Image

തട്ടിക്കൊണ്ടുപോയ മകളെ സിനിമ സ്റ്റൈലിൽ വീണ്ടെടുത്ത് അച്ഛൻ (ദുർഗ മനോജ്)

Published on 11 September, 2022
തട്ടിക്കൊണ്ടുപോയ മകളെ സിനിമ സ്റ്റൈലിൽ വീണ്ടെടുത്ത് അച്ഛൻ (ദുർഗ മനോജ്)

പന്ത്രണ്ടു വയസ്സുകാരിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയതിനു പിന്നാലെ, പെൺകുട്ടിയുടെ അച്ഛൻ പ്രതിയെ വിടാതെ പിന്തുടർന്ന് സിനിമ സ്റ്റൈലിൽ മകളെ രക്ഷിച്ചു. സംഭവം നടന്നത് മുംബൈയിലാണ്. ബാന്ദ്രയിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. ഇരുപത്തിനാലു വയസ്സുള്ള ഷാഹിദ് ഖാനാണ് ഷോപ്പിങ്ങിനു കൊണ്ടു പോകാം എന്നു പറഞ്ഞ് പെൺകുട്ടിയേയും കൂട്ടി സ്ഥലം വിട്ടത്. ഒരു വസ്ത്ര നിർമ്മാണ കേന്ദ്രത്തിലായിരുന്നു അയാൾ ജോലി ചെയ്തിരുന്നത്. അതിൻ്റെ അടുത്താണ് പെൺകുട്ടിയുടെ കുടുംബവും താമസിക്കുന്നത്. 
 കുർളയിലേക്ക് എന്നു പറഞ്ഞാണു പ്രതി കുട്ടിയെ ഒപ്പം കൂട്ടിയത്. എന്നാൽ കുർളയിലേക്കു പോകുന്നതിനു പകരം യുവാവ് പെൺകുട്ടിയേയും കൂട്ടി ബസ്സിൽ സൂറത്തിലേക്കു പോയി. അവിടെ നിന്നും ട്രെയിനിൽ ഡെൽഹിയിൽ എത്തി. അമ്മയോടു നുണ പറഞ്ഞാണ് പെൺകുട്ടി യുവാവിനൊപ്പം പോയത്. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായപ്പോൾ വീട്ടുകാർ പോലീസിൽ പരാതി കൊടുത്തു. പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങുന്നതിനിടയിലാണ് പെൺകുട്ടിയുടെ അച്ഛൻ സമാന്തരമായി അന്വേഷണം ആരംഭിച്ചത്. ദിവസക്കൂലിക്കാരനായ പെൺകുട്ടിയുടെ പിതാവ് പോലീസിൻ്റെ അന്വേഷണം മാത്രം ആശ്രയിച്ചു കാത്തിരിക്കാനല്ല തുനിഞ്ഞത്. അയാൾ സമാന്തരമായി അന്വേഷണം നടത്തി. യുവാവിൻ്റെ പരിചയക്കാരോടു സംസാരിച്ചതിൽ നിന്നും അയാൾ യു.പി യിൽ എത്തിയതായി അറിയാൻ കഴിഞ്ഞു. അലിഗഡിലെ ഐട്രോളിഗ്രാമത്തിൽ യുവാവിനൊപ്പം പെൺകുട്ടി ഉണ്ടെന്നു മനസ്സിലാക്കിയ പെൺകുട്ടിയുടെ പിതാവ്, പോലീസിൻ്റേയും, യുവാവിൻ്റെ ഗ്രാമത്തിലുള്ളവരുടേയും സഹായത്തോടെ മകളെ രക്ഷിക്കുകയായിരുന്നു. സൂറത്തിലേക്കുള്ള ബസ് യാത്രയ്ക്കിടെ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചതായി മനസ്സിലാക്കിയതിനാൽ അയാൾക്കെതിരെ പീഡനത്തിനും കേസ് എടുത്തു.

ഓരോ ദിവസവും പുറത്തു വരുന്ന പീഡനവാർത്തകളിലും കൊലപാതകങ്ങളിലും നിറയുന്ന യുവാക്കളുടെ പങ്ക് ആശങ്കയാകുമ്പോൾത്തന്നെ, ഇത്തരത്തിൽ നിശ്ചയദാർഢ്യം മാത്രം കൈമുതലാക്കി ചിലർ പ്രതികൾക്കു പിന്നാലെ സഞ്ചരിക്കുന്നു. കുറഞ്ഞ പക്ഷം, ഒരു കുട്ടിയെ എങ്കിലും രക്ഷപ്പെടുത്താനായാൽ അതു ചെറിയ കാര്യമല്ല തന്നെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക