Image

ഹര്‍ത്താല്‍ നടത്തിയവര്‍ 5.20 കോടി രൂപ കെട്ടണം ! നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 29 September, 2022
ഹര്‍ത്താല്‍ നടത്തിയവര്‍ 5.20 കോടി രൂപ കെട്ടണം ! നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)
 
ഇങ്ങനെയൊരു വിധി ഇതാദ്യം. മിന്നൽഹർത്താലിൽ ഉണ്ടായ മൊത്തം നഷ്ടം അഞ്ചു കോടി 20 ലക്ഷം രൂപ.ഇതിൽ അഞ്ചുകോടി ആറ് ലക്ഷവും കെഎസ്ആർടിസിയ്ക്ക് ലഭിക്കും. കേരളത്തിലുണ്ടായ എല്ലാ ഹർത്താൽ കേസുകളിലും പ്രതികളിലൊരാളായി  പോപ്പുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി അബ്ദുൽ സത്താറുണ്ടാകും. പണം അടച്ചില്ലെങ്കിൽ പ്രതികളായവരുടെ സ്വത്ത് കണ്ടെത്തും. പൊലീസ് ഇന്നുതന്നെ നടപടികൾ ആരംഭിച്ചു. ട്രാൻസ്പോർട്ട് മന്ത്രി ആന്റണി രാജു അടുത്ത മിന്നൽ ഹർത്താൽ എന്നാണെന്ന് അന്വേഷിക്കാൻ തുടങ്ങി. 
 
ശ്രീലങ്കയിൽ മാസങ്ങൾ നീണ്ട സമരങ്ങൾ എങ്ങനെയാണ് നടത്തിയതെന്ന് നാം ചാനലുകളിൽ കണ്ടതല്ലേ? പൊതുമുതൽ നശിപ്പിച്ചു കൊണ്ടുള്ള ഒരു സമരവും അവിടെ ഇല്ലല്ലോ. ഇവിടെയോ? കൊച്ചുകാര്യത്തിന് ആരെങ്കിലും സമരത്തിനിറങ്ങിയാൽ ആദ്യം രോഷം  തീർക്കുന്നത് ട്രാൻസ്പോർട്ട് ബസിന് കല്ലെറിഞ്ഞല്ലേ?  അങ്ങാടിയിൽ തോറ്റാൽ അമ്മയോടെന്നപോലെ പിന്നെ നെഞ്ചത്ത് കയറുന്നത് സ്വന്തം നാട്ടുകാരുടെ നേരെ. അവരെ വഴിനടക്കാൻ ആരുണ്ട് സമ്മതിക്കുന്നു?  
 
വീണ്ടും സ്വപ്ന : 
 
സ്വപ്ന മുഖ്യമന്ത്രി പിണറായിക്കും ശിവശങ്കറിനും പിന്നാലെയുണ്ട് . സ്വപ്നയുടെ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ ശിവശങ്കർ ലൈഫ് പദ്ധതിയിൽ നിന്ന് കൈക്കൂലിയായി കിട്ടിയത് സൂക്ഷിക്കാൻ തന്നതാണെന്ന് വീണ്ടും സ്വപ്ന ! മാത്രമല്ല, ശിവശങ്കർ ഇന്റലിജൻസ്  വിവരങ്ങൾ ചോർത്തി സ്വപ്ന വഴി യു.എ.ഇ കോൺസൽ ജനറൽ ഓഫീസിൽ എത്തിച്ചിരുന്നു എന്ന ഗുരുതരമായ ആരോപണവും ഉന്നയിക്കുന്നു. ഇതിനൊക്കെ പിണറായിക്ക് പങ്കുണ്ടെന്ന ദുസൂചനയും സ്വപ്ന പങ്കുവയ്ക്കുന്നു. കൂടെ കാര്യമായി കൊണ്ടുനടന്ന സ്വപ്ന മോൾ ആകെ കുളമാക്കുമോ ? 
 
ഇന്ന് ലോക ഹൃദയദിനം. ഹൃദയഭേദകമായ ഒരു വാർത്തയുമായാണ് പത്രങ്ങളെത്തിയത്. രൂപയുടെ മൂല്യത്തിൽ റെക്കോർഡ് തകർച്ച. വർഷാദ്യം 74.51 രൂപയുടെ മൂല്യം ഒരു അമേരിക്കൻ ഡോളറിന്  ലഭിച്ചിരുന്നു. ആ ഒരു ഡോളർ ഇപ്പോൾ കിട്ടാൻ 81.93 രൂപ!  ഒൻപത് മാസത്തിനകമുണ്ടായ മൂല്യത്തകർച്ച 9.64 ശതമാനം. സാമ്പത്തിക കാര്യങ്ങളിൽ മാത്രമല്ല എല്ലാ രംഗത്തുമില്ലേ ഈ മൂല്യ തകർച്ച?
 
എല്ലാവരും ഗെലോട്ടിനെ പോലെ ചിന്തിക്കുന്നു. എല്ലാം വാരി പിടിക്കണം. കയ്യിലുള്ളത് വിടുകയും ഇല്ല. അധികാരമില്ലാത്ത ഒരു പാർട്ടിയുടെ അധ്യക്ഷൻ ആകുന്നതിൽ അല്ലെങ്കിൽ എന്ത് ഗ്ലാമർ? ഗെലോട്ടിന് കോൺഗ്രസിനെ വേണ്ട. കോൺഗ്രസിന് ഗെലോട്ടിനെ വേണമെങ്കിൽ പ്രസിഡന്റാകാൻ നിന്നു തരാം. 92 എം.എൽ.എമാർ കയ്യിലുള്ളപ്പോൾ ഒന്ന്  'ഗോവ' കളിച്ചാൽ കോടികൾ കൂടെ പോരും എന്ന് ഗെലോട്ടിനും അറിയാം. ആ ഗെലോട്ടിനെ വച്ച്  കളിക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് നേതാക്കളേ, നിങ്ങൾ ഈ നാട്ടുകാരൊന്നുമല്ലേ ? കളി തീക്കളിയാകുമേ.  പഞ്ചാബ് പോലെ രാജസ്ഥാനും പോകും. സൂക്ഷിച്ചു കളിച്ചാൽ അമ്മയ്ക്കും മക്കൾക്കും കൊള്ളാം. 
 
കണ്ടു പഠിക്ക് : 
 
ബിനോയ് കോടിയേരിക്ക് കള്ളക്കോളിൽ ഒരു ബിഹാരി കുഞ്ഞുണ്ടായപ്പോൾ ചെയ്തതൊന്നും കോൺഗ്രസ് നേതാക്കൾക്കറിയില്ലേ? ആദ്യം കേസിനു പോയി. ഡി.എൻ.എ ടെസ്റ്റ് ഉറപ്പായപ്പോൾ എന്താ ചെയ്തത്? പ്രാക്ടിക്കലായി. ബിഹാരി പെണ്ണിനു കുഞ്ഞിന് തന്തയില്ലെങ്കിലും കൈനിറയെ പണം മതി. 80 ലക്ഷം രൂപ കൈയിൽ വച്ചപ്പോൾ ബിഹാരി ഗേൾ ഹാപ്പി. എല്ലാം സബൂർ.  അവർക്കതിന് ന്യായീകരിക്കാൻ പറ്റിയ സുപ്രീംകോടതിവിധി ഇന്നുതന്നെ വന്നിട്ടുണ്ട്. അവിവാഹിതരായ സ്ത്രീകൾക്കും വിവാഹിതരായ സ്ത്രീകൾക്കും  24 ആഴ്ചവരെ ഗർഭം ധരിച്ചത് അലസിപ്പിക്കാൻ ഇന്നുമുതൽ നിയമബലമുണ്ട്. ബിനോയുമായുള്ള ബന്ധത്തിലുണ്ടായ ആ  കുഞ്ഞ് അന്ന് അങ്ങനെ അലസിപ്പോയിയെന്ന് ബിഹാരി പെണ്ണിന് സങ്കൽപ്പിക്കാമല്ലോ.
 
ഉടമാവകാശം : 
 
സ്ത്രീ സമ്മതിക്കാതെ നടക്കുന്ന ഏതു വേഴ്ചയും ബലാൽസംഗമായി മാത്രമേ കോടതി കരുതൂ. സ്വന്തം ശരീരത്തിന്റെ ശരിയായ അവകാശം തിരിച്ചു കിട്ടിയതും ലോക ഹൃദയദിനത്തിൽ തന്നെ. ഈ ദിനത്തിൽ തന്നെയാണ് താനുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണകോടതിയുടെ ജഡ്ജിയെ മാറ്റണമെന്ന പരാതിയുമായി അതിജീവിത സുപ്രീം കോടതിയിലെത്തിയത്. പ്രതിയുമായി സൗഹൃദമുള്ള ജഡ്ജിക്കെതിരെയുള്ള തെളിവുകളുമായി ഹൈക്കോടതിയിലെത്തിയെങ്കിലും  അത് ചെവിക്കൊണ്ടില്ല. അതിനാലാണ് സുപ്രീം കോടതിയിലെത്തിയത്. സുപ്രീംകോടതിയുടെ തേൻമൊഴി കാത്തിരിക്കുന്നു.
 
വയസ്സന്മാരുടെ തർക്കം : 
 
ഇതിനിടെ സി.പി.ഐ സംസ്ഥാന കൂടിച്ചേരലിനോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ, ചരിത്രരചനയിൽ നിന്ന് സ്ത്രീകൾ പിന്തള്ളപ്പെടുന്നു എന്ന ഗുരുതരമായ പ്രശ്നം ആരോഗ്യമന്ത്രി വീണ ഉന്നയിച്ചപ്പോൾ, അതല്ലേ  വീണ  ചെയ്യുന്നതെന്നായിരുന്നു ആരോഗ്യ പ്രവർത്തകരുടെ ന്യായം.ന്യായം ആരു പറയുന്നതാണ്  എന്നതാണ് സകലമാന സി.പി.ഐക്കാർക്കിടയിലുള്ള തർക്കം തന്നെ.  ഒരുതരം വിഭാഗീയ ചിന്തകളും ഇതുവരെ ഉണ്ടാകാത്ത പാർട്ടിയിൽ ഈ വയസ്സന്മാർ ഉണ്ടാക്കുന്ന കൺഫ്യൂഷൻ ചില്ലറയൊന്നുമല്ല. അവരുടെ കൺഫ്യൂഷൻ തീർക്കണമേ എന്ന സിനിമാഗാനം പാടാം.  നാളെ തുടങ്ങുന്ന സംസ്ഥാന സമ്മേളനത്തിൽ നിരീക്ഷകർ ഉൾപ്പെടെ 563 പേർ എത്തും . മൂന്നുദിവസത്തെ പൊരിഞ്ഞ ചർച്ച തിങ്കളാഴ്ചയാണ്. ഇലക്ഷന് മുന്നോടിയായി നടക്കുന്ന ചർച്ചയിൽ 70 വയസ്സു കഴിഞ്ഞ കിളവന്മാർക്കെ  താല്പര്യമുള്ളൂ. 72 കഴിഞ്ഞവൻ വേണോ? 75 കഴിഞ്ഞവൻ വേണോ ? വയസ്സിന്റെ  കാര്യത്തിൽ സമാനമായ ചർച്ച കനയ്യ എന്ന ചെറുപ്പക്കാരൻ സി.പി.ഐയിൽ വന്നപ്പോഴും ഉണ്ടായി.  കനയ്യ ഒരു വിസിറ്റിനു ശേഷം തിരിച്ചു പോയി. ആ  ബിഹാറിലെ സി.പി.ഐയുടെ സംസ്ഥാന അധ്യക്ഷന്റെ  പ്രായം 78. ഇപ്പോൾ ദിവാകരനോ ഇസ്മായിലിനോ സ്ഥാനം വേണ്ട. കാനത്തിന് മൂന്നാം തവണ സെക്രട്ടറി ആകാനുള്ള 'ആക്രാന്തം' ഒഴിവാക്കണം എന്നേയുള്ളൂ. കാനനച്ചോലയിൽ നിന്ന് അധികാര സ്ഥാനങ്ങൾ നേടിയവർ കൂടെയുണ്ടല്ലോ എന്നാണ് കാനത്തിന്റെ  ആത്മബലം. ജയിച്ചാലും തോറ്റാലും പറയാവുന്ന ഒരു പഴഞ്ചൊല്ല് കാനത്തിന്റെ  പോക്കറ്റിൽ എഴുതിവച്ചിട്ടുണ്ട്. 
 
നാറ്റക്കേസ് : 
 
'സാറ്റർഡേ നൈറ്റ്' എന്ന സിനിമാപ്രചാരണത്തിന് വന്ന രണ്ട് നടികൾക്ക് 'ട്യുസ്ഡേ നൈറ്റിൽ' ഉണ്ടായ പ്രശ്നങ്ങൾ സൃഷ്ടിച്ച ആഭാസന്മാരിൽ രണ്ടു പേരെ ഇതിനോടകം പോലീസ് തിരിച്ചറിഞ്ഞു കഴിഞ്ഞു. കരണത്ത് ഒന്ന് കിട്ടിയ ക്ഷീണത്തിൽ നിൽക്കുന്ന ആ ചെറുപ്പക്കാരന്റെ കൈ തന്നെയാണോ ആ കുസൃതി കൈ എന്ന് തിരിച്ചറിഞ്ഞ ശേഷം മതി അയാളെ നാറ്റിക്കുന്നതെന്ന തീരുമാനത്തിൽ പൊലീസെത്തി. ചെക്കൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല എന്നാണ് ആണയിട്ട് പറയുന്നത്. തല്ല് കിട്ടിയത് പോട്ടെ എന്ന് വയ്ക്കാം. നാറി നാറാണക്കല്ല് ആകുന്നത് എങ്ങനെ സഹിക്കും?  
 
വാൽക്കഷണം : സംസ്ഥാനത്തെ സിൽവർ ലൈൻ, കെ ഫോൺ തുടങ്ങിയ എല്ലാ നിർമാണപ്രവർത്തനങ്ങളും മുടങ്ങിക്കിടക്കെ, ക്ലിഫ് ഹൗസിലെ തൊഴുത്തിന്റെ പണി മാത്രം തകൃതിയായി തുടങ്ങുന്നു ! മുഖ്യമന്ത്രിക്ക് ഇപ്പോൾ അഞ്ചു പശുക്കളാണുള്ളത്. ഒരെണ്ണത്തെ കൂടി വാങ്ങിയാലും സുഖമായി നിൽക്കാനും നടക്കാനും കിടക്കാനും സൗകര്യമുള്ള ഈ തൊഴുത്തിനും ചുറ്റും മതിലിനും  കൂടി അരക്കോടിയോളം രൂപ മാറ്റി വച്ചിട്ടുണ്ട്. ക്ലിഫ്ഹൗസിലെ  ജോലിക്കാർക്കുള്ള ക്വാർട്ടേഴ്സ് പണിയാൻ മാറ്റിവെച്ച സ്ഥലമായതുകൊണ്ട് അതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട എന്ന് കരുതി തൊഴുത്തിനു മുകളിൽ ക്വാർട്ടേഴ്സും പണിയും. ചാണക മണം അല്പം ഉണ്ടായാലും, പശുക്കൾക്കായി പ്രത്യേകം തയ്യാറാക്കുന്ന മ്യൂസിക് സിസ്റ്റത്തിലെ പാട്ട് സദാ കേൾക്കാമല്ലോ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക