ഞാനും ഞാനുമെൻ്റാളും, ആ നാൽപത് പേരും, പൂമരം കൊണ്ട്, കപ്പലുണ്ടാക്കി. നാൽപത് പേരും ശിഷ്യന്മാരും ഒന്നിച്ച് നോക്കി; എന്തൊരു ഭംഗി, എന്തൊരഴക്.
ഞാനും ഞാനുമെൻ്റാളും ആ നാൽപത് പേരും... ഇവിടെ കപ്പലല്ല കടത്തുവള്ളമാണ് ആടുന്നതും ഉലയുന്നതും... കടലുണ്ടി നഗരത്തിൽനിന്ന് ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്കൂളിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളോട് നിങ്ങളുടെ സാരോപദേശം ഒന്നും നടത്തിയിട്ട് ഒരു കാര്യവും ഇല്ല... ആ കടത്തുവള്ളം ദിനേന മറിയാതെ സുരക്ഷിതമായി അക്കരെപ്പറ്റുന്നത് റബ്ബ് സുബ്ഹാനയുടെ ഖുദ്റത്ത് തന്നെ. മരണത്തെ മുഖാമുഖം കണ്ടുകൊണ്ട്.. കടത്തുകാരൻ ഇസ്മയിൽട്ടിക്ക എത്ര പറഞ്ഞാലും പേടിപ്പിച്ചാലും പേടിക്കാത്ത ഒരു വല്ലാത്ത വർഗം.. പിന്നെയും കാണാം... ഞാനും ഞാനുമെൻ്റാളും, എന്തൊരു ചന്തം എന്തൊരു ഭംഗി... എന്ന താളത്തിൽ തോണി ആട്ടിക്കൊണ്ടിരിക്കും. പലപ്പോഴും തോണി മറിഞ്ഞു എന്നു തന്നെ തോന്നും... എൻ്റാളും 40 ശിഷ്യരും ആടിയുലയുന്ന തോണിയിലും ഉറഞ്ഞു തുള്ളും. ആരാണ് ഈ ഞാനും ഞാനും എന്നറിയാമോ? അതാണ് :
പരപ്പനങ്ങാടി മനക്കൽ അഹമ്മദ് ഇസ്മായിൽ സദക്കത്തുല്ല. മനക്കലൂരിലെ പുകഞ്ഞ കൊള്ളി. രണ്ടിൽ ഒന്നാമൻ. AIR എന്ന മുതുതലയുടെ തൊട്ടുതാഴെ ഒരു ഇരട്ടകൾ...
ആ രണ്ടിൽ ഒന്നാമനാണ് ഈ വിക്രമൻ..
അതെ നാൻ ആണയിട്ട ആൾ അതു നടന്തുവിട്ടത് തന്നെ. പൊട്ടിത്തെറിപ്പിൻ്റെ വിക്രമാദിത്യൻ... കടലുണ്ടി കടവ് മുതൽ ചാലിയം വരെയുള്ള മാവായ മാവെല്ലാം എറിഞ്ഞു കൊഴിക്കുന്നവരുടെ നേതാവും ഇങ്ങേരു തന്നെ. എത്ര വീടുകളുടെ ഓടുകളാണ് എവന്മാർ എറിഞ്ഞു തകർത്തത്!
എന്നാലും പഠിപ്പിൻ്റെ കാര്യത്തിൽ കുഴപ്പം പറയാൻ വയ്യ. രണ്ടാമൻ മഹാമണ്ടൻ പുരുഷോത്തമൻ... കണക്കിൽ പലപ്പോഴും ഈ ചേട്ടൻ ബാവ പത്തിൽ ഒമ്പത് മാർക്ക് വാങ്ങുമ്പോൾ അനിയൻ ബാവ വാൽ ഇല്ലാത്ത ഒമ്പതു കൊണ്ട് തൃപ്തനാവേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ഈ ഇരട്ടകൾ സ്കൂൾ ഫൈനൽ വരെ കളിച്ചും അടിച്ചും കടിച്ചു കീറിയും മനക്കലൂരിനെ ധന്യമാക്കി എന്നു തന്നെ വേണം പറയാൻ. സ്വഭാവവും പ്രകൃതവും ഇരുവരുടേയും വ്യത്യസ്തമായിരുന്നു. മിക്കപ്പോഴും വിപരീതവും.
ഒരിക്കൽ കോഴിക്കോട്ടേക്കുള്ള ഒരു യാത്രയിൽ ആനക്കുണ്ട് സ്റ്റോപ്പിൽ ഇറങ്ങേണ്ടിയിരുന്ന ഒരു കോട്ടയത്തുകാരൻ പെട്ടെന്ന് "ഹോയ്യോ എനിക്ക് ആനക്കുണ്ടീല് ഇറങ്ങണമായിരുന്നല്ലോ" എന്ന് അട്ടഹസിക്കുന്നത് കേട്ട്, അയ്യേ അവിടെ വണ്ടി നിർത്തൂല എന്ന് ചേട്ടൻ ബാവ...
അതിനിടെ തിരക്കുള്ള ബസ്സിൽ ആരുടെയോ കൈ തട്ടി ബെൽ അടിഞ്ഞപ്പോൾ രസികനായ കിളി ആരാണ്ട മണിമൽ കളിക്കണ്? അവിടെയാണ് അനിയൻ ബാവയുടെ കമൻ്റ്:
കണ്ടക്ടറെ അത് ആനക്കുണ്ടീൽ ഇറങ്ങാൻ കഴിയാത്ത അരിശം തീർത്തതാണ്... വിട്ടോ വണ്ടി.
മനക്കലൂരിലെ രണ്ടാം കാര്യവാഹക്. പലപ്പോഴും വിനാശ കാലേ വിപരീതബുദ്ധി പോലും കാണിക്കാത്ത ഒരു കാര്യവാഹക്. ആരെയും എന്തിനെയും കണ്ണിന്മേൽ എടുക്കുന്ന ഈ ഫൽഗുണൻ മറ്റു പല വിഷയങ്ങളിലും സൽഗുണൻ ആണ്. വിശിഷ്യാ ആളുകളുമായി നടത്തുന്ന ഇടപാടുകളുടെ കണക്കുകൾ കൃത്യമായി രേഖപ്പെടുത്തി വെക്കുന്നതിലും അത് കൃത്യമായി യഥാസമയം അടച്ചു തീർക്കുന്നതിലും ബദ്ധശ്രദ്ധനായിരിക്കും ഇദ്ദേഹം. ചാലിയം ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ഉച്ചഭക്ഷണം സ്ഥിരമായി കഴിച്ചിരുന്ന റസ്‌റ്റോറൻ്റിലെ കുടിശ്ശിക ഒരുപാട് വർഷങ്ങൾക്കു ശേഷം കൊണ്ടുപോയി കൊടുക്കുന്നതിൽ കാണിച്ച ശുഷ്കാന്തി ഒരു വികൃതിപ്പയ്യൻ്റെതായിരുന്നില്ല. ഒരു ഇരുത്തംവന്ന സാത്വികൻ്റേത് ആയിരുന്നു. കുട്ടികളുടെ സ്വതസിദ്ധമായ വികൃതിയുടെ ഭാഗമായി വീട്ടിൽനിന്ന് വാങ്ങി പുട്ടടിച്ചുപോയ കാശായിരുന്നു അത്.
കടലുണ്ടി നഗരത്തിൻ്റെ ചരിത്രം പറയുമ്പോൾ മണ്മറഞ്ഞു പോയ ഒരു നിശബ്ദ സേവകൻ പറയപ്പെടാതിരുന്നുകൂടാ. കുടുക്കിൽ കോയസൻ മൗലവി. ഒരു കറകളഞ്ഞ സലഫി പണ്ഡിതൻ. ഒരുവിധ വിട്ടുവീഴ്ചയും ഇല്ലാത്ത വഹാബി! ഖുർആനിലും ഹദീസിലും പറഞ്ഞ കാര്യങ്ങളോട് വല്ലാത്ത പ്രതിബദ്ധത കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ പരമ്പരാഗത മുസ്‌ലിയാക്കന്മാരെ നമസ്കാരാദി കാര്യങ്ങളിൽ ഒട്ടും
പിന്തുടരുകപോലും ചെയ്യുമായിരുന്നില്ല.
1977 ഏപ്രിൽ മാസത്തിൽ 84 വയസ്സിൽ
ആ ജീവിതം അസ്തമിച്ചു.
അദ്ദേഹത്തിൻ്റെ മക്കളാണ് പ്രസിദ്ധ എഴുത്തുകാരനായ മർഹൂം കെ.കെ. അഹമ്മദ് മദനിയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് റിട്ടയർ ചെയ്ത കെ.
അബ്ദുല്ല സാഹിബും. കടലുണ്ടി നഗരത്തിൽ മുജാഹിദ് പ്രസ്ഥാനം വളർത്തുന്നതിൽ അശ്രാന്ത പരിശ്രമം നടത്തിയ ആളാണ് അബ്ദുല്ല സാഹിബ്.
ഇന്ന് കടലുണ്ടി നഗരത്തിൻ്റെ മുഖംതന്നെ ഏറെക്കുറെ മാറിയെന്നു വേണം പറയാൻ. മുജാഹിദുകൾക്ക് സ്വന്തമായി പള്ളിയും മഹല്ലുമായി.
പുറമെ, ഇപ്പോൾ കുറേ ചെറുപ്പക്കാർ ജമാത്തെ ഇസ്ലാമി പ്രവര്ത്തകരായും ഉണ്ട്.
കോയസൻ മൗലവിയുടെ ആദർശ ബന്ധുവായിരുന്നല്ലോ മനക്കലൂർ അബ്ദുറഹ്മാൻകുട്ടി സാഹിബ്. ഇരുവരുടെുയും കുടുംബങ്ങൾ വഴിയേ വിവാഹ ബന്ധത്തിലൂടെ രക്തബന്ധത്തിൽ എഴുതപ്പെട്ടു.
എന്താ ചേട്ടൻ ബാവെ "വാർധക്യ കാലേ വിവാഹ ബുദ്ധി" എന്ന് അനിയൻ ബാവ പരിഹസിച്ചപ്പോഴാണ് ടിയാൻ വിവാഹത്തെ കുറിച്ച് ഓർക്കുന്നതു തന്നെ.
ഇല്ലെങ്കിൽ തൻ്റെ സീനിയോറിറ്റി നഷ്ടപ്പെട്ടു പോകുമെന്ന് ഭയന്നുകൊണ്ട് തന്നെ. അങ്ങനെ അദ്ദേഹം വിവാഹം കഴിച്ചത് കോയസൻ മൗലവിയുടെ മകൾ റുഖിയ ടീച്ചറെ.
ഗതകാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ പ്രാചീനവും അർവാചീനവും ആയ ഒരുപാട് വേദനകൾ പ്രദേശവുമായി ചുറ്റിപ്പറ്റി പറയേണ്ടതുണ്ട്. കടലുണ്ടി തീവണ്ടി അപകടം പ്രദേശത്തുകാർ വേദനയോടെ നെഞ്ചേറ്റിയത് ജീവൻ പണയം വെച്ചുകൊണ്ടായിരുന്നു. തൊട്ടടുത്ത പള്ളിയിൽ മുഴങ്ങിയ കൂട്ട ബാങ്ക് ആയിരുന്നു അപകട സൈറൺ. തൽക്ഷണം ഓടിയെത്തിയ കടൽ തൊഴിലാളികളും ടാക്‌സിക്കാരും ഓട്ടോറിക്ഷക്കാരും അവരുടെ വാഹനങ്ങളും പണിയായുധങ്ങളുമായി രക്ഷാപ്രവർത്തനങ്ങൾ നടത്തിയത് ചില്ലിക്കാശിൻ്റെ പ്രതിഫലം വാങ്ങാതെയായിരുന്നു. എത്ര പുകഴ്ത്തിയാലും മതിവരാത്ത ഒരു നിഷ്‌കാമകർമം. മാപ്പിള കലാസിമാരുടെ തുടർസേവനവും എടുത്തു പറയേണ്ടതാണ്.
മാസങ്ങൾ ലോകവാർത്തകളിൽ ചർച്ച ചെയ്യപ്പെട്ട പ്രദേശവും സംഭവവും ഇപ്പോഴും വർഷാവർഷം അനുസ്മരിക്കപ്പെടുന്നു. 2001 ജൂൺ 22 ന് മദ്രാസ് മെയിൽ കടന്നു പോകവേ പാലം തകർന്നുണ്ടായ അപകടത്തിൽ 52 പേർ മരിക്കുകയും 223 പേർക്ക് പരിക്ക് പറ്റുകയുമുണ്ടായി. ലോകചരിത്രത്തിലും ഇന്ത്യാചരിത്രത്തിലും ഭാവിവിദ്യാർഥികൾക്ക് പഠിക്കാനയി പുതിയ അധ്യായം തുന്നിച്ചേർത്ത ഈ അദ്ധ്യായം ആണ് ഒന്നാമത്തെ സംഭവം.
മറ്റൊന്ന് തികച്ചും കുടുംബപരവും വൈകാരികവുമായ തലത്തിൽ നിന്നുകൊണ്ട് ചർച്ച ചെയ്യപ്പെടുന്ന ഒരു ചരിത്ര സംഭവമാണ്. കഴിഞ്ഞ ലക്കത്തിൽ പറഞ്ഞ പോലെ, ശരിതെറ്റുകളുടെ കൂലങ്കശ
പഠനവും പരിശോധനയും വായനക്കാരൻ്റെ സ്വാതന്ത്ര്യത്തിന് വിടുന്നു.
അമ്പായത്തിങ്ങൽ [പടിഞ്ഞാറായി] (പടിഞ്ഞാറയിൽ ആണോ?) അഹമ്മദ് കുട്ടിയും അനുജനും കടലുണ്ടി നഗരത്തിലെ അതിസമ്പന്നരായ രണ്ടു ധനാഢ്യരായിരുന്നു. സമ്പന്നരിൽ ഒന്നാംസ്ഥാനത്ത് തന്നെ. പണ്ട് കാലങ്ങളിൽ സമ്പന്നരായ ആളുകൾ നാടുവാഴികൾ പോലെയായിരുന്നു; അല്ല അവർ നാടുവാഴികൾ തന്നെയായിരുന്നു. അവരുടെ കീഴിൽ നിരവധി സൈന്യങ്ങൾ വരെ ഉണ്ടാകുമായിരുന്നു. ഒരു മുതലാളിയുടെ സൈന്യം മറ്റു സൈന്യങ്ങളുമായി ഏറ്റുമുട്ടലുകൾ ഉണ്ടാവുക സാധാരണമായിരുന്നു.
അമ്പായത്തിങ്ങൽ അഹമ്മദ്കുട്ടിയുടെ അനുജൻ അബ്ദുള്ളക്കുട്ടി വലിയ ശിക്കാർ കമ്പക്കാരൻ ആയിരുന്നു
മൃഗങ്ങളെ വേട്ടയാടി പിടിക്കുക എന്നത് പ്രമാണിമാരുടെ അന്നത്തെ വലിയ ഒരു ഹോബി തന്നെ. അന്ന് കടലുണ്ടി നഗരത്തിലെ പ്രഭുതുല്യ കുടുംബങ്ങളായിരുന്നു കരിവളപ്പുകാരും പുത്തൻമാളിയേക്കൽക്കാരും. ഇവർക്കൊക്കെ സമാനമായ കീഴ്ജാതി സൈന്യങ്ങളും ഉണ്ടായിരുന്നു. ഇവർക്കിടയിലെല്ലാം കുടിപ്പകയും ശത്രുതയും നിലനിൽക്കുകയും പതിവായിരുന്നു.
എന്നാൽ ഈ ഗോത്രങ്ങളോടൊക്കെ ഒന്നിച്ച് നിന്നുകൊണ്ട് അമ്പായത്തിങ്ങൽ ഗോത്രത്തിൻ്റെ അടിവേരറുക്കാൻ പണി യെടുത്തി രുന്നു എന്നത് വളരെ ഉദ്വേഗജനകമായ ഒരു കഥയാണ്.
ഞാൻ വീണ്ടും പറയുന്നു, എൻ്റെ മാന്യ അനുവാചകരിൽ പലരും മിക്കവാറും ഇത്തരം പഴയകാല സംഭവങ്ങളിൽ നേർക്കുനേരെ ബന്ധപ്പെട്ടവരുടെ മക്കളോ മക്കളുടെ മക്കളോ ആയിരിക്കാം. അവർ ക്ഷമിക്കട്ടെ. ഇതൊരു ചരിത്രാഖ്യായിക മാത്രമാണ്.
വാമൊഴിയായി എൻ്റെ അടുത്ത് എത്തിപ്പെട്ട സംഭവങ്ങളുടെ വരമൊഴി മാത്രം.
പ്രദേശത്തെ ഇത്തരം ഗോത്രങ്ങളൊക്കെ
വലിയ മുതലാളിമാർ ആയിരുന്നു. അവരിലെല്ലാം മുതലാളിത്ത പരമായ നന്മകളും അതിലേറെ തിന്മകളും ഉൾച്ചേർന്നിട്ടുണ്ടാവും. മുതലാളിത്ത ദുഷ്പ്രഭുത്വം തീണ്ടിയിട്ടില്ലാത്തവർ നന്നേ ചുരുങ്ങും. എന്നാൽ ഏതു സംസ്കൃതിയിലും മതങ്ങളിലും മുതലാളി വർഗത്തിൻ്റെ ഓരംചാരി അവരെ ഉപജീവിച്ചവരായിരിക്കും പുരോഹിത വർഗം.
ഈ കീഴ്ജാതി സൈന്യങ്ങൾ തങ്ങൾക്ക് കള്ള് കുടിക്കാൻ നിർലോഭം കാശു കിട്ടിയാൽ എന്തു ചെയ്യാനും തയാറാവും. ഇവരെ ഉപയോഗപ്പെടുത്തിയാണ് അമ്പായത്തിങ്ങൽ അബ്ദുള്ളക്കുട്ടിക്ക് ദീർഘകാല ജയിൽവാസത്തിനു പഴുതുണ്ടാക്കിയത്. അബ്ദുള്ളക്കുട്ടി 14 വർഷത്തെ ജയിൽ വാസത്തിനൊടുവിൽ ജയിലിൽ വെച്ചു തന്നെ മൃതിയടഞ്ഞു. അതേ സംഭവത്തിൻ്റെ തുടർച്ചയായിക്കൊണ്ടാണ് അഹമ്മദ്കുട്ടിയും
ജയിലിൽ അടക്കപ്പെട്ടതും.
ഇവിടെ ഓർക്കേണ്ട ഒരു കാര്യം മതപരമായി ഈ ഗോത്രക്കാരെല്ലാം
ആദർശ പൊരുത്തം സൂക്ഷിച്ചിരുന്നവർ തന്നെയായിരുന്നു. ഒരു അബ്ദുറഹ്മാൻകുട്ടി മാത്രമാണ് അക്കാര്യത്തിൽ ഒന്ന് മാറിച്ചിന്തിച്ചയാൾ.
അമ്പായത്തിങ്ങൽ ഗോത്രത്തെ ഒറ്റുകൊടുക്കുന്നതിൽ അവരുടെ കുടുംബക്കാരായ തങ്ങൾമാരും പങ്കെടുത്തിരുന്നു എന്നത് ഒരു യാദൃച്ഛികത അല്ല. കാരണം നാട്ടിലെ മുഴുവൻ പുരോഹിതരും അപൂർവം ചിലർ ഒഴികെ ഒറ്റക്കെട്ടായിരുന്നു.
നാട്ടിലെ ഒരു പ്രബല ഗോത്രത്തിൻ്റെ തറവാട് ചാലിയത്തിനടുത്ത് കരുവന്തുരുത്തിയിൽ ആയിരുന്നു.
ശിക്കാറിന് പോയ അബ്ദുള്ളക്കുട്ടിയെ, ചതിയിൽ കരുവന്തുരുത്തിയിൽ വെച്ച് വീട്ടു കോടതിയിൽ വിചാരണ ചെയ്ത്, ശിക്ഷാവിധി പ്രഖ്യാപിച്ചുകൊണ്ട് കടലുണ്ടിയിലേക്ക് തന്നെ പോയിക്കൊള്ളാൻ അനുവദിച്ചു. പക്ഷേ ആ മടക്കം വലിയ അപകടത്തിലേക്ക് ആയിരുന്നു. ഫറോക്ക് പാലം പൊളിക്കാൻ നേതൃത്വം കൊടുത്ത മഹാൻ ഇതാ വരുന്നു എന്ന് ബ്രിട്ടീഷ് സൈന്യത്തിന് വിവരം കൊടുത്തു. വഴി മദ്ധ്യേ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.
ഇതേ കാരണത്തിന് ജ്യേഷ്ഠൻ അഹമ്മദ് കുട്ടിയും.
ഇതൊക്കെ യഥാർത്ഥത്തിൽ എന്തിനായിരുന്നു? സമ്പത്ത് പിടിച്ചടക്കാൻ തന്നെ. അതങ്ങനെ സംഭവിക്കുക തന്നെ ചെയ്തു..
(തുടരും)
kadalundi puzha