Image

എക്കാലവും നിലനിൽക്കേണ്ട ആശയദീപമായി മഹാത്മാഗാന്ധി (ദുർഗ മനോജ്)

Published on 02 October, 2022
എക്കാലവും നിലനിൽക്കേണ്ട ആശയദീപമായി മഹാത്മാഗാന്ധി (ദുർഗ മനോജ്)

ധീരനു മാത്രം ചരിക്കാവുന്ന വഴിയാണ് അഹിംസയുടേത്. ഏകാധിപതികൾ എതിരാളികൾക്കുമേൽ അക്രമം അഴിച്ചുവിട്ടു ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന കാഴ്ചകൾക്കിന്നും കുറവില്ല. അതുകൊണ്ടാണ് ഗാന്ധിജയന്തിയുടെ പ്രാധാന്യത്തിന് ഇക്കാലത്തും ഒട്ടും മങ്ങലേൽക്കാത്തത്.

ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായി തുടർന്ന കാലഘട്ടത്തിലാണ് സത്യാഗ്രഹം എന്ന വാക്ക് അഹിംസ എന്ന അത്രകാലം മനുഷ്യർക്ക് ഏറെ പരിചിതമല്ലാത്ത ഒരാശയവുമായി കോർത്തിണക്കി ലോകത്തിനു മുന്നിൽ അദ്ദേഹം അവതരിപ്പിച്ചത്. ഏതുതരം പീഡനവും ഒരു സത്യാഗ്രഹി ആത്മനിഷ്ഠമായ ശക്തിയിലൂടെ മറികടക്കുകയാണു വേണ്ടത് എന്ന അദ്ദേഹത്തിൻ്റെ നിലപാട് ആദ്യകാലങ്ങളിൽ മറ്റുള്ളവരിൽ അമ്പരപ്പ് സൃഷ്ടിച്ചുവെങ്കിലും, പിൽക്കാലത്ത് മറ്റേതൊരു ആയുധത്തേക്കാളും ശക്തമാണ് അഹിംസയിലൂന്നിയ സത്യാഗ്രഹം എന്നദ്ദേഹം ലോകത്തെ പഠിപ്പിച്ചു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൻ്റെ അമരക്കാരനായിത്തീർന്ന ഗാന്ധിജി മുപ്പതു വർഷത്തോളം ഇന്ത്യൻ മണ്ണിൻ്റെ സ്വാതന്ത്ര്യ സമരയജ്ഞത്തിനു വഴികാട്ടിയായി, മുന്നണിപ്പോരാളിയായി.

അഹിംസയോളം മൂർച്ചയേറിയതായിരുന്നു അദ്ദേഹം സ്വീകരിച്ച സത്യത്തിൻ്റെ വഴിയും. ഒന്നിനു വേണ്ടിയും അസത്യം പറയില്ലെന്ന അർദ്ധനഗ്നനായ ഫക്കീറെന്നന്നു വിശേഷിപ്പിക്കപ്പെട്ട ആ മെലിഞ്ഞ മനുഷ്യൻ്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ കടപുഴകിയത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിൻ്റെ ഒരിക്കലും പരാജയപ്പെടില്ലെന്ന ഹുങ്കായിരുന്നു.

1869 ഒക്ടോബർ രണ്ടാം തീയതി ജനിച്ച മോഹൻ ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോട് അനുബന്ധിച്ച് രാജ്യം ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആഘോഷിക്കുന്നു. ഇതേ ദിവസം ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര അഹിംസാദിനമായും ആചരിക്കുന്നു. രാജ്യത്തെ പൊതു ഇടങ്ങൾ ശുചിയാക്കുന്ന സേവനവാരം ആരംഭിക്കുന്നതും ഇന്നേ ദിവസമാണ്. പരമമായ സ്നേഹത്തിൽ നിന്നും ഉരിത്തിരിയുന്ന മഹത്തായ ആശയമാണ് അഹിംസ. സ്വാതന്ത്ര്യം കിട്ടി മുക്കാൽനൂറ്റാണ്ട് പിന്നിടുമ്പാഴും ജാതിബോധവും, സാമ്പത്തിക അസമത്വവും രാജ്യത്തു തുടരുന്നു. മതത്തിൻ്റെ പേരിലെ കൊലപാതകങ്ങൾ അവസാനിക്കുന്നുമില്ല. ഈ ദുഷിച്ച വ്യവസ്ഥയുടെ മാറ്റത്തിന് ഗാന്ധിയൻ ആശയങ്ങളുടെ പ്രചരണത്തേക്കാൾ വലിയ ആയുധമില്ല. എന്നാൽ ചീഞ്ഞുനാറുന്ന രാഷ്ട്രീയരംഗം തമസ്ക്കരിക്കാൻ ശ്രമിക്കുന്നതും അതേ ആശയങ്ങളെയാകും. അനാവശ്യ വിവാദങ്ങളും അർദ്ധസത്യങ്ങളും അവർ ജനങ്ങളെ ഭിന്നിപ്പിക്കാൻ ഉപയോഗിക്കും. പക്ഷേ, അപ്പോഴും  ഗാന്ധിയൻ ചിന്തകളുടെ പ്രസക്തി നഷ്ടമാകില്ലെന്നു മാത്രം.
ഈ ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രപിതാവിൻ്റെ സ്മരണയ്ക്കു മുന്നിൽ കൂപ്പുകൈകൾ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക