Image

തറവാട്ട് ഖിസ്സ (ഓർമകൾ ഉണ്ടായിരിക്കണം- 5: മനക്കലൻ)

Published on 21 September, 2022
തറവാട്ട് ഖിസ്സ (ഓർമകൾ ഉണ്ടായിരിക്കണം- 5: മനക്കലൻ)

"കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു
മണ്ണാകുമീ മലരു, വിസ്‌മൃതമാകുമിപ്പോൾ
എണ്ണീടുകാർകുമിതു താൻ ഗതി സാദ്ധ്യമെന്ത് കണ്ണീരിനാൽ? അവനി വാഴ്‌വ് കിനാവ്, കഷ്ടം"
കുമാരനാശാൻ്റെ വീണ പൂവ് അവസാനിക്കുന്നത് ഇങ്ങനെയാണ്. വായിക്കുമ്പോൾ നാവിലും ചുണ്ടിലും മുള്ള് തറക്കുന്ന കവിതക്ക് നാമകരണം "പൂവ്"....വിചിത്രം. ഒട്ടും ചുണ്ടിലും ചങ്കിലും ഒതുങ്ങാത്ത ഈ കവിതാ ശകലം പക്ഷേ അമ്പായത്തിങ്ങൽ ചരിത്രത്തിന് ടിപ്പണി ആവുകയാണ്.

അമ്പായത്തിങ്ങൽ ഗോത്രം അടിവേരറ്റു പോവുന്നതിനു മുമ്പുള്ള അതിസാഹസിക സംഘട്ടനങ്ങളും സമരങ്ങളും ഇവിടെ ബ്രീഫ് ചെയ്യുന്നത്, പിൻഗാമികൾ അത് ആവുന്നത്ര സത്യസന്ധമായി മനസ്സിലാക്കുന്നതിന്നും ഭാവി ചരിത്രകാരൻമാർക് ഒരു ഗൈഡ് എന്ന നിലക്കും ആണ്.

അമ്പായത്തിങ്ങലെ പ്രഭുക്കളുടെ ജയിൽ ജീവിത കാലത്തുതന്നെ മിക്കതും, അവരുടെ മരണ ശേഷം സമ്പൂർണമായും അന്യാധീനപ്പെട്ട് പോയ സ്വത്തുവകകൾ മക്കളെ വളരെ കടുത്ത ദാരിദ്ര്യത്തിലേക്കാണ് തള്ളി വിട്ടത്. പട്ടിണി സമാനമായ അവസ്ഥ.... ഇവിടെ ഉപ്പേ വിറ്റ് തീർന്നിട്ടുള്ളു വട്ടി പിന്നെയും ബാക്കി...

അമ്പായത്തിങ്ങലെ മക്കളായ മൂന്ന് ആൺ തരികൾ ആ ദരിദ്രാവസ്ഥയിൽ തന്നെ സട കുടഞ്ഞെഴുന്നേറ്റു.... തങ്ങൾക്ക് അവകാശപ്പെട്ട എത്രയോ വലിയ ഭൂസ്വത്തുക്കൾ അന്യായമായി കൈവശം വെച്ചിരിക്കുന്ന വ്യക്തികൾക്ക് എതിരെ അവർ സിവിൽ കേസ് ഫയൽ ചെയ്തു... ഒരു സിവിൽ കേസ് എന്ന നിലക്ക് ദീർഘ കാലം വേണ്ടി വന്നു തീർപ്പുണ്ടാവാൻ.

ഇക്കാലയളവിൽ നാട്ടിൽ ഉണ്ടായ സംഭവവികാസങ്ങൾ വളരെ ഉദ്വേഗജനകം തന്നെ. സ്വർഗ്ഗ സമാനമായ നഗരം നരക സമാനമായ അവസ്ഥയിൽ ആവാൻ അധിക സമയം വേണ്ടി വന്നില്ല. കുടുംബത്തിൽ പലരും മുതലാളിത്ത ലോബിയുടെ ഉപജീവികളായി മാറിക്കഴിഞ്ഞിരുന്നു..ശരിക്കും ഒരു വെള്ളരിക്കാ പട്ടണം. അവർ പിൽകാലത്ത് ഖേദിച്ചുവെങ്കിലും.

ഈ മൂന്ന് ആൺ തരികളിലൊരാൽ കൂട്ടത്തിൽ അഭ്യസ്ത വിദ്യൻ 
ആയിരുന്നതിനാൽ സർക്കാരുദ്യോഗം നേടി.
അതാണ് ഇൻസ്പെക്ടർ അബ്ദുറഹ്മാൻ കുട്ടി. അദ്ദേഹത്തിൻ്റെ ഔദ്യോഗിക പിടിപാടുകളും നിയമ പരിചയങ്ങളും കേസിന് തീർച്ചയായും മുതൽ കൂട്ടായിട്ടുണ്ട്.

എന്നാൽ കേസ് അതിൻ്റെ വഴിക്കും, സമര സംഘട്ടനങ്ങൾ വേറെ വഴിക്കും നടന്നു കൊണ്ടിരുന്നു. നഗരത്തിലെ ജുമാ മസ്ജിദിൻ്റെ പരിസരത്ത് വെച്ച് പല തവണ ഈ മൂവർ സംഘം മറു പക്ഷവുമായി ഏറ്റുമുട്ടി യിട്ടുണ്ട്. രണ്ടു സംഭവങ്ങൾ ഓർത്തെടുക്കുന്നു. നഗരത്തിൻ്റെ പീക് സെൻ്റർ അമ്പായതിങ്ങൽ തറവാടിൻ്റെ തൊട്ട് മുമ്പിൽ തന്നെയാണ്. ഒരു ദിവസം രാത്രിയിൽ അബ്ദുറഹ്മാൻ കുട്ടി വീടിൻ്റെ പുറത്തിറങ്ങിയപ്പോൾ തങ്ങൾ-മുതലാളി ലോബി അങ്ങാടിയിൽ തടിച്ചു കൂടിയിരിക്കുന്നു. അബ്ദുറഹ്മാൻ കുട്ടിയുടെ കൂടെ തൻ്റെ ബോഡിഗാഡും ഉണ്ട്. മുടിഞ്ഞ തറവാടിൻ്റെ അവസാനത്തെ കാവൽക്കാരൻ. പക്ഷേ ദോഷം പറയരുത് തികഞ്ഞ അരോഗദൃഢഗാത്രൻ. ഒരു ഒന്നാംതരം ജർ മനുഷ്യൻ. അബ്ദുറഹ്മാൻ സാർ തന്നെ ഒറ്റക്ക് നാല് പേരുമായി അടിക്കാൻ ശക്തൻ. ഇൻസ്‌പെക്ടറെയും ബോഡിഗാർഡിനെയും ഒന്നിച്ച് കണ്ടപ്പോൾ അവരുടെ കൂട്ടത്തിൽ അവർ കൊണ്ട് നടക്കാറുള്ള കളരി അഭ്യാസി എന്തോ അനാവശ്യം പറഞ്ഞു. ഇത് കേട്ടപ്പോൾ ഇൻസ്പെക്ടർ ബോഡിഗാർഡിനോട് "കൊടുക്കട അവൻ്റെ പെരെടിക്ക് ഒന്ന്". പിന്നെക്കണ്ടത് കുരിക്കൾ റോട്ടിൽ മലന്നടിച്ചു കിടക്കുന്നതാണ്.
ജനം ആർത്ത് വിളിച്ചു. അത്തൻ കുരിക്കൾ നിലംപൊത്തിയേ... അന്നു തൊട്ട് അത്തൻ കുരിക്കൾ കുഞ്ഞിക്കമ്മുട്ടി എന്ന ജർ മനുഷ്യൻ്റെ നേരെ നോക്കിയിട്ടില്ല. അമ്പായത്തിങ്ങൽ പരിസരത്ത് കൂടി നടക്കുന്നവർ ഒരേ സമയം നിർഭയരും അതെ സമയം വളരെ കരുതലോടെയുമായിരുന്നു....

ഇതൊക്കെ പറയുമ്പോൾ നാട്ടിലെ സാധാരണക്കാരായ കുറെ ആളുകൾ ഇൻസ്‌പെക്ടറെയും സഹോദരങ്ങളെയും ബഹുമാനിക്കുന്നവർ ആയിട്ടുണ്ടായിരുന്നു. അവരിൽ പ്രധാനി ആണ് ബാർബർ ആലിക്കുട്ടി. അത് പോലെ തന്നെ കടൽ തൊഴിലാളികളായ കുറെ സുഹൃത്തുക്കൾ അവർക്ക് വേണ്ടി സഹായികൾ ആയി ഉണ്ടായിരുന്നു. 

ഒരു റമദാൻ 17ന് സായാഹ്നത്തിൽ കടലുണ്ടി നഗരത്തിൽ ജുമാ മസ്ജിദിൽ ബദർ ദിനം കൊണ്ടാടുന്ന സമയം ഒരു കൂട്ടത്തല്ല് അരങ്ങേറി. അതിലെ പ്രധാന നായകൻ ഇൻസ്പെക്ടർ അബ്ദുറഹ്മാൻ കുട്ടി തന്നെ. തങ്ങൾ - മുതലാളി ഗ്രൂപ്പും അമ്പായത്തിങ്ങൽ ഗ്രൂപ്പും തമ്മിൽ പൊരിഞ്ഞ യുദ്ധം. കൂടെ ജേഷ്ടന്മാരും. അവസാനം നാട്ടുകാരായ ചില ബന്ധുക്കൾ ഇൻസ്‌പെക്ടറെയും ജേഷ്ടന്മാരെയും അമ്പായതിങ്ങലെ മാളിക മുകളിൽ ബന്ധികളാക്കി വെച്ചു.

അങ്ങനെ ഒട്ടേറെ ചെറുതും വലുതുമായ സംഘട്ടനങ്ങൾ പതിവായിരുന്നു. അതിനിടെ കേസിൻ്റെ അവസാന തീർപ്പെന്ന നിലയിൽ ആനങ്ങാടിയിലെ രണ്ട് ഏക്കർ വരുന്ന മനക്കലൂർ പറമ്പ് തങ്ങൾക്ക് അനുകൂലമായി ജന്മം തീരൂ ലഭിച്ചു. എന്നാൽ അതിലെ കാണം തീര് അതിൽ അന്നു താമസിച്ചിരുന്ന തുപ്രൻ തട്ടാൻ എന്ന ആൾക് 2500 രൂപ കൊടുത്ത് കൈപ്പറ്റണം എന്നായിരുന്നു കോടതി വിധി. അന്നു 2500 രൂപ എന്നത്
വളരെ പ്രയാസകരമായ ഒരു സംഖ്യ ആയതു കൊണ്ട്, ഇൻസ്പെക്ടർ അദ്ദേഹത്തിൻ്റെ അമ്മോശനായ മെലേവീട്ടിലെ പൊന്നുകാരൻ മുഹമ്മദ്ക്കുട്ടിയോട് കടം വാങ്ങുകയാണുണ്ടായത്. 

അങ്ങനെയാണ് ആനങ്ങാടിയിലെ മനക്കലൂർ എന്ന ഭാവി-ഭൂത-വർത്തമാന
വിപ്ലവങ്ങൾക് നേർസാക്ഷിയായ ഒരു വിഹാരം വിഹായസ്സിലേക്ക് വിരിമാർ കാണിച്ച് ഉയർന്നു നിന്നത്. അതാണ് മാണിക്യ മലർ ആയ ആമിന സാഹിബയുടെ ആത്മഗതമായ ഉപ്പ് വിറ്റ് ബാക്കിയായ വട്ടി. അത് കൂടി ഉണ്ടായിരുന്നില്ലെങ്കിൽ മുച്ചൂടും സ്വാഹാ!

അവിടെ വെച്ചാണ് ആമിന സാഹിബ സാക്ഷരയായത്. ചരിത്ര വിജയം..   
ഇടക്കിടെ പരസ്പരം കണ്ണുരുട്ടിക്കൊണ്ടിരുന്ന അമ്പായത്തിങ്ങൽകാരും മറു പക്ഷവും ഏറെക്കുറെ പലതും മറന്നു കഴിഞ്ഞെങ്കിലും ആമിന സാഹിബയും കുട്ടികളും ആൾക്കൂട്ടത്തിൽ തനിയെ എന്ന അവസ്ഥയിലായിരുന്നു. വീട്ടിലൊരു തിപിടുത്തം ഉണ്ടായാൽ പോലും അയൽവാസികളൊ നാട്ടുകാരോ തിരിഞ്ഞ് നോക്കാത്ത അവസ്ഥ വരെ ഉണ്ടായിരുന്നു. കണ്ണടയിട്ട് തല ഉയർത്തി നടന്ന ഇൻസ്‌പെക്ടറോടുള്ള കടുത്ത അസൂയ ഒരു വശത്ത്. മുതലാളിത്ത പൗരോഹിത്യ കൂട്ടുകെട്ടിനോടുള്ള ആരാധന മറുഭാഗത്ത്, പൊതുജനം സാക്ഷാൽ കഴുതാവിഷ്കാരം. 

ഇതിനിടയിൽ, നമ്മുടെ ചരിത്ര വായനയിൽ പരാമർശിക്കപ്പെടാതെ പോയ രണ്ട് ജേഷ്ടന്മാരുടെ ജീവിത യാഥാർത്ഥ്യങ്ങൾ ഇവിടെ അനാവൃതമാവേണ്ടതുണ്ട്. അമ്പയത്തിങ്ങൽ തറവാട്ടിലെ മൂത്ത രണ്ട് ആൺ തരികൾ. മുഹമ്മദ് കോയയും ഹസ്സൻ കുട്ടിയും. 

ഒരു തവണ അമ്പായതിങ്ങൽകാരും മറു വിഭാഗങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയത് തന്നെ മൂത്തവനും ബഹുമാന്യനുമായ മുഹമ്മദ് കോയ സാഹിബ് കയ്യേറ്റം ചെയ്യപ്പെട്ടതിന്റെ പേരിൽ ആയിരുന്നു. അദ്ദേഹം ഇരു കൈകളിലും സാധനങ്ങളുമായി വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുബോൾ അദ്ദേഹത്തിൻ്റെ ഉടുമുണ്ട് അഴിക്കുകയും മർദ്ദിക്കുകയും ചെയ്യുകയുണ്ടായി. ഇതിൽ പ്രതിഷേധിച്ച് മറു ഭാഗത്തുള്ള ഒരുവനെ അമ്പായത്തിങ്ങൽ തറവാട്ടിൽ ദിവസങ്ങളോളം ബന്ദിയാക്കി വെച്ചിരുന്നു.

കടലുണ്ടി പാലത്തിൻ്റെ ചോട്ടിലൂടെ വെള്ളം പിന്നെയും ഒരുപാടൊഴുകി.  
മക്കളൊക്കെ വലുതായി. Dr. റഹ്മത്തുല്ല സർവീസിൽ നിന്ന് ലീവ് എടുത്തു അറേബ്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും ജോലി ചെയ്തു. അതിനിടെ മുഹമ്മദ് കോയ മൂത്താപ്പയുടെ മകൻ അഹ്‌മദ്‌ കുട്ടിയെക്കൂടി ഗൾഫിൽ എത്തിച്ചു. അതോടു കൂടി ആ കുടുംബം രക്ഷപ്പെടുകയും താഴെയുള്ള അനുജന്മാർ കരപറ്റുകയുമുണ്ടായി. 

അസ്സങ്കുട്ടി മൂത്താപ്പ സാമ്പത്തികമായി വല്ലാതെയൊന്നും മെച്ചപ്പെട്ടു കണ്ടില്ല
എങ്കിലും റെയിൽവേയിലെ സ്ഥിര ജോലി കാരണം പിടിച്ചു നിന്നു. അദ്ദേഹത്തിൻ്റെ ഏക ആൺ തരിയായ അഹ്‌മദ്‌ കുട്ടി കഠിനാധ്വാനി ആയ ഒരു ചെറുപ്പക്കാരൻ ആയതു കൊണ്ട് ഒരു പാടു ജോലികൾ ചെയ്തു. അവസാനം റെയിൽവേയിൽ പിതാവിനെ പോലെത്തന്നെ സ്ഥിര ജോലി കിട്ടിയത് വലിയ ആശ്വാസമായി.  

(തുടരും)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക