മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കബാവ അമേരിക്കൻ ഭദ്രാസന സന്ദർശനം ആരംഭിച്ചു. വളരെ തിരക്കിട്ട പരിപാടികളുമായിട്ടാണ് സഭയുടെ അമേരിക്കയിലുള്ള രണ്ടു ഭദ്രാസങ്ങൾ ഒരുക്കുന്ന വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത്. സഭയുടെ ഭരണച്ചുമതല ഏറ്റെടുത്തശേഷം ആദ്യമായിട്ട് അമേരിക്കൻ മണ്ണിൽ എത്തിച്ചേരുമ്പോൾ, നാടുവിട്ടു അമേരിക്കൻ മണ്ണിൽ ചേക്കേറിയ വിശ്വാസികളും അമേരിക്കയിൽ ജനിച്ചുവീണ അവരുടെ പുതിയ തലമുറയും ഒരുപോലെ ഈ സന്ദർശനം നോക്കിക്കാണുന്നത് പുത്തൻ പ്രതീക്ഷയുമായിട്ടാണ്. കേരളത്തിലെ കലുഷതമായ കക്ഷിവഴക്കുകളുടെ പരുക്കുകൾ അമേരിക്കയിൽ ഇല്ല എങ്കിലും, കാലമേറെ ആയെങ്കിലും നാട്ടിലെ ഓരോ സംഭവങ്ങളും നീക്കങ്ങളും വിദേശ വിശ്വാസികളിൽനിന്നും അടർത്തിമാറ്റാൻ കഴിഞിട്ടില്ല. പ്രവാസി വിശ്വാസികളുടെ പ്രതേകതരം മാനസീക അവസ്ഥകൾ, അവർ നേരിടുന്ന പുതിയ വെല്ലുവിളികൾ ഒക്കെ പരിശുദ്ധ ബാവയുമായി പങ്കുവെയ്ക്കുകയാണ് മാധ്യമ പ്രവർത്തകനായ കോരസൺ വർഗീസ്. കാതോലിക്കാബാവയുടെ പ്രഥമ അമേരിക്കൻ പര്യടനത്തിൽ ഈ അഭിമുഖം പുനഃ പ്രസിദ്ധീകരിക്കുന്നതിന് ഇ-മലയാളിക്ക് സന്തോഷമുണ്ട്. - പത്രാധിപർ.
മതത്തിനപ്പുറമായ സ്‌നേഹത്തിന്റെ മാനവീകതയിലേക്കു
മലങ്കര ഓർത്തഡോൿസ് സഭാ അദ്ധ്യക്ഷൻ മനസുതുറക്കുന്നു.
മലങ്കര ഓർത്തഡോൿസ് സഭ ലോകത്തിൽ ആറുപതില്പരം രാജ്യങ്ങളിലായി വ്യാപിക്കയും പ്രവാസ-കുടിയേറ്റ ഭൂമിയിൽ അവരുടെ സാന്നിധ്യം അടയാളപ്പെടുത്തുകയും ചെയ്തപ്പോൾ പുതിയ തലമുറയെ കേരളത്തിൽ നിന്നും കാണുകയും അറിയുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സംഭാഷണം.
പ്രവാസികളായി തുടർന്നതിനുശേഷം നാട്ടിൽ മടങ്ങിയെത്തുന്നവരുടെ മാനസീക അവസ്ഥയല്ല കുടിയേറ്റക്കാരായി മറ്റുരാജ്യങ്ങളിൽ നിലയുറച്ചുകൊണ്ടു കേരളത്തിലെ സഭയെ നോക്കിക്കാണുന്നവർ. പ്രവാസികളും കുടിയേറ്റക്കാരുമായി വർദ്ധിച്ചുവരുന്ന പുതിയ തലമുറയോടുള്ള സന്ദേശം എന്താണ്?
പ്രവാസികളും കുടിയേറ്റക്കാരും തങ്ങൾ എത്തിച്ചേർന്ന പുതിയ ഇടങ്ങളിലെ സംസ്കാരവും സാഹചര്യങ്ങളുമായി ഇഴുകിച്ചേരുമ്പോഴും സഭയുടെ വിശ്വാസങ്ങളിലും അടിസ്ഥാനതത്വങ്ങളിലും അണുവിട വിട്ടുവീഴ്ച്ച ചെയ്യാതെ ആത്മാർഥമായി സഭാജീവിതം അനുഷ്ഠിക്കുന്നവരാണ്. അത് അത്യധികം സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ്. അവരുടെ ജീവിതം നേരിട്ടുകണ്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അഞ്ചുപേരെയുള്ളെങ്കിലും അവർ ഒരു ആരാധനാ ക്രമീകരണം ഉണ്ടാക്കാൻ തയ്യാറാവുകയും പ്രവർത്തിക്കയും ചെയ്യാറുണ്ട്. അങ്ങനെ തുടങ്ങിയ കൂട്ടങ്ങൾ വലിയ ഇടവകളായിത്തീർന്നതു കാണാനായിട്ടുണ്ട്.
മലങ്കര ഓർത്തഡോൿസഭ ഇന്ന് ആഗോള സഭയായി രൂപപ്പെട്ടുകഴിഞ്ഞു. സഭയുടെ പരമാദ്ധ്യക്ഷൻ എന്ന നിലയിൽ, ഒരു യൂണിവേഴ്സൽ ചർച്ച് എന്നരീതിയിൽ സഭയെ എങ്ങനെ നോക്കിക്കാണുന്നു?
യൂണിവേഴ്സൽസഭ എന്നതിനേക്കാൾ ആഗോളസഭ എന്നുപറയാനാണ് താല്പര്യം. മുപ്പതു ഭദ്രാസനങ്ങളിലായി ലോകം മുഴുൻ വ്യാപിച്ചുകിടക്കുന്നു. എല്ലാ സഭാമക്കളും സഭയുടെ വിശ്വാസത്തിൽ അടിയുറച്ചു പോകണം എന്നാണ് എനിക്ക് പറയാനുള്ളത്. കാലദേശമായി വരുന്ന മാറ്റങ്ങൾ സഭാ ആചാരങ്ങളിൽ ഉണ്ടായിട്ടുണ്ട്. നാലാം നൂറ്റാണ്ടിൽ എത്തിയ സുറിയാനി ആരാധനാക്രമവും, പത്തൊൻപതാം നൂറ്റാണ്ടിൽ ചേര്‍ച്ചവരുത്തിയ പാശ്ചാത്യ സുറിയാനിക്രമങ്ങളും നമ്മുടെ പ്രാദേശികമായ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് നടപ്പിലാക്കിയത്. അതുപോലെ ഓരോ പ്രദേശത്തെയും രീതികൾ ഉൾക്കൊണ്ടുകൊണ്ട് വിശ്വാസത്തിൽ കാതലായ മാറ്റങ്ങൾ വരുത്താതെ പോകണം എന്നാണ് എനിക്ക് പറയാനുള്ളത്.
കേരളത്തിലെ പൊതുജീവിതത്തിൽ താല്പര്യമില്ലാതെ നമ്മുടെ യുവാക്കൾ എങ്ങനെയും നാടുവിട്ടുപോകാൻ ശ്രമിക്കുമ്പോൾ നമ്മുടെ രാഷ്ട്രീയ സ്വാധീനശക്തി നഷ്ട്ടപ്പെടുകയല്ലേ?
അങ്ങനെ പറയുന്നതിനോട് പൂർണമായി യോജിക്കാനാവില്ല. യുവാക്കൾ നാടുവിടുന്നത് സഭയോടോ രാജ്യത്തോടോ ഉള്ള താല്പര്യക്കുറവുകൊണ്ടല്ല. അവസരങ്ങളുടെ ലഭ്യതക്കുറവ് , മത്സരരംഗത്ത് പിടിച്ചുനിൽക്കാനുള്ള പ്രയാസം, അല്ലെങ്കിൽ അവസരങ്ങളുടെ ലഭ്യത ഒക്കെയാണ് അവർ പുതിയ നാടുകൾ അന്വേഷിച്ചു പോകുന്നത്. ആശങ്കക്ക് കാരണമില്ല. ജനനിരക്കിലെ കുറവ് പഠനവിഷയം ആണ്.
ഏറ്റവും അടുത്ത പള്ളി, ഏറ്റവും ചുരുങ്ങിയ ക്രമങ്ങൾ എന്നിങ്ങനെ പുതിയ തലമുറ ചിന്തിച്ചുതുടങ്ങുമ്പോൾ നമ്മുടെ ആരാധനാരീതിയിൽ എന്തെങ്കിലും പരിഷ്‌കാരങ്ങൾ?
പഴയ തലമുറ വളരെ കഷ്ട്ടപെട്ടുതന്നെയാണ് പള്ളികൾ അവിടവിടെയായി ക്രമപ്പെടുത്തിയതെങ്കിൽ അവരുടെ ചില നടപ്പുദോഷങ്ങൾ പുതിയ തലമുറയ്ക്ക് ഉൾക്കൊള്ളാനാവില്ല. അവരെ കൂടുതൽ ഉൾപ്പെടുത്തി, സഹകരിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകുകയാണ് അഭികാമ്യം. പുതിയ തലമുറ വളരെ ലളിതവും ഹൃദയംതുറന്ന ചിന്താഗതിയും ഉള്ളവരാണ്.
മെത്രാപ്പോലീത്താമാരുടെ സ്വകാര്യ ട്രസ്റ്റുകൾ, സമ്പാദ്യങ്ങൾ, പണമിടപാടുകൾ ഒക്കെ ആളുകൾ സംശയത്തോടെ നോക്കികാണുമ്പോൾ തിരുമേനിയുടെ പുതിയ ഭരണസംവിധാനത്തിൽ എന്തെങ്കിലും മാറ്റങ്ങൾ പ്രതീക്ഷിക്കാമോ?
കണക്കുകൾ ട്രാൻസ്പെരന്റ് ആകണം എന്ന് ഞാൻ പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. നമുക്ക് നിസ്വാർത്ഥമായ ഒരു സംസ്കാരം ഉണ്ടാവണം. സമൂഹത്തിൽ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വല്ലാതെ വർദ്ധിച്ചു. കർത്താവിന്റെ ശിഷ്യൻ എന്ന നിസ്വാർത്ഥ സമീപനം നമുക്കാർക്കും ഇന്ന് ഉൾക്കൊള്ളാനാവില്ല. നമുക്ക് വളരെയധികം താലന്തുകൾ ലഭിച്ചിട്ടുണ്ട്, അത് മറ്റുള്ളവർക്ക് കൂടി പങ്കിടുവാനുള്ള സന്നദ്ധതയാണ് ഉണ്ടാവേണ്ടത്. നമ്മുടെ മനസ്സുകൾ തഴമ്പിച്ചുപോയി.
സഭയുടെ തലവൻ ആരാണ്? മലങ്കര സഭയിൽ പാത്രിയർക്കിസിന്റെ സ്ഥാനം എന്താണ്?
ക്രിസ്തുവാണ് സഭയുടെ തലവൻ, ബാക്കിയുള്ളവർ ഒക്കെ ക്രിസ്തുവിന്റെ സ്ഥാനികൾ മാത്രം. ഏതു പേരിൽ വിളിച്ചാലും. മലങ്കര ഓർത്തഡോൿസഭ മാർത്തോമയുടെ പൗരോഹിത്യ പാരമ്പര്യത്തിൽ ഉണ്ടായതാണ്. പലസഭകളിൽ നിന്നും നമ്മൾ രീതികൾ ഉൾക്കൊണ്ടിട്ടുണ്ട്. നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന ആരാധനാ ക്രമം 1809 ലാണ് ആവിഷ്കരിച്ചത്. 18 നൂറ്റാണ്ടുകൾ അന്ത്യോക്യൻ ആരാധനാരീതി നമ്മൾ ഉപയോഗിച്ചിരുന്നില്ല. കേവലം രണ്ടു നൂറ്റാണ്ടുകൾ മാത്രം ഉപയോഗിച്ച പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിന്റെ പേരിൽ അധികാരവും അവകാശവും ഉണ്ടെന്നു വാദിച്ചാൽ ഒരു കോടതിയും അത് അംഗീകരിക്കില്ല. ഒരാളുടെ വീട് ജപ്തി ചെയ്യാൻ തുടങ്ങിയപ്പോൾ നമ്മൾ അവന്റെ കടം നികത്തികൊടുത്തതിന്റെ പേരിൽ അവന്റെ സ്വത്തും ഭാര്യയും മക്കളും ഒക്കെ നമുക്ക് അവകാശപ്പെട്ടതാണെന്ന് പറയാൻ കഴിയുമോ? അതെന്തു നീതിയാണ്? മലങ്കര സഭയുടെ പരമാധികാരി കാതോലിക്കോസ് ആണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ് കോമൺവെൽത്തിലെ രാഞ്ജിയുടെ സ്ഥാനം പോലെ പാത്രിയർക്കിസിന്റെ ബഹുമാനസൂചകമായ സ്ഥാനം നാം അംഗീകരിക്കുന്നു. ഒന്നാം തുബദെനിൽ നമ്മുടെ പാത്രിയർക്കീസന്മാരായ ഇഗ്നാത്തിയോസും ബസേലിയോസും എന്നാണ് പറയുന്നത്. അത് സുറിയാനിക്കാർ എഴുതിയതാണ്, നമ്മൾ കൂട്ടിച്ചേർത്തതല്ല.
മലങ്കരയിലെ കക്ഷിവഴക്കിൻറെ പ്രധാന കാരണം അന്ത്യോക്യൻ പാത്രിയർക്കിസ് ആണോ?
പാത്രിയർക്കിസിന്റെ ഇടപെടലുകൾ ആണ് പ്രധാന കാരണം അല്ലാതെ ഇവിടുത്തെ ആളുകൾ അല്ല. ഇല്ലാത്ത അധികാരം ഉണ്ട് സ്ഥാപിക്കാനുള്ള ശ്രമമാണ്, അത് അവിടുത്തെ ആളുകൾ തിരിച്ചറിഞ്ഞു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പാത്രിയർക്കിസ് വിചാരിച്ചാൽ മാത്രമേ മലങ്കരയിൽ സമാധാനം ഉണ്ടാവുകയുള്ളൂ. നമ്മുടെ ഭരണഘടനയും കോടതിവിധികളും അംഗീകരിക്കണം.
എന്തുകൊണ്ട് കുറച്ചൊക്കെ വിട്ടുകൊടുത്തുകൂടേ? അവർകൂടി ഉണ്ടാക്കിയ പള്ളികളല്ലേ?
മലങ്കരസഭ ഒന്നാണ്, ഇത് ആർക്കും വിട്ടുകൊടുക്കേണ്ട ആവശ്യമില്ല. സഭയുടെ ഭരണഘടന അനുസരിച്ചു ഭരിക്കപ്പെടണം എന്നു അംഗീകരിച്ചുകഴിഞ്ഞാൽ പിന്നെ ആർക്കും വീതംവച്ചു പിരിയേണ്ട കാര്യമുണ്ടോ? ഒരു ട്രസ്റ്റിനുള്ളിലുള്ള പള്ളികൾ ഇന്ത്യൻ പ്രെസിഡന്റിനുപോലും ആർക്കും എടുത്തുകൊടുക്കാനാവില്ല. എന്തുകൊണ്ട് കോടതിവിധികൾ അംഗീകരിച്ചുകൊണ്ട് ഒന്നായിനിൽക്കാൻ എന്താണ് ബുദ്ധിമുട്ട് ? എന്താണ് എതിർപ്പിന്റെ കാരണം?
സർക്കാർ ഇടപെട്ടു ഒരു ഓർഡിനെൻസ് വഴി പള്ളികൾ ഭൂരിപക്ഷാടിസ്ഥാനത്തിൽ വീതംവച്ചാലോ? അതിനുള്ള സാദ്ധ്യതകൾ?
അതിനു യാതൊരു സാധ്യതയുമില്ല. പള്ളികളുടെ അവകാശം ഇടവകക്കാർക്കാണ് എന്ന അവരുടെ സുപ്രീം കോർട്ട് വാദം ഞാൻ നേരിട്ടു കേട്ടതാണ്. ആ വാദങ്ങൾ സുപ്രീം കോർട്ടിലെ എല്ലാ ബെഞ്ചുകളും തള്ളിക്കഞ്ഞ സംഗതിയാണ്. ആർജ്ജവത്വമുള്ള, നീതിബോധമുള്ള ഒരു ഗെവർണ്ന്മേന്റ് സുപ്രീംകോടതിവിധിക്കെതിരായ ഒരു ഓർഡിനെൻസ് കൊണ്ടുവരുമെന്ന് തോന്നുന്നില്ല.
സഭയുടെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ?
ശാശ്വത സമാധാനം, വ്യവഹാര രഹിതമായ സഭ, ഫോർ ദി ഹാർമണി ആൻഡ് പീസ് ഫോർ ദി ചർച്, വീ ആർ റെഡി റ്റു അക്‌സെപ്റ്റ് ദി പാട്രിയർക്ക് എന്ന് ഞാൻ പറഞ്ഞല്ലോ. പക്ഷെ എന്റെ സഭയുടെ അടിസ്ഥാന തത്വത്തെ ബലികഴിച്ചുകൊണ്ടു പറ്റില്ല. സഭ ഇന്ന് ആഗോളമായ ഒരു വലിയ ദൗത്യം നിർവഹിക്കുന്നതായ സമയത്തു ഇന്ന് സഭക്കുള്ള സ്ഥാനം എല്ലാം ഉന്നതമായിമാറും. സഭ സമൂഹത്തിന്റെ ഉപ്പും വെളിച്ചവുമായി മാറും, സഭക്ക് ഒരു വലിയ ഭാവിയുണ്ട്. എത്ര നമ്പറുകൾ കുറവായാലും ഇന്ത്യയിലെ എല്ലാ ക്രിസ്ത്യൻ സഭകളിലും ഒന്നാമതായി മലങ്കര ഓർത്തഡോൿസ് സഭ വളരും. പക്ഷെ അതിനുള്ള ഒരു കമ്മിറ്റ്മെന്റ് സഭാമക്കൾക്കു ഉണ്ടാവണം.
മതാതീതമായ ഒരു സാമൂഹിക ഇടപെടൽ എവിടേയോ നഷ്ട്ടപെട്ടില്ലേ?
ഇടപെടുന്ന സാമൂഹിക മേഖലകളിൽ ഒരിക്കലും മതമോ മറ്റു അടയാളങ്ങളോ പരിമിതപ്പെടുത്താറില്ല. രോഗത്തിന് മതമില്ല, അപ്പോൾ സ്നേഹത്തിനും മതമില്ലല്ലോ. മതത്തിനപ്പുറത്തായി സ്നേഹത്തിനു ഒരു സ്കോപ്പ് ഉണ്ട്. ആ സ്കോപ്പ് നാം എക്‌സ്‌പ്ലോർ ചെയ്യണം എന്നാണ് എന്റെ ആഗ്രഹം.
വിശദമായ അഭിമുഖം കാണുവാനായി താഴെയുള്ള ലിങ്കിൽ വിരലമർത്തുക.