Image

കറുകുറ്റിയിലെ മധുര മാവുകൾ : (ഓർമ്മ, ജാസ്മിൻ ജോയ് )

Published on 23 September, 2022
കറുകുറ്റിയിലെ മധുര മാവുകൾ : (ഓർമ്മ, ജാസ്മിൻ ജോയ് )
 
 
വഴിയോരത്തെ പൂത്തുലഞ്ഞ മാവുകളെ കണ്ടപ്പോൾ പ്രിയപ്പെട്ട ചുങ്കിരി മാവിനെ ഞാൻ ഓർമിച്ചു. മധുര സ്മരണകളിൽ അവസാനത്തേതായിരിന്നു സുന്ദരിയായിരുന്ന ആ മാവും അതിന്റെ കൊതിയൂറും മാമ്പഴവും.
   
കറുകുറ്റിയിലെ പറമ്പ് ഒരിക്കൽ ഒരു മാന്തോപ്പ്  തന്നെയായിരുന്നു. പലയിനങ്ങളിലുള്ള നാട്ടുമാവുകൾ അവിടെ തണൽ വിരിച്ചു നിന്നിരുന്നു. ചുങ്കിരി, ഞെട്ടുകുഴിയൻ, കടുക്കാച്ചി, കല്ലു കെട്ടി, മുവാണ്ടൻ, കോമാവ്.....
 
വൃശ്ചികം, ധനുമാസങ്ങളിൽ പൂവും തളിരും അണിയുന്ന ആ മാവുകൾ ഒരു കാവ്യദർശനം തന്നെയായിരുന്നു. വേനലവധിയാകുമ്പോഴേയ്ക്കും അവ മത്സരിച്ച്, ആഹ്ലാദത്തോടെ മാമ്പഴം പൊഴിച്ചു തരും. മാഞ്ചോടുകൾ അങ്ങനെ സ്വർഗ്ഗമായി മാറും.
           
ഒരോ മാവുകളും കുടുംബാംഗത്തെ പോലെയായിരുന്നു. ചക്കരമാവ്, സുന്ദരിമാവ്, പുന്നാരമാവ് എന്നിങ്ങനെ മാവുകളെയെല്ലാം ഞങ്ങൾ സ്നേഹത്തോടെ പേരു ചൊല്ലി വിളിച്ചു. 
 
മാവിനോടും പ്ലാവിനോടും സംസാരിക്കുന്നത് അക്കാലത്ത് സാധാരണമായിരുന്നു. കായ്ക്കാത്ത പ്ലാവിനെയും പൂക്കാത്ത മാവിനെയും അമ്മൂമ്മമാർ ശാസിക്കും. അതു കേട്ട് ആ മരങ്ങൾ മൂകരായി നിൽക്കുന്നത് സങ്കടകരമായ കാഴ്ചയായിരുന്നു.
     
       മാമ്പഴക്കാലത്തിൽ എല്ലാം അടങ്ങിയിരിക്കുന്നു. മഞ്ഞും വേനലും ചാറ്റൽ മഴയും സുഗന്ധമുളള കാറ്റും, പക്ഷികളുടെ, സംഗീതവുമെല്ലാം അതിലുണ്ട്. മാമ്പഴക്കാലങ്ങളുടെ രുചി ഭേദങ്ങൾക്കു പുറമെ ഉപ്പുമാങ്ങയും കടുമാങ്ങയും മാങ്ങാച്ചമന്തിയും പ്രധാന വിഭവങ്ങളാകുന്ന സമയം.
     
ഞങ്ങളുടെ നാട്ടുമാവുകളിൽ അവസാനത്തേതായിരുന്നു ഏകദേശം 50 വയസ്സുണ്ടായിരുന്ന ഒരു ചുങ്കിരി മാവ്.നല്ല ഉയരത്തിൽ, തണൽപ്പന്തൽ വിരിച്ച് തെക്കുവശത്താണ് അത് നിന്നിരുന്നത്. കാറ്റ് വീശുമ്പോൾ ആ മാവ് ആഹ്ലാദത്തോടെ നൃത്തം ചെയ്യുകയാണെന്ന് തോന്നിച്ചിരുന്നു. മഴക്കാലത്തിന്റെ മരവിപ്പിനുശേഷം, വൃശ്ചികത്തിൽ ഞെട്ടിയുണരുന്ന ചുങ്കിരി മാവ് ഒരു പൂങ്കാവനമായി മാറും. ഏപ്രിൽ മാസത്തോടെ ചുമന്നു തുടുക്കുന്ന മാമ്പഴം തേടി ഒരു ജീവലോകം തന്നെ ചുങ്കരിയെ ചുറ്റിപ്പറ്റിയുണ്ടാവും. കുട്ടികൾ,തത്തകൾ, അണ്ണാൻമാർ ,പച്ചക്കിളികൾ,ഷഡ്പദങ്ങൾ, ഉറുമ്പുകൾ ,രാത്രിസഞ്ചാരികളായ വവ്വാലുകൾ....... 
 
പ്രകൃതിയുടെ ഒരു പ്രതീകം പോലെ ആ മാവ് അരുമയോടെ എല്ലാവർക്കും അന്നവും അഭയവും കൊടുത്തിരുന്നു. മഞ്ഞകറുപ്പൻമാരും അണ്ണാറക്കണ്ണൻമാരും ആ മാവിൽ എല്ലാവർഷവും കൂടൊരുക്കിയിരുന്നു. 
അങ്ങനെ ഒരു പറമ്പിന്റെ മുഴുവൻ പ്രസരിപ്പും ഓർമകളുടെ മാമ്പഴ സുഗന്ധവുമായി സന്തോഷത്തോടെ നിന്നിരുന്ന ആ ചുങ്കരി മാവ് കഴിഞ്ഞ തുലാമാസത്തിലെ കനത്തു വിങ്ങിയ ഒരു സന്ധ്യയ്ക്ക് വലിയൊരു ശബ്ദത്തോടെ നിലംപതിച്ചു. 
ഒരു തൊടിയും പരിസരങ്ങളും ആ ശബ്ദം കേട്ട് നടുങ്ങി, പക്ഷികൾ പേടിച്ച് പറന്നകന്നു.
 
ആരേയും പരിക്കേൽപ്പിക്കാതെ, ഒരു ചെടിയെ പോലും നശിപ്പിക്കാതെയാണ് ആ മാവ് വീണു മരിച്ചത്. 
വലിയ ചില്ലകളിലെ ഇലച്ചാർത്തുകളുടെ ഭാരം താങ്ങാനാവാതെയാണ് അത് വീണത്. കിഴക്കു പടിഞ്ഞാറായി, നിസ്സാഹായയെപ്പോലെ നീണ്ടു നിവർന്നു കിടന്ന ആ മാവിന്റെ കാഴ്ച ഹ്യദയഭേദകമായിരുന്നു.
 
ഇപ്പോൾ വീടിന്റെ രണ്ടു വശങ്ങൾ ശൂന്യമാണ്. അവിടെ പകൽ മുഴുവൻ വെയിൽ മാത്രം വിരിഞ്ഞു നിൽക്കുന്നു. തണൽ ഓർമ്മയായി..... 
 
പക്ഷികളും അണ്ണാൻമാരും മറ്റു വൃക്ഷങ്ങൾ തേടിപ്പോയി. ഞാനാകട്ടെ നാട്ടു മാവുകളുടെ ഹൃദ്യമായ ഓർമകളെ താലോലിച്ചുകൊണ്ട്, ഈ വർഷവും പൂക്കാതെ തളിരണിഞ്ഞ് നിൽക്കുന്ന മുറ്റത്തെ ഒട്ടുമാവിനെ വെറുതെ നോക്കി നിൽക്കുന്നു.... 
 
Memories Jasmine Joy.  Karukuttiyile Madhura Maavukal
Join WhatsApp News
ബോസ്. ടി.കെ. 2022-09-23 16:51:04
ഓർമ്മകളുടെ ജൈവസാന്നിധ്യം :::: അഭിനന്ദനങ്ങൾ പ്രിയപ്പെട്ട എഴുത്തുകാരി .....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക