MediaAppUSA

പുതിയനിയമം (ബൈബിളിന്റെ ദൈവികത -അദ്ധ്യായം 4:നൈനാന്‍ മാത്തുള)

Published on 15 September, 2022
പുതിയനിയമം (ബൈബിളിന്റെ ദൈവികത -അദ്ധ്യായം 4:നൈനാന്‍ മാത്തുള)

ഇവിടെ വളരെ രസകരമായ ഒരു വാദഗതിയാണ് സുവിശേഷപുസ്തകങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യാൻ ഉപയോഗിച്ചിരിക്കുന്നത്. അതായത് പുതിയ നിയമത്തിൽ സുവിശേഷങ്ങൾ പൊതുവെ ഗോസ്പൽ എന്നാണ് അറിയപ്പെടുന്നത്.അത് എഴുതിയ കാലഘട്ടം പൗലോസിന്റെ ലേഖനങ്ങൾ എഴുതിയതിനുശേഷമായതിനാലും യേശുക്രിസ്തുവിന്റെ പ്രസംഗങ്ങളിലും പൗലോസിന്റെ ലേഖനങ്ങളിലും സുവിശേഷം എന്ന വാക്ക് പലപ്രാവശ്യം ഉപയോഗിച്ചിരിക്കുന്നതിനാലും പുതിയ നിയമത്തിൽ ചേർത്തിരിക്കുന്ന സുവിശേഷങ്ങൾ എന്നു പറയുന്ന ഭാഗങ്ങൾ ശരിയായ സുവിശേഷങ്ങളല്ല എന്ന് അക്ബർ പറയുന്നു. സുവിശേഷങ്ങൾ എന്ന ഒരു പുസ്തകം യേശുക്രിസ്തു ജീവിച്ചിരിക്കുമ്പോഴേ നിലവിലിരുന്നു എന്നും, അത് എങ്ങനെയോ നഷ്ടപ്പെട്ടുപോയി എന്നും, അതുകൊണ്ട് സുവിശേഷങ്ങൾ എന്ന പേരിൽ ബൈബിളിൽ ചേർത്തിരിക്കുന്ന ഭാഗങ്ങൾ ആധികാരികമല്ലാത്തതുകാരണം അതു വായിക്കേണ്ടതില്ല എന്നതുമാണ് ഈ വാദത്തിന്റെ രത്‌നച്ചുരുക്കം. ഇതിനെ ഇസ്ലാമിലെ ജനങ്ങളെ എന്നും അന്ധകാരത്തിൽ അടച്ചിടുന്നതിനുള്ള തന്ത്രം എന്നു പറയാം. അന്ത്യന്യായവിധിയിൽ, പ്രവാചകൻതന്നെ, ക്രൈസ്തവ മതഗ്രന്ഥങ്ങൾ വായിക്കണമെന്ന് ഞാൻ നിങ്ങളോട് നിർദ്ദേശിച്ചിട്ട്, എന്തുകൊണ്ട് വായിച്ചില്ല എന്നു ചോദിച്ചാൽ ഈ വാദം വിലപ്പോകുമോ? 
ബൈബിൾ അതിൽ വിശ്വസിക്കുവാൻ ദൈവം വിളിച്ചിരിക്കുന്നവർക്ക് കൊടുത്തിരിക്കുന്ന പുസ്തകമാണ്. അതിൽ വിശ്വസിക്കാത്ത ആളുകൾ അതിനെ എടുത്ത് കൈകാര്യം ചെയ്യുമ്പോൾ ഇങ്ങനെയൊക്കെ സംഭവിക്കും. 
യേശുമനുഷ്യവർഗ്ഗത്തിന്റെ പാപരിഹാരത്തിന് ഭൂമിയിൽ അവതരിച്ച് ക്രൂശിൽ യാഗമായ ദൈവത്തിന്റെ അവതാരമാണ്. ദൈവം മനുഷ്യനെ തന്നോടു കൂടെ നിത്യതയിൽ കണ്ടു. കാര്യങ്ങൾ മൂൻകൂട്ടികാണുന്നതാണല്ലോ ബുദ്ധി. ദൈവം മനുഷ്യന്റ നിത്യത മുൻകൂട്ടി കണ്ടതു യേശുക്രിസ്തുവിലാണ്. അതുകൊണ്ട് യേശുക്രിസ്തു  ദൈവത്തിന്റെ ബുദ്ധിയാണ്. (1 കൊരി. 1 :25, 30) യേശു ഉയിർത്തു എഴുന്നേറ്റ് മരണത്തെ ജയിച്ചതിനാൽ എനിക്കും ഉയിർത്തെഴുന്നേല്ക്കാം എന്ന പ്രത്യാശയുണ്ട്. ആ പ്രത്യാശയുടെ വാർത്തയാണ് സുവിശേഷം എന്ന വാക്കു കൊണ്ട് പുതിയ നിയമത്തിൽ അർത്ഥമാക്കുന്നത്. സുവിശേഷം എന്ന പേരിൽ ഒരു പുസ്തകം ഉണ്ടായിരുന്നതായി അക്ബർ  അവതരിപ്പിച്ചിരിക്കുന്നത് ശുദ്ധ ഭോഷ്‌ക്കാണ്. ഇത് ഒരു പണ്ഡിതന്റെയും അഭിപ്രായമല്ല, അക്ബറിന്റെ അനുമാനം മാത്രമാണ്. പറയുന്നതും എഴുതുന്നതും എന്തും വിശ്വസിക്കുന്ന ചിലരിൽ സംശയം കുത്തിവയ്ക്കുന്നതിൽ ലേഖകൻ പറഞ്ഞിരിക്കുന്ന വാദങ്ങൾ കുറച്ചൊക്കെ ഫലിച്ചെന്നിരിക്കും.
സുവിശേഷത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്ന ലേഖകൻ അതേ മാനദണ്ഡം സ്വന്തം മതത്തിന്റെ വേദങ്ങൾ ഈ വിധത്തിൽ ചർച്ചചെയ്യുവാൻ അനുകൂലിക്കുമോ; അതിന്റെ ആവശ്യം ഉണ്ടെന്നു സമ്മതിക്കുമോ? പ്രവാചകനായ മുഹമ്മദ് മരിക്കുമ്പോൾ അദ്ദേഹം  തന്നെ എഴുതിയതായി ഒന്നും തന്നെയില്ലായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത.് അദ്ദേഹത്തിന്റേതായ വാക്കുകൾ പലരും കുറിച്ചുവച്ചതും, പല മനസ്സുകളിൽ, പല രൂപത്തിൽ ചിതറിക്കിടന്നതും പ്രവാചകന്റെ മരണശേഷം ശേഖരിച്ച് ക്രോഡീകരിച്ചതാണ് ഇന്നുള്ള ഖുറാൻ. ( The true Guidance part 4, page 47 - citing Ibn Kathir's Al- Bidaya Waal- Nihaya) 
ദൈവം എല്ലാ വർഗ്ഗത്തിനും അതിന്റേതായ പരമാധികാരത്തിന്റെയും ഉദിച്ച് അസ്തമിക്കാനുള്ള സമയവും തന്റെ പദ്ധതിയിൽ ചേർത്തിരുന്നു. അതനുസരിച്ച് പലതും സംഭവിച്ചു, സംഭവിക്കാൻ ദൈവം അനുവദിച്ചു. എന്നാൽ ഈ 21-ാം നൂറ്റാണ്ടിൽ പഴയതു പോലെ ഒരു  Caliphate അല്ലെങ്കിൽ സാമ്രാജ്യം കെട്ടിപ്പെടുക്കാനാണ് ചിലരുടെ മോഹം. അതിന്റെ ഓർമ്മ അയവിറക്കി, സാധാരണ ജനങ്ങളുടെ അജ്ഞതയെ ചൂഷണം ചെയ്യുകയല്ലേ മതത്തിന്റെ പേരിൽ കൊല്ലാനും അക്രമം ചെയ്യാനും പ്രേരിപ്പിക്കുന്നവരുടെ നിഗൂഢമായ പദ്ധതി? മധ്യകാലഘട്ടത്തിൽ ക്രിസ്തുമതത്തിന്റെ പേരിൽ നടന്ന കുരിശുയുദ്ധങ്ങൾ ഈ ലേഖകൻ ന്യായീകരിക്കേണ്ട ആവശ്യമില്ല. ക്രൂസേഡുകളിൽ നടന്ന അന്യായവും ആക്രമണവും,  എന്നും അന്യായവും അനീതിയുമായിരിക്കും. അതുകൊണ്ട് മതത്തിന്റെ പേരിലുള്ള ചൂഷണം അവസാനിപ്പിയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നമുക്ക് വീണ്ടും വിഷയത്തിലേക്കു വരാം. ഇവിടെ എഴുതിയ ആളിന്റെ ഐഡന്റിറ്റി ചോദ്യം ചെയ്യ്തുകൊണ്ടാണ് സുവിശേഷങ്ങളുടെ അധികാരികത ചോദ്യം ചെയ്യാൻ ശ്രമിക്കുന്നത.് എഴുത്തുകാരൻ മരിച്ചതിനുശേഷം, 2000 വർഷങ്ങൾക്കുശേഷം ഒരു കിംവദന്തി കുത്തിപ്പൊക്കിയാൽ ആ എഴുത്തുകാരൻ ശവകുടീരത്തിൽ നിന്ന് എഴുന്നേറ്റുവന്ന് അതിനു മറുപടി പറയുമോ?.
മത്തായിയുടെ സുവിശേഷത്തിൽ മത്തായിയെപ്പറ്റി പലയിടത്തും അയാൾ എന്ന സർവ്വനാമമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ഇതിന് അടിസ്ഥാനമായി ഉന്നയിച്ചിരിക്കുന്ന ഒരു ആക്ഷേപം. ഈ ലേഖകൻ എഴുതിയ ''ഒരു നിരീശ്വരവാദിയുടെ രൂപാന്തരം'' എന്ന പുസ്തകത്തിൽ ''ഞാൻ'' എന്ന പ്രയോഗം അരോചകമായി തോന്നിയതിനാൽ മറ്റു പദപ്രയോഗങ്ങൾ ആണ് പലയിടത്തും ഉപയോഗിച്ചിരിക്കുന്നത്. മത്തായി മൂന്നാമതൊരാളെക്കൊണ്ട് എഴുതിച്ചതാകാൻ വഴിയില്ലേ? പിന്നീട് പകർത്തിയെഴുതിയ ആൾ 'ഞാൻ' മാറ്റി എഴുതിയതാകാൻ പാടില്ലേ?
ഉദാഹരണമായി ഉല്പത്തി പുസ്തകത്തിൽ ദൈവം മന്നാ വർഷിപ്പിച്ചു കൊടുത്ത ശേഷം മോശ അവരോട് ഓരോ ദിവസത്തേക്ക് ആവശ്യമായിട്ടുള്ളത് പെറുക്കിക്കൊൾവാൻ അനുവദിച്ചു.ചിലർ കൂടുതൽ പെറുക്കി അതു പിറ്റേദിവസത്തേക്കു പുളിച്ചു നാറി. അവിടെ എഴുതിയിരിക്കുന്നത് ഞാൻ അവരോടു കോപിച്ചു എന്നതിനു പകരം 'മോശ' അവരോട് കോപിച്ചു എന്നാണ.് പകർത്തിയെഴുതിയ ആളോ പിന്നീടു വന്ന ശാസ്ത്രിമാരോ എഡിറ്റ് ചെയ്തതാവാം. അതിന്റെ പേരിൽ പുസ്തകം മോശ എഴുതിയതല്ല എന്നു വാദിക്കുന്നത് ബാലിശമാണ്.
എന്തടിസ്ഥാനത്തിലാണ് മത്തായിയുടെ സുവിശേഷം അപ്പോസ്തലനായ മത്തായി രചിച്ചതല്ലെന്ന് പറയുന്നത്? എല്ലാ ബൈബിൾ പണ്ഡിതന്മാരും അംഗീകരിച്ചിട്ടുണ്ട് എന്ന് എം.എം. അക്ബർ  ചെയ്യുന്ന പ്രസ്താവന വ്യക്തമല്ല. മറ്റുള്ളവരെ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുക, ഉദ്ദേശശുദ്ധിയില്ലാതിരിക്കുക, കണ്ണടച്ചിരുട്ടാക്കുക തുടങ്ങിയവയാണോ എന്നത് വായനക്കാർ തന്നെ തീരുമാനിയ്ക്കുക.
മത്തായി, മർക്കൊസ്, ലൂക്കൊസ് എന്നീ സുവിശേഷങ്ങളുടെ രചയിതാക്കൾ അപ്പൊസ്‌തോലനായ മത്തായിയും, പത്രോസിന്റെ സഹായിയായ മർക്കൊസും, പൗലോസിന്റെ സഹായിയും വൈദ്യനുമായ ലൂക്കൊസും ആണെന്നുള്ളതിന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ക്രിസ്ത്യൻ പണ്ഡിതന്മാരുടെ ഇടയിൽ സംശയമില്ല. എ.ഡി 125ൽ ജീവിച്ചിരുന്ന Papias മത്തായിയുടെയും മർക്കൊസിന്റെയും സുവിശേഷങ്ങളെപ്പറ്റി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഐറേനിയസ് എന്ന പണ്ഡിതനായ എഴുത്തുകാരൻ എഡി 180 ലെ തന്റെ എഴുത്തുകളിൽ മത്തായിയുടെയും മർക്കൊസിന്റെയും ലൂക്കൊസിന്റെയും സുവിശേഷങ്ങളെപ്പറ്റിയും എഴുത്തുകാരെപ്പറ്റിയും വ്യക്തമായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യോഹന്നാന്റെ സുവിശേഷം രചിച്ചത് അപ്പൊസ്തലനായ യോഹന്നാൻ ആണെങ്കിലും എ.ഡി 125 ലെ Papias ന്റെ എഴുത്തുകളിൽ അപ്പൊസ്‌തോലനായ യോഹന്നാൻ എന്നു മൂപ്പനായ യോഹന്നാൻ എന്നും ഉപയോഗിച്ചിരിക്കുന്നതുകൊണ്ടും രണ്ടും ഒരേ വ്യക്തിതന്നെയാണോ എന്ന് ചില പണ്ഡിതന്മാരുടെ ഇടയിൽ അഭിപ്രായ വ്യത്യാസം ഉണ്ട് എന്നത് ശരിതന്നെ. എന്നാൽ അപ്പോസ്‌തോലനായ യോഹന്നാൻ ലേഖനമെഴുതുമ്പോൾ തന്നെത്തന്നെ പരിചയപ്പെടുത്തുന്നത് ''മൂപ്പൻ'' എന്നാണ.് വിവിധ ജനങ്ങളുടെ ഇടയിൽ ഒരേ പദവിക്കുതന്നെ പല പേരുകളിൽ അറിയപ്പെട്ടെന്നിരിക്കും. ഉദാഹരണമായി പാസ്റ്റർ, അച്ചൻ, ഉപദേശി, പുരോഹിതൻ എന്ന ഒരേ പദവിയെ പല പേരുകളിൽ അറിയപ്പെട്ടന്നിരിക്കും. നൂറ്റാണ്ടുകൾക്കോ, സഹസ്രാബ്ദങ്ങൾക്കോ ശേഷം അതിന്റെ പേരിൽ ചില കിംവദന്തികളും, തർക്കങ്ങളും,കോലാഹലങ്ങളും സൃഷ്ടിച്ചു എന്ന്  വന്നേക്കാം.
ഹാർപർ ബൈബിൾ ഡിക്ഷനറി ഉദ്ധരിച്ചുകൊണ്ട് മത്തായിയുടെ സുവിശേഷം മത്തായി അല്ല എഴുതിയത് എന്ന് സ്ഥാപിക്കാനാണ് അക്ബർ ശ്രമിക്കുന്നത്. ഡിക്ഷനറി എഴുതുന്ന ആളിന്റെ മതവിശ്വാസമനുസരിച്ച് അതിലെ വാദഗതികൾ പല രൂപത്തിൽ പ്രത്യക്ഷപ്പെട്ടന്നിരിക്കും. ചിലപ്പോൾ ഡിക്ഷനറി, കമന്ററി ഇവയിൽ പല വാദമുഖങ്ങളും അവതരിപ്പിച്ചെന്നിരിക്കും. അതിൽ ഏതെങ്കിലും ഒന്നുമാത്രം എടുത്തു ഉദ്ധരിക്കുന്നത് സ്വാർത്ഥ താല്പര്യത്തിലാകാം. ഈ പുസ്തകങ്ങൾ കണ്ടുപിടിച്ച് അതിൽ എഴുതിയിരിക്കുന്ന വാദങ്ങളെല്ലാം മനസ്സിലാക്കാൻ പലർക്കും കഴിഞ്ഞെന്നിരിക്കില്ല. 
അക്ബർ വിഷയങ്ങളെ വളച്ചൊടിക്കുന്നത് എങ്ങനെയെന്ന് നമുക്കൊന്നു പരിശോധിക്കാം.
ഹാർപർ ഡിക്ഷനറി ഉദ്ധരിച്ചുകൊണ്ടാണ് മത്തായിയുടെ സുവിശേഷം മത്തായി അല്ല എഴുതിയത് എന്ന് സ്ഥാപിക്കുവാൻ അക്ബർ ശ്രമിക്കുന്നത്. ഹാർപർ ഡിക്ഷനറികളിലും കമന്ററികളിലും ഒന്നുമാത്രമാണ് ഹാർപർ തന്നെ പറയുന്നത്. മറ്റൊരാളായിരിക്കാൻ സാദ്ധ്യതയുണ്ട് എന്നുമാത്രമാണ്. എന്നാൽ The New Unger's Bible Dictionary പറയുന്നത് അപ്പൊസ്‌തോലനായ മത്തായി തന്നെയാണ് എഴുതിയെന്നുള്ളതിന് സംശയമൊന്നുമില്ല എന്നാണ.് കൂടാതെ 17 എഴുത്തുകാർ അപ്പൊസ്‌തോലനായ മത്തായി തന്നെയാണ് മത്തായിയുടെ സുവിശേഷത്തിന്റെ എഴുത്തുകാരൻ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്നും ചേർത്തിരിക്കുന്നു. ബൈബിൾ സത്യങ്ങൾക്ക് മറയിടാൻ അക്ബർ വളരെയധികം ഉപയോഗിച്ച റെയ്മണ്ട് ഇ ബ്രൗൺ, താൻ എഡിറ്റ് ചെയ്തതായ ജെറോം ബൈബിൾ കമന്ററിയിൽ പറഞ്ഞിരിക്കുന്നത് അപ്പൊസ്‌തോലനായ മത്തായി തന്നെയാണ് ഇതിന്റെ എഴുത്തുകാരൻ എന്നതിൽ സംശയമില്ല എന്നാണ്. Hierapolis ലെ ബിഷപ്പ് ആയിരുന്ന Papias നെയും സഭാചരിത്രകാരനായിരുന്ന Eusebius നെയും ഈ വിഷയത്തിൽ  Unger's Dictionary ഉദ്ധരിക്കുന്നു. റെയ്മണ്ട് ഇ ബ്രൗൺ തന്നെ കത്തോലിക്ക സഭയിലെ ഒരു പുരോഹതൻ ആയിരുന്നു. ജെറോം ബൈബിൾ കമന്ററി എഡിറ്റ് ചെയ്യാൻ സഭ വിശ്വസിച്ച് ഏല്പിച്ചത് അദ്ദേഹത്തെയായിരുന്നു. ബൈബിളിന്റെ ദൈവികതയോ ക്രിസ്തുവിന്റെ ദൈവികതയോ സംശയിക്കാതെ സഭയിൽ നിന്നു തന്നെ തന്റെ ശുശ്രൂഷ തികച്ച വ്യക്തിയാണ് അദ്ദേഹം. ഒരു കമന്ററി എഴുതുമ്പോൾ നിലവിലുള്ള പല അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും അതിൽ കൊണ്ടുവന്നെന്നിരിക്കാം. അതിൽ ചിലത് അത് എഴുതിയിരിക്കുന്ന സന്ദർഭം കണക്കിലെടുക്കാതെ അടർത്തിയെടുത്ത് തിരുത്തലുകൾ വരുത്തി മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നത് എം.എം.അക്ബറിനെപ്പോലെ അറിയപ്പെടുന്ന ഒരു വ്യക്തിക്കു ചേർന്നതല്ല. അതുകൊണ്ട് എന്റെ മാന്യവായനക്കാർ മുസ്ലിം സഹോദരർ ഉൾപ്പെടെയുള്ളവർ ഈ വഞ്ചനയിൽ കുടുങ്ങരുത്.
അതുകൂടാതെ പ്രവാചകനായ മുഹമ്മദ് മുസ്ലീം സഹോദരന്മാരോട് വായിക്കാൻ ആവശ്യപ്പെടുന്നത് അന്ന് നിലവിലിരുന്ന ക്രിസ്ത്യാനികളുടെ, മത്തായി, മർക്കൊസ്, ലൂക്കൊസ്, യോഹന്നാൻ ഉൾപ്പെടെയുള്ള മതഗ്രന്ഥങ്ങളെ തന്നെയാണ് അത് തെറ്റായിരുന്നുവെങ്കിൽ പ്രവാചകൻ അതു വായിക്കാൻ നിർദ്ദേശിക്കുകയില്ലായിരുന്നു. അന്നു നിലവിലിരുന്ന പുതിയ നിയമ ബൈബിൾ തന്നെയാണ് ഇന്നും നിലവിലിരിക്കുന്നത്. അപ്പോൾ പിന്നീടുവന്ന സാമ്രാജ്യശക്തികളാണ് ഇസ്ലാം മതഗ്രന്ഥങ്ങളെ തെറ്റായി വ്യാഖ്യാനിച്ചതും അവരുടെ സ്വാർത്ഥതാൽപര്യത്തിനായി പുതിയ മതഗ്രന്ഥങ്ങൾ എഴുതിയതെന്നും തെളിയുന്നു.
ബൈബിളിലെ പഴയനിയമമോ പുതിയ നിയമമോ തിരുത്തിയതാണ് എന്നു വാദിക്കുന്നത് ബാലിശമാണ.് യഹൂദന്മാരും ക്രിസ്ത്യാനികളും ചേർന്ന് ബൈബിൾ തിരുത്താൻ ഗൂഢാലോചന ചെയ്തു എന്നു ചിന്തിക്കുന്നത് യുക്തിക്കു നിരക്കുന്നതല്ല. കാരണം രണ്ടുകൂട്ടരും എന്നും ശത്രുതയിലായിരുന്നു. രണ്ടുകൂട്ടർക്കും യോജിക്കാൻ കഴിയാത്ത മൂന്നാമതൊരു കൂട്ടരുടെ (മുസ്ലീം) വാദഗതികളെ ന്യായീകരിക്കാൻ വേണ്ടി, തിരുത്തി എന്നത് യുക്തിക്കു നിരക്കുന്നതല്ല.അല്പബുദ്ധികൾ മാത്രമെ ഇതൊക്കെ വിശ്വിസിക്കുകയുള്ളൂ. അതല്ലെങ്കിൽ കണ്ണടച്ച് ഇരുട്ടാക്കുന്നവരും സ്വാർത്ഥതാല്പര്യങ്ങൾ ഉള്ളവരും മാത്രമേ ഇങ്ങനെയുള്ള തിയറികൾ പ്രചരിപ്പിക്കുകയൂള്ളൂ.
സുവിശേഷങ്ങൾ ഉൾപ്പെടെയുള്ള പുതിയ നിയമം തിരുത്തി എന്നു പറയുന്നതു അത്രപോലും യുക്തിക്കു നിരക്കുന്നതല്ല. കാരണം നിലവിലിരിക്കുന്നതായ ബൃഹത്തായ കൈയെഴുത്തു പ്രതികളുടെ ഒരു നിരതന്നെയുണ്ട് അതെല്ലാം ഒരേ സമയത്തു തിരുത്തി എന്നു ചിന്തിക്കുന്നവർ മൂഢസ്വർഗ്ഗത്തിലാണ്. പല ഭൂഖണ്ഡങ്ങളിലായി ശത്രുതയിൽ കഴിയുന്ന പല ജനവിഭാഗങ്ങളുടെ കൈവശമിരിക്കുന്ന കൈയ്യെഴുത്തുപ്രതികൾ തിരുത്തി എന്നു പറയുന്നത് വിശ്വസിക്കുക സാമാന്യബുദ്ധിയുള്ളവർക്ക് പ്രയാസമാണ്.
എല്ലാ സുവിശേഷങ്ങളും എ.ഡി 250 മുതലുള്ള 'Chester Beatty Papyri' ൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. എ.ഡി 325 മുതലുള്ള 'Vaticanus Ms. (B) ൽ പുതിയ നിയമത്തിന്റെ മിക്കവാറും പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. രണ്ടാം നൂറ്റാണ്ടുമുതൽ 15-ാം നൂറ്റാണ്ടുവരെയുള്ള കാലയളവുകളിലായി പുതിയ നിയമത്തിന്റെ 5700 ഓളം കൈയെഴുത്തുപ്രതികൾ നിലവിലുണ്ട്. അതിൽ തന്നെ നൂറിൽ കൂടുതൽ കൈയെഴുത്തുപ്രതികൾ പ്രവാചകനായ മുഹമ്മദിന്റെ സമയത്തിനു മുമ്പ് നിലവിലുള്ളതാണ.് ഇതേ സുവിശേഷങ്ങൾ തന്നെയായിരുന്നു പ്രവാചകാനായ മുഹമ്മദിന്റെ സമയത്തും നിലവിലിരുന്നത.് അതുകൊണ്ടു ബൈബിൾ തിരുത്തി എന്നു വാദിക്കുന്നവരുടെ ഉദ്ദേശം സ്വാർത്ഥതാൽപര്യമാണ്. മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്.
ഏതു കാര്യത്തിന്റെയും തെറ്റും ശരിയും ഭൂരിപക്ഷ, ന്യൂനപക്ഷ അഭിപ്രായമനുസരിച്ച് തീരുമാനിച്ചാൽ അതു സത്യമായിരിക്കണമെന്നില്ല. ഇനിയും അക്ബർ പറയുന്നത് പോലെ മത്തായിയുടെ സുവിശേഷം യേശുവിനെ അടുത്തറിയാവുന്ന ഒരു മത്തായി രചിച്ചു എന്നു തർക്കത്തിനുവേണ്ടി സമ്മതിച്ചാൽ തന്നെ അതുകൊണ്ട് അതിലെ വിവരങ്ങൾ സത്യമല്ല എന്നു വരുമോ?.
ഈ ലേഖകൻ ഉൾപ്പെടുന്ന കുടുംബത്തിന്റെ ചരിത്രം എഴുതിയിട്ടുണ്ട;് പുതിയ പതിപ്പ് എഴുതിയ ആൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്. കുടുംബചരിത്രം തുടങ്ങുന്നത് മുന്നൂറു വർഷങ്ങൾക്ക് മുമ്പാണ്. മൂലചരിത്രകാരൻ എഴുതിവച്ചിരുന്ന രേഖകളെ ആധാരമാക്കി പിന്നീടുള്ള കുടുംബചരിത്രം കൂടി ചേർത്താണ് പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നത്. അതുകൊണ്ട് കുടുംബചരിത്രത്തിന്റെ എഴുത്തുകാരൻ ഇതിനൊന്നും ദൃക്‌സാക്ഷിയല്ലാത്തതുകൊണ്ട് അതു വിശ്വസിക്കാൻ കൊള്ളില്ല എന്നുപറയുന്നത് മൗഢ്യമാണ്. ലോകചരിത്രമായി ഇന്ന് അറിയപ്പെടുന്ന ചരിത്രരേഖകളെല്ലാം ദൃസാക്ഷികൾ മാത്രം എഴുതിയ ചരിത്രരേഖകൾ മാത്രമാണോ?
ബൈബിൾ മനുഷ്യരെ ചരിത്രവും ശാസ്ത്രവും പഠിപ്പിക്കാൻ എഴുതിയ ഗ്രന്ഥമല്ല. എന്നാൽ ചരിത്രത്തിനും ശാസ്ത്രത്തിനും നിരക്കാത്തതായതൊന്നും അതിലില്ല. ഖുറാൻ ഒരു ചരിത്ര അഥവാ ശാസ്ത്രപുസ്തകമായി ഒരു ഇസ്ലാമിക പണ്ഡിതനും അവകാശപ്പെടുന്നില്ല.
അതുകൊണ്ട് മർക്കൊസിന്റെയും ലൂക്കൊസിന്റെയും സുവിശേഷങ്ങളിൽ ക്രിസ്തുവിന്റെ ശിഷ്യനായ പത്രോസ് പറഞ്ഞുകൊടുത്തതും മർക്കൊസ് നേരിട്ട് കണ്ടതുമായ കാര്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വിശ്വസിക്കാം അതുപോലെ പൗലോസിന്റെ സഹകാരിയും വൈദ്യനുമായിരുന്ന ലൂക്കൊസ് തന്റെ ദൃക്‌സാക്ഷിവിവരണവും പൗലോസ് കൊടുത്തതായ വിവരങ്ങളും സുവിശേഷം എഴുതുവാൻ ഉപയോഗിച്ചു എന്ന് വിശ്വസിക്കാം.
മത്തായി മർക്കൊസ്, ലൂക്കൊസ് ഇവ എഴുതാൻ ഉപയോഗിച്ച സ്രോതസ് എന്ന പേരിൽ Q, M, L എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന സ്രോതസ്സുകൾ ആരും കണ്ടിട്ടില്ല. അവ സാങ്കല്പിക രേഖകളാണ്. 
ലേഖകൻ വിവരിയ്ക്കുന്നതുപോലെയുള്ള ഗ്രന്ഥകർത്താവിനെപ്പറ്റിയുള്ള സംശയങ്ങളും ആധികാരികതയെപ്പറ്റിയുള്ള ചോദ്യങ്ങളും  കർത്താവിന്റെ രണ്ടാമത്തെവരവു കഴിഞ്ഞാലും ബാക്കിനിൽക്കാനാണ് സാദ്ധ്യത. സുവിശേഷകർത്താക്കൾ സംഭവങ്ങളുടെ ദൃക്‌സാക്ഷികളല്ല എന്ന് ആർക്കും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. വാദത്തിനുവേണ്ടി സമ്മതിച്ചാൽ തന്നെ ചരിത്രകാരന്മാർ ചരിത്രമെഴുതുന്നത് ദൃക്‌സാക്ഷികളായിട്ടാണോ? റേഡിയോയിലും റ്റിവിയിലും വാർത്തകൾ വായിക്കുന്നവർ ദൃക്‌സാക്ഷികളായിട്ടാണോ? ചരിത്രത്തിന്റെ പിതാവായ ഹെറോഡോട്ടസ് കണ്ടതും കേട്ടതുമെല്ലാം എഴുതിവച്ചു. അത് ചരിത്രമായി ഇന്നുവരെയും അംഗീകരിച്ചിരിക്കുന്നു. ലോകചരിത്രം തന്നെ യുദ്ധത്തിൽ ജയിച്ച രാജ്യങ്ങൾ എഴുതുന്ന, എഴുതാൻ അനുവദിച്ച ചരിത്രമാണ്. തോറ്റ കൂട്ടരുടെ ചരിത്രം, അവരുടെ വീക്ഷണകോണിൽ കൂടിയുള്ള ചരിത്രം, എഴുതാറില്ല. എഴുതി പ്രചരിപ്പിക്കുവാൻ സമ്മതിക്കാറില്ല. ചരിത്രകാരന്മാർ ദൃക്‌സാക്ഷിളായിട്ടാണോ ഈ ചരിത്രം എഴുതുന്നത്. പാഠപുസ്തകത്തിൽ അച്ചടിച്ചുവരുന്ന ചരിത്രം നാം അതേപടി വിശ്വസിക്കുന്നു.
ഈ അടുത്തകാലത്തുണ്ടായ ഒരു കണ്ടുപിടുത്തമാണ് പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്നെന്നു പറയപ്പെടുന്നതായ ദിനോസോറുകൾ. ആരെങ്കിലും അതിന് ദൃക്‌സാക്ഷികളായിരുന്നോ? അത് വിശ്വസിക്കുന്നവർ അതിന്റെ കണ്ടുകിട്ടിയെന്നു പറയപ്പെടുന്നതായ അസ്ഥികൾ കണ്ടിട്ടുണ്ടോ? അത് അസ്ഥികൾ തന്നെയാണോ എന്നു തീർച്ചവരുത്തിയിട്ടുണ്ടോ? എന്തെല്ലാം ഭാവനകൾ ചേർന്ന കഥകളാണ് ശാസ്ത്രം എന്ന പേരിൽ എഴുതിയിരിക്കുന്നത് അതിനെ ചോദ്യം ചെയ്യാനുള്ള പാണ്ഡിത്യം ഇതിന്റെ എഴുത്തുകാർക്ക് ഉണ്ടോ?
സുവിശേഷം എഴുതിയ കാലഘട്ടം പണ്ഡിതന്മാർ എന്നു അവകാശപ്പെടുന്നവർ തീരുമാനിക്കുന്ന രീതി രസകരമാണ്. എഴുത്തുകാരൻ ജീവിച്ചിരുന്നതിന് സമീപപ്രദേശങ്ങളിൽ നടന്ന ഒരു സംഭവം ലേഖനത്തിൽ പരാമർശിച്ചിട്ടില്ല എങ്കിൽ ആ സംഭവത്തിനുശേഷമാണ് ലേഖനം എഴുതിയതെന്ന് നിർണ്ണയിക്കുക. പ്രായോഗികമായി ചിന്തിച്ചാൽ ഇങ്ങനെയല്ല കത്തെഴുതുന്നത്. ഒരു വിഷയം എഴുതുമ്പോൾ അതിനാണ് ഊന്നൽ കൊടുക്കുന്നത്. എല്ലാ വിഷയങ്ങളും ഒരു കത്തിൽ പരാമർശിക്കുക സാദ്ധ്യമല്ല. മാന്യവായനക്കാർ താമസിക്കുന്നതിനടുത്ത് ഒരു അത്യാഹിതം സംഭവിച്ചു എന്നിരിക്കട്ടെ ആ സംഭവത്തിനോടടുത്ത ദിവസങ്ങളിൽ അതു സംസാരവിഷയമായിരിക്കും. എഴുത്തുകളിൽ അതു പരാമർശിക്കുവാൻ സാദ്ധ്യതയുണ്ട്. ആ സംഭവത്തിനുശേഷം ആറുമാസമോ ഒരു വർഷമോ രണ്ടുവർഷമോ ശേഷം എഴുതുന്ന കത്തിൽ അഥവാ ലേഖനത്തിൽ രണ്ടുവർഷം മുമ്പുനടന്ന സംഭവത്തെപ്പറ്റി ഒരിക്കൽ പരാമർശിച്ചതാണെങ്കിൽ വീണ്ടും പരാമർശിക്കുമോ? വായനക്കാരന് അറിവുള്ള വിഷയമാണെങ്കിൽ വീണ്ടും എഴുതുമോ? സാദ്ധ്യത വളരെ കുറവാണ.് ഒരേ വിഷയം തന്നെ വിവിധ എഴുത്തുകാർ എഴുതുമ്പോൾ സംഭവത്തിന്റെ വിവിധ വശങ്ങൾക്കായിരിക്കും പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ പണ്ഡിതന്മാർ എന്നു പറയുന്നവരുടെ രീതികൾ ഇങ്ങനെയൊക്കെയാണ്.
അഭിപ്രായവ്യത്യാസം ജീവിതത്തിന്റെ ഭാഗമാണ്. അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാ വ്യക്തികൾക്കുമുള്ളതുപോലെ പണ്ഡിതന്മാർക്കുമുണ്ട്. മിക്കപ്പോഴും അവരുടെ തോന്നലുകളായിരിക്കും. ചിലപ്പോൾ സ്വാർത്ഥതാൽപര്യങ്ങൾക്കു വേണ്ടിയായിരിക്കും പുതിയ സിദ്ധാന്തങ്ങൾ കൊണ്ടുവരുന്നത്. അഭിപ്രായ വ്യത്യാസമില്ലാത്ത ഏതെങ്കിലും വിഷയം സൂര്യനുകീഴെ കണ്ടുകിട്ടുമോ? അഭിപ്രായവ്യത്യാസമില്ലാതെ ഏതെങ്കിലും വിഷയം തീരുമാനിക്കാൻ സാധിക്കുമോ? ഓരോരുത്തരുടെയും അഭിപ്രായം അവരവരുടെ അറിവിനനുസരിച്ചായിരിക്കും. ഓന്തിന്റെ നിറം മാറുന്നതുപോലെയാണല്ലോ മനുഷ്യരുടെ അഭിപ്രായം മാറുന്നത്. ഒരു സിദ്ധാന്തം കൊണ്ടുവന്നവർ തന്നെ അതിനെ തള്ളിപ്പറയുന്നതു വിരളമല്ല. 
അടുത്തതായി അപ്പൊസ്‌തോല പ്രവൃത്തികൾ, ലേഖനങ്ങൾ, വെളിപ്പാട് എന്നീ പുസ്തകങ്ങളെപ്പറ്റി തെറ്റിദ്ധാരണയും സംശയവും ജനിപ്പിക്കുന്ന വാദങ്ങളാണ് അക്ബർ കൊണ്ടുവരുന്നത്. ലേഖനങ്ങൾ എഴുതിയ വ്യക്തി ആരെന്നുള്ളത് ലേഖനത്തിൽ ചിലപ്പോൾ വ്യക്തമല്ല. എങ്കിലും ആദ്യനൂറ്റാണ്ടുകളിൽ സഭകളിൽ അതു വ്യക്തമായിരുന്നു. ആ പാരമ്പര്യങ്ങൾ തലമുറയായി കൈമാറ്റപ്പെട്ടതാണ് സഭയിലുള്ള പാരമ്പര്യങ്ങൾ. അത് അംഗീകരിക്കാൻ വേദപുസ്തകം നിർദ്ദേശിക്കുന്നു. ''ആകയാൽ സഹോദരന്മാരെ നിങ്ങൾ ഉറച്ചു നിന്നു വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പാരമ്പര്യങ്ങളെ (മൂലഗ്രന്ഥം) മുറുകെ പിടച്ചുകൊൾവിൻ'' (2 തെസ്സ. 2:15)
എം.എം.അക്ബർ നാലാം അദ്ധ്യായം എഴുതി അവസാനിപ്പിച്ചിരിക്കുന്നത് ''പുതിയ നിയമത്തിലെ ഒരു പുസ്തകം പോലും അപ്പൊസ്‌തോലന്മാർ രചിച്ചതാണെന്ന് ഖണ്ഡിതമായി പറയാനാവില്ല'' എന്ന പ്രസ്താവനയോടു കൂടിയാണ്. ഈ വാദഗതികൾ വായിക്കുമ്പോൾ നാട്ടിൽ നടന്ന രസകരമായ ഒരു കഥയാണ് ഓർമ്മ വരുന്നത്. ഒരാൾ  അഞ്ചുതെങ്ങു കയറി ഒൻപതു തേങ്ങ കിട്ടി. മൂന്നെണ്ണം  കൂലിയായി എടുത്തു ഒന്നു കൊത്തുതേങ്ങയായി എടുത്തു. ഒന്നു ഞാനെടുക്കും ഒന്നെനിക്കു വേണം ഒന്നു ഞാൻ തരത്തില്ല എന്നു പറഞ്ഞു. ഉടമസ്ഥനു ബാക്കി രണ്ടെണ്ണം മാത്രം. ഇവിടെ രണ്ടെണ്ണം വിട്ടുകൊടുത്തില്ല എങ്കിലും ഒന്നെങ്കിലും വിട്ടുകൊടുക്കുക. അക്ബറിന്റെ എഴുത്തിൽ ക്രിസ്ത്യാനികൾ വിശ്വസിച്ചുപോരുന്ന ഒരു കാര്യവും സമ്മതിച്ചുതരാൻ അദ്ദേഹം തയ്യാറല്ല. അദ്ദേഹത്തിന്റെ എഴുത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നതിൽ എന്താണ് തെറ്റ്?
അക്ബർ പറഞ്ഞിരിക്കുന്ന വിഷയങ്ങളെപ്പറ്റി പണ്ഡിതന്മാരുടെ ഇടയിൽ 16-ാം നൂറ്റാണ്ടുവരെ വലിയ അഭിപ്രായവ്യത്യാസം ഒന്നുമില്ലായിരുന്നു. നവോത്ഥാനം ശക്തിപ്രാപിച്ചതിനു ശേഷമാണ് പ്രൊട്ടസ്റ്റന്റുകാരായ പണ്ഡിതന്മാർ കത്തോലിക്ക സഭ ശരിയാണെന്നു വിശ്വസിക്കുന്ന കാര്യങ്ങളിൽ പലതിലും അഭിപ്രായ വ്യത്യാസങ്ങൾ പ്രകടിപ്പിച്ച് കത്തോലിക്ക സഭയിൽ നിന്നും പ്രൊട്ടസ്റ്റന്റ് വിശ്വാസത്തിലേക്ക് ജനങ്ങളെ ആകർഷിക്കുവാൻ പ്രചരണം ആരംഭിച്ചത്. അതുകൂടാതെ ദൈവവിശ്വാസമില്ലാത്തവർ ഇതെല്ലാം കെട്ടുകഥകളാണെന്നു വരുത്തിത്തീർക്കുവാൻ വളരെയധികം എഴുതിയിട്ടുണ്ട്. ഇങ്ങനെയുള്ള എഴുത്തുകളെയാണ് അക്ബർ അവംലബിച്ചിരിക്കുന്നത്. അതിനെതിരായ ഭൂരിപക്ഷ വാദങ്ങളെ മനപ്പൂർവ്വം വിട്ടുകളഞ്ഞിരിക്കുന്നു. 95 ശതമാനം പണ്ഡിതന്മാർ അനുകൂലിക്കുന്നു എന്നൊക്കെ അവകാശപ്പെടുമ്പോൾ ഏതൊക്കെയാണ് ഈ 95 ശതമാനത്തിൽ ഉൾപ്പെട്ട പണ്ഡിതസമൂഹം എന്നു വെളിപ്പെടുത്താതെ അതിശയോക്തി കലർത്തി എഴുതുന്നത് ഒരു എഴുത്തുകാരനും ഭൂഷണമല്ല. എത്ര വലിയ പണ്ഡിതനാണെങ്കിലും ഉദ്ദേശം ശരിയല്ല എങ്കിൽ പിന്നെ പറയുന്നതിനൊന്നും വിശ്വാസീയത ഇല്ല. കാരണം, കാര്യങ്ങളെ വളച്ചൊടിച്ചായിരിക്കുമല്ലോ അവതരിപ്പിക്കുന്നത്.


എം.എം അക്ബറിനോടുള്ള ചോദ്യങ്ങൾ
വിശുദ്ധവേദപുസ്തകത്തെ വിമർശിക്കാൻ ഉപയോഗിച്ച അതേ മാനദണ്ഡം തന്നെ ഖുറാനെ വിമർശിക്കാനും അക്ബർ  ഉപയോഗിക്കുമോ? അതിനെ പ്രോത്സാഹിപ്പിക്കുമോ? ഖുറാനെ വിമർശിച്ചാൽ നീരസപ്പെടുമോ? അനുയായികളെ നിയമം കൈയ്യിലെടുക്കുവാൻ മൗനാനുവാദം നല്കുമോ? ബൈബിളിന്റെ വിമർശനത്തിനുപയോഗിച്ച അതേ മാനദണ്ഡം തന്നെ ഹദീസിന്റെ വിമർശനത്തിനും ഉപയോഗിക്കാമോ? സുറാ 2: 79, 3:78, 3:187 ഇവ ബൈബിളിനുമാത്രമല്ല ഹദിസിനും ബാധകമാണോ?ഹദീസ് ഇസ്ലാമിന്റെ ഒരു പ്രധാന വേദഗ്രന്ഥമാണെങ്കിൽ എന്തുകൊണ്ട് ഖുറാൻ പരിരക്ഷിച്ചതു പോലെ ദൈവം അതിനെ സൂക്ഷിച്ചില്ല.?
ഖുറാൻ കൂടാതെ നിലവിലുള്ള ഏതു ഹദീസിലാണ് താങ്കൾ വിശ്വസിക്കുന്നത്?
പ്രവാചകനായ മുഹമ്മദിന്റെ മരണശേഷം എത്ര വർഷങ്ങൾക്കു ശേഷമാണ് വിശുദ്ധമെന്ന് അവകാശപ്പെടുന്ന ബുഖാരി ഹദിസ് എഴുതിയുണ്ടാക്കിയത്?.
സുറാ 12:111 പറയുന്നത്ഖുറാനിൽ അതിൽ തന്നെ വേണ്ട വിശദീകരണങ്ങൾ ഉണ്ട് എന്നാണ്. എങ്കിൽ പിന്നീട് എഴുതിയുണ്ടാക്കിയ ഹദിസിന്റെ ആവശ്യം എന്തായിരുന്നു.?
സുറാ 59: 23 പറയുന്നത് ഏറ്റവും നല്ല ഹദിസ് ഖുറാൻ തന്നെയാണെന്നാണ്.
സുറാ 33:38,62 & 35:43 പറയുന്നത് ദൈവത്തിന്റെ ഏകനിയമം ഖുറാനാണെന്നാണ്. എങ്കിൽ മറ്റു പുസ്തകങ്ങളുടെ ആവശ്യം എന്തായിരുന്നു.?
സുറാ 42:21 പറയുന്നു ദൈവം നിർദ്ദേശിക്കാത്ത മതനിയമങ്ങൾ എഴുതിയുണ്ടാക്കുന്നവർ വിഗ്രഹാരാധികളാണെന്നാണ്. ഹദിസും സുന്നായും എഴുതിയുണ്ടാക്കിയവരെ ഇതിന്റെ വെളിച്ചത്തിൽ വിലയിരുത്തുമോ?
സുറാ 30:28 & 41:3 പറയുന്നു ഖുറാൻ അതിൽ തന്നെ പൂർണ്ണമായും എല്ലാ വിശദീകരണങ്ങളും ഉള്ളതായാണ.് ഇത് സമ്മതിക്കുമോ?
സുറാ 11:1 & 75:19 പറയുന്നത് ദൈവം തന്നെയാണ് ഖുറാൻ പൂർണ്ണമായി വിശദീകരിച്ചു തന്നിരിക്കുന്നത് എങ്കിൽ ഹദിസിന്റെയും സുന്നായുടെയും ആവശ്യം ഉണ്ടായിരുന്നുവോ?
ബൈബിളിനെ വിമർശിക്കാൻ അക്ബർ കൂട്ടുപിടിക്കുന്നതായ Raymond Brown, Bart Ehrman ആദിയായ പണ്ഡിതന്മാർക്ക് ക്രിസ്തുവിനെ പറ്റിയും വേദപുസ്തകത്തെ പറ്റിയുമുള്ള മറ്റ് അഭിപ്രായം കൂടി അംഗീകരിക്കുമോ?
റെയ്മണ്ട് ബ്രൗൺ ഒരു കത്തോലിക്ക ബിഷപ്പ് ആയിരുന്നു. ഒരു ക്രിസ്തീയ വിശ്വാസിയായി തന്നെയാണ് അദ്ദേഹം മരിച്ചത് എന്നത് അക്ബറിനറിയില്ലേ?
യേശുക്രിസ്തുവിനെ ശക്തനായ പ്രവാചകനായിട്ടാണ് ഖുറാൻ ചിത്രീകരിക്കുന്നതെങ്കിലും ക്രിസ്തുവിൽ കൂടി ദൈവം മനുഷ്യവർഗ്ഗത്തിനുവേണ്ടി എന്തു ചെയ്തു എന്ന ചോദ്യത്തിന് മുസ്ലീം പണ്ഡിതന്മാർക്ക് എന്തുകൊണ്ട് ഉത്തരമില്ല?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക