൂട്ടണമെങ്കി കോട്ടയത്തു വരണം. കൊടമ്പുളിയിട്ട മീങ്കറിക്കെന്നാ ടെയ്സ്റ്റാ!
പിന്നെ മലബാറീസും തിരുവതാംകൂറിസും കുറെയേറെനേരം തർക്കിച്ചു. അതിനിടയിൽ തിരുക്കൊച്ചിയിലെ ചാളക്കറി മിണ്ടാതെ തേങ്ങച്ചാറിൽ മുങ്ങി ഒരു സോസറിൽ കുറുകെ കിടന്നു. 

- ആണിയിൽ തൂക്കിയിടുമ്പോൾ ഭൂപടത്തിൽ മുകളിലാണെന്നു കരുതി വടക്കുള്ളവർക്ക് തെക്കുള്ളവരോട് പൊതുവെ ഒരു മേൽക്കോയ്മയുണ്ട്. ഉത്തരേന്ത്യക്കാരനു മദ്രാസിയോടു പുച്ഛം. മലബാറുകാർക്ക് തിരുവിതാംകൂറുകാരെ പിടിക്കായ്ക.
കൂടുതൽ കഷണ്ടിയും കുറച്ചു മുടിയുമുള്ള മനുഷ്യനാണതു പറഞ്ഞത്. അയാൾ താഴെയുള്ള മുടി നീട്ടി മുകളിലേക്കു പരത്തി ചീകിവച്ച് കഷണ്ടി മറക്കാൻ ശ്രമിച്ചിട്ടുണ്ട്. എഴുപതുകളിലോ എൺപതുകളിലോ മുടിനീട്ടി സഞ്ചിയും തോളിലിട്ടു നടന്നിരുന്ന ഒരു യുവാവായിരുന്നു അയാളെന്നു മനീഷിനു തോന്നി.

തർക്കം എങ്ങുമെത്താതെ തിരിയുന്നതിനിടക്കാണ് സജുവങ്കിൾ മനീഷിന്റെ ജോലിക്കാര്യമെടുത്തിട്ടത്. ഉത്സാഹത്തോടെ എല്ലാവരും പുതിയ വിഷയത്തിലേക്കു കടന്നു.
- എത്ര പഠിത്തമുണ്ടായിട്ടും കാര്യമില്ല. ഇവമ്മാരു തൊലിനോക്കിയേ ഹയറു ചെയ്യൂ.
ഡിസ്‌ക്രിമിനേഷൻ അല്ലാതെന്താ?
-  ഞാൻ വന്ന കാലത്ത് തറ തുടച്ചിട്ടുണ്ട്.
- പിന്നെ ഞാനെത്ര വർഷം പാതിരാത്രിയിൽ ഫോർട്ടിനോസിലെ ഷെൽഫിൽ സാധനങ്ങളെടുത്തു വെക്കാൻ പോയിട്ടുണ്ട്.
- എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ തന്നെ ജോലി കിട്ടുമെന്നാ ഇപ്പോഴത്തെ പിള്ളേരടെ വിചാരം! ഇവിടെ ജോലി എടുത്തു വെച്ചിരിക്കുകയല്ലേ!

ഏജന്റിന്റെ കണക്കുകൾ മനീഷിന്റെ മനസ്സിൽ കിടന്നു പിടഞ്ഞു.
- ഐ.ടി ഫീൽഡിൽ 120 ഒഴിവുകൾ ടൊറന്റോയിൽ തന്നെയുണ്ട്.
അതെടുത്ത് ഇയാളുടെ വായിൽ തിരുകിയാലോ?

പിന്നെ ജോസഫും വർക്കിയും കൂണു ഫാക്ടറിയിൽ ജോലിക്കു പോയ പഴയ കഥയിലേക്കു തെക്കരും വടക്കരും ഒരുമയോടെ കൂപ്പുകുത്തി. 

പഴങ്കഥകൾക്കും പൊട്ടിച്ചിരികൾക്കുമിടയിൽ സായിപ്പിന്റെ വിവേചനത്തിനു മുന്നിൽ അത്യാഗ്രഹക്കാരനായി മനീഷൊറ്റക്കു നിന്നു. 

ഭൂപടപരമായി പടിഞ്ഞാറിനു കിഴക്കിനോടുള്ളത് ഒരു വശക്കോയ്മ ആയിരിക്കുമോ എന്ന് മനീഷത്ഭുതപ്പെട്ടു.

തിരിച്ച് അപ്പാർട്ടുമെന്റിലെത്തിയപ്പോൾ അയാൾ സ്വപ്നയോടു ചോദിച്ചു.
- മോനെന്താ കഴിച്ചത്?
- മഞ്ഞമോരും ചുവന്നമീനും കൂട്ടി അവനു ചോറു കൊടുത്തു. 
നിങ്ങളിരുന്നിടത്ത് എന്തായിരുന്നു ബഹളം.
- അത് ബാറീസും കുറീസും വമ്പു കമ്പയറു ചെയ്യുകയായിരുന്നു.
വിശദീകരിക്കുമ്പോൾ സ്വപ്നയുടെ മുഖത്ത് ഛർദ്ദിക്കാനുള്ള ഭാവം വന്നു. 

ആണിത്തൂക്കത്തിലെ മേൽക്കോയ്മയെക്കുറിച്ചു പറഞ്ഞപ്പോൾ സ്വപ്ന ചോദിച്ചു.
- സച്ചിദാനന്ദമുടിയുടെ കണ്ടുപിടുത്തമാണോ?
- അയാളുടെ പേര് കെ.ആർ കുരുവിള എന്നാണ്. പക്ഷേ കുരുളേച്ചൻ എന്നാണെല്ലാവരും അയാളെ വിളിക്കുന്നത്.
സ്വപ്നക്കതൊന്നും പ്രശ്‌നമല്ലെന്നും അവൾ അയാളെ സച്ചിദാനന്ദമുടി എന്നു മാത്രമെ വിശേഷിപ്പിക്കു എന്നും മനീഷിനറിയാമായിരുന്നു.
പിന്നെ മനീഷിനും സ്വപ്നയ്ക്കും സജുവിന്റെ വീട്ടിൽവന്ന പലരുടേയും അതിഥിയാകേണ്ടിവന്നു. 
അതോടെ, മോരുകറി , വരട്ടിയെടുത്ത ഇറച്ചി, പുളിയുള്ള ചുവന്ന ചാറിൽ മീനിന്റെ ഫാക്ടറിക്കഷണങ്ങൾ , അങ്ങനെ പോകുന്ന കോട്ടയം ക്രിസ്ത്യാനികളുടെ പതിവു മെനുവിനെ മനീഷ് കോക്രി ഊണ് എന്നു വിളിക്കാൻ തുടങ്ങി. 

ഒരു ജോലി തരപ്പെടുമെങ്കിൽ എത്ര കോക്രിയുണ്ണാനും തയ്യാറാണെന്ന് അവൻ സ്വപ്നയോടു വീമ്പു പറഞ്ഞു.

ഇതിനിടയ്ക്കാണ് അപ്പാർട്ടുമെന്റിനു മുന്നിൽ നിന്നിരുന്ന ഗിംഗോ മരത്തിലെ ഇലകൾക്ക് കടുംമഞ്ഞ നിറമായത്. അതിന്റെ ചെറുവിശറികൾ പോലുള്ള ഇലക്ക് മത്തു പിടിപ്പിക്കുന്ന ഭംഗിയെന്നു സ്വപ്ന പറഞ്ഞു. പിൻവശത്തെ കിടപ്പുമുറിയിലെ ജനലിലൂടെ കാണാവുന്ന സൺസെറ്റ് മേപ്പിൾ എന്ന മരത്തിന്റെ ഇലകൾക്ക് കത്തുന്ന ചുവപ്പുനിറമായി.
ചെടികളെ തലോടി മരങ്ങളുടെ ഇല പരിശോധിച്ച്  സ്വപ്ന അവയുടെ കുടുംബങ്ങൾ കണ്ടുപിടിച്ചു. ഇടയ്‌ക്കൊക്കെ ചില മരയറിവുകളും ഇലസത്യങ്ങളും അവൾ മനീഷിനു വിളമ്പി.
- തണുപ്പുകാലത്തേക്ക് ആവശ്യമുള്ള മൂലകങ്ങളെയൊക്കെ മാറ്റി വെയ്ക്കുന്നതുകൊണ്ടാ എലേടെ നിറം മാറുന്നത്. ക്ലോറോഫില്ലു പോകുമ്പം പച്ചനിറം പോവും. അപ്പോ എലേടെ തനിനിറം. ചോപ്പും മഞ്ഞേം ഒക്കെയായിട്ട് പുറത്തുവരും. സത്യത്തിൽ ഈ നിറങ്ങളൊക്കെ എലേലേക്കു വരികയല്ല, പച്ചനിറം അങ്ങു പോവ്വാ ചെയ്യണെ.

നിരയായി നിൽക്കുന്ന മരങ്ങളുടെ വർണ്ണഭംഗി ശരിക്ക് ആസ്വദിക്കണമെങ്കിൽ അൽഗോക്വിൻ പാർക്കിൽ പോകണമെന്ന് അവളോട് അപ്പാർട്ടുമെന്റിലെ ജാനിറ്റർ പറഞ്ഞു കൊടുത്തു. ടൊറന്റോയിൽനിന്നും രണ്ടു മണിക്കൂർ വടക്കോട്ടു വണ്ടിയോടിക്കുമ്പോൾ ഏക്കറുകൾ വിസ്തീർണ്ണമുള്ള അൽഗോക്വിൻ പാർക്ക്... മരങ്ങളും മൃഗങ്ങളും തടാകങ്ങളും കാടും മലകളും. 
അവിടെ ക്യാമ്പു ചെയ്യാം. 
ബോട്ടിൽ പോകാം.
- ശരത്ക്കാലത്ത് നിറം മാറുന്ന ഇലകളുടെ ഭംഗി കാണണമെങ്കിൽ അൽഗോക്വിനിൽ തന്നെ പോകണം.
ജാനിറ്റർ ലോയിഡ് ഉറപ്പിച്ചു പറഞ്ഞു. അവിടുത്തെ ചില പടങ്ങൾ അയാളുടെ ആൽബത്തിൽ കണ്ടതോടെ ബോട്ടണിക്കാരിക്കു ഹാലിളകി. മഞ്ഞക്കും ഓറഞ്ചിനും വിവരിക്കാനാവാത്തത്ര തരം തിരിവുകൾ. 

മരങ്ങളും ചെടികളും കടുംനിറങ്ങളിൽ ചേർന്നു നിൽക്കുന്നതു കണ്ടാൽ വരച്ചു വച്ചിരിക്കുന്നതാണെന്നു തോന്നും.

ശനിയാഴ്ച രാവിലെ അൽഗോക്വിനു കൊണ്ടുപോകാമെന്ന് സജു ഏറ്റതോടെ അപ്പാർട്ടുമെന്റിലും നിറംവച്ചു. ഉച്ചയ്ക്കു കഴിക്കാനുള്ളത് അവിടെയിരുന്നു കഴിക്കാനായി പൊതിഞ്ഞു കൊണ്ടുപോവുക. വൈകുന്നേരം അത്താഴം സജുവിന്റെ വീട്ടിൽ.

സ്വപ്ന മൂളിപ്പാട്ടോടെ തൈരുസാദം പൊതികെട്ടി. കുടിക്കാൻ വെള്ളം കുപ്പിയിൽ. പ്രണവിനു പലഹാരങ്ങൾ പ്രത്യേകം. അതിനിടയിൽ ക്യാമറ മറന്നേക്കല്ലേ, ബാറ്ററി ചാർജു ചെയ്തിട്ടുണ്ടൊ എന്നൊക്കെയവൾ മനീഷിനെ ശാസിക്കുകയും ചെയ്തു, 

പത്തുമണിക്കെത്താമെന്നു പറഞ്ഞ സജു പത്തരയായിട്ടും വരാതിരുന്നപ്പോൾ മനീഷ് വിളിക്കാനുറച്ചു.
- ഇനി മറന്നു കാണുമോ?
- അതു മനീഷേ, ഇന്നു കുറച്ചുപേരെ ഇങ്ങോട്ട് ഉണ്ണാൻ വിളച്ചിട്ടുണ്ട്. നിങ്ങളോടു വരാൻ പറഞ്ഞില്ലായിരുന്നൊ? ഏതായാലും കുക്കു ചെയ്യണം, അപ്പം കടമുള്ള കുറച്ചുപേരെ വിളിച്ചേക്കാമെന്നു ഷൈല വിചാരിച്ചു. ഞാനീ എറച്ചി ഒന്നു മുറിച്ചു കൊടുത്തേച്ച് ഒരു മണിക്കൂറിനകം വന്നേക്കാം.

പന്ത്രണ്ടു മണിയായപ്പോൾ പ്രയോജനമില്ലെന്നറിഞ്ഞു തന്നെ മനീഷ് വീണ്ടും വിളിച്ചു. അപ്പോൾ  സജു പുറത്തു പുല്ലുവെട്ടുകയാണെന്ന് ആന്റി പറഞ്ഞു.
- എന്തെങ്കിലും ആവശ്യമുണ്ടോ? തിരിച്ചു വിളിക്കാൻ പറയണൊ?

സ്‌നേഹാന്വേഷണത്തിനു മറുപടിയൊന്നും പറയാനില്ലാതിരുന്നിട്ടും അവർ പറഞ്ഞു. 
- വൈകിട്ട് ഉണ്ണാൻ വരുമല്ലൊ അല്ലേ? സജു ആറുമണിക്കു വന്നു പിക്കു ചെയ്യും കേട്ടോ.

ടൊറന്റോയിൽ നിന്നും അൽഗോക്വിനു ബസുണ്ടോ എന്നറിയണമെന്നായി സ്വപ്നയ്ക്ക്. 

ടി.വിക്കു മുന്നിൽ മുനിപോലെയിരുന്ന മനീഷിനെ തോൽപ്പിച്ച് അവൾ ടെലിഫോൺ ഡയറക്ടറി നോക്കി ഗോ - ബസ്, ഗ്രേ- ഹൗണ്ട് തുടങ്ങിയ ബസു കമ്പനികളെയൊക്കെ വിളിച്ചു. ഗോ ബസ് അങ്ങോട്ടു പോവില്ലത്രേ. ഉച്ചകഴിഞ്ഞ് ഗ്രേഹോണ്ടിന്റെ ഒരു ബസ് പാതിവഴിയോളം പോവും. വൈകുന്നേരം അഞ്ചുമണിക്ക് അവിടെ നിന്നും വേറേതെങ്കിലും ബസുകമ്പനിയുടെ വണ്ടി കിട്ടുമോ എന്നന്വേഷിക്കാൻ പറഞ്ഞ് നല്ലൊരു സായാഹ്നവും നേർന്നു ഗ്രേ-ഹോണ്ടുകാരി.

ബസ്റ്റാൻഡിൽ പോയി ഒരു കോഴിക്കോടു ബസോ തിരുവനന്തപുരം ഫാസ്റ്റോ പിടിക്കുന്നതുപോലെയല്ല കാനഡയിലെ ബസുകാര്യം എന്നറിഞ്ഞ് സ്വപ്നയുടെ തീയും കെട്ടു. സോഫയിലിരുന്നുറങ്ങിപ്പോയ പ്രണവിനെ കിടക്കയിലേക്കു മാറ്റിയിട്ട് അവൾ പുറത്തിറങ്ങി ഗിംഗോ മരത്തിന്റെ ചുവട്ടിൽ നിന്നും കുറച്ചു മഞ്ഞ നിറമുള്ള വിശറിയിലകൾ പെറുക്കിക്കൊണ്ടു വന്നു .
കനമുള്ള ഡിക്ഷ്നറിക്കകത്തുവച്ച് അതിനു മുകളിൽ ഭാരമുള്ള ടെലിഫോൺ ഡയറക്ടറി കയറ്റിവെക്കുന്ന സ്വപ്നയെ നോക്കിയിരുന്ന മനീഷ് രതിലമ്പടനായി.
- ആർബറേറ്റം ഉണ്ടാക്കുന്ന കാലമാണെങ്കിൽ ക്യാമ്പസ് പ്രണയത്തിനു ചാൻസുണ്ടല്ലോ!

മനീഷിന്റെ കൊഞ്ചലിൽ അൽഗോക്വിൻ വർണ്ണങ്ങൾ ഇരിപ്പു മുറിയിലേക്കൊഴുകി. ചുവപ്പ്, മഞ്ഞ, ഓറഞ്ച്, മെറൂൺ, ക്രിംസൺ, സിയന്ന പേരു പറയാനറിയാത്ത നിറങ്ങളുടെ പ്രപഞ്ചത്തിൽ അവർ കലർന്നു. 

സുരതിക്കൊടുവിലെ അഗാധ ശാന്തതയിലേക്ക് സ്വപ്നയാണു കല്ലെറിഞ്ഞത്.

- അല്ല പ്രതീക്ഷിച്ചത് എന്തെങ്കിലും സംഭവിച്ചാൽ അത്ഭുതപ്പെട്ടാൽ മതിയല്ലെ?

മനീഷിന്റെ മനസ്സിൽ കടുംവർണ്ണങ്ങളുറഞ്ഞ് ശുദ്ധവെളുപ്പായി.

ആറുമണിക്കു തന്നെ വിളിക്കാൻ സജു മറന്നില്ല.
- റെഡിയാണോ? ഞാൻ പിക്കു ചെയ്യാം. ഗെസ്റ്റൊക്കെ ഏഴയരയാകുമ്പം വരും. അതിനുമുമ്പ് നമുക്കിങ്ങെത്തണം. അൽഗോക്വിനൊക്കെ ഇനിയൊരു ദിവസം പോകാമെന്നേ.
ഒരു മയവുമില്ലാതെ സ്വപ്ന പറഞ്ഞു.
- ഇനിയൊരു കോക്രിയൂണിനു ഞാനില്ല. മഞ്ഞമോരും ചുവന്നമീനും കണ്ടാ ഞാൻ ഛർദ്ദിക്കും. 

മനീഷൊറ്റക്കു പോയി. 
പലരും ചോദിച്ചു സ്വപ്നയുടെ തലവേദനയെപ്പറ്റി.
- മൈഗ്രേൻ എങ്ങാനുമാണോ?
- മരുന്നെടുത്തോ?

പലതവണ ചിരിച്ചു കൊടുത്ത തമാശകളിൽ ചിരിക്കാൻ ബുദ്ധിമുട്ടുമ്പോൾ തനിക്കും തലവേദന വരേണ്ടതായിരുന്നുവെന്ന് മനീഷ് നിരാശപ്പെട്ടു. 

മടങ്ങുമ്പോൾ വരാതിരുന്ന സ്വപ്നയ്ക്കും പ്രണവിനുമായി ആന്റി കറികളുടെ ഒരു പൊതി മനീഷിനെ ഏൽപ്പിച്ചു.
- മോൻ കഴിഞ്ഞ പ്രാവശ്യം മോരുകാച്ചിയതും മീങ്കറീം കൂട്ടിയാ ഉണ്ടത്.

കാറിലിരിക്കുമ്പോൾ മടിയിലെ ഷോപ്പിംഗ് ബാഗിനുള്ളിൽ തൈരിന്റേയും മാർജറിന്റേയും പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്നും മഞ്ഞ നിറമുള്ള മോരുകറിയും മീനിന്റെ ചതുരക്കഷണങ്ങളും അയാളെ ഭീഷണിപ്പെടുത്തി.
- സ്വപ്നയെ ഞങ്ങൾ ഛർദ്ദിപ്പിക്കും, തീർച്ച!!

കാറിൽ നിന്നും ഇറങ്ങി സജുവിനോട് ഉപചാരപൂർവ്വം നന്ദി പറയുമ്പോഴും മീനിന്റെ ഇഷ്ടികക്കഷണങ്ങൾ മനീഷിന്റെ നെഞ്ചിൽ മതിൽ പണിതു. മഞ്ഞ വിശറിയിലകൾ മടക്കിക്കൊണ്ടു വന്ന വർണ്ണലോകം അയാളെ കൊതിപ്പിച്ചു.
എലിവേറ്ററിൽ അഞ്ചാം നിലയിലിറങ്ങിയ മനീഷ് വലത്തേക്കു തിരിഞ്ഞ് നൊ - ഫ്രിൽസ് എന്നെഴുതിയ ബാഗിന്റെ മുകൾഭാഗം ഭദ്രമായി കെട്ടി ഗാർബേജ് ഷൂട്ടിലേക്കിട്ടു. അതു തട്ടിത്തട്ടി താഴേക്കു പോകുന്ന ശബ്ദം ആശ്വാസത്തോടെ കേട്ടുനിന്നിട്ട് വാതിലടച്ച് അയാൾ ഇടതു വശത്തുള്ള ഇടനാഴിയിലൂടെ സ്വപ്നയും പ്രണവുമുറങ്ങുന്ന അപ്പാർട്ടുമെന്റിലേക്ക് പോയി.

വൈകുന്നേരം വീശാൻ തുടങ്ങിയ കാറ്റിനു ശക്തി കൂടിയിരുന്നു. ജനലിന്റെ ചില്ലടപ്പുകളെ കുലുക്കി ബഹളം വെക്കുന്ന കാറ്റ് രാത്രി മനീഷിനെ ഇടക്കൊക്കെ ഉണർത്തി. കാലത്തെ നോക്കുമ്പോൾ ചുവന്ന ഇലകൾ ഒന്നുപോലുമില്ലാതെ എല്ലിൻകൂടുപോലെ മേപ്പിൾ മരത്തിന്റെ പ്രേതം ജനലിനു പുറത്തു കണ്ടു. 

കാണാൻ കൊതിച്ചിരുന്ന മഞ്ഞുകാലത്തെ ഭയപ്പെട്ട് ചെറിമരത്തിൽ പുളകം പൂത്തുലയാൻ ഇനിഎത്രകാലം എന്നു നെടുവീർപ്പിട്ട് മനീഷ് കിടക്കയിലിരുന്നു.

MANJA MORUM CHUVANNA MEENUM , STORY BY NIRMALA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക