Image

സ്‌മൈൽ പ്ലീസ് : തുടക്കം ഒരു റോസാപ്പൂവില്‍ ; ഒടുക്കം ചെമ്പരത്തിപ്പൂവില്‍...(പ്രാഞ്ചി)

പ്രാഞ്ചി Published on 29 September, 2022
സ്‌മൈൽ  പ്ലീസ് : തുടക്കം ഒരു റോസാപ്പൂവില്‍ ; ഒടുക്കം ചെമ്പരത്തിപ്പൂവില്‍...(പ്രാഞ്ചി)
 
 
പ്രണയം, പൂക്കളെപ്പോലെയാണെന്നു  പറയാറുണ്ടല്ലോ. അത് എന്തുകൊണ്ടാണെന്നോ? എല്ലാത്തരം പ്രണയ വട്ടുകളും തുടങ്ങുന്നത് റോസാപ്പൂവിൽ നിന്നല്ലേ? തീരുന്നതോ ചെമ്പരത്തിപ്പൂവിൽ !
 
അതുപോലെ ഡ്രിങ്ക്സിനെ പറ്റിയും ചില ചിന്തകളാവാം. DRINKS എന്ന വാക്ക് രൂപപ്പെട്ടത് എങ്ങനെയെന്ന് ഞാൻ ഒരു അന്വേഷണം നടത്തി. 'ഡിലീഷ്യസ്'  എന്ന പദത്തിൽ നിന്നാണ് ഡ്രിങ്ക്സിന്റെ  ആദ്യ അക്ഷരമായ 'D' തെരഞ്ഞെടുത്തത്. അത് ഒരൊറ്റ പെഗ് മാത്രം കഴിച്ചാൽ ഉള്ള അവസ്ഥയാണെന്ന് ഓർക്കണം. അടുത്ത അക്ഷരം 'R' അത് രണ്ടു പെഗ് കഴിച്ച ശേഷം ഉള്ള അവസ്ഥാ വിശേഷം. ഇംഗ്ലീഷിൽ അതിന് റൊമാന്റിക് എന്നൊക്കെ പറയാം. നല്ലൊരു മൂളിപ്പാട്ട് ആവാം.  ചെറിയതോതിൽ പ്രണയവും ആരോടെങ്കിലും തോന്നാം. നല്ലൊരു രസികൻ തരിപ്പ്. മൂന്നാമത്തെ അക്ഷരം 'I' ഇന്ററസ്റ്റഡ് എന്ന പദത്തിൽ നിന്നാണ് കടം കൊണ്ടത്. ഏതുകാര്യത്തിലും തല്പരൻ ആവുന്ന ഒരു മാനസികാവസ്ഥ. തല്ലാനും  ചീത്തപറയാനും പ്രേരണയുണ്ടാവും.  ചെറിയതോതിൽ ഒരു ധൈര്യമെല്ലാം വരും. മറുത്തു പറയുന്നവരോട് എതിർത്തു പറയും. പട്ടി എന്ന് ആരെങ്കിലും വിളിച്ചാൽ മരപ്പട്ടി എന്ന് തിരിച്ചു വിളിക്കാൻ തോന്നും. പക്ഷേ, ഓവർ ആകേണ്ട ഒരു കാര്യമില്ല കാരണം നല്ല സ്ഥലകാലബോധമുണ്ട്. നാലാമത്തെ അക്ഷരം നോട്ടിയിൽ നിന്നെടുത്ത 'N' ആണ്. എന്തെങ്കിലും വികൃതി ഒപ്പിക്കാൻ തോന്നും. കുസൃതി കൈവിട്ട് ചില പ്രശ്നങ്ങളുണ്ടാകും. നല്ല നല്ല തമാശകൾ ഈ ഘട്ടത്തിൽ പ്രതീക്ഷിക്കാം. ഈ മനുഷ്യൻ ഇത്ര രസികനാണോ എന്ന് കൂടെ ഇരിക്കുന്നവർക്ക് തോന്നാം. അപ്പോഴാണ് അഞ്ചാമത്തെ പെഗ്ഗ് അടിക്കുന്നതെങ്കിൽ ആളു മാറും. പിന്നെ എല്ലാം അയാൾ മറക്കും. ആളൊരു 'K' ആവും 'കിംഗ്' വാളെടുക്കാനും വാളുവയ്ക്കാനും പറ്റുന്ന നില. കൂടെയുള്ളവർക്ക് ആ കക്ഷിക്ക് ഒന്നു  കൊടുത്താലോ എന്നുവരെ തോന്നിപ്പോകുമെങ്കിലും കൂടെയുള്ളവർ ക്ഷമിച്ചു കളയും. ആറാമത്തെ പെഗ്ഗ് കൂടി കഴിച്ചാൽ പിന്നെ കക്ഷി 'S' ആകും. സ്നേക്ക് അഥവാ പാമ്പ്. കള്ളുകുടിയന്മാരുടെ അവസാനത്തെ സ്റ്റേജാണത്. നന്നായി രണ്ടുകാലിൽ നടന്നുവന്ന മനുഷ്യൻ നാലുകാലിലോ കാലോ കൈയോ ഇല്ലാതെ പാമ്പായി ഇഴയും, പുളയും. കിട്ടിയേടത്ത് ഉടുതുണിയില്ലാതെ ബോധം കെട്ടുറങ്ങും. ഇംഗ്ലീഷ് ഭാഷയെ സമ്മതിക്കണം ഓരോ വാക്കും എത്ര മനോഹരമായാണ് കൊയിൻ ചെയ്തിരിക്കുന്നത്. ഡ്രിങ്ക് എന്നു  കേൾക്കുമ്പോഴേ എന്തോ കുടിക്കുന്നതിന്റെ ഒരു ഒച്ച.  സ്‌നെയിക് എന്ന വാക്കു കേൾക്കുമ്പോഴേ ഒരു ഇഴച്ചിൽ ഇല്ലേ ?  ഇത് റിസർച് ചെയ്യണമെങ്കിൽ പട്ടയടിച്ചാൽ പോരാ, നല്ല ഫോറിൻ തന്നെ ഡ്രിങ്ക് ചെയ്യണം, അല്ലേ ?
 
സ്നേക്കാവാതെ രണ്ട് പെഗ് അടിച്ച ശേഷം ഗോപിക്കുട്ടൻ കാറോടിച്ചതാണ്. എവിടെയോ തട്ടുകയോ  മുട്ടുകയോ  ചെയ്തപ്പോൾ വണ്ടി സഡൻ ബ്രേക്കിട്ടു നിർത്തി. ഓടിയെത്തിയ പൊലീസുകാരൻ ചോദിച്ചു : "എങ്ങനെയാടാ  ആക്സിഡന്റ് ഉണ്ടായതെന്ന് പറയെടാ.."  
ഗോപിക്കുട്ടൻ സത്യം പറഞ്ഞു : "സാർ എനിക്ക് ഒന്നും അറിയില്ല, ഞാൻ ഉറങ്ങുകയായിരുന്നു" 
 
എങ്ങനെയൊക്കെയോ തലയൂരിയ  ഗോപിക്കുട്ടൻ വീട്ടിലെത്തി. യുവതിയായ രമ എന്ന ഭാര്യ ഭദ്രകാളിയായി മുന്നിൽ! പൊരിഞ്ഞ വഴക്ക്. അതിനിടയിൽ ഗോപിക്കുട്ടൻ :"ഞാൻ ഒരു നല്ല തന്തയ്ക്ക് പിറന്നതാണെടീ' എന്നൊരു ഡയലോഗ് വായിൽ നിന്നു വീണുപോയി. ഉടനെ രമ ഉരുളയ്ക്ക് ഉപ്പേരി കൊടുക്കണ്ടേ ? തൊട്ടടുത്തു നിൽക്കുന്ന അമ്മായിയമ്മയെ ഒന്ന് ക്ഷീണിപ്പിക്കാനും അതുവഴി ഒരു വെടിക്ക് രണ്ടു പക്ഷി എന്ന നിലയിൽ  പറഞ്ഞത് ഇങ്ങനെ: "ഭാഗ്യം! നല്ല തള്ളയ്ക്ക് പിറന്നതാണെന്ന് പറഞ്ഞില്ലല്ലോ..." 
 
അമ്മായിയമ്മയുടെ കാര്യത്തിൽ കെട്ടിക്കൊണ്ടു വന്ന അവളുമാർക്ക് അല്ലെങ്കിലും ഒരു ഇഷ്ടവും ഇല്ലേന്നേ...  ഗൾഫിലുള്ള തെക്കേതിലെ  ബാബുവും ഭാര്യ ത്രേസ്യാക്കുട്ടിയും തമ്മിലുള്ള ഒരു ഡയലോഗ് കേട്ട് നോക്കൂ "രണ്ടുദിവസം മുമ്പ് നമ്മുടെ വീട്ടിൽ വലിയൊരു ദുരന്തം നടന്നെന്നോ ? എന്നിട്ട് നീയെന്താ അന്നുതന്നെ എന്നോട് പറയാതിരുന്നത്?"  ബാബുവിന്റെ  ന്യായമായ ചോദ്യം. അതിനു ത്രേസ്യാക്കുട്ടിയുടെ മറുപടി കൂടി കേട്ടോളൂ : "നിങ്ങളുടെ തള്ള രണ്ടുമാസം മുമ്പ് കാലൊടിഞ്ഞ കാര്യമാ  മനുഷ്യാ, ഞാനീ പറയുന്നത്..."
ത്രേസ്യാകുട്ടിയ്ക്ക്  അതിലും കൗതുകത്തോടെ പറയാൻ ഒരു വിശേഷം ഉണ്ടായിരുന്നു.  അയൽവീട്ടിലെ അന്തസ്സുകാരി ഡെയ്സിയുടെ മോൻ ഡാൻസ് പ്രാക്ടീസിന്റെ  കഥ പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞു. സുന്ദരിയായ അയൽവീട്ടിലെ ഡെയ്സിയെപ്പറ്റിയുള്ള കഥകളും ബാബു കാതോർത്തു കേൾക്കും. പയ്യൻ മൈക്കിൾ ജാക്സനെ പോലെ നൃത്തമാടുന്നത് കണ്ടു തെറ്റിദ്ധരിച്ച് മോന് ഡെയ്‌സി വിര ശല്യത്തിനുള്ള മരുന്നുകൊടുത്തു പോലും ! 
 
ത്രേസ്യകുട്ടിയ്ക്ക് ബാബുവിന്റെ മൂത്ത പെങ്ങൾ കൊച്ചുറാണിയുടെ മകൻ ജോപ്പന് പറ്റിയ ഒരമളി കൂടി അറിയിക്കാൻ ഉണ്ടായിരുന്നു. ആ ചെക്കൻ ജോലിക്കൊന്നും പോകാതെ വീട്ടിലിരിപ്പായിരുന്നു. അളിയച്ചാര്  ആരുടെയൊക്കെയോ കാലും കൈയും പിടിച്ച് ചെക്കനെ ഒരു പരസ്യ കമ്പനിയിലാക്കി.  കോപ്പിറൈറ്റരുടെ  ജോലിയാണ് ഒഴിവ്. 
ചെക്കനോട് മാനേജർ ചോദിച്ചു : "മുൻപരിചയം വല്ലതുമുണ്ടോ ? 
ചെക്കൻ സത്യം പറഞ്ഞു : "പത്താം ക്ലാസ് പരീക്ഷയ്ക്ക്  അടുത്തിരുന്നവന്റെ പേപ്പർ കോപ്പിയടിച്ചാ സാറേ ഞാൻ ജയിച്ചത് തന്നെ"  ത്രേസ്യാകുട്ടിയ്ക്ക് രസിച്ചെങ്കിലും പെങ്ങളുടെ മകന്റെ കാര്യമായതുകൊണ്ട് ബാബു ഫോൺ ഡിസ്കണക്ടാക്കി . 
 
ലാസ്റ്റ് പഞ്ച് :  "ഡോക്ടർ, ആ ഒമ്പതാം നമ്പറിൽ കിടക്കുന്ന രോഗി 'എനിക്ക് മരിക്കണം, മരിക്കണം' എന്ന് പറഞ്ഞു ബഹളത്തോടു ബഹളം. "  നഴ്സ് അങ്ങനെ പറഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞത് കൂടി കേൾക്കൂ : "അയാളുടെ ആഗ്രഹം അല്ലേ, ഓപ്പറേഷൻ ഇന്നുതന്നെ നടത്തിക്കളയാം".

പ്രാഞ്ചി 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക