ഇതുപോലത്തെ മഴ തകർത്തുകൊണ്ടിരുന്ന
കർക്കിടകത്തിലെ ഒരിരുണ്ട വൈകുന്നേരം..
വിളക്കുവയ്ക്കാൻ സമയമാകുന്നതേയുളളൂ..പക്ഷേ.. രാത്രി നേരത്തേ കടന്നുവന്ന് ആധിപത്യം സ്ഥാപിക്കുകയാണ്...
ചുവരിനോടു ചാരിയിരുന്ന്
വയലിനക്കരെ ഇരുട്ടിലേക്ക് കണ്ണുനട്ടിരുന്ന അമ്മ വെട്ടിയിട്ട വാഴ കണക്കേ തറയിലേക്കു ചാഞ്ഞു വീഴുന്നതാണു ഞാൻ കാണുന്നത്...
ഉറക്കംതൂങ്ങി വീണതാവുമോ..
"അമ്മേ..അമ്മേ..."
കുലുക്കിവിളിക്കുമ്പോൾ അനക്കമില്ല.
"അച്ഛമ്മാ ഓടിവായോ.."
സന്ധ്യാനാമമുരുവിട്ടുകൊണ്ടിരുന്ന അച്ഛമ്മ ഓടിവന്നു..
"എന്താ മക്കളേ...എന്താ പറ്റിയത്.."
അമ്മ ഒന്നും മിണ്ടുന്നില്ല.."
അച്ഛമ്മ വെളളമെടുത്തോണ്ടുവന്ന്അമ്മയുടെ മുഖത്തു കുടഞ്ഞു.. മെല്ലെ കണ്ണുതുറന്ന അമ്മയുടെ പകച്ച നോട്ടം..
താങ്ങിപ്പിടിച്ച് എഴുന്നേല്പിച്ചിരുത്തി..
"വെള്ളം .."
മൊന്തയിലെ വെളളം ആർത്തിയോടെ
മൂന്നാലു കവിൾ കുടിച്ചു കാണണം..
"ഞാൻ അനന്തകൃഷ്ണനാ..അമ്മേടെ മോൻ.എന്റെ
കുഞ്ഞുങ്ങളെന്തിയേ...പൊടിമോളും വാവേം..
നിങ്ങളെയൊക്കെ ഒന്നു കാണാൻ വന്നതാ ഞാൻ...."
മരിച്ചുപോയ അച്ഛൻ ഞങ്ങളെ കാണാൻ വന്നിരിക്കുന്നു..
ഞാനും വാവയും പേടിച്ചരണ്ട് അച്ഛമ്മയോടു ചേർന്നിരുന്നു..
"എന്തിനാ മക്കളേ നിങ്ങളു പേടിക്കുന്നത്..
നിങ്ങളെ പൊന്നുപോലെ വളർത്തിയ നിങ്ങടപ്പനല്ലേ...."
ആരാണേലും മരിച്ചുകഴിഞ്ഞാൽ പ്രേതമാണെന്ന് ഈ അച്ഛമ്മയ്ക്കറിയാഞ്ഞിട്ടാണോ...
അച്ഛന്റെ മരണം ആകസ്മികമായിരുന്നു
അച്ഛമ്മയും വല്യച്ഛനും മാത്രമേ നാട്ടീന്നു വന്നുളളൂ...ചടങ്ങുകളെ
ല്ലാം കഴിഞ്ഞ് ഞങ്ങക്കു കൂട്ടിന് അച്ഛമ്മയെ നിർത്തിയിട്ട് വല്യച്ഛൻ തിരിച്ചുപോയി...
ഞങ്ങളെ പിന്നെ വന്നു കോണ്ടുപോകും.. അടുത്തവർഷം നാട്ടിലെ സ്കൂളിലാ ഞങ്ങളു പഠിക്കാൻ പോകുന്നത്..
"എടാ മോനേ..നീ പിളളാരേ കണ്ടുകഴിഞ്ഞില്ലേ..
അവരെ വിഷമിപ്പിക്കാതെ ഇനിയങ്ങു പോ.."
"ഞാൻ പോണമല്ലേ....
പോയേക്കാം.."
വിതുമ്പലിനിടയിലൂടെ
അസ്പഷ്ടമായ വാക്കുകൾ...
വലതുകയ്യെടുത്തൊന്നു വീശി..യാത്രപറച്ചിൽ..
പിന്നെയുമേറെനേരം അനക്കമറ്റിരുന്നതിനു
ശേഷമാണ്
അമ്മ കണ്ണുതുറന്നത്. .
മഴയുടെ ശക്തിയും
ഒന്നു കുറഞ്ഞു...
മുനിഞ്ഞു കത്തുന്ന നിലവിളക്കിന്റെ വെട്ടംമാത്രം.
"നാളെ കർക്കടകവാവാ..
മരിച്ചുപോയവരുടെ ആത്മാക്കൾ, അവർക്കു വേണ്ടപ്പെട്ടവരെയൊക്കെ കാണാനിറങ്ങുന്ന ദിവസം.."
അച്ഛമ്മ ഒരു നിശ്വാസത്തോടെ എഴുന്നേറ്റുപോയി ലൈറ്റിട്ടു....