Image

കൗണ്ട്  ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 17 September, 2022
കൗണ്ട്  ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

പിണറായിയും ആരിഫ് ഖാനും  തമ്മിലുള്ള പോരാട്ടം രൂക്ഷമായി എന്നല്ലേ മാധ്യമങ്ങള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് തോന്നുക. എന്നാലേ,  പ്രശ്‌നങ്ങള്‍ ഇതാ ഒത്തു തീരാന്‍ പോകുന്നു. അതിനുള്ള ആചാരവെടി ആയിരുന്നു പിണറായിയുടെ ഇന്നലത്തെ പത്രസമ്മേളനം. ആ ഒരൊറ്റ ഡോസ് മതി ആരിഫ് സാര്‍ വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയാന്‍. അത് പിണറായിക്ക് മാത്രമല്ല നമുക്കും അറിയാം . ഇന്ന് എന്തൊക്കെയാണ് ക്ഷുഭിതനായ  ഗവര്‍ണര്‍ തന്റെ സ്ഥാനവും മാനവും മറന്നു ഉറഞ്ഞു തുള്ളിയത് ! ഇനി  ഗവര്‍ണറുടെ കൗണ്ട്ഡൗണ്‍ നമുക്കൊക്കെ കാണാം . 

ഇതെല്ലാം മാധ്യമങ്ങളിലൂടെ അറിയുന്ന കേരളം ചോദിക്കുന്ന ചോദ്യങ്ങളും പിണറായിക്ക് അറിയാം. അത് താഴെ പറയുന്ന വിധം ആകുമെന്ന് പിണറായിക്ക് അറിയാം. ആ ചോദ്യങ്ങള്‍ ഇങ്ങനെയല്ലേ ? 

ഇങ്ങനെയുമുണ്ടോ ഒരു ഗവര്‍ണര്‍ ? എല്ലാത്തിനും വേണ്ടേ  ഒരു അടക്കവും ഒതുക്കവും ? ഒരു നിയമസഭയെക്കാള്‍ വലുതാണോ ഗവര്‍ണര്‍ ? സാങ്കേതികമായി ഒരു ഒപ്പ് വേണം എന്നത് ശരി തന്നെ. അത് വച്ച് നിയമസഭയുടെ ഒരു തീരുമാനത്തെ  കണ്ണടച്ച് എതിര്‍ക്കാന്‍ ഇദ്ദേഹത്തിന് എങ്ങനെ പറ്റും ?മുഖ്യമന്ത്രിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞു രാഷ്ട്രീയം പറയാന്‍ അദ്ദേഹം എന്താ  പ്രതിപക്ഷ നേതാവോ? ഗവര്‍ണര്‍ കുറച്ചധികം സംസാരിക്കുന്നതായി നമുക്കെല്ലാം തോന്നിത്തുടങ്ങിയില്ലേ ? ഇനി ബംഗാളില്‍ നടന്നതുപോലെ മുഖ്യമന്ത്രിയോട്  കലഹിച്ചും ബഹളം വച്ചും കൂടുതല്‍ ഉന്നതസ്ഥാനം മോഹിച്ചാണോ ഈ 'അതി'പ്രസംഗം ?

ഗവര്‍ണറുടെ പ്രശ്‌നം മുഖ്യമന്ത്രി ഫോണ്‍ എടുക്കാത്തതാണോ ? വിളിച്ചാല്‍ മുഖ്യമന്ത്രി തിരിച്ചു വിളിക്കാത്തത് ആണോ? മുഖ്യമന്ത്രിക്ക് പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്ന് അറിയാത്തതു കൊണ്ടാണോ ? കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ കലാപം ഉണ്ടായതിന്റെ  പിന്നില്‍ മുഖ്യന്‍ ഉണ്ടോ എന്ന സംശയം ആണോ ? മുഖ്യമന്ത്രി തന്നോട് സംസാരിക്കാതെ മാധ്യമങ്ങളോട് പറയുന്നുവെന്ന് ഗവര്‍ണറുടെ  ആക്ഷേപം കേട്ടാല്‍ ഇദ്ദേഹം എല്ലാം വിളമ്പുന്നതും മാധ്യമങ്ങളോട് അല്ലേ ? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍ മുഖ്യനു  മാത്രമല്ല,  ഞങ്ങള്‍ക്കും തോന്നുന്ന മട്ടിലാണ് ഗവര്‍ണറുടെ പൊട്ടിത്തെറികള്‍  പറയുന്നതൊക്കെ ന്യായം ആകാം പക്ഷേ പറയുന്ന രീതി ഇങ്ങനെയാണോ വേണ്ടതെന്ന് ഞങ്ങളും ചോദിക്കുന്നു. 

ഈ പൊട്ടിത്തെറി പിണറായി പ്രതീക്ഷിച്ചത് ആണെന്നതാണ് രസകരം. അതിനാണ് ദീര്‍ഘമായ മൗനം വെടിഞ്ഞ് പിണറായി സഖാവ് ഒരു വെടിപൊട്ടിച്ചത്. ഇതോടെ കാടിളകും. ഇ.പിയെ  പോലുള്ളവര്‍ ഇറങ്ങി ഗവര്‍ണര്‍ തസ്തിക തന്നെ വേണോ എന്നുവരെ ചോദിച്ചു  ആകെ കുളമാക്കും .  ഒപ്പം എം.വി  ജയരാജനും കൂടി ഇറങ്ങിയാല്‍ ആരിഫ്  സാര്‍ ചെവി പോത്തേണ്ടിവരും. പിന്നെയാകും  അനുരഞ്ജനം. ഇതൊക്കെ പിണറായി സഖാവിന്റെ കളിയാണ് മാഷേ. ഷിപ്രകോപികളെ തളച്ചിടാന്‍ ആദ്യം ഒന്നു പ്രകോപിപ്പിക്കണം . വായില്‍ വരുന്നതൊക്കെ അപ്പോള്‍ വിളിച്ചുപറയും. പറഞ്ഞത് അധികമായിയല്ലോ എന്ന  തോന്നല്‍ സ്വയം ഉണ്ടാകുമ്പോഴേക്കും മൂഡ് ആകെ മാറും. പിന്നെ ആള്ക്ലിയര്‍ .

ഇന്നലത്തെ പിണറായി സഖാവിന്റെ 'പൊട്ടിത്തെറി' വളരെയേറെ ആലോചിച്ചും  വേണ്ടപ്പെട്ടവരോട്  ചര്‍ച്ച ചെയ്തു ഉറപ്പിച്ചു പ്ലാന്‍ ചെയ്തും പറഞ്ഞതാണെന്ന് നമുക്കൊക്കെ അറിയാമെങ്കിലും  ആരിഫ് മുഹമ്മദ് ഖാന് അത് തനിക്കെതിരെ എറിഞ്ഞ് 'പിണറായി വല'യാണെന്ന് മനസ്സിലായില്ല. ഇനി ആരിഫ്  ഖാന്‍  ഡിഫന്‍സിലാകും .  പിണറായി വിചാരിച്ചത് തന്നെ നടക്കും. ലോകായുക്ത ബില്ലു  കൂടി പിടിച്ചു വച്ചാല്‍ പിണറായി വഴിക്ക് വരും എന്നായിരിക്കും ആരിഫിന്റെ ഉപദേശകരുടെ ബുദ്ധി. ഒരു കാര്യം ചെയ്യുമ്പോഴും പറയുമ്പോഴും അതുമൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും വിലയിരുത്തി പിണറായി കളിക്കൂവെന്ന്  നമുക്കൊക്കെ അറിയാം ആരിഫ്  സാറിനും ഉപദേശകര്‍ക്കും അത് അറിയാതെ പോയി . ബില്ലില്ലാതെ തന്നെ ഏതു ലോകായുക്തയെ തല്‍ക്കാലം പിടിച്ചുനിര്‍ത്താന്‍ പിണറായിക്ക് അറിയാം. അത് ആരിഫ് സാറിന് പതുക്കെ മനസ്സിലാകും. 

വാല്‍ക്കഷണം :  ഇക്കഴിഞ്ഞ ആറുമാസം നന്നാക്കിയ 148 റോഡുകളില്‍ 67 റോഡുകളിലും കുണ്ടും കുഴിയാണെന്നു  കണ്ടെത്തി. മഴ തിമിര്‍ത്തു പെയ്യുന്ന കാലം ആയതിനാല്‍ അതിന്റെ പേരില്‍ കരാറുകാര്‍ ശരിക്കും  മുതലെടുക്കുകയായിരുന്നു എന്ന് വ്യക്തം. അതിന് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു. റിയാസ് മന്ത്രി എന്ന നിലയില്‍ ചെയ്യേണ്ടത് ഒക്കെ ഭംഗിയായി ചെയ്തു. കൂടെയുള്ളവര്‍ ആ കുടം ശരിക്കും ഒടുവില്‍ ഉടച്ചു കളയുകയും ചെയ്തു. ഇപ്പോഴെങ്കിലും സുധാകരന്‍ സാര്‍ ഉദ്യോഗസ്ഥരെ നമ്പാത്തതിന്റെ  രഹസ്യം പിടികിട്ടിയോ ? റിയാസ് മന്ത്രിക്ക് ഇതൊരു പാഠമാവും.  

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക