നായയെ വീട്ടിൽ വളർത്തുക; തെരുവിൽ വേണ്ട (ഇ-മലയാളി മാസിക മുഖപ്രസംഗം)

Published on 15 September, 2022
നായയെ വീട്ടിൽ വളർത്തുക; തെരുവിൽ വേണ്ട (ഇ-മലയാളി മാസിക മുഖപ്രസംഗം)

ഇ-മലയാളി മാസിക മുഖപ്രസംഗം (സെപ്റ്റംബർ ലക്കം)

https://mag.emalayalee.com/magazine/sept2022/#page=1
 
ബ്രിട്ടനിലെ ഗ്രാമഫോൺ റെക്കോർഡ് കമ്പനിക്കാർ അവരുടെ കച്ചവടമുദ്രയായി ഒരു ഉച്ചഭാഷിണിക്ക് മുന്നിൽ തല ചെരിച്ചിരിക്കുന്ന ഒരു നായയുടെ പടം സ്വീകരിച്ചിരുന്നു. ഉച്ചഭാഷിണിയിലൂടെ വരുന്ന ശബ്ദം തന്റെ യജമാനന്റെ ആണെന്ന ഭാവത്തിൽ ഇരിക്കുന്ന നായയുടെ ചിത്രം പരക്കെ ജനപ്രീതിയും പ്രചാരവും നേടി.  നായ വിശ്വസ്തതയുടെ, കറയറ്റ സ്നേഹത്തിന്റെ പ്രതീകമായിരുന്നു. ഇപ്പോഴും ആണ്. ദൈവത്തിന്റെ നാട് എന്ന പേരിൽ അറിയപ്പെടുന്ന കേരളത്തിൽ ഒഴികെ.  അവിടെ നായ ജനങ്ങൾക്ക് ഭീഷണിയായിരിക്കുന്നു. നായ വീട്ടിൽ വളർത്തുന്ന മൃഗം എങ്ങനെ തെരുവിൽ അലഞ്ഞു തിരിയുന്ന ഒരു ജന്തുവായി. കുറച്ചുകാലം പുറകോട്ട് പോയാൽ കാണുന്നത് കേരളത്തിലെ എല്ലാ വീടുകളിലും നായയെ വളർത്തിയിരുന്നു എന്നാണു. അന്നൊക്കെ തെരുവിൽ വളരെ ദുർലഭമായേ നായ്ക്കളെ കണ്ടിരുന്നുള്ളൂ. അഥവാ കണ്ടാൽ തന്നെ അവ ആക്രമിക്കാൻ വന്നിരുന്നില്ല. അല്ലെങ്കിൽ ഒരു കല്ലെടുത്ത് എറിഞ്ഞാൽ ഓടിപോയിരുന്ന സാധു ജീവിയായിരുന്നു.
കേരളത്തിലെ  അനിതരസാധാരണമായ സാമ്പത്തിക അഭിവൃദ്ധിയും സുഖകരമായ ജീവിതസൗകര്യങ്ങളും ജനങ്ങളെ പൗരബോധത്തിൽ നിന്നും അകറ്റി. സമൂഹത്തോടുള്ള കടപ്പാടും കടമയും മറന്നു അവർ അവരുടെ ലോകത്തിൽ ജീവിക്കാൻ തുടങ്ങിയപ്പോൾ പല പ്രശ്നങ്ങളും പൊട്ടിപ്പുറപ്പെട്ടതിൽ ഒന്നാണ് മാലിന്യനിർമ്മാർജ്ജനത്തിനുള്ള സാഹചര്യങ്ങൾ ഇല്ലാതെ പോയത്. പ്രതിദിനം മാലിന്യങ്ങൾ അടിഞ്ഞുകൂടി. അവയിൽ പലതും അഴുക്കായ ഭക്ഷണപദാര്ഥങ്ങളായിരുന്നു. മാലിന്യങ്ങൾ കൂമ്പാരം കൂടിയപ്പോൾ തെരുവ്നായ്ക്കൾ അതിനു ചുറ്റും കൂടി വിശപ്പടക്കി. അങ്ങനെ അവരുടെ എണ്ണം നാൾക്കുനാൾ വര്ധിച്ചുവന്നു. ആവശ്യത്തിന് തീറ്റ കിട്ടാതായപ്പോൾ അവയൊക്കെ അക്രമാസക്തരായി. മനുഷ്യരെ കടിച്ചുപൊളിച്ചാലും ആരും ചോദിക്കാനില്ലെന്നു മനസിലാക്കാനുള്ള ബുദ്ധിയുള്ളപോലെ  ശുനകൻ അവന്റെ സാമ്രാജ്യം വികസിപ്പിച്ചുകൊണ്ടിരുന്നു. പ്രായ ഭേദമെന്യേ എല്ലാവരെയും കടിക്കുക. അങ്ങനെ മനുഷ്യരെ പേടിപ്പിച്ച് നിറുത്തുക.
മൃഗങ്ങളോടുള്ള ക്രൂരത തടയൽ എന്ന നിയമത്തിന്റെ തണലിൽ കുറേപേർ നായ്ക്കളെ കൊല്ലുന്നത് തടയുമ്പോൾ അവിടെയുള്ള മനുഷ്യരുടെ ജീവിതം അപകടകരമായിക്കൊണ്ടിരിക്കുന്നു. ക്രൂരജന്തുക്കളെ നമ്മൾ കൊന്നുകളയുകയാണ് പതിവ് അല്ലെങ്കിൽ അവയെ കാട്ടിൽ കൊണ്ട് തള്ളുന്നു. എന്നാൽ നായ മനുഷ്യരുടെ പ്രിയ ചങ്ങാതിയാണ് ഇപ്പോൾ ഈ അക്രമസ്വഭാവം കാണിക്കുമ്പോൾ ശിക്ഷയാണ് കൊടുക്കേണ്ടത്. ഒരിക്കൽ വാലാട്ടി സ്നേഹപ്രകടനങ്ങൾ നടത്തിയിരുന്നുവെന്ന കാരണത്താൽ അവർ ദയ അർഹിക്കുന്നില്ല. ഒരു പട്ടിയുടെ ജീവനേക്കാൾ എപ്പോഴും  മനുഷ്യരുടെ ജീവന് തന്നെയാണ് വില കല്പിക്കേണ്ടത്.
പ്രതിദിനം കേരളത്തിൽ പേപ്പട്ടി കടിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തങ്ങൾക്ക് ഒരിക്കലും നായയുടെ കടി കൊള്ളില്ലെന്നുറപ്പുള്ള രാഷ്ട്രീയക്കാർ പ്രായോഗികമല്ലാത്ത പ്രതിവിധികൾ പറഞ്ഞുകൊണ്ടിരിക്കുന്നു. നായ്ക്കളെ വന്ധീകരണം ചെയ്യിക്കുക എന്നതാണ് ഒരു പ്രതിവിധി. ഇങ്ങനെ നായ്ക്കളെ വന്ധീകരണം ചെയ്യിച്ച്  അവയുടെ വംശം ഒടുങ്ങുന്ന വരെ മനുഷ്യർ കാത്തിരിക്കുക എന്നത് എത്രയോ ബുദ്ധി ശൂന്യമായ പ്രതിവിധിയാണ്.
പേവിഷം ഉള്ളവരേയും ഇല്ലാത്തവരെയും നിഷ്ക്കരുണം കൊന്നൊടുക്കുന്നത് മിണ്ടാപ്രാണികളോട് ചെയ്യുന്ന ക്രൂരതയാണ്. പക്ഷെ വിഷമുള്ളവയെ തിരഞ്ഞുകണ്ടുപിടിക്കാൻ പ്രയാസമാണല്ലോ.   മാലിന്യങ്ങൾ കൂമ്പാരം കൂടി കിടക്കുന്ന സ്ഥലങ്ങളിലാണ് ഇത്തരം നായ്ക്കൾ അവരുടെ താവളമാക്കിയിരിക്കുന്നത്. സർക്കാർ ആദ്യം ചെയ്യേണ്ടത് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിക്കയാണ്. ഭക്ഷണപദാർത്ഥങ്ങൾ തെരുവിലേക്ക് വലിച്ചെറിയുന്ന പ്രവണത ജനങ്ങളും ഉപേക്ഷിക്കേണ്ടിയിരിക്കുന്നു. പേപ്പട്ടിയുടെ ആക്രമണം റിപ്പോർട്ട് ചെയ്യുമ്പോൾ ആ പ്രദേശത്തെ എല്ലാ തെരുവ് നായ്ക്കളെയും കൊന്നുകളയാനുള്ള അനുമതി നൽകേണ്ടതുണ്ട്.
നായയെ കൊല്ലരുതെന്ന് വാശിപിടിക്കുന്നവർക്ക് തെരുവിൽ നിന്നും അഞ്ചു നായ്ക്കളെ വീതം വളർത്താൻ കൊടുക്കുക. വളർത്താൻ തുടങ്ങുന്നതിനുമുമ്പ്  അവയെ മൃഗഡോക്ടറെകൊണ്ടു പരിശോധിപ്പിക്കാവുന്നതാണ്. രോഗമുള്ളവരെ കൊന്നു കളയേണ്ടിവരുന്നത് പാപമല്ല. മനുഷ്യർ മനുഷ്യരെ കൊല്ലുമ്പോൾ  പോലീസ് വന്ന കൊല്ലുന്നവനെ കൊന്നു കളയുന്നുണ്ട്. പിന്നെ എന്തിനാണ് നായ്ക്കളുടെ കാര്യത്തിൽ മൃഗസ്നേഹികളും അവരുടെ താളത്തിനു സർക്കാരും തുള്ളുന്നത്.
പാശ്ചാത്യ രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ ഇതൊന്നും ഒരു പ്രശ്നമാകാതെ അവർ പ്രതിവിധി കണ്ടേനെ. നമ്മുടെ നാട്ടിൽ രാഷ്ട്രീയക്കാരെ കുറിച്ചൊന്നും നല്ല അഭിപ്രായമല്ലല്ലോ. സുരേഷ് ഗോപിയുടെ കഥാപാത്രം പറയുന്ന പോലെ മരുന്ന് കമ്പനിക്കാരുടെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കുഴച്ച് മൃഷ്ടാന്നം കഴിക്കുന്നത് ജനസേവനത്തേക്കാൾ നല്ലതെന്ന് തല തിരിഞ്ഞ ഒരു രാഷ്ട്രീയ നേതാവിന് തോന്നിയാൽ അവിടെ ഭരണം അലങ്കോലമാകും.
കേരളത്തിൽ മനുഷ്യ ജീവന് വിലയില്ലെന്ന് അവിടത്തെ ആസ്പത്രികൾ സാക്ഷ്യം വഹിക്കുന്നുണ്ട്. പട്ടിദംശനം ഒരു ചെറിയ വിഭാഗത്തിന്റെ പ്രശ്നമാണിപ്പോൾ. എന്നാൽ ഇത് വലുതായി മനുഷ്യരാൽ നിയന്ത്രിക്കാൻ സാധിക്കാത്ത വിധത്തിൽ വർധിക്കും. ജനങ്ങൾ സമരം ചെയ്തു പട്ടിദംശനത്തിനു കൂട്ട് നിൽക്കുന്ന ഭരണാധികാരികളെ താഴെ ഇറക്കുകയാണ് ഏറ്റവും നല്ല പ്രതിവിധി. ജനാധിപത്യ സമ്പ്രദായത്തിൽ ഒരാൾ അധികാരത്തിൽ വന്നാൽ അദ്ദേഹം ജനങ്ങളോട് തന്റെ കർത്തവ്യങ്ങൾ നിറവേറ്റണം. അയാൾ സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വഴങ്ങി ജനജീവിതം അപകടത്തലാകുമ്പോൾ വോട്ടർമാരേ നിങ്ങൾ കയ്യും കെട്ടി നിൽക്കരുത്. വെറുതെ പ്രസംഗിച്ചതുകൊണ്ടോ, എഴുതിയതുകൊണ്ടോ കാര്യമില്ല. ഈ അവസരം നമ്മെ നിർബന്ധിക്കുന്നത്. പ്രവർത്തിക്കാനാണ്. പ്രവർത്തിയിലൂടെ വിജയം അല്ലാതെ വർത്തമാനത്തിലൂടെ അല്ല.
പട്ടികൾ ഇല്ലാത്ത കേരളം എന്നര്ത്ഥമാക്കുന്നില്ല. പട്ടികൾ വീടുകളിൽ വളരട്ടെ. തെരുവിലല്ല. അതേസമയം മാലിന്യനിർമാർജന പ്രവർത്തനവും ആരംഭിക്കട്ടെ. വീട്ടിൽ വളർത്തിയിരുന്ന ഒരു ജന്തു തെരുവിൽ പെറ്റുപെരുകി മനുഷ്യജീവന് ഭീഷണിയായി എന്നത് എത്രയോ ലജ്‌ജാകരം. ഇനിയും സമയം വൈകീട്ടില്ല. മൃഗസ്നേഹികളുടെ മുതലക്കണ്ണീർ ഒപ്പാൻ പോകണ്ട. അവർ ഒഴുക്കട്ടെ. ഒരു ജീവൻ രക്ഷിക്കാൻ സാധിച്ചെങ്കിൽ  അതാണ് വിജയം.
യജമാനന്റെ ശബ്ദം കേട്ട് കൗതകത്തോടെ കാതോർത്തു ഉച്ചഭാഷിണിയിലേക്ക് ഉറ്റു നോക്കിയിരുന്ന നായയെ സംഹാരമൂർത്തിയാക്കിയത് മനുഷ്യർ തന്നെ. അതുകൊണ്ട് മേൽ പറഞ്ഞ പ്രതിവിധികൾ വേണ്ടപ്പെട്ടവർ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.

 

Some Thoughts 2022-09-19 10:53:32
Some thoughts: *പതിനഞ്ചോ പതിനെട്ടോ ആളുകൾ ചേർന്ന് മധുവിന്റെ കയ്യും കാലും കെട്ടി മർദിക്കുന്നതും, മധുവിനെ വിചാരണ ചെയ്യുന്നതും,.. കയ്യും കാലും കെട്ടി മർദ്ദനത്തിന് വിധേയനായ മധുവിനെ പശ്ചാത്തലമാക്കി സെൽഫി എടുക്കുന്നതും നമ്മൾ കണ്ടതാണ്.. ലൈവായി.. ലോകം മുഴുവൻ കണ്ടതാണ്.. എന്നിട്ട് പോലീസ് ജീപ്പിലേക്ക് എടുത്തിട്ട് കൊടുത്തുവിട്ടു.. സ്റ്റേഷനിൽ എത്തുന്നതിന് മുൻപ് തന്നെ പോലീസ് ജീപ്പിൽ കിടന്ന് മധു മരിച്ചു... ഇപ്പൊ സാക്ഷികളില്ലത്രേ.. സാക്ഷികൾ കണ്ടിട്ടില്ലത്രേ... മധുവിനെ മർദിച്ചിട്ടില്ലത്രേ.. മധു മരിച്ചിട്ടില്ലത്രേ... * കേരളം കണ്ട, ഒരുപക്ഷെ ഇന്ത്യ കണ്ട ഏറ്റവും വലിയ തെരുവ് ഗുണ്ടാ ആക്രമണമായിരുന്നു കേരള നിയമസഭയിൽ ശിവൻ കുട്ടിയുടെ നേതൃത്വത്തിൽ നടന്നത്... നിയമസഭ തല്ലിപ്പൊളിച്ചു... മുണ്ട് മടക്കികുത്തി ശിവൻകുട്ടി നിയമസഭയിൽ സംഹാര താണ്ഡവമാടി... ലോകം മുഴുവൻ ലൈവായി നഗ്നനേത്രങ്ങൾ കൊണ്ട് കണ്ടതാണ്... കേരളീയ സമൂഹം അന്തംവിട്ടിരുന്ന നിമിഷങ്ങളാണ് അതൊക്കെ... ഇപ്പൊ പറയുന്നു അങ്ങനൊന്നും സംഭവിച്ചിട്ടില്ലത്രേ... പച്ചക്ക് പറയുകയാണ്... യാതൊരു സങ്കോചവുമില്ലാതെ... ഇത്രമാത്രം തെളിവുകൾ ഉണ്ടായിട്ടും.. ഞങ്ങൾ നിരപരാധികളാണത്രേ... * മദ്യപിച്ച് വാഹനം ഒടിച്ച് ഒരു നിരപരാധിയെ കൊന്നു ഒരു ഐ എ എസുകാരൻ... കാല് നിലത്ത് ഉറക്കാത്ത രീതിയിൽ വണ്ടിയിൽ നിന്ന് ഇറങ്ങി വന്ന വെങ്കിടിയെ കണ്ട ദൃക്സാക്ഷികളുണ്ട്... ഒരു രക്ത പരിശോധനയും നടത്താതെ ഒത്തുകളിച്ചു പോലീസ്... പരിണിത ഫലമോ വെറുമൊരു വാഹനാപകടകേസ്സുമാത്രമാക്കി, ദാ ഇപ്പൊ ആള് ഊരിപ്പോകാൻ കോടതിയെ സമീപിച്ചിരിക്കുന്നു... * മെഡിക്കൽ കോളേജിൽ രണ്ട് മൂന്ന് ഗുണ്ടകൾ ഒരു വൃദ്ധനായ സെക്ക്യൂരിറ്റിയെ നിലത്തിട്ട് ചവിട്ടി അരക്കുന്നത് നമ്മൾ കണ്ടതാണ്... നമ്മൾ മാത്രമല്ല ലോകം മൊത്തം കണ്ടതാണ്... ഇപ്പോപറയുന്നു ആക്രമിച്ചവർ പരിശുദ്ധരും നിർമല ഹൃദയരുമാണെന്ന്... പോലീസ് വെറുതെ അവരെ പീഡിപ്പിക്കരുതെന്ന്... അവരുടെ ഹൃദയങ്ങളെ വേദനിപ്പിക്കരുതെന്ന്... * പറഞ്ഞു വന്നത് ഇതാണ്... ഒന്നുകിൽ നമ്മൾ കണ്ടത് മൊത്തം തെറ്റാണ്... അല്ലങ്കിൽ നമ്മുടെ കാഴ്ച്ചക്ക് എന്തോ തകരാറുണ്ട്... ചിലപ്പോൾ, കുറ്റം ചെയ്യുന്ന സാധാരണക്കാരായ മനുഷ്യർ മാത്രം ശിക്ഷിക്കപ്പെട്ടാ മതി എന്നാകാനും വഴിയുണ്ട്..-naradhan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക