Image

ജയിച്ചാലും തോറ്റാലും തരൂര്‍ തന്നെ താരം ! നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 01 October, 2022
ജയിച്ചാലും തോറ്റാലും തരൂര്‍ തന്നെ താരം ! നാട്ടിലെ ഇന്നത്തെ വഹ : (കെ.എ ഫ്രാന്‍സിസ്)
 
മത്സരം ഖാർഗെയും തരൂരും തമ്മിലാണെങ്കിലും അടി പറ്റുന്നത് നമ്മുടെ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്കാകും ! അവരുടെ കണ്ണുതള്ളും വിധം തരൂർ അത്തരം ഉയരത്തിലായി... 
 
മത്സരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആണെങ്കിലും കേരളത്തിലെ രമേശ്, മുരളി തുടങ്ങിയ നേതാക്കൾക്ക് ശശി തരൂരിന്റെ തിളക്കം  മൂലം മങ്ങലേൽക്കും. ശബരീനാഥന്റെ  നേതൃത്വത്തിലുള്ള നല്ലൊരുവിഭാഗം യൂത്തന്മാർ ഇപ്പോഴേ തരൂരിനൊപ്പമാണ്. ആന്റണിയുടെ മകൻ അനിലും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഏറ്റവുമൊടുവിൽ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ മനസ്സാക്ഷി വോട്ടിന് ആഹ്വാനവും ചെയ്തു. ഇതുകൊണ്ടൊന്നും ജയിക്കില്ലെങ്കിലും ശശിതരൂർ, മലയാളികളായ കോൺഗ്രസുകാർക്ക് വലിയൊരു താരമായി! കേരളത്തിൽ കോൺഗ്രസിന് അഥവാ ഭരണം കിട്ടിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആലോചിക്കുന്നവരുടെ പട്ടികയിൽ തരൂർജിയും ഉണ്ടാകും. ഒരുപക്ഷേ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഉന്നത പദവിയും തരൂർ സ്വന്തമാക്കും. 
 
മല്ലികാർജുൻ ഖാർഗെ തന്നെയാവും പ്രസിഡന്റെങ്കിലും, വർക്കിംഗ് പ്രസിഡന്റ് പദവിയോ അതുപോലെ മറ്റൊരു പ്രധാന പദവിയോ നൽകി തരൂരിനെ മത്സരരംഗത്ത് നിന്ന് മാറ്റാൻ ഇതിനോടകം  ആലോചനകൾ നടക്കുന്നു എന്ന പ്രചാരണവുമുണ്ട്. അതെല്ലാം തുരങ്കം വയ്ക്കാൻ ഇപ്പോഴത്തെ മലയാളി നേതാക്കൾ സർവ്വവിധ പാരകളും പ്രയോഗിക്കുന്ന കാഴ്ചയും നമുക്ക് ഈ ആഴ്ച കാണാം. ആരൊക്കെ എത്ര ഒതുക്കാൻ ശ്രമിച്ചാലും തിളക്കം കൂടുകയെയുള്ളൂ എന്നതാകും തരൂരിന്റെ  വാരഫലം. 
 
ഗാന്ധി കുടുംബത്തെ കോൺഗ്രസ് പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നവരെല്ലാം നെഞ്ചിലേറ്റും എന്നതിൽ സംശയമില്ല. അതേസമയം, അവരുമായി ബന്ധപ്പെട്ടു നിൽക്കുന്ന സിൽബന്തികൾ ആ കുടുംബത്തിന്റെ  സൽപ്പേരിന് കളങ്കം വരുത്തുകയാണെന്ന ചിന്ത പ്രബലമായി വരുന്നു. പാർട്ടിയിൽ നിന്ന് ഇതുവരെ  വിട്ടുനിന്ന ജി23 സംഘം, പുതിയ സ്ഥാനാർത്ഥി ഗാർഖെയിൽ വിശ്വാസം അർപ്പിച്ചതും ശ്രദ്ധേയം. തരൂർ തന്നെ നാമനിർദേശ പത്രിക സമർപ്പിക്കാൻ ജാഥയായി കൊട്ടും മേളവുമായി എത്തിയപ്പോഴും  സോണിയാജിക്ക് ജയ് വിളിച്ചതും അർത്ഥവത്തായി. തുടക്കംമുതൽ താൻ ഗാന്ധി കുടുംബവുമായി ചേർന്നു നിൽക്കുന്നവനാണെന്ന് അണികളെ ബോധ്യപ്പെടുത്താൻ തരൂർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ ഗാന്ധി കുടുംബത്തിനൊപ്പം ഒട്ടിനിൽക്കുന്ന മലയാളി നേതാക്കളെ അലോസരപ്പെടുത്തുന്ന കാര്യവും അതുതന്നെ. ഉയർന്ന വ്യക്തിത്വവും പേരും പെരുമയുമുള്ള ഒരാൾ വന്നാൽ തങ്ങളുടെ നില എന്താകുമെന്ന് പരിഭ്രാന്തി അവർക്ക് ഉണ്ടാവുന്നത് സ്വാഭാവികമാണെന്ന് സാധാരണ പ്രവർത്തകർ തിരിച്ചറിഞ്ഞതാണ് അവരുടെ പ്രശ്നം. 
 
കോൺഗ്രസിന് പുതുജീവൻ നൽകാൻ സുധാകരനും സതീശനും ശ്രമിച്ചപ്പോൾ തന്നെ നിലവിലുള്ള നേതൃനിര പ്രകോപനപരമായി നീക്കം  ഉണ്ടാക്കിയതും നാം കണ്ടതല്ലേ?  അതിനുമുൻപ് കെ.സി വേണുഗോപാലിനെ  ഗാന്ധികുടുംബം ചേർത്ത് പിടിച്ചപ്പോഴും  കേരളത്തിലെ നേതൃനിര ഇടഞ്ഞു നിന്നു. പിന്നീട് രമേശും മുരളിയും  തോളിൽകയ്യിട്ട് ഉറ്റ ചങ്ങാതിമാരായി സുധാകരനു നേരെ  തിരിഞ്ഞതും നാം കണ്ടു. ഇപ്പോൾ തരൂർ നേതൃനിരയിലേക്ക് വരുമെന്ന് ആയപ്പോൾ, നേതൃനിരയിൽ കൂട്ടുകെട്ടുകളിൽ പുതിയ മാറ്റം വന്നു. ഇത്തരുണത്തിൽ സുധാകരന്റെ പുതിയ നിലപാടും യൂത്തന്മാരുടെ കാഴ്ചപ്പാടും അണികൾക്കിടയിൽ പുതിയൊരു ദിശാബോധം സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. അത് ഇപ്പോഴത്തെ നേതൃനിരയെ അലോസരപ്പെടുത്തുക തന്നെ ചെയ്യും.
 
    ഇനിയുള്ള തരൂരിന്റെ കളികളാണ് ശ്രദ്ധേയമാവുക. പ്രസിഡന്റ് ഇലക്ഷൻ ത്രികോണമത്സരം ആണെങ്കിലും ഖാർഗെയും തരൂരും തമ്മിലുള്ള വലിയൊരു പോരാട്ടമാണെന്ന പ്രതീതി ഉണ്ടാക്കാൻ തരൂരിന്റെ മാനേജർമാർക്ക് ഇതിനോടകം കഴിഞ്ഞു. ആ  ഗ്ലാമർ നിലനിർത്തണമെങ്കിൽ ഇനി തരൂർ മത്സരരംഗത്തു നിന്ന് ഖാർഗെയ്ക്ക്  വേണ്ടി പിന്മാറുന്നതാകും  ബുദ്ധി. അതിനുള്ള ശ്രമമാകും തരൂരിന്റെ  മാനേജർമാർ ഇനി ചെയ്യുക. ആ  കളിയിലൂടെ തരൂർ, ചേറ്റൂർ ശങ്കരൻനായർ ഇരുന്ന കസേരയിൽ ഇരിക്കില്ലെങ്കിലും അതിനോടടുത്തയൊരു കസേര നേടിയെടുക്കാൻ ചിലപ്പോൾ പറ്റിയേക്കും. മത്സരരംഗത്ത് വാശിയോടെ നിന്ന് തനിക്ക് കിട്ടാവുന്ന വോട്ടുകൾ എത്രയാണെന്ന്  നോക്കണം എന്ന വാശി എന്തായാലും തരൂരിനു ഉണ്ടാവാനിടയില്ല. താൻ ശ്രദ്ധേയനായ കോൺഗ്രസ് നേതാവാണെന്ന് അണികളെ ബോധ്യപ്പെടുത്താൻ തരൂരിനു വീണുകിട്ടിയ സുവർണാവസരം ആണിത്. ഇക്കാര്യം നമ്മെക്കാൾ നന്നായി തരൂരിനും അറിയാം. 
 
സുനിലിനും സുവർണാവസരം : 
 
സി.പി.ഐ ഭരണപക്ഷത്തെ ഏറ്റവും വലിയ രണ്ടാം കക്ഷിയാണെങ്കിലും, സി.പി.ഐ സമ്മേളനം മാധ്യമശ്രദ്ധ ഇത്രമാത്രം പിടിച്ചെടുത്ത ചരിത്രമില്ല. സി.പി.ഐ കൊട്ടിഘോഷിക്കുന്നതുപോലുള്ള വിഭാഗീയതയും ഇല്ല. അവിടെ പ്രശ്നമുണ്ടാക്കുന്ന ഏകഘടകം  'കാനം ഫാക്ടർ' തന്നെ. കാനം തന്റെ ഇഷ്ടക്കാർക്കു മാത്രം എന്തും ചെയ്തു കൊടുത്ത് പാർട്ടിയിൽ  പ്രത്യേക ഒരു 'കാനനച്ചോല' തന്നെ ഉണ്ടാക്കി. ആ ഗുണഭോക്താക്കൾ കാനം മൂന്നാമതും സെക്രട്ടറിയാകാൻ ആഗ്രഹിക്കുന്നു. കാനത്തിനും അത്  സ്വീകാര്യം അതാണ് കാര്യം.  കാനനച്ചോലയിലെ  പുതിയ അടുപ്പക്കാർക്ക് പദവികൾ വാരിക്കോരി നൽകാൻ പലവിധ നിയമങ്ങളും  വകുപ്പുകളും  ആചാരങ്ങളും കാനം  ഇതിനു മറയാക്കി. നിയമസഭയിലേക്ക് മത്സരിക്കുന്നത് പോലും തുടർച്ചയായി രണ്ടുതവണയിലധികം വേണ്ടെന്ന് നിർബന്ധിക്കുന്ന കാനം  മൂന്നാം തവണ സെക്രട്ടറിയാകുന്നതിൽ എന്ത് ന്യായം എന്ന് ചോദിക്കേണ്ട. അതിനുള്ള ന്യായം പറയാനും കാനത്തിന് അറിയാം. സി.പി.ഐയിൽ കാനത്തോട് എന്തെങ്കിലും നേരിട്ട് ചോദിക്കാൻ ആർജ്ജവമുള്ളത്  ഇസ്മായിലിനും  ദിവാകരനും മാത്രം. അവരാകട്ടെ 75 വയസ്സ് കഴിഞ്ഞവർ. അവരെ ഒതുക്കാനാണ് പ്രായപ്രശ്നം കാനം കാർഡാക്കി എടുത്തിട്ടത്.  ഇവരിൽ ദിവാകരൻ മുൻകോപിയും എടുത്തുചാട്ടക്കാരനും ആയതിനാൽ ചാനലുകാരുടെ അഭിമുഖങ്ങളിൽ കത്തിക്കയറി. ഇസ്മായിൽ പട്ടാളത്തിൽ ആയതിനാൽ തന്ത്രപരമാണ് നീക്കം. എങ്ങനെയെങ്കിലും കാനത്തിനെതിരെ നല്ലൊരു സ്ഥാനാർത്ഥിയെ കണ്ടെത്തണം. അദ്ദേഹം കണ്ടുവച്ചിരിക്കുന്നത് സുനിൽകുമാറിനെയാണ്. കൃഷിമന്ത്രിയായി കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവുമധികം തിളങ്ങിയ അന്തിക്കാട്ടുക്കാരൻ സമ്മതിച്ചാൽ, സി.പി.ഐ സെക്രട്ടറി സ്ഥാനത്തേക്ക് നല്ലൊരു മത്സരം പ്രതീക്ഷിക്കാം. അവസാനനിമിഷം  പിൻവലിച്ചാൽ പോലും സി.പി.ഐയിൽ സുനിൽ വലിയൊരു താരമായി അതോടെ മാറും. 
 
കൂട്ടത്തിൽ പറയട്ടെ : ഭരണപക്ഷത്തെ രണ്ടാം കക്ഷിക്ക് മൊത്തം 1.77 ലക്ഷം പാർട്ടി അംഗങ്ങളായി. കഴിഞ്ഞ സമ്മേളനത്തെക്കാൾ  43,000 പേർ കൂടുതൽ. ബ്രാഞ്ച് കമ്മിറ്റികൾ 9000 ആയിരുന്നത് ഇപ്പോൾ 11000. കൊല്ലം, തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ എന്നിവിടങ്ങളിലാണ് അഭൂതപൂർവ്വമായ വളർച്ച. എല്ലാം കാനത്തിന്റെ നേട്ടമായി ആ ചോലയിൽ വളർന്നവർക്ക് അഭിമാനപുരസരം ചൂണ്ടിക്കാട്ടാമല്ലോ. മത്സരിക്കാൻ മുന്നോട്ടുവന്നാൽ തന്നെ തരൂരിനെപ്പോലെ സൂക്ഷിച്ചു കളിക്കുന്നത്  തന്നെയാവും സുനിലിന് ഉചിതം. ബ്രിമ്മിൽ നിർത്തുക എന്നൊരു അടവുനയം സുനിലിനും അറിയാം. 
 
വാൽക്കഷണം : 'ദൃശ്യം' സിനിമയുടെ മൂന്നാംഭാഗം വരുംമുൻപേ,  രണ്ടാം ഭാഗം കണ്ട മുത്തുകുമാർ എന്ന മേസ്തിരിപ്പണിക്കാരൻ ഒരാളെ കൊന്ന് താൻ താമസിക്കുന്ന വീടിന്റെ തറയിൽ ഒളിപ്പിച്ചുവച്ചു. ദൃശ്യം 2 പൊലീസുകാരും കണ്ടതിനാൽ താമസിയാതെ അവരത്  കണ്ടെടുത്തു. തന്റെ സുഹൃത്തും റിയൽ എസ്റ്റേറ്റ് ഏർപ്പാടുകാരനുമായ ബിന്ദു കുമാറിന്റെ ജഡമാണ് സിനിമയിൽ മോഹൻലാൽ ചെയ്തതുപോലെ മുത്തുകുമാർ ഒളിപ്പിച്ചത്. മുൻകൂട്ടി പ്ലാൻ ചെയ്തതായിരുന്നു കൊല.മുത്തുകുമാറിന്റെ ഭാര്യ വിദേശത്ത് ജോലിക്കാരിയാണ്. മൂന്നു മക്കളും ഭാര്യാപിതാവും വീട്ടിൽ ഉണ്ടായിരുന്നുവെങ്കിലും സംഭവദിവസത്തിനു മുൻപ് അവരെ മാറ്റിപ്പാർപ്പിച്ചു. സിനിമ നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കും എന്ന് ഒരു ചാനൽ ചർച്ച ഇനി ആവാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക