Image

ഇ.പി പറഞ്ഞത് അച്ചട്ട് ! നാട്ടിലെ ഇന്നത്തെ വഹ :(കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 10 September, 2022
ഇ.പി പറഞ്ഞത് അച്ചട്ട് ! നാട്ടിലെ ഇന്നത്തെ വഹ :(കെ.എ ഫ്രാന്‍സിസ്)

കിട്ടിയോ എന്നു പറഞ്ഞു കളിയാക്കിയവര്‍ ഒട്ടിയില്ലേ ? എ.കെ.ജി സെന്ററില്‍  ബോംബെറിഞ്ഞത് ഇ.പി പറഞ്ഞതുപോലെ ഒരു യൂത്ത് കോണ്‍ഗ്രസുകാരന്‍ തന്നെ. ഏറു കണ്ടാല്‍ ഇ.പിക്ക്  അറിയാം അത് ബിജെപിയുടെ ഏറോ കോണ്‍ഗ്രസിന്റെ ഏറോ എന്ന്, കണ്ണൂരില്‍ ഇ.പി ഇത് എത്ര കണ്ടതാ. ഇ.പിയോട് ആണോ കളി ? 

ഇങ്ങനെയുമുണ്ടോ ഒരു ടാസ്‌ക്? എ.കെ.ജി സെന്ററിന്റെ  സി.സി.ടിവിയില്‍ കണ്ട മനുഷ്യരൂപത്തിന്റെ  അതേ അളവിലും തൂക്കത്തിലും രൂപത്തിലും ഒരു പ്രതിയെ കണ്ടെത്തണം. അയാള്‍ക്ക് ഒരു ക്രിമിനല്‍ പശ്ചാത്തലം വേണം.സര്‍വോപരി ഒരു കോണ്‍ഗ്രസ് അനുഭാവി എങ്കിലും ആകണം. പഴയ ഒരു കെ.എസ്.യു പ്രവര്‍ത്തകനായാല്‍ ജോറ് . യൂത്ത് കോണ്‍ഗ്രസ് ബന്ധം കൂടിയുണ്ടെങ്കില്‍ വിശേഷമായി.

വിജയസാഖറെയും പോലീസ് സംഘവും  30 ദിവസം ഇങ്ങനെ ഒരു ജനുസിസിനെ കണ്ടെത്താന്‍ അലയാത്ത ഇടങ്ങളില്ല. സുകുമാരക്കുറുപ്പ് കൊലക്കേസ് കഥ സിനിമയാക്കിയതിനാല്‍ കുറുപ്പിന്റെ അതേ അളവില്‍ ഒരു ചാക്കോയെ കത്തിച്ചു കരിക്കട്ട  ആക്കിയതിനു മുന്‍പ് അളവെടുത്ത കാര്യങ്ങളൊക്കെ പോലീസുകാരും കണ്ടതാണല്ലോ. അതുപോലെ എന്തെങ്കിലും സുമാര്‍  അളവും വണ്ണവും ഒക്കണമല്ലോ. തിരുവനന്തപുരത്തും പരിസരത്തുമുള്ള ഒരാളെയും സാഖറെ  സാറിനും കൂട്ടര്‍ക്കും കണ്ടെത്താനായില്ല. അതിനിടെ 'കിട്ടിയോ' എന്ന് ഹാഷ്ടാഗ് തലങ്ങും വിലങ്ങും. ഒടുവില്‍ സാഖറെ സാര്‍ തൊപ്പിയൂരി, മുപ്പതാം നാള്‍ തോല്‍വി സമ്മതിച്ചു പിന്മാറി. 

ഷേക്ക്  ദര്‍വേഴ്‌സ് സാഹിബിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് ആ വലിയ ടാസ്‌ക് ഏറ്റെടുത്തു. ഇപ്പോഴിതാ സി.സി.ടിവിയില്‍ കണ്ട അതേ പോലുള്ള ഒന്നിനെ ഷേക്ക് സാര്‍ കണ്ടെത്തിയിരിക്കുന്നു. അതോ ഒരു യൂത്ത് കോണ്‍ഗ്രസുകാരനെ തന്നെ. ഇ.പി പറഞ്ഞതു എത്ര ശരി ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ അല്ലാതെ പിന്നെ ആരാണ് ? 

ഇങ്ങനെ ബോംബ് എറിയാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അല്ലേ പറ്റൂ. ഒരു ഏറു പടക്കത്തിന്റെ  ശേഷി പോലുമില്ലാത്ത ബോംബ് ബി.ജെ.പിക്കാര്‍ ഉണ്ടാക്കില്ല. വലിയ പ്ലാനിങ് നടത്തുമെങ്കിലും താനൊരു തള്ള് കൊടുത്താല്‍ വീണു കരയുന്ന പാവങ്ങളല്ലേ കോണ്‍ഗ്രസുകാര്‍. അതുകൊണ്ട് അറിയാത്ത കാര്യം ചെയ്തത് കണ്ടപ്പോഴേ അത്  കോണ്‍ഗ്രസുകാര്‍ ആയിരിക്കുമെന്ന് ഇപിക്ക്  ആരെങ്കിലും പറഞ്ഞു കൊടുക്കണോ ?  

പിന്നെ ഒരു ഹൈപ്പ് ഉണ്ടാക്കാനാണ് ഭാര്യയുടെ ചേച്ചി ദേശാഭിമാനി വായിച്ചു കൊണ്ടിരിക്കെ ഞെട്ടിവിറച്ച കഥയൊക്കെ പറഞ്ഞത്. ഷേക്ക് സാറിന് നാട്ടില്‍ വലിയ പരിചയമില്ലെന്ന് മാത്രമല്ല മലയാളം ശരിക്കും അറിയുകയും ഇല്ലല്ലോ. പിന്നെ ഇ.പി  പറഞ്ഞതനുസരിച്ചാണ് പോലും കഴക്കൂട്ടം ഭാഗത്ത് ഒരു കക്ഷി ഏതാണ്ട് ഇതേ രൂപത്തില്‍ ഒരു ജനുസ് ഉണ്ടെന്ന് ഷേക്ക് സാബ് അറിയുന്നത്. കുറുപ്പ് കേസിലെ ചാക്കോയെ  പോലെ ഡമ്മിയായി  ഉപയോഗിക്കാവുന്ന ഒരു കക്ഷിയെ കണ്ടെത്തി. പ്രതിപക്ഷ യുവജന സംഘടനയുടെ ജില്ലാ നേതാവാണ് പോലും. പ്രതിയെ വലയിലാക്കി വെച്ചിരിക്കുകയാണ് എങ്കിലും തെളിവ് ശേഖരിച്ച് നാളെയോ മറ്റന്നാളോ അറസ്റ്റ് ചെയ്യും. അതിനു മുമ്പ് ബോംബ് (ഏറുപടക്കമല്ല) ഉണ്ടാക്കിയ സ്ഥലം കൂടി കണ്ടെത്തണം. അതിനു ശേഷമാകും ആഘോഷമായ അറസ്റ്റ്. കിട്ടിയോ എന്ന ചോദ്യത്തിന് ഇപിക്ക് കിട്ടിയെന്ന് തന്നെ നെഞ്ചുവിരിച്ച് പറയാനാവും.  

ലാവലിന്‍ കേസ് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കുമെന്ന് കാത്തിരിക്കുന്ന സതീശനും കൂട്ടര്‍ക്കും തെറ്റും. അത് മുപ്പത്തിയൊന്നാം തവണയും മാറ്റിവെക്കാന്‍ ആണ് സാധ്യത. ഭരണ ഘടനാ  ബെഞ്ച് വേറെ പല പ്രധാന കേസുകള്‍  പൂര്‍ത്തീകരിച്ചു വരുമ്പോള്‍ ആ കേസിനു സമയം കിട്ടില്ല.

വാല്‍ക്കഷണം: ഓണത്തിന്റെ തലേന്നാണല്ലോ ഏറ്റവുമധികം കുപ്പിക്ക് ചെലവ്. ഉത്രാടം നാളില്‍ മാത്രം 117 കോടി രൂപയുടെ 'ഗോവിന്ദന്‍ മാഷ്' ചെലവായി. കഴിഞ്ഞവര്‍ഷം അത് 85 കോടി രൂപയായിരുന്നു 32 കോടി രൂപ അധികം. ഇതിനു മേലെ  മദ്യം കഴിക്കുന്നവര്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക ക്ലേശം തീര്‍ക്കാന്‍ ആവുമോ? ഉത്രാടം വരെയുള്ള ഏഴ് ദിവസങ്ങളില്‍ ബെവ്‌കോ മാത്രം വിറ്റത് 624 കോടി രൂപയുടെ മദ്യം. കഴിഞ്ഞവര്‍ഷം അത് 529 കോടി രൂപ മാത്രമായിരുന്നു. ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യം വിറ്റതിന് ഉള്ള ട്രോഫി കൊല്ലത്ത് ആശ്രാമം ബെവ്‌കോ ഔട്ട്‌ലെറ്റിന് .  ഒരു കോടിയിലേറെ രൂപയുടെ മദ്യം അവിടെ വിറ്റു. കോടിപതികള്‍ വേറെയുമുണ്ട് - ഇരിങ്ങാലക്കുട, പയ്യന്നൂര്‍, ചേര്‍ത്തല...

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക