Image

എസ്ബിക്കു നൂറ്, ന്യൂമാന്‍ മുതല്‍ ചോംസ്‌കി വരെ, നസീര്‍ മുതല്‍ കുഞ്ചാക്കോ വരെ(കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 01 October, 2022
എസ്ബിക്കു നൂറ്, ന്യൂമാന്‍ മുതല്‍ ചോംസ്‌കി വരെ, നസീര്‍ മുതല്‍ കുഞ്ചാക്കോ വരെ(കുര്യന്‍ പാമ്പാടി)

കേരളത്തിലെ പതിനായിരക്കണക്കിന് യൂവജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക്  ഊടും പാവും നെയ്ത മഹാവിദ്യാലയം ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്ക് മാന്‍സ് കോളജിനു നൂറു തികഞ്ഞു. ഭാഷയും ശാസ്ത്രവും സൈബര്‍ ടെക്നോളജിയും മാനേജ്മെന്റും ബിരുദം മുതല്‍ പിഎച്ച്ഡി വരെ പഠിപ്പിക്കുന്ന ഈ ഓട്ടോണമസ് വിദ്യാലയത്തില്‍ ഇരുപതോളം ഡിപ്പാര്‍ട്‌മെന്റുകള്‍, 200  അധ്യാപകര്‍,  മൂവായിരം വിദ്യാര്തഥികള്‍. ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ 800.

ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്ക് മാന്‍സ്--നൂറ്റാണ്ടിന്റെ പ്രൗഡി

വിദേശരാജ്യങ്ങളിലേതുപോലെ കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ ആകാം എന്ന എല്‍ഡിഎഫ് ഗവര്‍മെന്റിന്റെ ചരിത്രപ്രധാന നിലപാട്  നടപ്പായാല്‍ ആദ്യം സര്‍വകലാശാലയാകാന്‍ എല്ലാ യോഗ്യതയുമുള്ള കോളജ് ആണ് എസ്ബി. കോളജിന്റെ ഉടമകളായ ചങ്ങനാശ്ശേരി അതിരൂപതയുടെ പരമാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് ജോസഫ് പെരുംതോട്ടമാണ്. വെരി റവ. ഡോ. തോമസ് പടിയത്ത് ആണ് കോളജ് മാനേജര്‍.

ചരിത്രത്തിന്റെ പടവുകള്‍ ചൂണ്ടിക്കാട്ടുന്ന പ്രിന്‍സിപ്പല്‍ ഫാ. രജി പി കുര്യന്‍

ഗവര്‍മെന്റിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തില്‍ എസ്ബി കോളജ് സര്‍വകലാശാലയായി  ഉയര്‍ത്താനുള്ള സാധ്യതകളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഡിസംബറിലോ ജനുവരിയിലോ ഒരു സമ്മേളനം വിളിച്ചുചേര്‍ക്കാന്‍  ഉദ്ദേശിക്കുന്നതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.  സ്റ്റാഫിന് സര്‍ക്കാര്‍ ശമ്പളംനിലനിര്‍ത്തിക്കൊണ്ടു തന്നെ അതുസാദ്ധ്യ മാകുമോ എന്നതായിരിക്കും പ്രധാന വിഷയം.  

ഓണ്‍ലൈനില്‍ നോംചോംസ്‌കിക്ക്  പ്രിന്‍സിപ്പലിന്റെ സ്വാഗതം

നൂറുവര്‍മായി ക്ലാസ്സുകള്‍ ആരംഭിക്കുന്നത്  കവിയും ദൈവശാസ്ത്രജനുമായ കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്റെ 'ലീഡ് കൈന്‍ഡ്ലി ലൈറ്റ്' ഗാനത്തോടെയാണ്.  പതിനേഴാം നൂറ്റാണ്ടില്‍ ബെല്‍ജിയത്തില്‍ ജനിച്ച ജസ്വിറ്റ് പണ്ഡിതന്‍ വിശുദ്ധ ജോണ്‍ ബെര്‍ക്ക് മാന്‍സിന്റെ പേരിലാണ് കോളജ്.

നേരിട്ടെത്തിയ കെമിസ്ട്രി നൊബേല്‍  സമ്മാന ജേതാവ് അഡ യോനാത്ത്

നൊബേല്‍ സമ്മാനാര്‍ഹരുടെ ഒരു നിരതന്നെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തിട്ടുണ്ട്. ഏറ്ററ്വും ഒടുവില്‍ ശതാബ്ദി പ്രമാണിച്ച് സംഘടിപ്പിച്ച ഓണ്‍ലൈന്‍ സമ്മേളനത്തില്‍ അവരോട്  സംവദിച്ചത്  അമേരിക്കയില്‍ നിന്ന് ഭാഷാ പണ്ഡിതനായ നോം ചോംസ്‌കി തന്നെ. പല നൊബേല്‍ സമ്മാനാര്‍ഹരും കാമ്പസില്‍ നേരിട്ടെത്തി പ്രചോദനം നല്‍കി.

മൂന്നു നിലകള്‍ ഉള്ള 1925ലെ ആദ്യ മന്ദിരം

ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കഴിഞ്ഞാല്‍ ഇന്ത്യയില്‍ സ്ഥിരം ഷേക്സ്പീരിയന്‍ തീയേറ്റര്‍  ഉള്ളത് എസ്ബിയില്‍ മാത്രമാണ്.  1938 മുതല്‍  അവിടെ പതിവായി ഷേക്സ് പീയര്‍  നാടകങ്ങള്‍   അവതരിപ്പിക്കുന്നു. സിഎ ഷെപ്പേര്‍ഡ്, എംപി പോള്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി   പോലുള്ള പ്രഗത്ഭമതികള്‍ അദ്ധ്യാപകരായിരുന്നിട്ടുണ്ട്. ബിടിവി എന്ന പേരില്‍ മികച്ച ഒരു യു ട്യൂബ് ചാനലും കോളജിനുണ്ട്.

ഹരിതഭംഗി നിറഞ്ഞ കാമ്പസ്

കുട്ടനാടിന്റെ സിരാകേന്ദ്രം ആണ് ചങ്ങനാശ്ശേരി. ക്രിസ്ത്യാനികളുംഹിന്ദുക്കളും മുസല്‍മാന്മാരും അല്ലലൊന്നും ഇല്ലാതെ പരസ്പരം  സ്‌നേഹിച്ചും സഹകരിച്ചും കഴിയുന്ന മുനിസിപ്പല്‍ നഗരമാണ്. അവിടെ കേരളത്തിന്റെ  എല്ലാഭാഗത്തുനിന്നുമുള്ള എല്ലാ മതവിശ്വാസികളും പഠിക്കാന്‍ എത്തുന്നു. പ്ര വേശനത്തിനോ ജോലിക്കോ കോഴ  വാങ്ങാത്ത കേരളത്തിലെ വിരലില്‍ എണ്ണാവുന്ന വിദ്യാലയങ്ങളില്‍ ഒന്ന്.

ഓപ്പണ്‍ എയര്‍ ക്ലാസ്

ചങ്ങനാശ്ശേരി പാറേപ്പള്ളി വക ഒരു  കെട്ടിടത്തില്‍ 1922ല്‍ 125 വിദ്യാര്‍ത്ഥികളുമായി ആരംഭിച്ച കോളജ് 1925ല്‍ പതിനെട്ടേക്കറുള്ള  ഇപ്പോഴത്തെ കാമ്പസില്‍ ഒരു മൂന്ന് നിലകെട്ടിടം പണിതു മാറ്റുകയായിരുന്നു. ഒരുനിലയില്‍ മലയാളം, ഒരുനിലയില്‍ ഇംഗ്ലീഷ്, മൂനാം നിലയില്‍,ഹോസ്റ്റല്‍ എന്നായിരുന്നു ക്രമീകരണം. ഇന്ന് കാമ്പസ് ആകെ നിറഞ്ഞു നിരവധി ബ്ലോക്കുകള്‍, ഹോസ്റ്റലുകള്‍, 1,38,000 പുസ്തകങ്ങള്‍ ഉള്ള സെന്‍ട്രല്‍ ലൈബ്രറി.    

ബിടിവിയില്‍ തിയറി ക്ലാസ്  എടുക്കുന്ന ഇംഗ്ലീഷ് അദ്ധ്യാപകന്‍ ജോസിജോസഫ്

അക്കാദമിക്, നോണ്‍ അക്കാദമിക്ള്‍ സംഭവങ്ങളുമായി ബന്ധപെട്ടു പലതവണ എസ്ബിയിലും തൊട്ടുചേര്‍ന്ന അസംപ്ഷന്‍ വിമന്‍സ് കോളജിലും പോയിട്ടുണ്ട് ഞാന്‍. എസ്ബിയില്‍ ഒടുവില്‍ പോയത് കൊളംബിയ പ്രൊഫസര്‍ ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിന്റെ  പ്രഭാഷ ണം കേള്‍ക്കാനാണ്. സാഹിത്യ സിദ്ധാന്തങ്ങളില്‍ നിന്ന് വിദ്യാഭ്യാസ പരിഷ്‌കരണങ്ങളെക്കുറിച്ചും ഫെമിനിസ്റ്റ് തിയറികളെക്കുറിച്ചും അവര്‍ കത്തിക്കയറി.

എന്റെ എസ്ബി-- കുഞ്ചാക്കോ ബോബന്‍

ഐഎ എസില്‍ നിന്ന് രാജിവച്ചു  ഇന്ത്യയിലെ ഏറ്റവും  വലിയ ബ്ലഡ് ബാഗ് നിര്‍മ്മാണപ്ലാന്റ് സ്ഥാപിച്ച സി ബാലഗോപാലിന്റെ പ്രഭാഷണം കേള്‍ക്കാന്‍ എസ്ബി മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍  പോയതും ഓര്‍ക്കുന്നു.  അമ്പത് പേരുമായി തുടങ്ങിയ സ്ഥാപനം ഒരു ജാപ്പനീസ് കമ്പനിക്കു കോടികള്‍ക്കു വില്‍ക്കുമ്പോള്‍ സ്ഥാപനത്തില്‍ 1500 ജോലിക്കാര്‍ ഉണ്ടായിരുന്നു. മാനേജ്മെന്റ് ഗുരുവിന്റെ അനുഭവങ്ങള്‍ അറിയാനും ചോദ്യങ്ങള്‍ ചോദിക്കാനും ശ്രോതാക്കള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.  

ട്രോഫികളുടെ പ്രളയം; ഓണത്തിന് വടംവലി

മനോരമയില്‍ എന്റെ സഹപ്രവര്‍ത്തകന്‍ ആയിരുന്ന അസിസ്റ്റന്റ് എഡിറ്റര്‍ ജോസഫ് കൊട്ടാരം എന്ന കെ പി ജോസഫ്  എസ്ബിയില്‍ ബിഎ എക്കണോമിക്‌സ് പഠിച്ച ആളാണ്. എന്നിരുന്നാലും അവിടെ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സി എ  ഷെപ്പേര്‍ഡിനെപ്പറ്റി വാതോരാതെ സംസാരിക്കും. ഷേപ്‌സ്പീയര്‍ ഉള്‍പ്പെടയുള്ള ഇംഗ്ലീഷ് ക്ലാസിസിസ്റ്റുകളെപ്പറ്റി ഇത്ര അവഗാഹം ഉണ്ടായിരുന്ന ഒരു അധ്യാപകനെ കണ്ടുകിട്ടാന്‍ വിഷമം എന്നാണ്  എപ്പോഴും പറയുക.

പിന്നീട്  അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അധ്യാപകന്‍ സാമ്പത്തിക ശാസ്ത്രം പഠിപ്പിക്കുകയും സഹൃദയ  ഹോസ്റ്റലില്‍ വാര്‍ഡന്‍  ആയിരിക്കുകയും ചെയ്ത  ഫാ. ജോസഫ് പവ്വത്തില്‍ ആണ്. റോമില്‍ ദൈവ ശാസ്ത്രം പഠിച്ചിറങ്ങിയ പവ്വത്തില്‍ പിന്നീട് പോയത് ഓക്‌സ്ഫഡിലേക്കാണ്. അവിടെ ഡവ വലപ്‌മെന്റ് എക്കണോമിക്സില്‍ ഉപരിപഠനം നടത്തി. തിരികെ വന്നു ബിഷപ്പും ആര്‍ച്ബിഷപ്പും ആയ അദ്ദേഹം എന്തുകൊണ്ട് കര്‍ദ്ദിനാള്‍ ആയില്ല എന്ന് ഞാന്‍ ഇടക്കിടെ അത്ഭുതപ്പെടാറുണ്ട്.

എന്തുകൊണ്ട് പവ്വത്തില്‍ ഓക്‌സ്ഫഡില്‍ നിന്ന്  എക്കണോമിക്സില്‍ ഡോക്ട്രേറ്  ചെയ്യാതെ മടങ്ങി എന്നതും ചോദ്യമാണ്. നെഹ്റു ക്യാബിനറ്റില്‍ ധനകാര്യമന്ത്രി ആയിരുന്ന ഡോ. ജോണ്‍  മത്തായിയെപ്പോലെയോ നെഹ്രുവിന്റെ സാമ്പത്തിക ഉപദേഷ്ട്ടാവായിരുന്ന ഡോ പി.ജെ. തോമസിനെപ്പോലെയോ  എന്തുകൊണ്ട് ആദ്ദേഹം അന്താരാഷ്ര രംഗത്ത് തിളങ്ങിയില്ല എന്നതാണ് അടുത്ത ചോദ്യം.

ജോണ്‍ മത്തായി മദ്രാസ് ക്രിസ്ത്യന്‍ കോളജിലാണ് എക്കണോമിക്‌സ് പഠിച്ചത്.  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു. പദ്മവിഭൂഷണ്‍ ബഹുമതി നേടി. ആദ്യം ബോംബെ യൂണിവേഴ്‌സിറ്റിയുടെയും 1957ല്‍ കേരള യുണിവേഴ്സിറ്റി  ഉണ്ടായപ്പോള്‍ അതിന്റെയും വൈസ് ചാന്‍സലര്‍ ആയി. ബ്രിട്ടീഷ് രാജ്ഞിയില്‍ നിന്ന്  കംപാനിയന്‍ ഓഫ് ദി ഇന്ത്യന്‍ എമ്പയര്‍ ബഹുമതി നേടി.

ഡോ. പി ജെ തോമസ് ആകട്ടെ  സിഎംഎസ് കോളജിലും  തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജിലും പഠിച്ച് ഓക്‌സ്ഫഡിലെ ബാലിയോള്‍ കോളജില്‍ നിന്ന് ഡോക്ട്രേറ്  (ഡിഫില്‍) നേടി.  സിലോണിലും മദ്രാസ് യൂണിവേസിറ്റിയിലും എകണോമിസ് പ്രഫസര്‍ ആയി. ഐഎംഎഫും വേള്‍ഡ്  ബാങ്കും സ്ഥാപിച്ച ബ്രെട്ടന്‍വുഡ് കരാറില്‍ ഇന്ത്യക്കു വേണ്ടി ഒപ്പു വച്ചു. 1945ല്‍ യുഎന്‍ ചാര്‍ട്ടറില്‍ ഒപ്പു വച്ച ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു.  

ഒരുപക്ഷെ  ഡവലപ്‌മെന്റ് എക്കണോമികിസ് എന്താണെന്നു  പോലും കേരളം അറിയാത്ത കാലത്തു ഓക്‌സ്ഫഡില്‍  ആവിഷയം പഠിച്ച പവ്വത്തില്‍  ളോഹയിട്ടു സ്വന്തം ജന്മദേശത്ത് ഒതുങ്ങിക്കഴിഞ്ഞു എന്നതാണ്  പ്രശ്‌നം.  എസ്ബിയില്‍ നിന്ന് ഇക്കണോമിക്സില്‍ ബിഎയും ചെന്നൈ ലയോള കോളജില്‍ നിന്ന്  എംഎയും നേടി. സിബി സിഐയുടെഅധ്യക്ഷനും നിരവധി അന്താരാഷ്ട്ര ദൈവശാസ്ത്ര സമിതികളില്‍ അംഗവും ആയിരുന്നു. നവതി കഴിഞ്ഞ (93) അദ്ദേഹത്തെ ആദരിക്കാന്‍ ആളുകള്‍ ഓടിക്കൂടുന്നു.

മുന്‍ മുഖ്യമന്ത്രിഉമ്മന്‍ ചാണ്ടിയോടൊപ്പം  എസ്ബിയില്‍ പഠിച്ച വയനാട്ടിലെ ഒരു കാപ്പികര്‍ഷകന് ഗുരുവിനെ വന്ദിക്കണം.  ചെറിയാന്‍ കോട്ടമലയുമൊത്തു ഞാന്‍ ചങ്ങനാശ്ശേരി അരമനയിലെത്തി. അധികം കാത്തുനില്‍ക്കാതെ  പ്രവേശനം ലഭിച്ചു. പക്ഷെ ആരോഗ്യ പ്രശ്‌നം മൂലം  കാരണം പിതാവ് കസേരയില്‍ ഇരുന്നതേയുള്ളു.

സന്തോഷത്തോടെ ഞങ്ങളോട്  ഇരിക്കാന്‍ പറഞ്ഞു. ഉച്ച വെയിലില്‍ പിന്നിലെ ജനാലയില്‍ നിന്ന് ആഞ്ഞടിച്ച  വെളിച്ചം മൂലം  നല്ലൊരു ചിത്രം എടുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞു ഈയിടെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയില്‍ നിന്ന് പൗരോഹിത്യ സുവര്‍ണജൂബിലി പ്രമാണിച്ച് പൊന്നാട സ്വീകരിക്കുമ്പോഴും  അദ്ദേഹം കസേരയില്‍ ഇരിക്കുന്ന ചിത്രം കണ്ടപ്പോള്‍ വ്യസനവും ഒപ്പം സന്തോഷവും തോന്നി. ആരോഗ്യ  മായിരിക്കുന്നല്ലോ!

എസ്ബിയില്‍ സുറിയാനി പഠിപ്പിച്ചിരുന്ന ഒരു വന്ദ്യ വൈദികനെ പരിചയപ്പെടാന്‍ ഇടയായത് മറ്റൊരു ആകസ്മിക സംഭവം. സിസ്റ്റര്‍ ജോസ്ന എന്ന കുട്ടനാട്ടിലെ ഒരു യുവ കന്യാസ്ത്രീ കുപ്പായം ഉപേക്ഷിച്ച് ബിഹാറിലെ  ആദിവാസികളെ  യുദ്ധം ചെയ്യാന്‍ നയിക്കുന്നു എന്ന എന്റെ ലേഖന പരമ്പരക്ക് സ്റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ് ലഭിക്കുകയുണ്ടായി. നാല്പത്തിരണ്ടു വര്‍ഷം മുമ്പ് , 1980ല്‍,  അത് മനോരമയില്‍ സീരിയലൈസ് ചെയ്യുമ്പോള്‍ ഈ കന്യാസ്ത്രീ കുട്ടനാട്ടില്‍ എവിടെ നിന്നുള്ള ആളാണെന്നു അറിഞ്ഞിരുന്നില്ല. ബിഹാറില്‍ പോയി സിസ്റ്ററിനെ നേരിട്ട് കണ്ടപ്പോള്‍ അവരത് പറയാന്‍ കൂട്ടാക്കിയുമില്ല.

പരമ്പര പത്തു ലക്കം ആയപ്പോള്‍ എസ്ബി കോളജിലെ ഒരു അധ്യാപകന്റെ വിളി വന്നു. 'താങ്കള്‍ പറയുന്ന കന്യാസ്ത്രീ  കോളജില്‍ സുറിയാനി പഠിപ്പിക്കുന്ന ഒരു വൈദികന്റെ സഹോദരിയുടെ  മകളാണ്'. ഞാന്‍ കയ്യോടെ അദ്ദേഹവുമായി ബന്ധപെട്ടു. ഉടനടി കാവാലത്തേക്കു പുറപ്പെട്ടു. അറയും നിരയുമുള്ള പുരാതന തറവാടിന്റെ മുറ്റത്തു ചെന്നപ്പോള്‍ 'അയ്യോ എന്റെ ത്രേസ്യാക്കുട്ടിക്ക് എന്തു പറ്റി?' എന്ന് നിലവിളിച്ചുകൊണ്ട് എന്നെ നേരിട്ടു സ്‌നേഹവതിയായ ആ അമ്മ.  ജോസ്നയുടെ തറവാടിന്റെയും അമ്മയുടെയും  ചിത്രങ്ങള്‍ സഹിതമാണ് മനോരമയുടെ അടുത്തലക്കം പുറത്തിറങ്ങിയത്.  

എസ്ബി സൃഷ്ട്ടിച്ച അധ്യാപകര്‍, പ്രിന്‍സിപ്പല്‍മാര്‍, ഡോക്ടര്‍മാര്‍ എന്‍ജിനീയര്‍മാര്‍, ഐഎഎസ് ഓഫീസര്‍മാര്‍, ജഡ്ജിമാര്‍,   മന്ത്രിമാര്‍, വൈദികര്‍, വൈദിക ശ്രേഷ്ടര്‍  തുടങ്ങിയവരുടെ നീണ്ട നിരയുണ്ട്. അവരില്‍ കലാകാരന്മാരുടെ പട്ടികയാണ് ഏറ്റവും വര്‍ണാഭം. എക്കാലവും എല്ലാ തലമുറകളും ഓര്‍മ്മിക്കുന്നത് അവരെയാണല്ലോ.

പ്രേം നസീര്‍ മുതല്‍ കുഞ്ചാക്കോ ബോബന്‍ വരെ ഒട്ടറെ അഭിനേതാക്കളെ സൃഷ്ട്ടിച്ച കോളജ് ആണ്. സിബി മലയില്‍,  ജിത്തു ജോസഫ് തുടങ്ങി ഒട്ടറെ സംവിധായകരും എസ്ബി യുടെടെ പൂര്‍വ വിദ്യാര്‍ത്ഥി പട്ടികയില്‍ ഉണ്ട്. അവരില്‍ ശതാബ്ദി സ്മരണകള്‍ അയവിറക്കിയ പ്രതിഭകളില്‍ നിന്നു ഏറ്റവും ഇഷ്ട്ടപെട്ടതു കുഞ്ചാക്കോ ബോബനെയാണ്. 'ലോകത്തില്‍ എവിടെ ചെന്നാലും എസ്ബി യുടെ അലുമ്നിയുമായി കൂട്ടിമുട്ടാതിരിക്കില്ല,' എന്നാണ് ബോബന്‍ പറയുന്നത്.  കൂടെപഠിച്ച കൂട്ടുകാരുടെയെല്ലാം പേരുകള്‍ ബോബന്‍ ഓര്‍മ്മിച്ചെടുക്കുന്നു.  

പാഠ്യേതര രംഗത്തും എസ്ബി ജ്വലിച്ചു നില്കുന്നു എന്ന് പറഞ്ഞല്ലോ.  പല ഇനങ്ങളിലും സ്റ്റേറ്റ്,  ഇന്റര്‍‌സ്റ്റേറ്റ് , ഇന്റര്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ചാംപ്യന്‍ഷിപ്  നേടിയ കോളജ് ആണിത്. എക് ലക്‌സിയര്‍ ആണ് കോളജിന്റെ മാഗസിന്‍. 'ആകാശം വേണോ ഭൂമി വേണോ' എന്ന കവറില്‍ ഇറക്കിയ 2017 -18 ലെ മാസികയ്ക്കും 'കറുപ്പി' എന്ന പേരില്‍ ഇറക്കിയ 2020-21 ലെ മാസികക്കും സംസ്ഥാന തലത്തില്‍ ഏറ്റവും മികച്ച കലാലയ മാസികക്കുള്ള പുരസ്‌ക്കാരം ലഭിച്ചിരുന്നു.
 
കോളജിന്റെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദിയാഘോഷങ്ങള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ആര്‍. ബിന്ദുവാണ് ഉദ്ഘാടനം ചെയ്തത്. ഒരാഴ്ച്ച നീണ്ടു നിന്ന  'സംവിധ' എന്ന ശാസ്ത്ര സാംസ്‌കാരിക പ്രദര്‍ശനവും എട്ടു ദിവസം നീണ്ടു നിന്ന  നാടകോത്സവവും കഴിഞ്ഞതേയുള്ളൂ. ഇനി സമാപന മേള അവശേഷിക്കുന്നു.

എസ്ബി കേരളത്തിലെ ആദ്യത്തെ പ്രൈവറ്റ് യൂണിവേഴ്സിറ്റി ആകുമോ എന്നറിയാന്‍  അല്പനാള്‍ കൂടി കാത്തിരിക്കുക. ഗൗരവമുള്ള വിഷയം ആണത്.  ആയാല്‍, 2025ല്‍ നൂറു വര്‍ഷം പൂര്‍ത്തിയാവുന്ന എറണാകുളം സെന്റ് തെരേസസും ഒപ്പം ഉണ്ടാവും-സെന്റ് തെരേസാസ് യൂണിവേഴ്സിറ്റിയായി.

NB: A note from Dr. PJ Kurian, Changanassery

Kurian Pampadi's post on St Berchmans College reaching its centenary was nice. However some other teachers also need mentioning -- Prof D Gopalan, Nobel laureate CV Raman's first PhD student and first rank holder in Physics of Madras University, SL Thomas (Phy), PR Krishna Aiyer (Eco), CZ Scariah (Eco), PV Ulahannan Mappilai (Mal), were also eminent teachers of the college.

Join WhatsApp News
Ninan Mathullah 2022-10-01 12:37:42
I am indebted to SB College and the Catholic Church for shaping my world vie. I studied there from 1971-1977. Every time I visit Kerala, I visit the college also. Born in a remote village in Mallappally, SB helped me to dream. With three thousand children, it is not easy to shine there to attract attention, and loose focus of studies. My brother who attended Thurithicattu College in Mallappally lost focus in studies by getting involved in student politics as the student population was limited.
George mampara 2022-10-02 13:19:26
Dear k Your stories entertain me as well as instruct. You make them appear like effortlessly crafted. An artless art you have. The rc church’s preeminence in higher education is indisputable which fact you imply, rather than being explicit. That is ingenious Others emulate the church’s example, benefiting many.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക