MediaAppUSA

നിരോധനത്തിന് പിന്നില്‍ അഭിമന്യുവും ജോസഫ് മാഷും ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 28 September, 2022
നിരോധനത്തിന് പിന്നില്‍ അഭിമന്യുവും ജോസഫ് മാഷും ; നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)
പോപ്പുലർ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ചു കൊണ്ടുള്ള ഉത്തരവിനുണ്ടായ പല കാരണങ്ങളിൽ പ്രധാനപ്പെട്ട രണ്ടെണ്ണം എന്താണെന്നോ? കോളജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ അഭിമന്യുവിനെ കൊല്ലുകയും കോളജ് അധ്യാപകനായ പ്രൊഫസർ ജോസഫിന്റെ കൈവെട്ടുകയും ചെയ്തത് !  നിരോധനമല്ല പോംവഴിയെന്ന് എ.കെ ആന്റണി ഉറപ്പിച്ചു പറയുമ്പോൾ, ഡോ.മുനീർ നിരോധനത്തിന് ഒപ്പമെന്ന് ചാടി പറയുന്നു. ആലോചിച്ച് തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി തിരുത്തി പറയുന്നു. വർഗീയകക്ഷികളെ നിരോധിക്കുമെങ്കിൽ ആർ.എസ്.എസിനെയും നിരോധിക്കേണ്ടേ എന്ന് പലരും ചോദിക്കുന്നതിനുള്ള ഉത്തരം അമിത്ഷായ്ക്ക് പറയേണ്ടതായി വരും. 
 
ഇതിനിടെ കേരള പൊലീസ് കണ്ടെടുത്ത ഹിറ്റ്ലിസ്റ്റിൽ 378 പേരുടെ പൂർണ മേൽവിലാസവും 380 പേരുടെ ഫോട്ടോയും ഉണ്ടെന്നതും അതിൽ രണ്ടു പൊലീസുകാരുടെ പേര് ഉണ്ടെന്നതും ഇന്നത്തെ പുതിയ വിവരം. നിരോധനം അഞ്ചുവർഷത്തേക്കാണ്. അറസ്റ്റിലായവർക്കുള്ള ശിക്ഷ ട്രൈബ്യൂണലാണ് നിശ്ചയിക്കുക. സംശയിക്കുന്ന പ്രവർത്തകരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും. ഓഫീസുകൾ മുദ്രവച്ചു പൂട്ടും. പോപ്പുലറിന്റെ  വെബ്സൈറ്റും ഇതിനോടകം പൂട്ടി കഴിഞ്ഞു. ഈ സംഘടനയുമായി  ചേർന്ന് പ്രവർത്തിക്കുന്നത് മാത്രമല്ല ഇവരെ സഹായിക്കുന്നതും കുറ്റകരം. ജാമ്യമില്ലാത്ത തടവാണ് ശിക്ഷ. 
 
വാഴ വെട്ടുന്നവർ : 
 
പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിൽ 42 ലക്ഷം രൂപയുടെ നഷ്ടം ഇവർ വരുത്തി എന്നായിരുന്നു ഹർത്താലിന്റെ  പിറ്റേന്ന് മാധ്യമങ്ങളിൽ വന്നത്. കോടതി സ്വമേധയാ എടുത്ത കേസിൽ ട്രാൻസ്പോർട്ടും കക്ഷി ചേർന്നിട്ടുണ്ട് . ശമ്പളം നൽകാൻ പോലും കാശില്ലാതെ ഇരിക്കുന്ന കെ.എസ്.ആർ.ടി.സി പറയുന്നത് 5 കോടി 6 ലക്ഷം രൂപയുടെ നഷ്ടം ഹർത്താൽ മൂലം ഉണ്ടായിട്ടുണ്ടെന്നാണ്. തീപിടിക്കുമ്പോഴല്ലേ വാഴവെട്ടി മാറ്റാൻ പറ്റൂവെന്ന പഴമൊഴി ഇത് കേൾക്കുന്നവർ ഓർത്തുപോകും. സത്യത്തിൽ 58 ബസുകൾക്ക്  കേടും 10 ജീവനക്കാർക്ക് ശരീരത്തിൽ കേടും വന്നിട്ടുണ്ട്. എല്ലാംകൂടി ആ കോടികളിൽ ഒതുക്കി ഇരിക്കുകയാണ് പോലും. യഥാർത്ഥ കണക്ക് പറഞ്ഞാൽ ഏതാണ്ട് ഒരു 10 കോടി വരേണ്ടതാണ്.
 
കണ്ടാലറിയുന്നവർ : 
 
കോഴിക്കോട് പാലാഴിയിലെ കണ്ടാലറിയുന്ന ഒരു മാളിൽ സിനിമാ പ്രമോഷനു എത്തിയ കണ്ടാലറിയുന്ന രണ്ട് നടികളെ നിയമസഭ കയ്യാങ്കളി നാളിൽ ഇ.പി പറഞ്ഞതുപോലെയോ  അതിലേറെ കൂടുതലോ എന്തൊക്കെയോ ചെയ്തത് എല്ലാവരും അപലപിക്കുന്നു. നിയമസഭയിൽ ഒരു വനിത എം.എൽ.എ രക്ഷപ്പെടാൻ കോൺഗ്രസ് എം.എൽ.എയെ  കടിച്ചുവെങ്കിൽ സഹികെട്ട് ഒരു നടി ആക്രമിച്ച ആളെ തിരിച്ചറിഞ്ഞ്  കരണത്ത് ഒന്ന് കൊടുത്തു. 
 
സി.സി.ടി.വി ദൃശ്യത്തിൽ ആ ആക്രാന്തക്കാരുടെ മുഖം പതിഞ്ഞതിനാൽ ഒരാളെ പൊലീസ് എന്തായാലും പിടികൂടും. തിരക്കിനിടയിൽ പെട്ട് പോയപ്പോൾ കൈയോ കാലോ ദിശ മാറിപ്പോയ ചിലരെയും ദൃശ്യങ്ങൾ നോക്കി നാറ്റിക്കുന്ന തിരക്കിലാണ് പൊലീസ്. 2020 ൽ കൊച്ചിയിലും സമാനമായ ഒരു സിനിമ പ്രമോഷനും  അതോടനുബന്ധിച്ച് ഇമ്മാതിരി കളികളും നടന്നതായി പലരും ഇപ്പോൾ ഓർക്കുന്നുണ്ടാവും. യുവനടി തന്റെ അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചത് കണ്ടാൽ കൂടുതൽ കാര്യങ്ങൾ അറിയാം, ഫോർവേഡ് ചെയ്യാം ലൈക്ക് ചെയ്യാം.
 
സമ്മേളനത്തല്ല് : 
 
കാനവും ദിവാകരനും തമ്മിലുള്ള പോരോടെ സി.പി.ഐ സജീവമായി. ഓണത്തല്ലുപോലെ സമ്മേളനത്തല്ല്.  ഇങ്ങനെയൊരു സമ്മേളനത്തല്ല് കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ പതിവുള്ളതല്ലെങ്കിലും ഈ വയസ്സന്മാരെ  നിയന്ത്രിക്കാൻ പാർട്ടിയിൽ വേറെ ഉള്ളത് രാജുവും ആനി രാജയും  മാത്രം. ആനിയെ  കാനത്തിന് നേരെത്തെ  കണ്ടുകൂടാ. ഷൈൻ ചെയ്യാൻ പാർട്ടിയിലേക്ക് വരേണ്ട എന്നാണ് ആനിക്കുള്ള വിലക്ക്. അതോടെ കേരളം തനിക്ക് കടക്കാൻ പറ്റാത്ത കാനനച്ചോലയായതുപോലെയായി ആനിക്ക്.  ആകെയൊരു  തുണയുള്ളത് ദിവാകരപ്രഭ. ആ സൂര്യപ്രഭയുടെ നിഴലായി ആനിക്ക് നിൽക്കാം. 
 
ആന്റണിയും ഒരു ആന : 
 
കോൺഗ്രസിലെ പൂരം കസറുന്നു. ഉള്ള ഗജവീരന്മാർ ഒന്നും പോരാതെ എ.കെ ആന്റണിയും ഡൽഹിയിലെത്തി. പ്രായമായതുകൊണ്ട് രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചയാളാണ് ആന്റണി. ഇതിനിടെ ആന്റണിയെ പ്രസിഡന്റായും സച്ചിൻ പൈലറ്റിനെ വർക്കിംഗ് പ്രസിഡന്റായും  ഒരു ഫോർമുല വച്ചെങ്കിലും ആന്റണി അത് പൊടിക്ക് സമ്മതിക്കുന്നില്ല. ഇനിയുള്ള കാലം തിരുവനന്തപുരത്തെ വീട്ടിൽ ഒതുങ്ങി ഇരിക്കാനാണ് ആന്റണി സാറിന്റെ പ്ലാൻ. 
 
വാൽക്കഷണം : ശ്രീനാഥ് ഭാസി എന്ന നടൻ ലഹരിക്കടിമയാണെന്നാണ് പലരും പറയുന്നത്. അത്  വ്യക്തമാക്കുന്ന ഒരു അഭിമുഖ ദൃശ്യം വാട്സാപ്പിൽ ഉണ്ട്. ഒരു യൂട്യൂബ് അവതാരകയോട് എങ്ങനെയൊക്കെ ശ്രീനാഥ് പറയുമെന്ന് അത് കണ്ടവർക്ക് ഇഷ്ടംപോലെ ഊഹിക്കാം. കക്ഷിയുടെ നഖം, മുടി എന്നിവ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട് എന്ന് കേട്ടു. ഇത്തരം വീഡിയോകൾ കണ്ടാൽ പോരെ, പറഞ്ഞതൊക്കെ ശരിയാണോ എന്നറിയാൻ? അതിനിടെ സിനിമ നിർമ്മാതാക്കളും ശ്രീനാഥിനെ ഒരു ഭാസി ആക്കിയിട്ടുണ്ടല്ലോ നല്ല ഭാവിയുള്ള എത്രയെത്ര ചെറുപ്പക്കാരാണ് ലഹരിയുടെ അടിമയായി മാറുന്നത്! രാജേഷ് മന്ത്രി ഇവരെ നന്നാക്കാനുള്ള മറ്റൊരു പ്ലാനുമായി ഉടൻ എത്തുമെന്ന് കരുതാം. കള്ളു വിറ്റ കാശിൽ കുറച്ച് ഇതിനും ഉപയോഗിക്കാമല്ലോ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക