Image

സോഷ്യല്‍ മീഡിയയില്‍ തരൂര്‍ തരംഗം ; നാട്ടിലെ ഇന്നത്തെ വഹ: (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 03 October, 2022
സോഷ്യല്‍ മീഡിയയില്‍ തരൂര്‍ തരംഗം ; നാട്ടിലെ ഇന്നത്തെ വഹ: (കെ.എ ഫ്രാന്‍സിസ്)



 
തോറ്റാലും ജയിച്ചാലും ശശി തരൂർ കോൺഗ്രസിലെ വലിയൊരു സംഭവമായി. തുടക്കത്തിൽ ഔദ്യോഗികപക്ഷം നിസ്സാരനായി കണ്ട അദ്ദേഹം ഒരു അട്ടിമറിവിജയം നേടുമോ എന്ന് ആശങ്കയുണർത്തും വിധം  തലമുറ മാറ്റത്തിന്റെ കാവലാളായി കത്തിജ്വലിച്ചു വരുന്നത് കേരളത്തിലെ കോൺഗ്രസ് നേതാക്കളെ പ്രത്യേകിച്ചും അസ്വസ്ഥരാക്കി. മനസ്സാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും മല്ലികാർജുൻ ഖാർഗെയുടെ പരിചയസമ്പന്നത ഒടുവിൽ വാഴ്ത്തപ്പെടേണ്ടതായി വന്നു. ഏതായാലും ഒരു  ഈസി  വാക്കോവർ എന്ന നിലയിൽ നിന്നും തരൂർ ഓരോ ദിവസവും മുന്നോട്ടു കുതിക്കുന്നു കോൺഗ്രസിൽ തലമുറമാറ്റം  കാംക്ഷിക്കുന്നവരെല്ലാം തരൂരിന് പിന്നിൽ അണിനിരക്കുന്നതോടെ അദ്ദേഹം പാർട്ടിയിൽ അവഗണിക്കാനാവാത്ത ഒരു ശക്തിയായി മാറും. അദ്ദേഹം പാർട്ടിയിൽ സ്വയം എലിവേറ്റ് ചെയ്യുന്നു ! 
 
ഗാന്ധി കുടുംബത്തെ ആദരിക്കുന്ന കാര്യത്തിൽ കോൺഗ്രസുകാരെല്ലാം സമാനമനസ്കരാണ്. പക്ഷേ, ആ കുടുംബത്തെ കരുവാക്കി പ്രവർത്തിക്കുന്നവരാണ് ഇപ്പോഴത്തെ ഹൈക്കമാൻഡ് പ്രവർത്തനം നിയന്ത്രിക്കുന്നതെന്നാണ് തരൂരിനെ പോലുള്ളവർ കരുതുന്നത്. തരൂർ മത്സരരംഗത്ത് വന്നപ്പോൾ അദ്ദേഹത്തിന് ഒരു ചലനവുണ്ടാക്കാൻ ആവില്ലെന്ന ഒരു തോന്നലാണ് പൊതുവേ ഉണ്ടായത്.
പ്രിയങ്കയ്ക്കും  രാഹുലിനും ഒരേപോലെ പ്രിയങ്കരനായ പൈലറ്റിനെ മുഖ്യമന്ത്രിയാക്കി ഗെലോട്ടിനെ പ്രസിഡന്റ് പദവിയിൽ എത്തിക്കും എന്നാണ് കുടുംബത്തോടൊപ്പം ഒട്ടി നിൽക്കുന്നവർ സോണിയാജിയെ ആദ്യം വിശ്വസിപ്പിച്ചിരുന്നത്. ഗെലോട്ട് ആവട്ടെ, മുഖ്യമന്ത്രിപദം വിട്ടൊരു കളിക്കും ഒരുക്കമായിരുന്നില്ല. ആ കാര്യത്തിൽ അധികം നിർബന്ധിച്ചാൽ 92 എംഎൽഎമാരുമായി ഗെലോട്ട് പോകേണ്ട വഴിക്ക് പോവുകയും കോടികളുടെ ആസ്തി ആ വഴി നേടുകയും ചെയ്യുമായിരുന്നു.
 
തേനീച്ചക്കൂട്ടിൽ വെറുതെ കയ്യിട്ടതുപോലെയായി  സോണിയാജിക്ക്.  അധികം പൊള്ളും  മുമ്പ് കൈ പിൻവലിക്കാൻ തോന്നിയതും നന്നായി. ഗെലോട്ടിനെ  പേടിപ്പിക്കാൻ ഇതിനിടെ ദിഗ്‌വിജയ് സിംഗിനെ ഇറക്കിയെങ്കിലും ഗെലോട്ടിനെ പിപ്പിടി കാട്ടാൻ പറ്റിയില്ല. ഖാർഗെയെ  ഇറക്കിയപ്പോൾ ആന്റണിയെ കൊണ്ട് ആദ്യവും ഗെലോട്ടിനെ കൊണ്ടും ദിഗ്വിജയ് സിംഗിനെ കൊണ്ടും പിന്നീടും  ഒപ്പിടുവിച്ചതോടെ കളിയുടെ ഗതി മാറ്റാൻ ഹൈക്കമാൻഡിനായി.  അതോടെയാണ് മുഖം രക്ഷിച്ചത് . 
 
തരൂരിനെ  നിസ്സാരക്കാരനായി കരുതിയതോടെ ഇലക്ഷനിൽ ഗാന്ധി കുടുംബത്തിന് ഒരു താൽപര്യവും ഇല്ലെന്നും ഗാന്ധി കുടുംബത്തിന് ആര് ജയിച്ചാലും ഒരുപോലെയാണെന്ന  പ്രചാരണം ശക്തിപ്പെട്ടു. അതിനിടെ തരൂർ സോണിയാജിയുടെയും മക്കളുടെയും അനുഗ്രഹാശിസ്സുകളോടെയാണ് മത്സരരംഗത്തിറങ്ങിയത്. 
 
ആന്റണിയുടെ മകൻ അനിൽ ഉൾപ്പെടെ യുവതലമുറ ഒന്നടങ്കം തരൂരിനോടൊപ്പം അണിനിരക്കുന്നതാണ് പിന്നെ നമ്മൾ കാണുന്നത്. ഉമ്മൻചാണ്ടി പൊതുവേ യുവതലമുറയ്ക്ക് സ്വീകാര്യനായ ഒരു നേതാവാണെങ്കിലും, ദളിത് സ്നേഹം പറഞ്ഞ് അദ്ദേഹം ഗാർഗെക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയ ഉമ്മൻചാണ്ടിക്കെതിരെ മുൻപൊരിക്കലും ഇല്ലാത്തവിധം പൊട്ടിത്തെറിക്കുന്ന കാഴ്ചയും നാം കണ്ടു. സമ്മർദംമൂലം അത്തരമൊരു നിലപാട് കൈക്കൊണ്ടത് ആവാമെന്ന് അനുയായികൾ ആശ്വസിച്ചു. 
അപ്പോഴതാ ഖാർഗെക്കോ  തരൂരിനോ  മനഃസാക്ഷി വോട്ട് ചെയ്യാൻ അനുമതി നൽകിയ കെ.സുധാകരനും ഖാർഗെയുടെ പ്രവർത്തന പാരമ്പര്യത്തെ വാഴ്ത്തേണ്ടതായി വന്നു. 
 
ഒമ്പതിനായിരത്തിലേറെ പേർക്ക് മാത്രം വോട്ടവകാശം ഉള്ള ഒരു ഇലക്ഷൻ ആണിത് . അവരെ തെരഞ്ഞെടുത്തത് ആകട്ടെ ,നിലവിലുള്ള ഉപജാപക സംഘവും.  ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ പട്ടികയിലുള്ളവരുടെ ഫോൺ നമ്പറുകൾ  കാണാമറയത്തും .  വലിയ വിപ്ലവക്കൊടി ഉയർത്തി വിട്ടു നിന്നിരുന്ന ജി23 ആകട്ടെ, വാലും ചുരുട്ടി ഹൈക്കമാൻഡിന് പിന്തുണയർപ്പിച്ച ഇലക്ഷനിൽ തരൂർ ജയിക്കുന്നതിന് വിദൂരസാധ്യത പോലും ആരും കാണില്ല. തരൂരിനു അട്ടിമറി വിജയം ആരും പ്രവചിക്കുകയും ഇല്ല. പക്ഷേ ഖാർഗെയ്ക്ക് മാത്രം സമവായത്തിന്റെ  സ്വരം ഉണ്ടെന്നത് തരൂരിനെ  പിന്താങ്ങുന്നവർക്ക്  ആത്മവിശ്വാസം പകരുന്നു. പക്ഷേ ഹൈക്കമാൻഡിനെ നിഴൽ രൂപങ്ങളുടെ മാന്ത്രിക പൂട്ട് തുറക്കാൻ അദ്ദേഹത്തിന് എങ്ങനെയാവും.?
 
ഇതിനിടെ കോൺഗ്രസ് തെരഞ്ഞെടുപ്പിന് ചില മാനദണ്ഡങ്ങൾ  കോൺഗ്രസ് പുറത്തിറക്കിയതും രസകരമായ ഒരു വാർത്തയായി. ഔദ്യോഗിക പദവിയിൽ ഇരിക്കുന്നവർ, സ്ഥാനാർത്ഥികളെ അനുകൂലിച്ചോ എതിർത്തോ പ്രചാരണം നടത്തരുതുപോലും. പി.സി.സി പ്രസിഡന്റുമാർ സ്വന്തം നിലയിൽ ഇതിനായി യോഗം വിളിച്ചു കൂട്ടുന്നതിനും വിലക്കുണ്ട്. സ്ഥാനാർത്ഥികൾക്ക് വോട്ടർമാരെ കാണാൻ പി.സി.സി പ്രസിഡണ്ടുമാർ സൗകര്യമൊരുക്കി കൊടുക്കുകയും വേണം. എങ്കിൽ ഫോൺ നമ്പർ പോലുമില്ലാത്ത യുപിയിലെ വോട്ടർമാരെ തരൂരിന് ഇനി കാണാമല്ലോ. തരൂരിന്റെ  പരാതിക്ക് ഇതൊരു മാന്യമായ പരിഹാരം തന്നെ. ഗാന്ധികുടുംബം ഇലക്ഷൻ നിഷ്പക്ഷമാകണമെന്ന് നിഷ്കർഷിച്ചത് കൊണ്ടുള്ള മാറ്റമാണ് ഇതെങ്കിൽ കോൺഗ്രസുകാർക്ക് ആ  കുടുംബത്തോടുള്ള സ്നേഹവായ്പ്പുകൾ പിന്നെയും കൂടും. അതല്ല, ഇതുമൊരു കാപട്യമായി മാറിയാൽ അവർക്ക് അത് നന്നായിരിക്കില്ല.  ഖാർഗെ ആഗ്രഹിച്ചതുപോലെ കോൺഗ്രസിന്റെ ഉന്നത സമിതിയിൽ വരുന്ന സമവായം വരുന്നതായിരിക്കും തരൂരിനും നല്ലത്. പക്ഷേ അതും കേരളത്തിലെ തലമുതിർന്ന  നേതാക്കൾക്കു തലവേദനയാകും . 
 
സി.പി.ഐയിലെ കേരളഘടകത്തിൽ കാനം  ശക്തി തെളിയിച്ചു.  സംസ്ഥാന സമിതിയാകെ കാനനച്ചോലയിലായി. അതുകൊണ്ടുതന്നെ കാനം മൂന്നാം വട്ടം സെക്രട്ടറി ആകുന്നതിനെതിരെ ഒരു മത്സരമില്ല. ദിവാകരനെയും  ഇസ്മായിലിനേയും  ഏതാണ്ട് അപമാനിച്ചു തന്നെ ഇറക്കിവിടുകയും ചെയ്തു.
 
വാൽക്കഷണം : മക്കളായ ബിനോയിയും  ബിനീഷും ചിത  കൊളുത്തിയതോടെ സഖാവ് കോടിയേരി ദീപ്തസ്മരണയായി  മാറി. പിണറായി ഇത്രയേറെ ദുഃഖിച്ച മറ്റൊരു ദിനമില്ല.  പാർട്ടിയിലെ ഏറ്റവും വിശ്വസ്തനായ സഹപ്രവർത്തകനും സഹോദരതുല്യനുമായ കോടിയേരിയുടെ വേർപാടിൽ അദ്ദേഹം  മനംനൊന്തു കരഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ഭക്ഷണം പോലും കഴിക്കാതെ വികാരവിക്ഷോഭം അടക്കി അദ്ദേഹം മൃതദേഹത്തിനരികിൽ ഇരുന്നു. അന്ത്യയാത്രയിൽ മൗനജാഥയ്ക്ക്  നേതൃത്വം വഹിച്ചത് അദ്ദേഹമായിരുന്നു. അനുശോചനയോഗത്തിൽ വാക്കുകൾ പൂർത്തിയാക്കാൻ പോലും പിണറായിക്ക്  കഴിഞ്ഞില്ല!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക