Image

മനസ്സറിഞ്ഞ്, പൊലീസ് കേസ്സെടുത്ത സുദിനം ; നാട്ടിലെ ഇന്നത്തെ വഹ  

കെ.എ ഫ്രാന്‍സിസ്  Published on 21 September, 2022
മനസ്സറിഞ്ഞ്, പൊലീസ് കേസ്സെടുത്ത സുദിനം ; നാട്ടിലെ ഇന്നത്തെ വഹ  
 
 
മകളുടെയും കൂട്ടുകാരിയുടെയും മുന്നിലിട്ട് ഒരു ദളിത് യാത്രക്കാരനെ ഇടിമുറിയിലേക്ക് തള്ളിമാറ്റി കൈത്തരിപ്പ് തീരുംവരെ തല്ലിച്ചതച്ച ട്രേഡ് യൂണിയൻ നേതാക്കളായ നാലു സഖാക്കൾക്കെതിരെ ശക്തമായ വകുപ്പുകൾ ചേർത്ത് സമീപകാലത്ത് ഇതാദ്യമായി പൊലീസ് ഒരു കേസ് എടുക്കുന്നതിന് കേരളം സാക്ഷിയായി! ഇലയ്ക്കും മുള്ളിനും പരിധിക്കേൽക്കരുതെന്ന നിർബന്ധ ബുദ്ധിയോടെ എടുത്ത പെറ്റിക്കേസ്, ഗുരുതര കേസായി രൂപപ്പെടുത്തുന്നതിന് പോലീസിന് 24 മണിക്കൂറിലേറെ തലങ്ങും വിലങ്ങും ആലോചിക്കേണ്ടതായി വന്നു. 
 
തിരുവനന്തപുരത്തിനടുത്ത് കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിൽ മകൾ രേഷ്മയ്ക്കും കൂട്ടുകാരിക്കും  ഒപ്പം ബസ് കൺസഷൻ ലഭ്യമാക്കാൻ ചെന്ന പ്രേമനൻ, ജീവനക്കാർക്ക് ഇഷ്ടപ്പെടാത്ത ചില വാക്കുകൾ ആത്മഗതമായി പറഞ്ഞത് അല്പം ഉറക്കെയായി പോയതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. "വെറുതെയാണോ ട്രാൻസ്പോർട്ട് ഇങ്ങനെയായിപ്പോയത് ..." എന്നായിരുന്നു, അഹിതകരമായ ആ വാക്കുകൾ. കേട്ടുനിന്ന ആറ്റിങ്ങൽ ഡിപ്പോയിലെ സഖാവിനാണ് ആദ്യം കൈതരിച്ചത്. കൂടെ മറ്റു സഖാക്കളും ചേർന്നു പ്രേമനനെ തൊട്ടടുത്ത ഇടിമുറിയിലേക്ക് തള്ളിയിട്ട്, മാറിമാറി തല്ലി കലി തീർത്തു. പിന്നാലെ കരഞ്ഞെത്തിയ മകളെയും കൂട്ടുകാരിയേയും തള്ളിമാറ്റി. ഇ.പി  പറയുന്നതുപോലെ തലയിലും അവിടെയുമിവിടെയും തൊട്ടില്ല എന്നത് ഭാഗ്യം!
 
അഹിതമായ സത്യം മുഖത്തുനോക്കി ട്രേഡ് യൂണിയൻ നേതാക്കളോട് പറയാൻ പാടില്ലെന്ന പാഠം ഇനിയെങ്കിലും പ്രേമനനും സമാന ചിന്താഗതിക്കാരും മറക്കാതിരിക്കുകയെന്നേ നമുക്ക് ഉപദേശിക്കാനുള്ളൂ. പുതിയ സർക്കാർ വന്നതോടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മാത്രമല്ല, കേരളത്തിൽ ഒരിടത്തും അത് മിനുട്സിൽ പോലും രേഖപ്പെടുത്താറില്ലല്ലോ. യാത്രക്കാരനെതിരെ നടന്ന കയ്യേറ്റത്തിൽ വകുപ്പുമന്ത്രി ആന്റണി രാജുവും വകുപ്പ് എം.ഡി ബിജു പ്രഭാകരനും  പ്രതികരിച്ചതും കൗതുകകരമായി. സ്ഥിരമായി തങ്ങളോട് അപമര്യാദയായി പെരുമാറുന്ന 'ആനത്തലവട്ടം ശിഷ്യ'ന്മാരെ കൊണ്ട് മടുത്തിരിക്കുകയായിരുന്നല്ലോ അവർ. വീണു കിട്ടിയ വടിയെടുത്ത് ബിജു സോഷ്യൽ മീഡിയയിൽ ആഞ്ഞു വീശുക മാത്രമല്ല, തങ്ങൾ തെമ്മാടിക്കൂട്ടത്തോടൊപ്പം അല്ലെന്ന് വിളിച്ചറിയിക്കാൻ സമസ്ത യാത്രക്കാരോടും  അദ്ദേഹം മാപ്പ് ചോദിക്കുകയും ചെയ്തു. 
 
ബസ് സ്റ്റേഷനിൽ യാത്രക്കാരുടെ കണ്മുന്നിൽ നടന്ന സംഭവങ്ങൾ, എപ്പോഴും മൊബൈൽ ക്യാമറ ആയി ഉപയോഗിക്കുന്നതിൽ രസം കണ്ടെത്തിയ ഒരു യാത്രക്കാരൻ  നൽകിയ ദൃശ്യങ്ങളായിരുന്നു നാം ടിവിയിൽ കണ്ടത്. ഇടിമുറിയിൽ തല്ലി താഴെ വീഴ്ത്തിയ ശേഷമുള്ള കാഴ്ചകൾ അതിൽ ഇല്ലത്രേ. അതായിരുന്നു, ഭീകരം എന്നാണ് പ്രേമനനും  കൊച്ചും ആ കൊച്ചിന്റെ കൂട്ടുകാരിയും പറയുന്നത്. അതനുസരിച്ചുള്ള വകുപ്പുകളാണ് പോലീസ് ഏറ്റവുമൊടുവിൽ ചാർത്തിയത്. കേരളത്തിലെ സംഘടിത ശക്തിക്ക്  എന്തും ചെയ്യാവുന്ന കാലാവസ്ഥ ആണല്ലോ പൊതുവേയുള്ളത്. 
 
പലവിധം വീഡിയോകൾ : 
 
കൊല്ലത്തെ അഭിഭാഷകരും പോലീസും തമ്മിൽ നടന്ന പോരിൽ പൊള്ളിയിരിക്കുന്ന പോലീസ് നിയമമന്ത്രിയും വക്കീലുമായ രാജീവിനോടുള്ള അനിഷ്ടം പ്രകടമാക്കാൻ പലവിധ വീഡിയോകൾ മാധ്യമങ്ങൾക്ക് നൽകി വരുന്ന സമയം കൂടിയാണല്ലോ ഇത്. മന്ത്രി ഉണ്ടാക്കിയ ഒത്തുതീർപ്പ് അനുസരിച്ച് ഒരു അഭിഭാഷകനെ മർദ്ദിച്ച ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യാനും സമ്മതിച്ചു പോലും! സ്റ്റേഷനിലെ ലോക്കപ്പ് മുറിയിൽ കൈരണ്ടും പിന്നിൽ കൂട്ടി കെട്ടിയിട്ടശേഷം ആ  അഭിഭാഷകൻ ഇടഞ്ഞതും മദിച്ചതും എല്ലാം പൊലീസിന്റെ വീഡിയോയിൽ ഉണ്ട്. ലോക്കപ്പിന്റെ  കമ്പിയഴികളിലും വാതിലിലും അഭിഭാഷകൻ കലിപൂണ്ട് ചവിട്ടുന്ന രംഗം ദൃശ്യമാധ്യമങ്ങളിൽ ഇന്ന് കാണിച്ചു. ആ കാലു കൊണ്ട് ആശുപത്രിയിൽ എത്തിച്ചപ്പോൾ ചവിട്ടിയതായി ആശുപത്രി ജീവനക്കാരും സാക്ഷ്യം പറഞ്ഞു. മാത്രമല്ല, അഭിഭാഷകൻ നല്ല തരിപ്പിൽ ആയിരുന്നുവെന്ന് ഡോക്ടറും എഴുതിക്കൊടുത്തു. 
 
തീർന്നില്ല, സംഘടിത ശക്തിയുടെ മായാവിലാസത്തിൽ ഇൻസ്പെക്ടർ അഭിഭാഷകനെ മർദ്ദിക്കുന്നത് വേറെ രണ്ട് അഭിഭാഷകർ കണ്ടതായുള്ള സാക്ഷിമൊഴിയും പുറത്തുവന്നു. 20 കിലോമീറ്റർ അകലെയുള്ള മൺട്രോത്ത് ദ്വീപിൽ നിന്ന് ദിവ്യദൃഷ്ടിയിലാണ് അത് കണ്ടതെന്ന് പൊലീസ് രേഖ പുറത്തുവിട്ടതോടെ ചമ്മിയെങ്കിലും വക്കീലന്മാർക്ക് അത് പറഞ്ഞിട്ടില്ലല്ലോ.
 
വിദേശത്തും മറ്റും ജോലി ചെയ്ത് നാട്ടിലെത്തി എന്തെങ്കിലും ഒരു സ്ഥാപനം തുടങ്ങാമെന്ന് വച്ചവരെ  കുത്തുപാള എടുപ്പിക്കുന്ന സംഘടിതശക്തി നാട്ടിലെങ്ങും ചെങ്കൊടി കുത്തി വാഴുകയാണല്ലോ. അതിന്റെ തിക്തഫലം അനുഭവിക്കുന്ന പാവപ്പെട്ടവരുടെ പക്ഷം പറയാൻ നാട്ടിലെ ആർക്കുണ്ട് ധൈര്യം? പോലീസും അവരെ തിരിഞ്ഞുനോക്കില്ലല്ലോ. മറ്റുള്ളവരുടെ വേദനയും വിഷമവും പോലീസുകാരും അറിയട്ടെ. ചട്ടംവിട്ട് രാഷ്ട്രീയ മേലാളന്മാരുടെ ഹിതത്തിനൊത്ത് നീങ്ങുന്ന പൊലീസിന് തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ ഇന്നൊരു പത്രസമ്മേളനം തന്നെ നടത്തേണ്ടി വന്നു എന്നതും കൗതുകം. 
 
വാൽക്കഷണം : കോഴിക്കോട് പേരാമ്പ്രയ്ക്കടുത്ത നൊച്ചാട് സ്കൂളിൽ അധ്യാപകനായിരുന്ന അജീഷ് മാഷ് എണ്ണംപറഞ്ഞ സഖാവായിരുന്നു. നാട്ടിൽ നന്നായി ജീവിച്ചു പോകണമെന്ന് ആഗ്രഹിക്കുന്ന സർവ്വരും കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടിയിൽ ചേരുന്ന ഈ കാലത്ത് ആ മാഷ് ഒരു മണ്ടത്തരം  ചെയ്തു. സിപിഐക്കാർ ക്യാൻവാസ് 
ചെയ്യാൻ എത്തിയെങ്കിലും അദ്ദേഹം കോൺഗ്രസിൽ ചേർന്നു. ഇനിയാണ് പുകില്! മുഖ്യനെ വധിക്കാൻ ഈ കക്ഷി ഇ.പി കയറിയ ഇൻഡിഗോ വിമാനത്തിൽ കയറി എന്നതിന്റെ പേരിൽ ശിവൻകുട്ടി മന്ത്രിയുടെ വകുപ്പ് നടപടി തുടങ്ങി. അന്നേരം അജീഷ് മാഷ് നൊച്ചാട് സ്കൂളിൽ കുട്ടികൾക്ക് നാലക്ഷരം പറഞ്ഞു കൊടുക്കുകയായിരുന്നു പോലും! 
 
അതേച്ചൊല്ലി പരാതി നൽകിയെന്ന് പറയപ്പെടുന്ന മുൻമന്ത്രി ടി.പി രാമകൃഷ്ണൻ എം.എൽ.എ അങ്ങനെയൊരു കാര്യമേ പറഞ്ഞിട്ടില്ലത്രെ.  പഞ്ചായത്ത് മുഴുവൻ കത്തിക്കുമെന്നു പറഞ്ഞ ഒരു മാഷ് ഇവിടെ വേണോ എന്നാണ് ചോദിച്ചതെന്ന് ടി.പി പറയുന്നു. അതെങ്ങനെ വിമാനം കയറി എന്നാണ് മുൻ എക്സൈസ് മന്ത്രിക്കും മനസ്സിലാകാത്തത്! 30 മലയാളികൾ ഉൾപ്പെടെ 300 ഇന്ത്യക്കാരെ ഒന്നരമാസമായി മ്യാൻമാറിൽ ഒരു ഗൂഢസംഘം തോക്കുചൂണ്ടി സൈബർ ക്രൈം നടത്തുന്നുണ്ടെന്ന് കേട്ടിട്ടും ഞെട്ടാത്ത കേന്ദ്ര ഗവൺമെന്റ്, കെ.സുരേന്ദ്രൻ ഇക്കഴിഞ്ഞ ഇലക്ഷൻ സമയത്ത് 10 ലക്ഷം രൂപ കൈക്കൂലി ആദിവാസി വനിതാ നേതാവ് സി.കെ ജാനുവിന് നൽകിയതിന് സൈബർ തെളിവ് കിട്ടിയെന്ന് കേട്ട് ഞെട്ടി. ഗവർണറെ ഈ വിധം മൂപ്പിച്ചതിന് സുരേന്ദ്രനും കിട്ടണ്ടേ  ചെറിയൊരു ശിക്ഷ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക