MediaAppUSA

തൗറത്തും സാബൂറും (ബൈബിളിന്റെ ദൈവികത- അധ്യായം 3: നൈനാന്‍ മാത്തുള)

Published on 05 September, 2022
തൗറത്തും സാബൂറും (ബൈബിളിന്റെ ദൈവികത- അധ്യായം 3: നൈനാന്‍ മാത്തുള)

ഒരു പുസ്തകത്തിന്റെ എഴുത്തുകാരൻ ആ വ്യക്തി അല്ല എന്നു സ്ഥാപിക്കാൻ സങ്കല്പങ്ങൾ കൊണ്ടു തീർത്ത മതിൽ കെട്ടിക്കഴിഞ്ഞാൽ, ശേഷം ഉള്ള പുസ്തകങ്ങൾ യഥാർത്ഥ പുസ്തകങ്ങൾ അല്ല എന്നു സ്ഥാപിക്കുകയാണ് സ്ഥാപിത താല്പര്യക്കാരുടെ അടുത്ത ലക്ഷ്യം. ഖുറാനിൽ പറയുന്ന തൗറത്തും വേദപുസ്തകത്തിലെ തോറയും ഒന്നല്ല പോലും. കണ്ണടച്ച് ഇരുട്ടാക്കുക എന്നു കേട്ടിട്ടുണ്ട്. അങ്ങനെയുള്ളവരെ സത്യവെളിച്ചത്തിലേക്കു നയിക്കുവാൻ പ്രയാസമാണ്. തോറ എന്നു പറയുന്ന പഞ്ചപുസ്തകങ്ങൾ ഖുറാനിൽ പറഞ്ഞിരിക്കുന്ന തൗറാത്തു അല്ല എന്നു സ്ഥാപിക്കാൻ കൊണ്ടുവന്നിരിക്കുന്ന വാദങ്ങൾ വെറും ബാലിശം ആയതിനാലും ലേഖകൻ തന്നെ പറയുന്നതു പോലെ ''വിവരക്കേടോ'' ആയതിനാലും അതിനെപ്പറ്റി കൂടുതൽ എഴുതി സമയവും സ്ഥലവും മിനക്കെടുത്താൻ ആഗ്രഹിക്കുന്നില്ല. വേദപുസ്തകത്തെപ്പറ്റിയോ മറ്റു മതങ്ങളെപ്പറ്റിയോ സാമാന്യമായ അറിവുപോലും ഇല്ലാത്ത വളരെയധികം ആളുകൾ കണ്ടേക്കാം. അവരെ വലവീശിപ്പിടിക്കുകയാണ് ഉദ്ദേശമെങ്കിൽ തൽക്കാലത്തേക്ക് സാധിച്ചെന്നിരിക്കും.
മറ്റു മതങ്ങളെപ്പറ്റി അവരുടെ വിശ്വാസ ആചാരങ്ങളെപ്പറ്റി ഒരു ബഹുമാനവുമില്ലാതെ ഉള്ള പ്രസ്താവനകൾ ചെയ്യുന്നത് ആർക്കും ഭൂഷണമല്ല. എം.എം. അക്ബർ പറയുന്നത് ''പഴയനിയമത്തിലെ ഒരൊറ്റ പുസ്തകം പോലും പൂർണ്ണമായി ദൈവിക വെളിപ്പാടുകളുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ടതാണെന്ന് പറയാൻ കഴികയില്ല'' എന്നാണ.് അപ്പോസ്‌തോലനായ പത്രോസ് തന്റെ രണ്ടാം ലേഖനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ''പ്രവചനം ഒരിയ്ക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല. ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മാനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ'' (2 പത്രൊസ് 1:21)
ഇവിടെ തന്റെ വാദങ്ങളെ സമർത്ഥിക്കുവാൻ അക്ബർ ലേവ്യപുസ്തകത്തിൽ നിന്നും ഉദ്ധരിക്കുന്നു. പ്രവാചകനായ മുഹമ്മദിന് അറിവുണ്ടായിരുന്നു തോറ അഥവാ അന്നു നിലവിലിരിക്കുന്ന പഞ്ചപുസ്തകങ്ങളിൽ, ലേവ്യ പുസ്തകവും ഉണ്ടായിരുന്നു. എന്നാൽ പ്രവാചകനായ മുഹമ്മദിന്റെ പേരിൽ അറിയപ്പെടുന്ന ഖുറാനിൽ ലേവ്യപുസ്തകത്തെപ്പറ്റി ഒന്നും പരാമർശിക്കുന്നില്ല. ഖുറാൻ ക്രോഡീകരിച്ചപ്പോൾ വിട്ടുപോയതാകാൻ സാദ്ധ്യതയുണ്ടോ? പ്രവാചകനായ മുഹമ്മദിന്റെ മരണശേഷം അദ്ദേഹം പറഞ്ഞ സുറകൾ അദ്ദേഹത്തിന്റേതായി പലരിൽ നിന്നും അവരുടെ ഓർമ്മയിൽ നിന്നും ശേഖരിച്ചിട്ടാണല്ലോ ഖുറാൻ ക്രോഡീകരിച്ചത്.
ഇവിടെ അക്ബർ തന്നെ ഖുറാനിൽ നിന്ന് രേഖപ്പെടുത്തിയിരിക്കുന്നത് ''എല്ലാ കാര്യങ്ങളെപ്പറ്റിയും നാം അദ്ദേഹത്തിന് (മൂസാനബിയ്ക്ക്) പലകകളിൽ എഴുതികൊടുക്കുകയും ചെയ്തു. അതായത് സദുപദേശവും എല്ലാ കാര്യത്തെപ്പറ്റിയുള്ള വിശദീകരണവും (നാം പറഞ്ഞു) അവയെ മുറുകെ പിടിക്കുകയും അവയിലെ വളരെ നല്ല കാര്യങ്ങൾ സ്വീകരിക്കാൻ നിന്റെ ജനതയോട് കൽപ്പിക്കുകയും ചെയ്യുക (7:145)
ഇവിടെ അല്ലാഹു തന്നെ പ്രവാചകനായ മുഹമ്മദിനോട് ഇസ്ലാം മത അനുയായികൾ പഞ്ചപുസ്തകങ്ങളായ തോറ വായിക്കണമെന്നാണ് പറയുന്നത്.  ജനങ്ങൾ വായിക്കാതിരിക്കാനുള്ള ഉദ്ദേശത്തോടുകൂടെയാണ് എം.എം. അക്ബറിന്റെ എഴുത്തുകളും വാദങ്ങളും എല്ലാം തന്നെ. സ്വയം സത്യത്തിലേക്കു വരുകയുമില്ല മറ്റുള്ളവരെ വരാൻ സമ്മതിക്കുകയുമില്ല എന്നു പറഞ്ഞാൽ മതി.
യോശുവ 8:32 ന്റെ അടിസ്ഥാനത്തിൽ യോശുവ തന്നെ തോറ എന്ന പഞ്ചപുസ്തകങ്ങൾ ശിലകളിൽ രേഖപ്പെടുത്തി എന്നാണ് വാദം. സ്വയമായി ബൈബിൾ പാശ്ചാത്യ എഴുത്തുകാർ ആരോ എഴുതിയ പുസ്തകങ്ങളെ ആശ്രയിക്കുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള തെറ്റുകൾ സംഭവിക്കുന്നത്. ഇവിടെ കല്ല് എന്ന് ഉദ്ദേശിച്ചിരിക്കുന്നത് യാഗപീഠത്തിന്റെ കല്ലുകളെയാണ്. അവിടെ രേഖപ്പെടുത്തിയത് മുഴുവൻ തോറയുമല്ല, അതിലെ പ്രസക്ത ഭാഗങ്ങൾ മാത്രമാണ്.
പ്രവാചകനായ മുഹമ്മദുതന്നെ പ്രത്യേക സന്ദർഭത്തിൽ അന്നു നിലവിലിരുന്ന തോറ കൊണ്ടുവരുവാൻ ആവശ്യപ്പെടുകയും അതിൽ തന്റെ കൈകൾ വച്ചിട്ട് ഇത് തോറയായി അംഗീകരിക്കുന്നു എന്നു പറയുകയും ചെയ്യുന്നതായി ഹദീസിൽ രേഖപ്പെടുത്തിയിട്ടുണ്ട് (Sunan Abu-Dawud, Book 38# 4434)
അന്നു നിലവിലിരിക്കുന്ന തോറ, ഇന്നു തോറ എന്നു പറയുന്ന പഞ്ചപുസ്തകങ്ങളായ തോറ ആയിരുന്നു. അതല്ലാതെ കല്ലിൽ കൊത്തിയതോ അക്ബർ പറയുന്നതുപോലെ ഇന്നുള്ളതിലും വളരെ ചെറിയ ഗ്രന്ഥമായ തോറയോ അല്ലായിരുന്നു. കല്ലിൽ കൊത്തിയതായി പറയുന്ന ന്യായപ്രമാണസത്യങ്ങൾ മാത്രമെ യഥാർത്ഥ തോറ ആകുന്നുള്ളൂ എന്നും, ഇന്നു തോറ എന്ന് അറിയപ്പെടുന്ന പുസ്തകങ്ങൾ തോറ അല്ലെന്നും സ്ഥാപിക്കാനാണ് എം.എം. അക്ബർ പാടുപെടുന്നത്. ഞാനെഴുതിയ പുസ്തകത്തിലെ ചിലഭാഗങ്ങൾ കല്ലിൽ കൊത്തിയുണ്ടാക്കിയെന്നിരിക്കട്ടെ. എന്റെ കാലശേഷം കല്ലിൽ കൊത്തിയതു മാത്രമെ ഞാനെഴുതിയതായിട്ടുള്ളൂ, മറ്റുഭാഗങ്ങൾ എന്റ പേരുവച്ച് ആരോ എഴുതി എന്നു പ്രചരിപ്പിച്ചാൽ ചിലരെങ്കിലും വിശ്വസിക്കുമായിരിക്കും.
മൂസാനബിക്കു (മോശ) ശേഷം വന്ന പ്രവാചകന്മാരോ ബൈബിളിന്റെ എഴുത്തുകാരായ പ്രവാചകന്മാരോ ആരും തന്നെ എം.എം.അക്ബർ പറയുന്നതുപോലെ അന്ന് നിലവിലിരുന്ന തോറ യഥാർത്ഥ തോറ അല്ല എന്നോ അത് ജനങ്ങൾ വായിക്കരുത് എന്നോ പറഞ്ഞിട്ടില്ല. അവരെല്ലാവരും അതു വായിക്കുവാൻ ജനങ്ങളെ ഉത്സാഹിപ്പിക്കുകയും അതിൽ നിന്ന് ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്. യേശു യെശയ്യാവിന്റെ പ്രവചനത്തിൽ നിന്ന് വായിക്കുകയും മറ്റു പ്രവാചക പുസ്തകങ്ങളെ ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട.് ഒരിക്കൽ പോലും പ്രവാചക പുസ്തകങ്ങൾ തിരുത്തിയതാണെന്നോ അതു വായിക്കരുതെന്നോ പാലിക്കരുതെന്നോ പറഞ്ഞിട്ടില്ല. ഈ യെശയ്യാ പ്രവാചകന്റെ പുസ്തകത്തെപ്പറ്റി ഖുറാൻ ഒന്നും തന്നെ പറയാതെ യഹൂദ, ക്രൈസ്തവ മത ഗ്രന്ഥങ്ങൾ ഇസ്ലാം മത അനുയായികൾ വായിക്കണെന്ന് ആവശ്യപ്പെടുകയാണ് ഖുറാനിൽ ചെയ്തിരിക്കുന്നത്. അത് ജനങ്ങൾ വായിക്കാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ ഈ എഴുത്തുകളെല്ലാം? എം.എം. അക്ബർ തന്നെ ഉദ്ധരിക്കുന്ന നെഹമ്യാ 8:1-3 വരെയുള്ള വാക്യങ്ങൾ അനുസരിച്ചു തോറയിൽ എഴുതിയിരിക്കുന്ന പ്രമാണങ്ങൾ എല്ലാവരും കേൾക്കെ രാവിലെ മുതൽ ഉച്ചവരെ പാരായണം നടത്തി എന്നു കാണുന്നതിൽ കല്ലിൽ കൊത്തിയ കല്പനകൾ മാത്രമല്ല ഒരു തോറയെന്ന ഗ്രന്ഥം ഉണ്ടായിരുന്നു എന്ന് സാമാന്യബുദ്ധിയുള്ള ഏവർക്കും ചിന്തിക്കാവുന്നതേയുള്ളൂ. 

എം.എം. അക്ബറിനോടുള്ള ചോദ്യങ്ങൾ
സബുറും (സങ്കീർത്തനങ്ങൾ) തോറയും ദൈവിക പ്രബോധനങ്ങളുടെ സമാഹാരമായി ഖുറാൻ സമ്മതിക്കുന്നു.
സുറാ 2: 89
അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം 
(ഖുർആൻ) അല്ലാഹുവിങ്കൽ നിന്ന് അവർക്ക് വന്നുകിട്ടിയപ്പോൾ 
(അവരത് തള്ളിക്കളയുകയാണ് ചെയ്തത്). അവരാകട്ടെ 
(അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകൻ മുഖേന) അവിശ്വാസികൾക്കെതിരിൽ വിജയം നേടികൊടുക്കുവാൻ വേണ്ടി മുമ്പ് (അല്ലാഹുവിനോട്) പ്രാർത്ഥിക്കാറുണ്ടായിരുന്നു. അവർക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോൾ അവരത് നിഷേധിക്കുകയാണ് ചെയ്തത്. അതിനാൽ ആ നിഷേധികൾക്കത്രെ അല്ലാഹുവിന്റെ ശാപം.
സുറാ 2:89 പ്രകാരം പ്രവാചകൻ പറയുന്നതായ പുസ്തകം യഹൂദന്മാരുടെയും ക്രിസ്ത്യാനികളെയും കൈവശം ഉള്ളതു തന്നെയല്ലാതെ മറ്റെന്താണ്? 
സുറാ 5:47
ഇൻജീലിന്റെ അനുയായികൾ, അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് വിധികൽപിക്കട്ടെ. അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് ആർ വിധിക്കുന്നില്ലയോ അവർ തന്നെയാകുന്നു ധിക്കാരികൾ.
സുറാ 5:47-48 പ്രകാരം, അവരെ വിധിക്കേണ്ടത് അവരുടെ പുസ്തകം അനുസരിച്ചും, മുസ്ലീംകളെ വിധിക്കേണ്ടത്  ഖുറാൻ അനുസരിച്ചുമാണ്.
സുറാ 5: 48
( നബിയേ, ) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. (146) അതിനാൽ നീ അവർക്കിടയിൽ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികൽപിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റിപോകരുത്. നിങ്ങളിൽ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കർമ്മമാർഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിൽ നിങ്ങളെ പരീക്ഷിക്കുവാൻ (അവൻ ഉദ്ദേശിക്കുന്നു. ) അതിനാൽ നല്ല കാര്യങ്ങളിലേക്ക് നിങ്ങൾ മത്‌സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങൾ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവൻ നിങ്ങൾക്ക് അറിയിച്ച് തരുന്നതാണ്. 
അക്ബർ ഇത് എങ്ങനെ വിശദീകരിക്കും?

Bibilinte Daivikatha

 


                                          

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക