Image

കേരളത്തിൽ പോലും തല്ലലും കൊല്ലലും എല്ലാം ഭക്ഷണത്തിൻ്റെ പേരിൽ   (ദുർഗ മനോജ്)

Published on 16 September, 2022
കേരളത്തിൽ പോലും തല്ലലും കൊല്ലലും എല്ലാം ഭക്ഷണത്തിൻ്റെ പേരിൽ    (ദുർഗ മനോജ്)

കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിൽ കേരളത്തിൽ നടന്ന മൂന്നു വാർത്തകളാണിവ. ആദ്യത്തേത്, മദ്യലഹരിയിൽ രണ്ടു പേർ, "എടുക്ക് ബീഫ് ഫ്രൈ" എന്ന് ആക്രോശിച്ചു കൊണ്ട് ഒരു യുവാവിനെ ആക്രമിച്ച് അയാൾ വാങ്ങിയ ബീഫ് ഫ്രൈ തട്ടിയെടുത്ത സംഭവമാണ്. അടുത്തത് ഇടുക്കിയിൽ ഇന്നലെ രാത്രി അഞ്ചംഗ സംഘം ഓഡർ ചെയ്ത ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ തല്ലുമാലയാണ്. അടുത്തത് അല്പം കൂടി കടന്ന് ഒരു കൊലപാതത്തിൽ കലാശിച്ച പരമ്പരാഗത കള്ളുഷാപ്പ് തർക്കമായിരുന്നു. ഇതിനോടൊപ്പം ചേർത്തു ചിന്തിക്കേണ്ടതാണ് കുറച്ചു മാസങ്ങൾക്കു മുൻപ് ഹോട്ടലുകളിൽ ഭക്ഷണം വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനൊടുവിൽ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസുകൾ. അതിൽ കത്തിക്കുത്തും കൊലപാതകവും ഉൾപ്പെട്ടിരുന്നു. ഈ ചോദിക്കാം,
ഈ നാടിനിതെന്തു പറ്റി?
പണ്ട് ചില കവലച്ചട്ടമ്പിമാർ നാടു വിറപ്പിച്ചിരുന്ന കഥകൾ പലതും നമ്മൾ കേട്ടിട്ടുണ്ട്. അത്തരം ചില കഥാപാത്രങ്ങൾ സിനിമകളിലും നിറഞ്ഞു നിന്നിരുന്നു. അവരെയൊക്കെ മര്യാദരാമന്മാരാക്കാൻ നമ്മുടെ പോലീസിന് നിഷ്പ്രയാസം സാധിച്ചിരുന്നു. പോലീസ് ജീപ്പ് കവലയിൽ രണ്ടു വട്ടം വച്ചാൽത്തന്നെ ഇത്തരം ചട്ടമ്പിമാർ മുയൽക്കുട്ടികളാകുന്ന കാഴ്ച്ച. അവരിൽ പലരും മദ്യം നൽകുന്ന വർദ്ധിത വീര്യത്തിൽ പ്രവർത്തിച്ചിരുന്നവരായിരുന്നു. എന്നാൽ ഇന്നു കഥ മാറി. പണ്ടൊരു മുറിപ്പിച്ചാത്തിയോ, പിച്ചാംകത്തിയോ അരയിൽ തിരുകിയാണ് ചട്ടമ്പികൾ നടന്നിരുന്നതെങ്കിൽ ഇന്ന് കത്തികൾ പോലും അഡ്വാവാൻഡ് ഡിസൈൻ ഉള്ളവയാണ്. മറന്നു കാണില്ലല്ലോ ആ പഴയ 'എസ് ' കത്തി. അതുകൊണ്ടും തീർന്നില്ല, ഇപ്പോൾ ഗുണ്ടകൾ അഥവാ അക്രമികളെ ലുക്ക് കൊണ്ട് തിരിച്ചറിയാൻ പ്രയാസമാണ്. അതുപോലെ പഴയ കാലത്തെപ്പോലെ ചാരായമല്ല ഇപ്പോൾ അക്രമങ്ങൾക്കു വീര്യം പകരുന്നത്. അതിൻ്റെ സ്ഥാനത്ത് കഞ്ചാവു മുതൽ എന്തുമാകാം എന്നതാണു സ്ഥിതി. അതോടെ സ്വബോധം നഷ്ടമാകുന്നവരാണ് ഒരു പൊതി ബീഫ് ഫ്രൈ ക്കു വേണ്ടി അക്രമം നടത്തുന്നത്.

ഇത്തരത്തിലുള്ള അടിപിടി കത്തിക്കുത്ത് കേസുകൾ വർദ്ധിക്കുന്നതിൻ്റെ യഥാർത്ഥ കാരണം ലഹരിമരുന്ന് സാർവ്വത്രികമായി ലഭിക്കുന്നു എന്നതാണ്. ഓരോ ദിവസവും എത്ര ലഹരിമരുന്ന് പിടികൂടൽ വാർത്തകളാണ് ആരും ശ്രദ്ധിക്കാതെ കടന്നു പോകുന്നത്? ഇപ്പോൾ ഏറ്റവും ഒടുവിൽ, വാടകയ്ക്ക് എടുത്ത ഫ്ലാറ്റിൻ്റെ അടുക്കളയിൽ വളർത്തിയ ,കഞ്ചാവുചെടികളെക്കുറിച്ചുവരെ വാർത്തയുണ്ട്. ദമ്പതികളോ, കാമുകീകാമുകന്മാരോ ആണ് കാരിയേഴ്സ് ആയി പിടികൂടുന്നവരിൽ ഏറെയും. പിടികൂടിയാൽ കുറഞ്ഞ അളവേ കൈയ്യിലുള്ളൂ എന്നുണ്ടെങ്കിൽ ശിക്ഷയുടെ കാഠിന്യം കുറവാണ് എന്ന പഴുതു പോലും പ്രയോജനപ്പെടുത്തിയാണ് ലഹരിമരുന്ന് മാഫിയയുടെ പ്രവർത്തനം. രാത്രി കാലങ്ങളിൽ തെരുവുകൾ ഇന്ന് ഇത്തരം അസാന്മാർഗികൾ കൈയ്യടക്കുന്ന കാഴ്ചയാണ്. അഭിമാനവും ജീവനും മുഖ്യമെങ്കിൽ ഒരു വാക്കു തർക്കത്തിന്നു മുതിരാതെ സ്വയം ഒഴിഞ്ഞു പോകുന്നതാണു ബുദ്ധി. അതുപോലെ രാത്രിയാത്രക്കാരെ ഉദ്ദേശിച്ചു പ്രവർത്തിക്കുന്ന വഴിയോര ഭക്ഷണശാലകളും തട്ടുകടകളും ഇന്ന് ഭീതിയുടെ നിഴലിലാണ് പ്രവർത്തിക്കുന്നത്. ഭക്ഷണം കഴിക്കാൻ വന്നു കയറുന്ന ഗ്രൂപ്പിൽ ഒരാൾ ലഹരിയ്ക്ക് അടിമയാണെങ്കിൽ അവർ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ചെറുതായിരിക്കില്ല. 
ഒരു പൊതി ബീഫ് തട്ടിയെടുത്ത മദ്യപർ നമുക്ക് വെറും ഒരു ചിരി ഉണർത്തുന്ന വാർത്തയായി മാറരുത്. അതിൻ്റെ പിന്നിലെ യഥാർത്ഥ കാരണം നമ്മളെ അസ്വസ്ഥരാക്കണം. എന്നാൽ മാത്രമേ ഇന്നു നമ്മുടെ നാടിനെ, നമ്മൾ പോലുമറിയാതെ കാർന്നുതിന്നുന്ന വലിയ വിപത്തിനെതിരെ എന്തെങ്കിലും ചെയ്യാൻ നമുക്കു സാധിക്കൂ.

ഇനിയും വാർത്തകൾ വരും.അതിൽ കത്തിക്കുത്തും, കൊലപാതകവും ഉണ്ടാകും. മിക്കപ്പോഴും ജീവൻ പോകുന്നതു നിരപരാധികളുടേതാകും. ബീഫ് ഫ്രൈയും, ഫ്രൈഡ് റൈസിലെ ചിക്കനും കാരണങ്ങളായി തുടരും. അല്ല, പപ്പടത്തിനാകാമെങ്കിൽ, അതിലുമൊട്ടും മോശക്കാരല്ലല്ലോ ചിക്കനും ബീഫുമൊക്കെ.

Join WhatsApp News
പി പി മാത്യു 2022-09-16 12:46:35
ലഹരിമരുന്നിന്റെ ലഭ്യത ഇത്ര സുഗമമാവാൻ കാരണം തന്നെ ലഹരി മാഫിയക്ക് പോലീസ് സംരക്ഷണമുണ്ട് എന്നതാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക