ആനക്കെടുപ്പത് പൊന്ന് ഉണ്ടായിരുന്നില്ലെങ്കിലും അദ്ദേഹം വിളിക്കപ്പെട്ട ത് പൊന്നുകാരൻ എന്നായിരുന്നു. ആയിരം പറ നല്ല് ഉണ്ടായിട്ടും അദ്ദേഹം ഒരു കർഷക ശ്രീ എന്നു വിളിക്കപ്പെട്ടതുമില്ല.
ചിര പുരാതനമായ പരപ്പനങ്ങാടി പട്ടണത്തിലെ ഇന്ന് അന്യം നിന്ന് പോയ മേലെ വീട്ടിൽ തറവാട്ടിലെ മുടി ചൂടാമന്നൻ പൊന്നു കാരൻ മുഹമ്മദ്കുട്ടി കാലം ചെയ്തിട്ട് ആറു പതിറ്റാണ്ടിലേറെ കഴിഞ്ഞു. ഒരു വലിയ കുടുംബത്തിൻ്റെ അത്താണിയും ആശ്രയവും അതിലേറെ സ്നേഹ വത്സലനുമായ ഒരു വലിയ വടവൃക്ഷം നിലം പൊത്തിയത് സ്വന്തക്കാരെയും ബന്ധക്കാരെയും നാട്ടുകാരെയും തെല്ലൊന്നുമല്ല ഞെട്ടിച്ചു കളഞ്ഞത്. ആ മരണം ആകസ്മികമോ അകാലത്തിലോ ആയിരുന്നില്ല എങ്കിലും. മൂന്ന് ആൺ തരികളും അവരുടെ പിടക്കോഴി കളും, അഞ്ച് പെൺമക്കളും അവരുടെ സഖാക്കളും കുഞ്ഞു കുട്ടികളും വെറുങ്ങലിച്ച് നിന്ന് പോയ ദിവസം....
സത്യ നീതി സങ്കൽപങ്ങളിൽ ഒരു പണത്തൂകം പോലും വിട്ടുവീഴ്ച ചെയ്യാത്ത ആ പൊന്നുകാരന്റെ പിൻമുറക്കാരായത് കൊണ്ടാവണം
മക്കൾ എല്ലാവരും ഭക്തരും സാത്വികരും കണിശക്കാരുമായിരുന്നു. ഭക്തി പാരവശ്യത്താൽ വിശ്വാസ പരമായ അത്യാചാരങ്ങൾ വരെ ചെയ്യുന്ന ഒരു സമുദായ നേതൃത്വത്തിന്റെ ചൊല്പടിക്ക് നിൽകുന്നവർ ആയതു കൊണ്ട് അൽപസ്വല്പം അരുതായ്മകൾ അകത്തളങ്ങളിൽ മാറാല കെട്ടിയത് കാണാമായിരുന്നു. ഈ രോഗം പുംസ്ത്രീ വ്യത്യാസമില്ലാതെ പടർന്നു കയറി കൊണ്ടിരുന്ന ഒരു കാലഘട്ടത്തിൽ അതിൻ്റെ പാറ്റെൻ്റ് കിട്ടാൻ മത്സരിച്ചിരുന്ന കപട സന്യാസിമാർ ഒരു ഭാഗത്ത്, അവരുടെ മുരീദൂ പട്ടം കിട്ടാൻ അഹമഹമികയാ മത്സരിച്ചിരുന്ന സമുദായത്തിലെ സാമാന്യം ഭേദപ്പെട്ട മധ്യവർഗം മറുഭാഗത്തും. അവരുടെ കയ്യിലെ കുട്ടികുരങ്ങന്മാർ ആയിരുന്നു മൊത്തം മുസ്ലിം സമുദായം.
അല്ലാഹുവും പ്രവാചകനും പഠിപ്പിച്ചത് പരിശോധിക്കാൻ ഒട്ടേറെ വഴികളുണ്ടായിട്ടും "ഒന്നും കാണാതെ മൊയിലിയാക്കൾ വെറുതെ അങ്ങനെ പറയുമോ, അതിനാൽ സമിഅ'നാ വ അതഅ'നാ". ആശയങ്ങൾ ആമാശയവൽകരികപ്പെട്ടുപോയ ഒരു കാലഘട്ടത്തിൻ്റെ അത്യാപൽകരമായ ഒരു സംസ്കൃതി....
ലോകത്ത് അനിതര സാധാരണമായ വിപ്ലവം സാധിക്കുമെന്ന് ഭയപ്പെട്ട ഒരു പ്രത്യയശാസ്ത്രം അങ്ങനെയങ്ങ് വളരേണ്ടതില്ല എന്ന ജൂത തന്ത്രം വല്ലാതെ വർക് ചെയ്ത ഒരു മേഖലയാണ് ഈ സമുദായ ഗാത്രം. അങ്ങനെ എല്ലാ അടിസ്ഥാന നന്മകളും തമോവൽകരിക്കപ്പെട്ടു. തദ്വാരാ സകലമാന തിന്മകളും സാമാന്യവൽകരിക്കപ്പെടുകയും ചെയ്തു.
പക്ഷേ നഷ്ടമൊന്നും ഉണ്ടായില്ല. മുസ്ലിയാരും തങ്ങളും ഷൈക്കും വീർത്ത വയറുമായി വിലസി. ഒന്നാംതരം six-pack ശരീര ഘടനയിൽ മെയ് വഴങ്ങിയിരുന്ന പ്രവാചകനും അനുചരന്മാരും വല്ലാതെ അപഹസിക്കപ്പെട്ടൂ.
ഈ ദുർഗുനണ സമ്പന്നത കുറച്ചൊക്കെ മേലേവീട്ടിലേക്കും പാറി പറ്റിയിട്ടില്ല എന്ന് പറഞ്ഞുകൂടാ. നടേ പറഞ്ഞ ഷെയ്ക്ക്മാരും ബീവിമാരും വയോധികനായ നമ്മുടെ കഥാ പുരുഷനെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ആൺ തരികളിൽ മൂത്തവനായ മുഹമ്മദ് ഹാജിയും രണ്ടാമൻ ആലസൻ ബാവ ഹാജിയും വർത്തക പ്രമുഖരായിരുന്നൂ. മൂന്നാമൻ അബൂബക്കർ എന്തൊക്കെയോ അറിയപ്പെടാത്ത കാരണത്താൽ സാമ്പത്തിക ഭാവി ഇല്ലാത്തവനായിപ്പോയി.
ഒന്നാമൻ മുഹമ്മദ് ഹാജി സന്താന ഭാഗ്യം ഇല്ലാതെ നിരാശാ കാമുകൻ ആയാണ് കാലം കഴിച്ചത്. അദ്ദേഹത്തോട് എന്നും എങ്ങനെയും ഒട്ടി നിന്നിരുന്ന, അദ്ദേഹത്തിൻ്റെ സഹോദരിമാരോടും വല്ലാതെ ഒട്ടിനിന്നിരുന്ന കൗജു എന്ന ഭാര്യ തലാക് ചെയ്യപ്പെട്ടപ്പോൾ മുഹമ്മദ് ഹാജി അല്ലാത്ത മുഴുവൻ ആളുകളും പൊട്ടിത്തകർന്ന് പോയി എന്നാണ് കഥ. ആകാശം പൊട്ടിവീഴുമോ എന്ന് എല്ലാവരും ഭയപ്പെട്ടു.
കാരണം അജ്ഞാതം. അല്ലെങ്കിലും ലോകത്ത് നടക്കുന്ന മുഴുവൻ കാര്യങ്ങളുടെയും കാരണങ്ങൾ തേടി നടന്നിട്ട് കാര്യമില്ല. പിന്നാമ്പുറങ്ങളിൽ നിറം പിടിപ്പിച്ച പല കഥകളും ഉണ്ടാവാം.
എഴുതാപ്പുറം വായിക്കാനോ വയിക്കാപ്പുറം
എഴുതാനോ നമുക്കധികാരമില്ല.
കൂട്ടത്തിൽ രണ്ടാമനായ ആലസൻ ബാവ ഹാജി അക്കാര്യത്തിൽ ഭാഗ്യവാനാണ്. എടുത്ത് പറയേണ്ടുന്ന കാര്യം അതീവ സ്നേഹവതിയായ അദ്ദേഹത്തിൻ്റെ ഭാര്യ തന്നെ. അദ്ദേഹത്തോടും മക്കളോടും, പേരമക്കളോടും, അയൽവാസികളോടും, അവരുടെ മക്കളോടും, അതിഥികളോടും അത്യധികം സ്നേഹം നിർലോഭം വാരി വിതറിയ ഒരു സ്നേഹക്കട്ടി തന്നെയായിരുന്നു അവർ. പഞ്ചാരക്കുന്നിൻമേൽ തേന്മഴ ചാറിയ പോലെ ആ വീർപു മുട്ടിക്കുന്ന സ്നേഹ ശീതളച്ചായയിൽ വളർന്ന മക്കൾ അവർക്ക് ലഭിച്ച സൗഭാഗ്യത്തിന് അല്ലാഹുവിനോട് നന്ദി പറയട്ടെ.
ഇതിനൊക്കെ ഉപരിയായി എടുത്തോതേണ്ടത് ആ തറവാട്ടിലെ ഉമ്മയെ തന്നെ. വല്ലിമ്മച്ചി എന്ന് പേരമക്കൾ വിളിച്ചിരുന്ന അവർ നിഷ്കാമകർമിയായ ഒരു വീട്ടമ്മയായിരുന്നു. പരാതിയോ പരിഭവമോ ഇല്ലാത്ത, ഒരുപാട് സ്വർഗങ്ങൾ കാൽപ്പാദത്തിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു നല്ല ഉമ്മ.
കഥാപുരുഷൻ തൻ്റെ ജീവിത സായാഹ്നത്തിൽ അനുഭവിക്കേണ്ടി വന്ന മനോവ്യഥ തുലോം വലുതായിരുന്നു. ആൺമക്കളിൽ മൂത്തവനായ മുഹമ്മദ് ഹാജിക്ക് എന്തോ ഒരു വക തല തിരിച്ചിൽ. ആസന്ന മരണനാവുമ്പോൾ ഉത്തരവാദിത്തങ്ങൾ ഏല്പിക്കപ്പെടേണ്ട സീമന്ത പുത്രൻ, അദ്ദേഹത്തിൻ്റെ രോഗശയ്യയിൽ വരെ എത്തി നോക്കാത്ത അവസ്ഥ വന്ന് ചേർന്നു. മറ്റെല്ലാ മക്കളെക്കാളും ഉപരിയായി അത്യധികം കൃപാലു ആയിരുന്ന അദ്ദേഹത്തിൻ്റെ ഈ മാറ്റം കുടുംബത്തിൽ വലിയ ചർച്ചാ വിഷയമായി. കരച്ചിലും പിഴിച്ചിലും ഒക്കെ ആയി.
ഇടയ്ക്ക് ഒന്ന് പറഞ്ഞോട്ടെ. ഹാജി രണ്ടാമത് വേളി കഴിച്ചത് ഒരു ഒന്നാം തരം ബീവിയെ ആയിരുന്നു. ഒരു പത്തരമാറ്റ് ജിന്ന് ബീവി. തൊട്ടതൊക്കെ പൊന്നാക്കുന്ന പൊന്നു ബീവി. ഞങ്ങൾ കുട്ടികൾ സൈനമ്മായി എന്ന് വിളിച്ചിരുന്ന സുന്ദരി.
തിരുവായിക്ക് എതിർ വായി ഇല്ല. അഥവാ ഉണ്ടായാൽ പുരയുടെ മോന്തായം വീണത് തന്നെ.
അന്നു തൊട്ട് ഇന്നോളം മേലേവീട്ടിൽ തറവാട്ടിന്റെ അകത്തളങ്ങളിൽ സൂര്യ-ചന്ദ്ര പ്രകാശങ്ങൾ യശോധാവള്യo പരത്തിയതായി കണ്ടിട്ടില്ല. നാര് പൊടിഞ്ഞു വേര് അറ്റുപോയ കുറെ ശിഥില കുടുംബങ്ങൾ വേറിട്ട് തെറിച്ചു പോയി എന്നത് അനന്തര കഥ. ഇവിടെ വല്ല സിഹ്റും വർക് ചെയ്തോ എന്ന് എനിക്കറിയില്ല......
ഭാഗ്യവശാൽ സ്മര്യ പുരുഷൻ്റെ യശോ ധവളിമയിൽ തന്നെ മുഹമ്മദ് ഹാജിയുടെ സജീവ കാർമികത്വത്തിൽ മക്കളുടെയൊക്കെ വേളി നടന്ന് കഴിഞ്ഞിരുന്നു. അവരിൽ ഒരുവൾ എത്തിപ്പെട്ടത് ഒരു വിപ്ലവകാരിയുടെ അന്തപുരത്തിലേക്കാണ്. സകലമാന സാമ്പ്രദായികതകളെയും ചോദ്യം ചെയ്യുന്ന, മുഴുവൻ അനധികൃത ആചാരങ്ങളുടെയും മുള്ളൊടിക്കുന്ന ഒരു വഹഹാബിയുടെ വീട്ടിലേക്ക്. അതിലുപരി ഒരു സർകാർ ഗുമസ്ഥൻ്റെ മേൽ കൈയ്യും.
കര്യങ്ങളുടെ കറക്കത്തിൽ മുഹമ്മദ് ഹാജിയുടെ കയ്യൊപ്പ് നഷ്ടപ്പെട്ടുപോയ മേലേവീട്ടിൽ തറവാട്ടിൽ സക്രിയമായ ഇടിമുഴക്കം....
മെലേവീട്ടിൽ പലർക്കും അത് വലിയ ആശ്വാസം പകർന്നു. അതെ, കടലോണ്ടിയിലെ അളിയൻക വന്ന് കയറുന്നത് പലപ്പോഴും സമാധാന ദൂതനായി കൊണ്ട് ആയിരിക്കും. ഉള്ളത് പറയട്ടെ മുഹമ്മദ് ഹാജിക്കും കടലോണ്ടിയിലെ അളിയനോട് അളവറ്റ ആദരവ് ആയിരുന്നു. അവർ തമ്മിൽ എപ്പോഴും കുടുംബ കാര്യങ്ങളും മറ്റും ചർച്ച ചെയ്യാറുണ്ടായിരുന്നു.
ഈ പതിവ് തെറ്റിച്ച് കൊണ്ട് ഇരുവരും സ്മര്യ പുരുഷൻ്റെ കാര്യത്തിൽ
ഒടക്കേണ്ടി വന്നത് ഒട്ടും യാധൃശ്ചികമായിരുന്നില്ല. ശയ്യാവലമ്പിയായ ഉപ്പയെ കുറേക്കൂടി ശ്രദ്ധിക്കണമെന്ന് അദ്ദേഹത്തിൻ്റെ മുമ്പിൽ വെച്ച് തന്നെ ആവശ്യപ്പെട്ടത് വലിയ തർക്കത്തിലാണ് അവസാനിച്ചത്. തർകത്തിനൊടുവിൽ മുഹമ്മദ് ഹാജി തൊട്ടടുത്ത് താമസമാക്കിയ തൻ്റെ സ്വന്തം വീട്ടിലേക്ക് കുപിതനായി ഇറങ്ങിപ്പോയി.
തികച്ചും സ്വാഭാവികമായിതന്നെ തർക്കം അങ്ങോട്ട് നീങ്ങി. പൊരിഞ്ഞ ശണ്ഠ. പെട്ടെന്ന് അതാ ഒരു ഉറഞ്ഞ് തുള്ളൽ... നമ്മുടെ മാലിനി മനിയായ ജിന്നുമ്മയുടെ അട്ടഹാസം. ആരാണവിടെ...?? ഞങ്ങളോട് കളിച്ചാൽ ആകാശം..... ഹും ഹും ഹോം..
അലർച്ച കേട്ട് ഉടനെ മുഹമ്മദ് ഹാജി വീടിൻ്റെ പുറത്തെ വാതിൽ കൊട്ടിയടച്ചു... പുറത്തിറങ്ങി.... സംസാരം തുടർന്നു... ഉള്ളിൽ അട്ടഹാസവും.
കടലുണ്ടി അളിയൻ മുറ്റത്തിറങ്ങി മൂന്ന് കൽകഷ്‌ണങ്ങൾ കയ്യിലെടുത്ത്കൊണ്ട് ഇങ്ങനെ പറഞ്ഞു
അങ്ങനെ ഒരു ജിന്ന് ഉണ്ടെങ്കിൽ ഇങ്ങോട്ട് ഇറങ്ങി വരട്ടെ. .... പേടിച്ച് അരണ്ട് പോയ ഹാജി പാവം പാടെ മൗനിയായി.
ഈ സംഭവത്തിൻ്റെ
ഭീതിതമായ ഒരു ക്ലൈമാക്സ് അന്നു സന്ധ്യാ നമസ്കാര ശേഷം മേലെവീട്ടിലെ വല്യുപ്പ കിടക്കുന്ന പടാപ്പുറത്ത് അരങ്ങേറി. നമ്മുടെ മാലിനി മണിയായ ജിന്നുമ്മ കോമരം ഇളകിയത് അതിൻ്റെ പൂർണ ഹാവ ഭാവങ്ങളോടെ ആയിരുന്നു. അധികം കളിച്ചാൽ ഞങ്ങൾ പുര പൊളിക്കും; തീയിട്ടു ചുടും എന്നൊക്കെ മുടി അഴിച്ചിട്ടു ആടിക്കൊണ്ട് പറയുന്നുണ്ടായിരുന്നു.
പാവം വല്യുപ്പ താണ് കേണ് അതിനെ
അനുനയിപ്പിക്കാൻ പാട് പെടുന്നുണ്ടായിരിന്നു.
നമ്മുടെ ഹാജിക്ക് ഈ ബീവിയിൽ യാതൊരു നിയന്ത്രണവും ഉള്ളതായി തോന്നിയില്ല. ഇതിനിടെ മറച്ചു വെക്കാൻ വയ്യാത്ത ഒരു കാര്യം ഇവിടെ അനുസ്മരിക്കട്ടെ. കുറെ കാലമായി ഹാജിയുടെ വീട്ടിൽ എവിടെനിന്നോ വലിഞ്ഞു കയറി വന്ന ഒരു ശൈഖ് സ്ഥിര പൊറുതിക്കാരൻ ആയിരുന്നു. എവിടെന്ന് എന്തിന് എങ്ങന എന്നൊന്നും ചോദ്യമില്ല.
ഇവിടെ എല്ലാവർക്കും വ്യക്തമായ ഓർമകൾ ഉണ്ടായിരിക്കണം. സത്യമായി പഠിച്ചത് പാടുക എന്നതല്ലാതെ, വീണത് വിദ്യ ആക്കുകയെന്ന വിടവേല ഒട്ടും അരുത്.
ആ മഹാനുഭാവൻ, ഖിന്നനും വൃണിത ഹൃദയനും ആയിക്കൊണ്ട് കുറച്ച് കാലം കൂടി ജീവിച്ചതിന്ന് ശേഷം കാല യവനിക ക്കുള്ളിൽ തിരോധാനം ചെയ്യപ്പെട്ടു.
മേലെവീട്ടിൻ്റെ ചാരത്ത് നിന്നും തട്ടകം മാറ്റുക എന്ന ശ്രമകരമായ ഒരു ജോലിയാണ് ഹാജിയും ബീവിയും പിന്നെ ചെയ്തത്. മേലെ വീട്ടിൽ ആവട്ടെ തളം കെട്ടി നിൽക്കുന്ന ശോകമൂകതയിൽ പാവം വല്യുമ്മയും ഇളം തരി അബൂബക്കറും അയാളുടെ സ്നേഹ വതിയായ സഹധർമ്മിണിയും കാലത്തിൻ്റെ കാവ്യ നീതിക്ക് കാതോർത്ത്കൊണ്ട് കഴിഞ്ഞ് കൂടി.
(തുടരും)