Image

മേരി റോയി: കല്ലുകൊണ്ടൊരു പെണ്ണ് (ഉയരുന്ന ശബ്ദം-61: ജോളി അടിമത്ര)

Published on 03 September, 2022
മേരി റോയി: കല്ലുകൊണ്ടൊരു പെണ്ണ് (ഉയരുന്ന ശബ്ദം-61: ജോളി അടിമത്ര)

ഉറ്റുസ്‌നേഹിക്കുന്നവരുടെ അമര്‍ത്തിവച്ച വിതുമ്പലുകള്‍ക്കിടയിലൂടെ അവര്‍ നിശ്ചലം അവസാനപ്രയാണം ആരംഭിച്ചു.വിശ്വപ്രസിദ്ധയായ  അരുന്ധതി റോയിയും സഹോദരന്‍ ലളിത് റോയിയും അടര്‍ന്നു വീഴുന്ന കണ്ണീര്‍കണങ്ങള്‍ക്കിടയിലൂടെ അമ്മയെ നോക്കിനിന്നു. അവര്‍ നട്ടുപിടിപ്പിച്ച നാനാജാതി മരങ്ങള്‍ക്കിടയിലൂടെ അന്ത്യവിശ്രമത്തിനുള്ള ആ പോക്ക്.ജീവിതത്തോട്  ഒറ്റയ്ക്കു പടപൊരുതി നേടിയ മഹാസാമ്രാജ്യത്തില്‍ ഇനി റാണിയില്ല.55 വര്‍ഷമായി അവരുടെ താളവും ചലനവും ജീവശ്വാസവുംപോലും ബലികഴിച്ചുവളര്‍ത്തിയെടുത്ത കോട്ടയത്തെ പള്ളിക്കൂടം സ്‌കൂളിന്റെ അങ്കണത്തില്‍ പൂര്‍വ്വവിദ്യാര്‍ഥികള്‍  തിങ്ങിനിറഞ്ഞിനിന്നു.അവരില്‍ സമൂഹത്തിന്റെ ഉന്നതതലങ്ങളിലെത്തിയ എത്രയെത്രപേര്‍ യാത്രാമൊഴിയേകാനെത്തി.അവരെ മനുഷ്യരാക്കി വലുതാക്കിയ അമ്മ,സാമൂഹികബോധം നല്‍കിയ അധ്യാപിക..മേരിറോയ് എന്ന വ്യക്തിയെപ്പറ്റി ഓരോരുത്തര്‍ക്കും പറയാനേറെയുണ്ട്.തികച്ചും കര്‍ക്കശക്കാരിയെന്നാണ് ഒറ്റനോട്ടത്തില്‍ ആര്‍ക്കും തോന്നുക.പക്ഷേ,ആ ഉരുക്കു കവചത്തിനുള്ളില്‍ നറുംവെണ്ണപോലൊരു മനസ്സുണ്ടെന്ന് അറിയുന്നവര്‍ എത്രപേരുണ്ട് ?.ജീവിതമാണ് മേരിറോയിയെ ഉരുക്കുവനിതയാക്കിയത്.

മേരി റോയിക്കൊപ്പം ജോളി അടിമത്ര

ഞാന്‍ മേരി റോയിയെ ആദ്യം കാണുന്നത് 1980-കളിലാണ്.ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമപ്രകാരംപിതൃസ്വത്തില്‍ ആണിനും പെണ്ണിനും തുല്യാവകാശം ഉണ്ടെന്ന സുപ്രിംകോടതിയുടെ ചരിത്രപ്രസിദ്ധ വിധി നേടിയശേഷം കോട്ടയത്ത് നടന്ന ഒരു മീറ്റിംഗ്.അവര്‍ക്കൊപ്പം ഹര്‍ജിക്കാരായ മൂവാറ്റുപുഴക്കാരികളായ ഏലിക്കുട്ടി ചാക്കോയും മറിയക്കുട്ടി തൊമ്മനും പങ്കെടുത്ത മീറ്റിംഗ് .ക്രിസ്ത്യന്‍ പെണ്ണുങ്ങള്‍ക്കെല്ലാം വലിയ പ്രതീക്ഷ നല്‍കുന്ന വിധിയുടെ പിന്നാമ്പുറകഥ കേള്‍ക്കാനും അറിയാനുമായിരുന്നു ഞാന്‍ പോയത്.വലിയ നെറ്റിയില്‍ പൂര്‍ണ്ണചന്ദ്രന്‍ ഉദിച്ചുനില്‍ക്കുംപോലെ വലിയൊരു  പൊട്ടുകുത്തിയ വെളുത്തു തടിച്ച സുന്ദരിയായ സ്ത്രീ.ഒറ്റനോട്ടത്തില്‍ത്തന്നെ പിടികിട്ടും ആരെയും കൂസാത്തവളാണെന്ന് !. പിന്നെ ഒരുപാട് കേട്ടറിഞ്ഞു.പുരാതനമായ കോട്ടയത്തെ കുടുംബം.അമ്മയും അപ്പനും തമ്മിലുള്ള കലഹം കണ്ടു മനംമടുത്ത പെണ്‍കുട്ടി. അമ്മയ്ക്ക് ഏല്‍ക്കേണ്ടിവന്ന മര്‍ദ്ദനങ്ങള്‍ കണ്ടു തകര്‍ന്നുപോയവള്‍.മദ്രാസ് ക്വീന്‍മേരിസ്‌കോളേജിലെ പഠനം കഴിഞ്ഞ് കൊല്‍ക്കൊത്തയിലെ ഒരു കമ്പനിയില്‍    സെക്രട്ടറിയായി ജോലി ചെയ്യുമ്പോഴാണ് രാജീബ്‌റോയിയെ കണ്ടുമുട്ടുന്നതും വിവാഹം ചെയ്യുന്നതും.മുപ്പതോളം വീട്ടുജോലിക്കാരുമായി രാജ്ഞിയെപ്പോലെ സുഖസമൃദ്ധിയില്‍ ജീവിതം തുടങ്ങിയ മേരിക്ക് അഞ്ചുവര്‍ഷം മാത്രമാണ് ആ നിലയില്‍ ജീവിക്കാനായത്.രാജീബ്‌റോയിയുടെ കടുത്തമദ്യപാനമാണ് വില്ലനായത്.അഞ്ചുവയസ്സുള്‌ള മകന്‍ ലളിതിന്റെ കൈപിടിച്ച് മൂന്നുവയസ്സുള്ള അരുന്ധതിയെ ഒക്കത്തെടുത്ത് മേരി അപ്പന്റെ ഊട്ടിയിലെ പൂട്ടിക്കിടന്നകോട്ടേജിലെത്തി.മക്കളുമായി ചെറിയൊരു ജോലിയുടെ ബലത്തില്‍ കഷ്ടിച്ചു  പിടിച്ചു നില്‍ക്കുമ്പോഴാണ് പിന്തുടര്‍ച്ചാവകാശനിയമത്തിന്റെ പേരില്‍ മേരിറോയ്ക്ക് പടിയിറങ്ങേണ്ടവന്നത്.അല്ല ഒഴിപ്പിച്ചുവിട്ടത്.ആ നിമിഷം അവരില്‍ സന്നിവേശിച്ച ആത്മബലമുണ്ടല്ലോ അതിന്റെ ഊര്‍ജ്ജത്തിലാണ് എല്ലാ ക്രൈസ്തവ വനിതകള്‍ക്കും പ്രതീക്ഷിക്കാന്‍ വകനല്‍കിയ ചരിത്രപ്രസിദ്ധമായ വിധി പൊരുതി നേടിയത്.


മുപ്പതു വയസ്സുള്ള അതിസുന്ദരിയായ ഒരു സ്ത്രീ പൊടുന്നനെ ഈ ലോകത്തില്‍ ഒറ്റപ്പെട്ടുപോകുമ്പോഴുള്ള അവസ്ഥ.സാരിത്തുമ്പില്‍ തൂങ്ങി ഇത്തിരിപ്പോന്ന രണ്ടുകുഞ്ഞുങ്ങള്‍.ഉടപ്പിറന്നവര്‍പോലും കൈവിടുകമാത്രമല്ല ശത്രുക്കളായിപ്പോയ സാഹചര്യം..അതു നേരിട്ടതുകൊണ്ടാവും അനാഥരോട് അവര്‍ക്കു വല്ലാത്ത കനിവായിരുന്നത്.പില്‍ക്കാലത്ത് ഊട്ടിയിലെ വീട് അവര്‍ക്ക് സ്വന്തമായി കിട്ടിയെങ്കിലും അതുവിറ്റാണ് കോട്ടയത്തെ പള്ളിക്കൂടം ഇരിക്കുന്ന സ്ഥലം വാങ്ങിയതും സ്‌കൂള്‍ തുടങ്ങിയതും.വിരലിലെണ്ണാവുന്ന കുട്ടികളുമായി തുടങ്ങിയ സ്‌കൂളില്‍ പില്‍ക്കാലത്ത്  മക്കള്‍ക്കൊരു അഡ്മിഷനുവേണ്ടി വമ്പന്‍മാര്‍ കാത്തുനിന്ന്ു. ഇതേ സ്‌കൂളില്‍ പഠിച്ചാണ് അരുന്ധതിയും ലൡും  വളര്‍ന്നത്.ഇന്ന് ആണും പെണ്ണും  ക്‌ളാസ്സില്‍ ഒരുമിച്ച് ഇരുന്നാല്‍ കുഴപ്പം ഉണ്ടാവുമോ ,ലിംഗസമത്വത്തിനായി ഒരേ യൂണിഫോം സഹായിക്കുമോ തുടങ്ങിയ വലിയ സംവാദങ്ങളില്‍പ്പെട്ട് മലയാളികള്‍ ഉഴലുമ്പോള്‍ എത്രയെത്ര വര്‍ഷങ്ങള്‍ മുമ്പ്  അതൊക്കെ മനസ്സിലാക്കി നടപ്പിലാക്കിയ ദീര്‍ഘദര്‍ശിയായിരുന്നു മേരിറോയ്.
അഭിമുഖം തയ്യാറാക്കാന്‍ അവരുടെ താമസസ്ഥലത്ത് എത്തുമ്പോള്‍ നമ്മളെ അമ്പരപ്പിക്കുന്ന വസതി.ലാറബേക്കര്‍ സായ്പ്പിന്റെ കരവേലയായ സ്‌കൂള്‍ ലാളിത്യംകൊണ്ട് തലയെടുത്തുനിന്നു.നമ്മുടെ സാദാ സിമന്റുകൊട്ടാര സ്‌കൂളുകള്‍ക്കുപകരം ഇഷ്ടിക മുറികള്‍.കാറ്റൊക്കെ നന്നായി  കയറിയിറങ്ങുന്ന, ഓടുവച്ചു വാര്‍ത്ത മേല്‍ക്കൂര.ചുറ്റും നാനാജാതി മരങ്ങളും കിളികളും ..കളിക്കളം മാത്രമല്ല നീന്തല്‍ക്കുളമുണ്ടാക്കി കുട്ടികളെ പരിശീലിപ്പിച്ച,കഥകളി,ഓട്ടന്‍തുള്ളല്‍,ചിത്രരചന,സംഗീതം,നാടകം എന്നുവേണ്ട എല്ലാ കലകളും അടുത്തറിയാവുന്ന പാഠ്യപദ്ധതി ..1967 മുതല്‍ 45 വര്‍ഷം അവര്‍തന്നെയായിരുന്നു സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍.സ്‌കൂളിനു നടുവില്‍ ചെറിയൊരു കോട്ടേജില്‍ മേരിറോയി ഒരു ചക്രവര്‍ത്തിനിയെപ്പോലെ ജീവിച്ചു,മരണംവരെ.മേരിയമ്മച്ചിയെ കാണാന്‍ ഇടയ്ക്ക് ഓടിവരുന്ന സ്‌കൂളിലെ കുഞ്ഞുമക്കളുടെ സ്‌നേഹമൊക്കെ അനുഭവിച്ച് ,സ്വിമ്മിംഗ്പൂളില്‍ നീന്തിത്തുടിച്ച്,യോഗചെയ്ത് സഹായികളുടെ പരിചരണത്തില്‍ അവരങ്ങനെ ജീവിതത്തെ 89-ം വയസ്സിലും ആഘോഷമാക്കി.
വേണ്ടകാര്യങ്ങള്‍ വേണ്ടസമയത്ത് മുഖത്തുനോക്കി നേരെപറയാനും ചെയ്യാനും തെറ്റാണെന്നുതോന്നിയാല്‍ യാതൊരു മടിയുംകൂടാതെ തിരുത്താനും ഇണങ്ങാനും പിണങ്ങാനും മേരിറോയിയ്ക്കു തന്റേടം ഉണ്ടായിരുന്നു. സ്വന്തം സഹോദരനുമായി വര്‍ഷങ്ങളോളം നീണ്ടുനിന്നകലഹത്തിനൊടുവില്‍ അദ്ദേഹത്തെ അവര്‍ത്തന്നെ വിളിച്ചു സംസാരിക്കയും മുറിഞ്ഞുപോയ സ്‌നേഹബന്ധം തുടരുകയും ചെയതത് വലിയ വാര്‍ത്തയായിരുന്നു.ഇന്ന് രാവിലെ മേരിറോയിയുടെ നിശ്ചല ശരീരത്തിനു മുന്നിലേക്കെത്തി അരികിലിരുന്ന് അതേ സഹോദരന്‍ വിങ്ങിപ്പൊട്ടിയകാഴ്ച .അമ്മയുടെ സിശ്ചല ശരീരത്തിനു മുന്നില്‍ ,വയോധികനായ അമ്മാവനെ അരുന്ധതീ ചേര്‍ത്തുപിടിച്ച് സന്ത്വനിപ്പിച്ചു.നീണ്ടകാലം  ശത്രുക്കളായിരുന്ന സഹോദരങ്ങള്‍ മരിക്കുമുമ്പ് വല്ലാതെ അടുക്കുകയും ചെയ്തു.കേസു പറഞ്ഞു അര്‍ഹമായി തനിക്കു കിട്ടിയതെല്ലാം മേരി റോയിതിരിച്ചു നല്‍കുകയും ചെയ്തു.
''എന്റെ മനസ്സിനിപ്പോള്‍ വല്ലാത്ത സന്തോഷം തോന്നുന്നു '' എന്നാണ് അന്ന് അവരെ കാണാന്‍ ചെന്നപ്പോള്‍ പറഞ്ഞത്.

സഹോദരിയുടെ മൃതദേഹത്തിനരികിലിരുന്ന് പഴയഓര്‍മകളെ താലോലിച്ച് സഹോദരന്‍ ഐസക്ക്  പ്രശസ്തമായ ഒരു കിസ്ത്യന്‍ സംഗീതം ആലപിച്ചു.താന്‍ ബന്ധുക്കളോടല്ല നിയമപരമായ യുദ്ധം ചെയ്തതെന്നും നിലവിലെ വ്യവസ്ഥിതികളോടായിരുന്നു എന്നും മേരിറോയ് പ്രസ്താവിച്ചിരുന്നു..
അരുന്ധതീ റോയ് ഗോഡ് ഓഫ് സ്‌മോള്‍തിങ്ങ്‌സ് എഴുതിയപ്പോള്‍ , മേരിറോയിയുടെ സ്വന്തം ജീവിതമാണോ അതില്‍പറയുന്നത് എന്നൊക്കെ അവരെ ഇളക്കാന്‍വേണ്ടി ചോദിച്ചുചെന്നവരുണ്ട്.ഒരമ്മയെപ്പറ്റി അങ്ങനെയൊക്കെ എഴുതാമോ എന്ന് കുത്തിചോദിച്ച് രസം കണ്ടവരുമുണ്ട്.പക്ഷേ ''അവളെന്റെയടുത്തല്ലാതെ ഇത്തരം സ്വാതന്ത്ര്യം മറ്റെവിടെയാണ് കണിക്കുക ''എന്നു മറുചോദ്യംകൊണ്ട് വായടപ്പിച്ചുകളഞ്ഞു.മകളുടെ അന്താരാഷ്ട്രപ്രസിദ്ധിയും വളര്‍ച്ചയും ദൂരെയിരുന്ന് കണ്ട് മനസ്സുനിറയുകയും ചെയ്തു.ആര്‍ക്കും ബാക്ക്‌സീറ്റ് ഡ്രൈവ് നടത്താന്‍ പറ്റാത്ത വ്യക്തിത്വം.

ഞാന്‍ അടുത്തറിഞ്ഞ ഒരു മേരി റോയിയ്ക്ക് മറ്റൊരു മുഖമായിരുന്നു.ഒരിക്കല്‍ താന്‍ നേരിട്ട ഒറ്റപ്പെടലും സാമ്പത്തികഞെരുക്കവും അവഗണനയും പരിഹാസ്യവും നിരാശ്രയരായ സ്ത്രീകളെ സ്‌നേഹിക്കാന്‍ അവരെ പ്രേരിപ്പിച്ചു.ഞാന്‍ കമ്മിറ്റിയംഗമായ ,അശരണരായ  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി നടത്തുന്ന സ്ഥാപനത്തിലെ സഥിരം സന്ദര്‍ശകയായിരുന്നു അവര്‍.സാമ്പത്തികമായി അവരെ വളരെ സഹായിച്ചു,ഇടംകൈ ചെയ്തതൊന്നും വലംകൈ അറിഞ്ഞില്ല.അവിടുത്തെ അനാഥരായ കുഞ്ഞുങ്ങളെ മടിയില്‍വച്ചു ലാളിക്കയും അവര്‍ക്കൊപ്പം സമയം ചിലവിടുകയും ചെയ്തു.അനാഥരായ മൂന്നുകുഞ്ഞുങ്ങളെ പള്ളിക്കൂടം സ്‌കൂളില്‍ ഫീസുവാങ്ങാതെ പഠിപ്പിച്ചു.അവരിന്ന് ഉന്നതപഠനം നടത്താന്‍ത്തന്നെ കാരണം പള്ളിക്കൂടത്തില്‍നിന്നു കിട്ടിയ ആത്മവിശ്വാസംകൊണ്ടാണ്.അനാഥയായ ഒരു കുട്ടിയെ ദത്തെടുത്ത എന്റെ സാമൂഹ്യപ്രവര്‍ത്തകയായ കൂട്ടുകാരിക്ക് തന്റെ കാതിലെ മൂന്നുപവന്റെ വലിയ ജിമുക്കി നല്‍കിയിട്ടു പറഞ്ഞു,ഇവളുടെ കല്യാണത്തിനു ഞാന്‍ കാണില്ല .പക്ഷേ അവള്‍ക്ക് അന്നിത് എന്റെ സമ്മാനമായി നല്‍കുക.ആ പെണ്‍കുട്ടി ഇന്ന് മേരിറോയിയുടെ അരികിലെത്തി വാവിട്ട് കരയുന്ന കാഴ്ച.
            
ചിലരങ്ങെയാണ്.ജീവിതം പഠിപ്പിക്കുന്നതില്‍നിന്ന് ചിലതു പഠിക്കും.ചാരത്തില്‍നിന്നു ഫീനിക്‌സ്പക്ഷിയായി പറന്നുയരും.അത് മറ്റുള്ളവര്‍ക്ക് പ്രതീക്ഷയും പ്രത്യാശയും പകരും.സ്വന്തം വീട്ടുകാര്‍തന്നെ വഴിയിലിറക്കിവിട്ട കേരളത്തിലെ ഒരുപാടു ക്രിസ്ത്യന്‍സ്ത്രീകള്‍ക്ക് കിടപ്പാടം തിരികെ കിട്ടാനും ആത്മഹത്യയില്‍നിന്നു രക്ഷിച്ചതും മേരിറോയ് സുപ്രിംകോടതിയില്‍വരെപ്പോയി നേടിയ വിഖ്യാതവിധി കാരണമായിരുന്നു.ഒരപ്പന്റെ മക്കള്‍ ആണായാലും പെണ്ണായാലും തുല്യരാണെന്നുള്ള മഹത്തായ പ്രഖ്യാപനമായിരുന്നു അത്.പെണ്ണായി ജനിച്ചുപോയതിനാല്‍ രണ്ടാംകിടപൗരനായി സ്വന്തം വീട്ടില്‍ത്തന്നെ തരംതാഴ്ത്തുന്ന പുരുഷമേധാവിത്വത്തിന്റെ മുഖത്തിനുള്ള ശക്തമായ അടിയും.മേരി റോയ് സാഹചര്യം സൃഷ്ടിച്ച, കല്ലുകൊണ്ടൊരു പെണ്ണ്!.

Join WhatsApp News
Mary mathew 2022-09-03 14:10:40
ജീവിതത്തിലെ ഒരു റ്റേണിഗ് പോയിന്റ് ആയിരുന്നു എനിക്ക് മേരി റോയിയുടെ പുതിയ നിയമത്തിലൂടെ ലഭിച്ചത് . എന്റെ ആദരാഞ്ജലികൾ 🙏
Thomas Koovalloor 2022-09-05 04:23:52
I read the article about Legendary Indian Activist Mrs. Mary Roy, who fought for Justice for the equality of women’s rights in Kerala, and the mother of Legendary Novelist and Activist Arundhati Roy. It is now only I come to know that Ms. Jolly Adimathra was an experienced Writer and Editor who was the Chief Sub Editor of Mathrubhumi, who is now working for New York based Emalayalee online Malayalam portal. The writing is very inspirational and informative. Congratulations to Ms. Jolly Adimathra you made Legendary Mrs. Mary Roy immemorial. Congratulations. I salute you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക